Flash News

കലാമണ്ഡലം ഹൈദരാലി എന്ന മഹാപ്രതിഭ

July 16, 2018 , കൊട്ടാരക്കര ഷാ

hyderaliസാമൂഹ്യവും ജാതീയവുമാ‍യ ചങ്ങലകളെ തകര്‍ത്ത്, സങ്കുചിതമായ ജാതി, മതചിന്തകളുടെ മതില്‍ക്കെട്ടിനുള്ളിൽ നിന്നും യാഥാസ്ഥിതികതയുടെ അകത്തളങ്ങളില്‍ നിന്നും കഥകളി സംഗീതത്തെ പുറത്തേക്കു കൊണ്ടുവന്ന ഒരു മഹാപ്രതിഭയായിരുന്നു കലാമണ്ഡലം ഹൈദരാലി.

ദൃശ്യ, ശ്രവ്യ കലയായ കഥകളിയുടെ ശ്രവ്യസുഖത്തിന് ഒരു പ്രത്യേക സ്ഥാനം നല്‍കാന്‍ ശ്രമിച്ച, അതിനു സാധിച്ച ഒരുത്തമ കലാകാരന്‍. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, വെണ്മണി ഹരിദാസ് തുടങ്ങിയ സമാനഹൃദയരോടൊപ്പം കഥകളി സംഗീതത്തിന് തനതായ ഒരു മുഖം നല്‍കാനും കഥകളിയില്‍ നിന്നു വേറിട്ട് കഥകളി സംഗീതത്തിനെ പ്രത്യേകമായി അനുവാചകരിലെത്തിക്കുവാനും കഴിഞ്ഞ ഒരു ജനകീയ കലാകാരന്‍. അറുപതുകളുടെ അവസാനത്തോടെ കളിയരങ്ങില്‍ സജീവ സാന്നിദ്ധ്യമായിത്തുടങ്ങിയ ഹൈദരാലി മൂന്നര പതിറ്റാണ്ടിലെറെ തന്റെ കലാമണ്ഡലത്തില്‍ ജ്വലിച്ചു നിന്നു. അതിനായി ആ സൗമ്യനായ മനുഷ്യന്‍ പിന്നിട്ട കനല്‍വഴികളും നേരിട്ട എതിര്‍പ്പുകളും ഒട്ടനവധിയാണ്.

സ്വന്തം സ്വരദീപ്തി കൊണ്ട് കഥകളി സംഗീതത്തെ ആകര്‍ഷണീയവും ഹൃദ്യവുമായി ആസ്വാദക ഹൃദയങ്ങളില്‍ എത്തിച്ച ഈ കലാകാരന്‍ 1946 ഒക്ടോബര്‍ 6-ന് മൊയ്തൂട്ടിയുടേയും ഫാത്തിമായുടേയും മകനായി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള ഓട്ടുപാറ എന്ന ഗ്രാമത്തില്‍ ജനിച്ചു. സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണുണ്ടായിരുന്നത്. ഉപജീവനത്തിന് കുട്ട നെയ്ത്തു തൊഴിലാക്കിയിരുന്ന ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എങ്കിലും ഒഴിവു സമയത്ത് മാപ്പിളപ്പാട്ടുകളും പ്രാദേശിക നാടകങ്ങളിലെ പാട്ടുകളുമൊക്കെ പാടിയിരുന്നു. ഹൈദരാലിയുടെ സംഗീത വാസന തന്റെ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതായിരുന്നിരിക്കണം. അഞ്ചാം വയസ്സില്‍ അദ്ദേഹത്തിന് തന്റെ അച്ഛനെ നഷ്ടപ്പെട്ടു. തന്റെ പതിനൊന്നാം വയസ്സില്‍ കലാമണ്ഡലത്തില്‍ കഥകളി സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. സാമ്പത്തികമായി അതിനദ്ദേഹത്തെ സഹായിച്ചത് വടക്കാഞ്ചേരി നിവാസിയായിരുന്ന സി.പി. ആന്റണി എന്ന ഒരു സുമനസ്സായിരുന്നു. അതിനു മുമ്പു തന്നെ വടക്കാഞ്ചേരി നിവാസികള്‍ സംഗീത മത്സരങ്ങളിലൊക്കെ പങ്കെടുത്തു ജയിച്ചിരുന്ന കുഞ്ഞു ഹൈദരാലിയുടെ സംഗീത വാസനയെപ്പറ്റി അറിഞ്ഞിരുന്നു.

കലാമണ്ഡലത്തില്‍ കഥകളി സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും അവിടെ താന്‍ സംഗീതമാണ് അഭ്യസിക്കാന്‍ പോകുന്നത് എന്നതിനപ്പുറം സംസ്കൃത പദാവലികള്‍ നിറഞ്ഞ കഥകളിപ്പദങ്ങള്‍ പഠിക്കേണ്ടിവരുമെന്നോ കഥകളിയെപ്പറ്റിത്തന്നെയോ വലിയ അറിവൊന്നും ഹൈദരാലിക്ക് ഉണ്ടായിരുന്നില്ല. ഒരു ക്ഷേത്രകല എന്നു മാ‍ത്രം പരിഗണിക്കപ്പെട്ടിരുന്ന കഥകളി സംഗീതത്തിലേക്ക് ഒരു മുസ്ലീം മതസ്ഥനായ ഹൈദരാലി ഇറങ്ങിച്ചെല്ലുന്നതിന് അന്നത്തെ ഒരു സാമൂഹ്യ, സാമുദായിക സാഹചര്യമനുസരിച്ച് ഒരുപാട് എതിര്‍പ്പുകളെ അതിജീവിക്കേണ്ടി വരികയും ചെയ്തിരുന്നു. പക്ഷെ തളരാത്ത ഇച്ഛാശക്തികൊണ്ടും കഠിന പ്രയത്നം കൊണ്ടും അദ്ദേഹം അത്തരം പ്രതിസന്ധികളെയൊക്കെ തരണം ചെയ്തു. 1957 മുതല്‍ 65 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ച ഹൈദരാലി കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ഗംഗാധരന്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍ തുടങ്ങിയ ഗുരുക്കന്മാരുടെ അരുമ ശിഷ്യനായിരുന്നു. 1960ല്‍ അദ്ദേഹം തന്റെ അരങ്ങേറ്റം നടത്തിയെങ്കിലും അഹിന്ദുവായതിന്റെ പേരില്‍ അവസരങ്ങള്‍ വളരെക്കുറവു മാത്രമാണ് അദ്ദേഹത്തിനു തുടക്കത്തില്‍ ലഭിച്ചിരുന്നത്.

കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ കലാമണ്ഡലം കഥകളി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരു മുസ്ലിമായിപ്പോയി എന്ന കാരണത്താല്‍ അതിനാകാതെ താന്‍ മാത്രം കലാമണ്ഡലത്തില്‍ ഒറ്റയ്ക്കു കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ എന്നും ഒരു ദുഃഖമായിരുന്നു അദ്ദേഹത്തിന്. എങ്കിലും തന്റെ സംഗീത ബോധത്തില്‍ ആത്മവിശ്വാസം പുലര്‍ത്തിയ ഹൈദരാലി ഹിന്ദു-മുസ്ലീം യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും നേരിട്ട വെല്ലുവിളികളെയൊക്കെ അവഗണിച്ച് ക്രമേണ കഥകളി സംഗീതമണ്ഡലത്തില്‍ തന്റേതായ ഒരു സ്ഥാനവും തനതായ ഒരു ശൈലിയും കെട്ടിപ്പെടുത്തു. അങ്ങനെ യാഥാസ്ഥിതികരെ നിശ്ശബ്ദനാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരമ്പലത്തില്‍ ഹൈദരാലിയുടെ പിന്‍പാട്ടുള്ള ഒരു കഥകളി നടത്താനായി ക്ഷേത്ര മതില്‍ക്കെട്ട് പൊളിച്ച് പകുതി സ്റ്റേജ്‌ മതില്‍ക്കെട്ടിനകത്തും ഹൈദരാലിയ്ക്ക്‌ നില്‍ക്കാനുള്ള സ്ഥലം മതില്‍ക്കെട്ടിനു പുറത്തും നിര്‍മ്മിച്ച അനുഭവം വരെ ഉണ്ടായി. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കുന്നതിനു പകരം കഥകളി അമ്പലമതില്‍ക്കെട്ടിനു പുറത്തു വെച്ചു നടത്തപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുവാന്‍ അദ്ദേഹത്തിന്റെ സംഗീതത്തിനു സാധിച്ചു എന്നും പറയണം. അതായിരുന്നു അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ശക്തി. അറുപതുകളുടെ അവസാനത്തോടെ കളിയരങ്ങില്‍ സജീവ സാന്നിധ്യമായി മാറിയ ഹൈദരാലിക്ക് പിന്നെ ഉയര്‍ച്ചകളായിരുന്നു.

കഥകളി സംഗീതം കൂടാ‍തെ കര്‍ണ്ണാടക സംഗീതവും അദ്ദേഹം ശാസ്ത്രീയമായി അഭ്യസിച്ചു. കൂടാതെ ഹിന്ദുസ്ഥാനി സംഗീത ശാഖ മുതല്‍ ഇങ്ങേയറ്റം ചലച്ചിത്രഗാന, ലളിത ഗാന ശാഖവരെ ഭാരതീയമായ വിവിധ സംഗീത ശാഖകളെ ഉള്‍ക്കൊള്ളാനും ഹൈദരാലി ശ്രമിച്ചിരുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത രൂപങ്ങള്‍ക്കും അദ്ദേഹം സംഗീതം ആലപിച്ചിട്ടുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം ശൈലിയില്‍ ചില വര്‍ണ്ണങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക സംഗീതത്തില്‍ ചില കൃതികളും രചിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും കഥകളി സംഗീതം അവതരിപ്പിച്ചു. ശൃംഗാരരസം തുളുമ്പുന്നതോ, ഭക്തിരസം നിറഞ്ഞതോ, താരാട്ടുപാട്ട് ശൈലിയിലുള്ളതോ, ദ്രുതമായ ആലാപനം നിറഞ്ഞതോ അങ്ങനെ വിവിധങ്ങളായ ഭാവങ്ങളില്‍ ഉള്ള ആലാപനത്തിന് ഒരു പോലെ പ്രഗത്ഭനായിരുന്നു അദ്ദേഹം. ആലാപനത്തില്‍ ഭാവസാന്ദ്രതയ്ക്കാവശ്യമെങ്കില്‍ ഗമകങ്ങള്‍ ഉപയോഗിക്കാനും ഹിന്ദുസ്ഥാനി ശൈലി ഉപയോഗിക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നില്ല.

ഭക്തിപ്രധാനമാണെങ്കിലും, ഭാവപ്രധാനമാണെങ്കിലും, ആട്ടപ്രധാനമാണെങ്കിലും, പതിഞ്ഞ താ‍ളത്തിലുള്ളതാണെങ്കിലും, ദ്രുതതാളത്തില്‍ ഉള്ളതാണെങ്കിലും ഇതെല്ലാം ഹൈദരാലി ഒരുപോലെ അനായാസമായി വേദികളില്‍ പാടി ഫലിപ്പിച്ചിരുന്നു.  ശ്രീ ഹൈദരാലി രംഗം, അയോദ്ധ്യ എന്നീ ചലച്ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയിട്ടുണ്ട്. കഥകളി സംഗീതത്തിലും കര്‍ണ്ണാടക സംഗീതത്തിലും ചില പരീക്ഷണങ്ങള്‍ നടത്തി നോക്കിയിരുന്നെങ്കിലും ഒരു കഥകളി സംഗീതജ്ഞനായി അറിയപ്പെടുവാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ തില്ലാനയും വര്‍ണ്ണവും ശ്രീ ബാലഭാസ്കറുമായി ചേര്‍ന്നു നടത്തിയ ‘ദി ബിഗ്ബാന്‍ഡ്’ എന്ന ഒരു ഫ്യൂഷന്‍ സംഗീത പരിപാടിയില്‍ അദ്ദേഹം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെപ്പുറമെ, അദ്ദേഹം ഒരു നല്ല ചിത്രകാരനും പെയിന്ററും കൂടിയായിരുന്നു.

ശ്രീമതി ഹഫ്‌സയാണ് ഭാര്യ. മക്കള്‍: ഹാരീഷ്‌, ഹസിത.

2002-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയില്‍ ഏങ്കക്കാട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പിന്നീട് മരിക്കുവോളം കലാമണ്ഡലത്തില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2006 ജനുവരി 5-ന് തന്റെ അന്‍പത്തിഒമ്പതാമത്തെ വയസ്സില്‍ തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വെച്ചുണ്ടായ ഒരു വാഹനാപകടം ഈ അതുല്യ പ്രതിഭയുടെ ജീവന്‍ അപഹരിച്ചു. സാമൂഹ്യവും ജാതീയവുമാ‍യ ചങ്ങലകളെ തകര്‍ത്ത്, സങ്കുചിതമായ ജാതി, മതചിന്തകളുടെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നും യാഥാസ്ഥിതികതയുടെ അകത്തളങ്ങളില്‍ നിന്നും കഥകളി സംഗീതത്തെ പുറത്തേക്കു കൊണ്ടുവന്ന ഒരു മഹാപ്രതിഭയായിരുന്നു കലാമണ്ഡലം ഹൈദരാലി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top