Flash News

ചക്രവ്യൂഹവും അഭിമന്യുമാരും (ലേഖനം)

July 12, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

chakravyoohavum1പോസ്റ്റര്‍ ഒട്ടിച്ചതിന്റേയോ ചുമരെഴുത്തിന്റേയോ തര്‍ക്കമായിരുന്നില്ല മഹാരാജാസ് കോളജിന്റെയും ഇടുക്കിയിലെ അതിര്‍ത്തിഗ്രാമമായ കൊട്ടക്കാമ്പൂര്‍ ഗ്രാമത്തിന്റെയും പ്രിയങ്കരനായ അഭിമന്യുവിന്റെ നിഷ്ഠൂര കൊലപാതകത്തിന്റെ ഹേതു. കോളജിന്റെ പ്രവേശന കവാടത്തില്‍ എഴുതിയ ചുമരെഴുത്തിനെക്കുറിച്ച് അഭിമന്യു എഴുതിച്ചേര്‍ത്ത മുന്നറിയിപ്പായിരുന്നു.

Photo1

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കലാലയവളപ്പിലെ സുഹൃത്ത് എന്നര്‍ത്ഥമുള്ള ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരിന്റെ ചുരുക്കമായി ‘സി.എഫ്.ഐ’ എന്ന് അടയാളപ്പെടുത്തിയതായിരുന്നു ചുമരെഴുത്ത്. നിഷ്‌ക്കളങ്കരും ആദര്‍ശശാലികളുമായ യുവവിദ്യാര്‍ത്ഥികളുടെ മനസു പിടിച്ചെടുക്കുന്ന വാക്കുകളാണ് അതില്‍ കുറിച്ചിരുന്നത്: ‘കാലം സാക്ഷി, കാരിരുമ്പും ചാട്ടവാറും തൂക്കുമരവും വിമോചനങ്ങള്‍ക്ക് വിലങ്ങാവുന്നില്ല.’

– സഹനവും ത്യാഗവും വിമോചനമെന്ന മഹത്തായ സ്വപ്നവും തെളിഞ്ഞുനില്‍ക്കുന്ന ആശയദൃശ്യം. അതിലൊളിഞ്ഞിരിക്കുന്നത് കടുത്ത വര്‍ഗീയതയാണെന്ന് മുന്നറിയിപ്പായി ചേര്‍ത്തെഴുതി അഭിമന്യു: ‘വര്‍ഗീയത തകരട്ടെ’.

മിഠായി കാണിച്ച് കുട്ടികളെ ആകര്‍ഷിക്കുന്നതുപോലെ നല്ലൊരു ആശയം നീട്ടി കലാലയത്തില്‍ പ്രവേശം നേടിയെത്തുന്നവരെ ആകര്‍ഷിക്കുകയാണ് വര്‍ഗീയ സംഘടനയെന്ന് അറിയിക്കുകയായിരുന്നു അഭിമന്യുവും കൂട്ടുകാരും.

ക്യാമ്പസ് ഫ്രണ്ടിന് കാണാമറയത്ത് ആശയപരമായും സംഘടനാപരമായും നേതൃത്വം നല്‍കുന്നവര്‍ വെറും വര്‍ഗീയവാദികള്‍ മാത്രമായിരുന്നില്ല. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പ്രയോക്താക്കളായ അവരെ അഭിമന്യുവും സഹപ്രവര്‍ത്തകരും പക്ഷെ മനസിലാക്കിയില്ല. ഇപ്പോള്‍ കൊലപാതകം സംബന്ധിച്ച പൊലീസ് അന്വേഷണത്തിന്റെ വഴികളും പിടിക്കപ്പെട്ട പ്രതികളുടെ മൊഴികളും ഒളിവിലായവരെയും ഒളിപ്പിച്ചവരെയും സംബന്ധിച്ച് പൊലീസ് കണ്ടെത്തിയ വിവരങ്ങളും അതിന്റെ ഭീകരരൂപം വെളിപ്പെടുത്തുന്നു.

മുന്‍കൂട്ടി ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്ത കൊല. അതിനായി തലേദിവസം തന്നെ പ്രതികളെ മഹാരാജാസില്‍നിന്ന് ഏറെ അകലെയല്ലാത്ത വീട്ടില്‍ രഹസ്യമായി എത്തിച്ചിരുന്നു. മഹാരാജാസ് കോളജ് വളപ്പിലെ ഇടതുപക്ഷ ആശയതലവും അതിന്റെ പ്രതിരോധവും തകര്‍ത്ത് ക്യാമ്പസ് ഫ്രണ്ടിന്റെ മുഖം മൂടി അണിയിച്ച് മുസ്ലിം വര്‍ഗീയ തീവ്രവാദത്തിനും ഭീകരതയ്ക്കും അരങ്ങൊരുക്കുക. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ സന്ദേശം തന്നെ അതിന് ഏറ്റവും വലിയ തെളിവ്: ‘ആര്‍.എസ്.എസിന്റെ ആളില്ലാ പോസ്റ്റിലേക്ക് ഗോളടിക്കുന്ന കളിയാവില്ല ആണ്‍പിള്ളേരോട് കളിച്ചാല്‍.’ ആര്‍.എസ്.എസ് എന്ന ഹിന്ദുത്വ തീവ്രവാദത്തെ വെല്ലുന്ന മുസ്ലിം തീവ്രവാദ ഭീകര അജണ്ടയാണ് തങ്ങളുടേതെന്ന് അവര്‍ സ്വയം അഭിമാനിക്കുന്നു.

Vargeeyatha-SFIമഹാരാജാസില്‍ അരങ്ങേറിയ ഈ ഭീകരാക്രമണത്തെ ഒരു കൊലപാതക കേസുമാത്രമായി ചുരുക്കിക്കാണുകയാണോ വേണ്ടത്. പ്രതികളെ പിടികൂടാനും തെളിവുകള്‍ പുറത്തുകൊണ്ടുവരാനും പൊലീസ് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടുതന്നെ പറയട്ടെ മത തീവ്രവാദികളുടെ പുതിയ നീക്കം വ്യാപിക്കുന്നതിനുമുമ്പ് ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം നൂറുവട്ടം ആലോചിക്കേണ്ടതില്ലേ, ഇനി എന്തുചെയ്യണമെന്ന്.

ഇസ്ലാംമത തീവ്രവാദ സംഘടന നിര്‍വ്വഹിച്ചത് ഹിന്ദുത്വ തീവ്രവാദത്തിന്റെ കൊലക്കത്തിക്ക് മൂര്‍ച്ഛകൂട്ടാനും ന്യായീകരണം നേടാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഇത് രണ്ട് ദിശകളില്‍ നമ്മുടെ കലാലയവളപ്പുകളുടെയും സമൂഹത്തിന്റെയും ഹൃദയവും കരളും രണ്ടായി പിളര്‍ക്കും. കേരള നവോത്ഥാനത്തിന്റെ പൈതൃകം പറഞ്ഞും ഇടതുപക്ഷം അതു മുന്നോട്ടുകൊണ്ടുപോയതിന്റെ അവകാശവാദം ഉന്നയിച്ചും പരിഹരിക്കാവുന്ന ഒരു സ്ഥിതിവിശേഷമല്ല ഈ ഗൂഢാലോചനയുടെ അജണ്ട. കേരളത്തില്‍ ഇതുവരെ 31 പേരെ കൊന്നുതള്ളിയതിന്റെ തുടര്‍ച്ചയാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് കൂട്ടിവായിക്കണം.

imageഉടനടി മരണം ഉറപ്പുവരുത്തുന്ന കൊലപാതക പരിശീലനം കിട്ടിയ പുറത്തുനിന്നുള്ള കാപാലികരെയാണ് കൃത്യത്തിന് നിയോഗിച്ചത്. കരളും ഹൃദയവും ഒരു കുത്തില്‍ പിളര്‍ത്താന്‍ പറ്റുന്ന പ്രത്യേക കൊലക്കത്തി ഏല്‍പ്പിച്ചത്. കൃത്യം നടത്തിയാല്‍ ഒരു കാരണവശാലും കത്തി സ്ഥലത്ത് ഉപേക്ഷിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഗൂഢാലോചനയിലും കൊലയിലും പങ്കാളികളായവരെ എറണാകുളം ജില്ലയ്ക്കു പുറത്തു ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തത്.

ഇതിലേക്ക് വെളിച്ചം വീശുന്നതാണ് പൊലീസിന്റെ പിടിയിലായവരുടെ വെളിപ്പെടുത്തലുകള്‍. ചോദ്യം ചെയ്യലിലും തെളിവുകള്‍ ഒളിപ്പിക്കുന്നതിലും പ്രത്യേക വൈഭവം കാണിക്കുന്ന, തീവ്രവാദ സംഘടനാ പാരമ്പര്യം തെളിയിക്കുന്ന പ്രതികള്‍ – ഇതെല്ലാം കേരളത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ മന:സാക്ഷിയെ അസ്വസ്ഥമാക്കുന്ന, ഞെട്ടിക്കുന്ന വിവരങ്ങളാണ്.

02KICOLLEGEഇതെല്ലാം വിരല്‍ചൂണ്ടുന്നത് 1995ല്‍ കേരളത്തില്‍ നിലവില്‍ വന്ന നാഷണല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ട് എന്ന തീവ്രവര്‍ഗീയ – മതമൗലിക സംഘത്തിലേക്കും അതിന്റെ തുടര്‍രൂപങ്ങളിലേക്കുമാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, അതിന്റെ വിദ്യാര്‍ത്ഥിമുഖമായ ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയവയിലേക്ക്. ക്യാമ്പസ് ഫ്രണ്ടിന്റെ രണ്ടാമത്തെ ഇരയാണ് അഭിമന്യു. 2012 ജൂലൈയില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ കോന്നി എന്‍.എസ്.എസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വിശാല്‍ കുമാറിനെയും ഇതുപോലെ അവര്‍ കുത്തി മലര്‍ത്തി. അതിനു രണ്ടു വര്‍ഷം മുമ്പാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈ അവര്‍ വെട്ടിയത്. 1993നുശേഷം എന്‍.ഡി.എഫ് നേതൃത്വത്തില്‍ 31 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒമ്പതുപേര്‍ സി.പി.എംകാര്‍. ഹാദിയ കേസില്‍ ഹൈക്കോടതിക്കു മുമ്പിലെ പ്രതിഷേധം. വാട്‌സാപ്പ് വഴി നടത്തിയ ഹര്‍ത്താല്‍ – ഇതിന്റെയെല്ലാം സംഘാടകശക്തി പോപ്പുലര്‍ ഫ്രണ്ടാണെന്ന് വെളിപ്പെടുന്നു.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആര്‍.എസ്.എസ് ഭീകരതയുടെ ചക്രവ്യൂഹത്തില്‍ കുരുങ്ങി ജീവനൊടുക്കിയ രോഹിത് വെമുലയെപ്പോലെ ഒരു ശാസ്ത്രജ്ഞനാകാന്‍ മോഹിച്ച് രാത്രി സിനിമാ പോസ്റ്റര്‍ ഒട്ടിച്ചും മറ്റു ജോലികള്‍ ചെയ്തും വരുമാനം കണ്ടെത്തി പകല്‍ വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ തിരക്കേറിയ പൊതുപ്രവര്‍ത്തനവും ഒപ്പം പഠനവും നടത്തിയ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. ഇടുക്കിയില്‍ കൊട്ടാക്കമ്പൂരിലെ അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും അമ്മൂമ്മയ്ക്കുമൊപ്പം പഠനമുറിയും അടുക്കളയും കിടപ്പുമുറിയും ഒക്കെയായ ഒറ്റമുറി വീട്ടില്‍നിന്നാണ് തന്റെ സ്വപ്നം സഫലമാക്കാന്‍ അഭിമന്യു എറണാകുളം നഗരത്തിലെത്തിയത്. നിരവധി സാംസ്‌ക്കാരിക – രാഷ്ട്രീയ പ്രതിഭകളെ സൃഷ്ടിച്ച കലാലയമെന്ന മഹാരാജാസിന്റെ പ്രസിദ്ധിയുടെ ഭാഗമാകാനല്ല. ലക്ഷങ്ങള്‍ പ്രവേശനത്തിന് കൈനീട്ടി കണ്ണടച്ചുവാങ്ങുന്ന എയ്ഡഡ് കോളജുകളിലും സ്വാശ്രയ കോളജുകളിലും തന്നേപ്പോലുള്ളവര്‍ക്ക് പ്രവേശമില്ലെന്ന തിരിച്ചറിവിലായിരുന്നു.

Abhimanyuപ്രിന്‍സിപ്പലിന്റെയും അധ്യാപികാധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം വത്സലനും പ്രിയങ്കരനുമായി അഭിമന്യു. നാടന്‍ പാട്ടുകാരനും പ്രഭാഷണ ചതുരനുമായ അവന്‍ എസ്.എഫ്.ഐ നേതാവായി. മേഥാ പട്ക്കറെപ്പോലുള്ളവരെ ക്യാമ്പസില്‍ വരുത്തി, പരിസ്ഥിതി അടക്കമുള്ള സമൂഹത്തെ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച ആശയ സംവാദത്തിന് അരങ്ങൊരുക്കി.

ഭരണമില്ലാത്ത ഇസ്ലാം അപൂര്‍ണ്ണമാണെന്നും ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണ് മുസ്ലിമിന്റെ കടമയെന്നുമുള്ള തത്വശാസ്ത്രം യുവത്വത്തിന്റെ തലയില്‍ കുത്തിവെക്കുന്ന ക്യാമ്പസ് ഫ്രണ്ടിന്റെ മുഖ്യ ശത്രുവായി അഭിമന്യു മാറിയതങ്ങനെയാണ്. ക്യാമ്പസ് ഫ്രണ്ടിന് ഇടം കൊടുക്കാത്ത ആശയ പ്രവര്‍ത്തന സാന്നിധ്യമായിരുന്നു അഭിമന്യു.

‘ഞാന്‍ പെറ്റ രാജ’ എന്ന് അവന്റെ അമ്മ മുഴക്കിയ അലമുറ കേരളമാകെ ഇപ്പോഴും മാറ്റൊലികൊള്ളുന്നു. മഹാരാജാസ് പ്രിന്‍സിപ്പലും അധ്യാപികാധ്യാപകരും സഹപാഠികളും അവന്റെ ഓര്‍മ്മയില്‍ വിതുമ്പിയത് ഇപ്പോഴും കേരളത്തിലെ മനുഷ്യമനസുകളെ നനയിക്കുന്നു.

Wall writings in Maharajas College which CFI-PFI used as justification for the killing of SFI leader Abhimanyuനമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍നിന്ന് തുടര്‍ന്നുണ്ടായ പ്രതികരണം അവരെതന്നെ തുറന്നുകാട്ടുന്നു. മുന്‍ മുഖ്യമന്ത്രിയും മഹാരാജാസ് കോളജിന്റെ ഉത്തമ രാഷ്ട്രീയ ഉല്‍പ്പന്നമെന്ന് വിശേഷിപ്പിക്കുന്ന എ.കെ. ആന്റണി പറഞ്ഞതിങ്ങനെ: ‘കേരളമൊട്ടാകെയുള്ള ആക്രമണങ്ങളില്‍ എസ്.എഫ്.ഐ തന്നെയാണ് ഒന്നാം പ്രതി. രണ്ടാമത് എ.ബി.വി.പിക്കും. എസ്.എഫ്.ഐയ്ക്കും എ.ബി.വി.പിക്കും മേധാവിത്വമുള്ള കോളജുകളില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയേയും അവര്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാറില്ല.’

ആന്റണിയുടെ രാഷ്ട്രീയ തീസിസ് ഈ സന്ദര്‍ഭത്തില്‍ എസ്.ഡി.പി.ഐ നേതൃത്വത്തിനുള്ള മുസ്ലിം തീവ്രവാദ വര്‍ഗീയ സംഘടനയെ സഹായിക്കുന്നതാണ്. അഭിമന്യുവിനെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ ന്യായീകരിക്കുന്നതാണ്. ഹിന്ദുത്വ തീവ്രവാദികള്‍ക്കും.

Maharajas-CollG6E49U1GR6jpgjpgമഹാരാജാസ് സൃഷ്ടിച്ച മറ്റൊരു രാഷ്ട്രീയ നേതാവാണ് കേരള ധനമന്ത്രി തോമസ് ഐസക്. അദ്ദേഹത്തിന്റെ നിരീക്ഷണം കൃത്യമാണ്: ‘ക്യാമ്പസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന കൊലപാതകമല്ല ഇത്. ഒറ്റ കുത്തിന് ചങ്കും കരളും തകര്‍ക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍ സംഘടിച്ച് കോളജിലെത്തിയത് വ്യക്തമായ മുന്നൊരുക്കത്തിന്റെ സൂചനയാണ്. എസ്.എഫ്.ഐയെ ഭയപ്പെടുത്താനും ക്യാമ്പസുകളെ ഭീതിയിലാഴ്ത്താനും ആസൂത്രണം ചെയ്ത കൊലപാതകം.’

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചതല്ലാതെ മറുമരുന്ന് എ.കെ ആന്റണിയെപ്പോലൊരാള്‍ നിര്‍ദ്ദേശിച്ചുകണ്ടില്ല. ഇങ്ങനെ മതിയോ? ആന്റണിയുടെ പിന്‍തലമുറക്കാരനായ തോമസ് ഐസക് പക്ഷെ തുടര്‍ന്നു പറയുന്നുണ്ട്: എല്ലാത്തരം സാമൂഹ്യ വിനിമയങ്ങളില്‍നിന്നും കൊടും ക്രിമിനലുകളായ ഈ ഭീകരസംഘത്തെ അകറ്റിനിര്‍ത്തണമെന്ന്. സൗഹാര്‍ദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിക്കുപോലും ഇവര്‍ അര്‍ഹരല്ലെന്ന്. എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ബഹിഷ്‌ക്കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരള സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത് എന്ന്.

qukjgzjshx-1530787444അഭിനന്ദനാര്‍ഹവും അടിയന്തരവുമായ ഈ നിര്‍ദ്ദേശം സംസ്ഥാനമന്ത്രിയും കേന്ദ്രകമ്മറ്റി അംഗവുമായ തോമസ് ഐസക്കിന്റെ പാര്‍ട്ടി എങ്ങനെയാണ് പ്രയോഗത്തില്‍ വരുത്തുന്നത് എന്ന് കാണുമ്പോള്‍ ഐസക്കിനോട് അനുകമ്പ തോന്നുന്നു. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിനെതിരെയും മറ്റിടങ്ങളില്‍ തങ്ങള്‍ക്ക് അധികാരം നഷ്ടപ്പെടാതിരിക്കാനും പല പഞ്ചായത്തുകളിലെയും എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് മുന്നണിബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുമ്പോള്‍ തീവ്ര മതവര്‍ഗീയത എന്താണു വളര്‍ത്തുകയെന്ന് അറിയാത്തവരല്ല ഇടതുപക്ഷമെങ്കിലും.

amaharajas-case-newക്യാംപസ് കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോ അഭിമന്യുവിന്റെ കൊലപാതകവുമായി നടത്തിയ രണ്ട് നിരീക്ഷണങ്ങള്‍ എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്: ഒന്ന്, മതതീവ്രവാദ സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ കടന്നുകൂടാന്‍ കഴിഞ്ഞത് ഇടതുപക്ഷ സംഘടനകള്‍ ദുര്‍ബലമായതുകൊണ്ടാണ്. രണ്ട്, ഒരു വര്‍ഷമായി പഠനത്തിനുപുറമെ വീട്ടിലെത്തി ബ്രിട്ടോയെ എഴുത്തില്‍ സഹായിച്ചുപോന്നിരുന്ന അഭിമന്യുവിനോട് ബ്രിട്ടോ പറയാറുണ്ടായിരുന്നു: ചക്രവ്യൂഹത്തില്‍ കയറാന്‍ എളുപ്പമാണ്. പുറത്തിറങ്ങാന്‍ പഠിക്കണം.

ഒരിക്കല്‍ക്കൂടി കരച്ചിലും കണ്ണീരും അടങ്ങും. അപ്പോഴും നമ്മുടെ കലാലയ കവാടങ്ങളില്‍ ചക്രവ്യൂഹവുമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ആജ്ഞാനുവര്‍ത്തികളായ വിദ്യാര്‍ത്ഥി സംഘടനകള്‍ ചക്രവ്യൂഹം തീര്‍ത്ത് കാത്തുനില്‍ക്കും. പുതിയ അഭിമന്യുമാരെ പ്രതീക്ഷിച്ച്.

ABHIMANYUa


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “ചക്രവ്യൂഹവും അഭിമന്യുമാരും (ലേഖനം)”

  1. Abdul Haseeb says:

    എങ്കിലും മതത്തിലുള്ള കക്ഷികളെ അവര്‍ ചെയ്യുന്ന തീവ്രവാതത്തിന് പേരില്‍ അവര്‍ തീവ്രവാദികളാണ് എന്ന് പറയുന്നതിന് പുറമെ ആ മതത്തിന് തീവ്രവാദത്തിന് മതം ആക്കുന്നത് വളരെ തെറ്റായ കാര്യമാണ്. ഒരു മതവും തീവ്രവാദം പഠിപ്പിക്കുന്നില്ല ഒരു മതനേതാക്കളും തീവ്രവാദം കൊണ്ട് കല്പിക്കുന്നില്ല. പ്രത്യേകിച്ച് ഇസ്ലാം മതം. മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ മുഴുവന്‍ സമാധാനത്തെയും സ്നേഹത്തിനെയും വചനങ്ങളാണ്. അത് പഠനവിധേയമാക്കി കഴിഞ്ഞാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഖുര്‍ആനിലെയും നബിവചനത്തിലെയും ചില വചനങ്ങളെ അത് പറയാനുള്ള കാരണങ്ങള്‍ മനസ്സിലാക്കാതെ അല്ലെങ്കിലും സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ അല്ലെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ പഠിക്കാതെ ആ മതത്തെ മുഴുവന്‍ തെറ്റിദ്ധരിക്കുന്നത് അബദ്ധജഡിലമായ കാര്യമാണ്. ഇതില്‍ ആര്‍എസ്എസ് എന്ന് പറഞ്ഞപ്പോള്‍ മുസ്ലിം എന്ന പേരാണ് ഉപയോഗിച്ചത് അതുകൊണ്ട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  2. മുഹമ്മദ് ഇക്ബാല്‍ says:

    മുസ്ലിം മത വിഭാഗങ്ങളില്‍ പെട്ടവരാണല്ലോ ഈ തീവ്രവാദ സംഘടനകളിലുള്ള അംഗങ്ങള്‍. എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഇത്തരത്തിലുള്ള സംഘടനകള്‍ ഉണ്ടാക്കുന്നതും അവയില്‍ അംഗത്വമെടുക്കുന്നതും എന്നുകൂടി വിശദീകരിക്കുക. അല്ലെങ്കില്‍ ഇതര മതസ്ഥരെയും അതില്‍ ഉള്‍പ്പെടുത്തുക (ഹിന്ദു, ക്രിസ്ത്യന്‍ മുതലായ). അല്ലെങ്കില്‍ ഈ സംഘടനകളിലുള്‍പ്പെട്ടവരെ മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്താക്കുക. അതിന് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ? വര്‍ഷങ്ങള്‍ക്കുമുന്‍പ് ജമാഅത്തെ ഇസ്ലാമിയിലെ യുവരക്തങ്ങള്‍ക്കായി ഒരു സംഘടന ഉണ്ടാക്കിയിരുന്നു. സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ്) എന്നായിരുന്നു അതിന് പേരിട്ടത്. ഇന്ത്യ മുഴുവന്‍ അതിന്റെ ശാഖകളുമുണ്ടായിരുന്നു. തീവ്രവാദ സ്വഭാവമുള്ള യുവാക്കളായിരുന്നു അതില്‍ ഭൂരിപക്ഷവും. അവരുടെ കളി അവസാനം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറിയപ്പോഴല്ലെ ഇന്ത്യാ ഗവണ്മെന്റ് ആ സംഘടനയെ നിരോധിച്ചത്? ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കുക എന്ന ലക്ഷ്യമായിരുന്നു അവരുടേത്. കുറെ കാലം കഴിഞ്ഞപ്പോള്‍ അവര്‍ വേഷം മാറി. അവരാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന നാമത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പണ്ടത്തെ സിമിയും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ത്ത് ഇപ്പോള്‍ ക്യാമ്പസ് ഫ്രണ്ടും എസ്‌ഡി‌പി‌ഐയും ഒക്കെ ആയി. എല്ലാം തീവ്രവാദ സ്വഭാവമുള്ളവര്‍ തന്നെ. ഇപ്പറഞ്ഞ സംഘടനകളില്‍ ഏതെങ്കിലും അന്യ മതസ്ഥരുണ്ടോ? ഇല്ല. എന്തുകൊണ്ട്? ആ ചോദ്യത്തിന് ഉള്ള മറുപടിയാണ് ആദ്യം തേടേണ്ടത്. എന്തുകൊണ്ടാണ് ലോക ഭീകരര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരായത്? സമാധാനകാംക്ഷികളായ മുസ്ലീങ്ങള്‍ക്ക് സ്വൈര്യമായി ജീവിക്കണമെങ്കില്‍ മേല്പറഞ്ഞ സംഘടനകളില്‍ പെട്ടവരെയെല്ലാം മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം മതമേലദ്ധ്യക്ഷന്മാര്‍ കാണിക്കണം. ഖുര്‍‌ആനിനേയും മുഹമ്മദ് നബിയേയും കൂട്ടുപിടിച്ച് എന്തു കാടത്തരവും ചെയ്യാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ജനങ്ങളില്‍നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top