Flash News

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതു സംബന്ധിച്ച് ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി; ഇന്റലിജന്‍സ് മേധാവിയുമായി ചര്‍ച്ച നടത്തി; ഹാദിയ കേസിന് പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപ

July 11, 2018

sathasivam-popular-front-830x412കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിനെ രാജ്ഭവനില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗവര്‍ണറുടെ നടപടി.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന പൊലീസിന്റെ നിലപാടാണ് ഗവര്‍ണര്‍ക്ക് എഡിജിപി നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം അവസാനം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു. ഇപ്പോഴത്തെ നടപടികള്‍ക്ക് ആധാരം ഈ റിപ്പോര്‍ട്ടാണ്. എന്‍ഐഎ റിപ്പോര്‍ട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തിലും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിട്ടില്ലെന്നും നിരോധിക്കുകയാണെങ്കില്‍ ആദ്യം ആര്‍എസ്എസിനെ നിരോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് വിശദവിവരങ്ങള്‍ തേടി. കേരളാപോലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും റിപ്പോര്‍ട്ട് നല്‍കി. ഇതടിസ്ഥാനമാക്കിയാണ് കേന്ദ്രനീക്കം.

സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം, ഗോരക്ഷാപ്രവര്‍ത്തനം ആരോപിച്ച് കൊല്ലം പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച സംഭവം, ആര്‍.എസ്.എസ്.സി.പി.എം. അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സി.പി.എം. കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബി.ജെ.പി. കൊടികെട്ടിയ സംഭവം എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവെക്കാനും കേരളത്തില്‍ തുടങ്ങിയ ഇരുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കേരളാപോലീസില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘പച്ചവെളിച്ചം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതില്‍ പരാമര്‍ശിക്കുന്നു. കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റികര്‍ണാടകം, എന്‍.ഡി.എഫ്.കേരളം, മനിത നീതി പസറൈതമിഴ്‌നാട്, സിറ്റിസണ്‍സ് ഫോറംഗോവ, നാഗരിക് അധികാര്‍ സുരക്ഷാസമിതി ബംഗാള്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് രൂപംകൊണ്ടത് 2006ല്‍. എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയസംഘടനയാണ്. അഭിമന്യു കൊലക്കേസില്‍ ആരോപണവിധേയമായ കാമ്പസ് ഫ്രണ്ട് വിദ്യാര്‍ഥി സംഘടനയും.

കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. രാജ്യത്താകമാനം നിരോധിക്കുന്നതിന് മുന്നോടിയാണിതെന്ന് വിലയിരുത്തുന്നു. ഇതിനെതിരേ കേരളത്തിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന പേരിലാണ് ജാര്‍ഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്നതും ശ്രദ്ധേയം.

വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് തുടങ്ങിയ സംഘടനകളില്‍നിന്ന് പണം ലഭിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. അടുത്തകാലത്ത് ഏറെ വിവാദമുണ്ടാക്കിയ ഹാദിയ കേസ് നടത്തിപ്പിനു മാത്രം 93,85,000രൂപ ചെലവഴിച്ചതായി പോപ്പുലര്‍ ഫ്രണ്ട് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ചങ്ങാത്തത്തിലുള്ള ചില സാമൂഹികപ്രവര്‍ത്തകരുടെ വരവില്‍ക്കവിഞ്ഞ സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ ഠേകന്‍പുരില്‍ ചേര്‍ന്ന രാജ്യത്തെ ഡി.ജി.പി.മാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും സാമ്പത്തികസ്രോതസ്സുകള്‍ സംബന്ധിച്ചും തലനാരിഴ കീറിയുള്ള വിശകലനം നടന്നിരുന്നു. ഠേകന്‍പുരില്‍ ചേര്‍ന്ന ഡി.ജി.പി.മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലുണ്ടായത് ഈ യോഗത്തിനു ശേഷമാണ്. ഠേകന്‍പുരില്‍ ചേര്‍ന്ന രാജ്യത്തെ ഡി.ജി.പി.മാരുടെ യോഗത്തില്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് കേന്ദ്രമന്ത്രിയുടേതായി വന്ന പ്രതികരണം.

കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി ഹന്‍സ്‌രാജ് അഗിര്‍ കഴിഞ്ഞവര്‍ഷം മറ്റുപൊതുപരിപാടികളൊന്നുമില്ലാതെ രഹസ്യമായി കേരളത്തില്‍ എത്തി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മതപരിവര്‍ത്തനം സംബന്ധിച്ചും ഡി.ജി.പി., ചീഫ് സെക്രട്ടറി എന്നിവരില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. മന്ത്രി മടങ്ങിപ്പോയശേഷമാണ് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കള്‍പോലും വിവരമറിയുന്നത്.

നിരോധിച്ചിട്ടുള്ള ‘സിമി’യുടെ പല നേതാക്കളുമാണ് സംഘടനയുെട തലപ്പത്തുള്ളതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ഫ്രീഡം പരേഡിനെതിരേ 2012ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘സിമി’ മറ്റൊരു വേഷത്തിലെത്തിയതാണ് പോപ്പുലര്‍ ഫ്രണ്ട് എന്നാണ് അന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top