ഹെല്‍സിങ്കി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്നു പറയുന്നതില്‍ സത്യമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. പുടിനെ ന്യായീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണു ചര്‍ച്ച നടന്നത്.
അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാന്‍ താല്പര്യമില്ലെന്നും പുടിന് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം റഷ്യന്‍ ബന്ധത്തെ ബാധിച്ചിരുന്നതായി ട്രംപ് വിശദീകരിച്ചു. റഷ്യയുമായുള്ള ബന്ധം ഇതുവരെ ഇത്തരത്തില്‍ ഉലയാന്‍ ഇടയായിട്ടില്ലെന്നു സൂചിപ്പിച്ച ട്രംപ് വാര്‍ത്താസമ്മേളനത്തിന് നാലു മണിക്കൂര്‍ മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ മാത്രമാണ് ഇതിനു മാറ്റമുണ്ടായതെന്നും പറഞ്ഞു. തുറന്ന ചര്‍ച്ചയാണ് ഉണ്ടായതെന്നും ചര്‍ച്ച വിജയകരമായെന്ന് നമുക്ക് പറയാനാകുമെന്നും പുടിന് പറഞ്ഞു.
റഷ്യയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്ന് പുടിന് പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം ‘നമ്മുടെ രാജ്യത്തിന്റെ ദുരന്തമായെന്ന്’ ഡൊണാള്‍ഡ് ട്രംപും തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ശീതയുദ്ധമൊക്കെ കഴിഞ്ഞ കഥ മാത്രമാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് പറയപ്പെടുന്ന റഷ്യക്കാരെ നേരില്‍ കണ്ട് ചോദ്യം ചെയ്യാന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കാമെന്നും പുടിന് പറഞ്ഞു. എന്നാല്‍ ഇതിന് അനുവദിക്കുമ്പോള്‍ റഷ്യന്‍ മണ്ണില്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയെന്നു സംശയിക്കുന്ന റഷ്യ സംശയിക്കുന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ അനുവദിക്കണം. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള കരാറുകള്‍ക്ക് അനുസൃതമായി കോടതിയിലൂടെ യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ തീര്‍പ്പാകുമെന്നും പുടിന് പ്രതീക്ഷ പ്രകടിപ്പിച്ചു.
റഷ്യയും ട്രംപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന മുന്‍ എഫ്ബിഐ ഡയറക്ടറും അറ്റോണിയുമായ റോബര്‍ട് സ്വാന് മ്യുല്ലെര്‍ ആവശ്യപ്പെട്ടാല്‍ റഷ്യ അതിനു മറുപടി നല്‍കുമെന്നും പുടിന് പറഞ്ഞു. എന്നാല്‍ തിരിച്ചും ഇത്തരം അന്വേഷണങ്ങളില്‍ സഹകരണമുണ്ടാകണമെന്നും പുടിന് ഓര്‍മിപ്പിച്ചു. ഇതിനു മറുപടി പറയുമ്പോഴാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മ്യുല്ലെര്‍ നടത്തുന്ന അന്വേഷണം യുഎസിന് തന്നെ ദുരന്തമായി മാറിയെന്ന് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതില്‍ ഇരുപക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. നമ്മള് ഇരുവരും തെറ്റു ചെയ്തെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
അതിനിടെ സംയുക്ത വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന് ഒരു ലേഖകനെ പുറത്താക്കി. ‘ദ് നേഷന്‍’ എന്ന മാധ്യമത്തിലെ സാം ഹുസൈനി എന്ന ലേഖകനെയാണ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. ‘ആണവായുദ്ധ നിരോധന ഉടമ്പടി'(Nuclear Weapon Ban Tretay) എന്നെഴുതിയ പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്.
ലോകകപ്പ് ഫുട്ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനു പുടിനെ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ട്രംപ് അനുമോദിക്കുകയും ചെയ്തു.
യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാനായി 12 റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമുണ്ടായത് ഇക്കഴിഞ്ഞയാഴ്ചയാണ്.
റഷ്യന്‍ ബന്ധത്തില്‍ വിള്ളലുണ്ടെന്ന കാര്യം കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പേ ട്രംപ് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനു കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു. ‘വഞ്ചകി’യായ ഹിലറി ക്ലിന്റന് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നായിരുന്നു ഒബാമ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ റഷ്യന്‍ ഹാക്കിങ് സംബന്ധിച്ച് എഫ്ബിഐ മുന്നറിയിപ്പു നല്‍കിയിട്ടും അതിനെ ഒബാമ തള്ളിക്കളഞ്ഞു. റഷ്യന്‍ ഇടപെടലൊന്നും ഒരിക്കലും നടക്കില്ലെന്നും പറഞ്ഞ് യാതൊന്നും ചെയ്യാതെ വിട്ടുകളയുകയും ചെയ്തു. പക്ഷേ ഞാന്‍ ജയിച്ചപ്പോള്‍ അതു വലിയ സംഭവമായി…’ ഇങ്ങനെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply