Flash News

കൊടുങ്ങല്ലൂരിലൊരു ‘തേന്‍ കെണി’; കെണിയില്‍ പെട്ടത് കണ്ണൂരുകാരന്‍ എന്‍‍ജിനീയര്‍

July 22, 2018

women-1 (1)കൊടുങ്ങല്ലൂർ: വാട്സ്‌ആപ്പ് സൗഹൃദം തേൻ കെണിയായപ്പോള്‍ കുരുക്കില്‍ വീണത് കണ്ണൂരുള്ള എന്‍‌ജിനീയര്‍. കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക് മെയില്‍ ചെയ്ത സംഘത്തിലെ നാലു പേര്‍ പിടിയിലായി.

കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിയ്ക്കല്‍ ഷമീര്‍ ഭാര്യ ഷെമീന (26), തൃശൂര്‍ വെളപ്പായ കുണ്ടോളി വീട്ടില്‍ ശ്യാം ബാബു (25 ), അവണൂര്‍ കാക്കനാട്ട് വീട്ടില്‍ സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34 ) എന്നിവരേയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ്, കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ പി.സി. ബിജുകുമാറും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. സംഘത്തിലെ സൂത്രധാരിയായ നസീമയും ഇവരുടെ രണ്ടാം ഭര്‍ത്താവ് അക്ബര്‍ ഷായും ഒളിവിലാണ്.

ഈ മാസം പതിനഞ്ചാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. നാലു വര്‍ഷം മുമ്പ് പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ക്കാരി സസീമയാണ് കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ക്ക് പണി കൊടുത്തത്. നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വളരെ നല്ല അടുപ്പം ഈ യുവാവിനുണ്ടായിരുന്നു. ഈയിടെ നസീമയുടെ വാട്‌സാപ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെ കണ്ടു. ഈ സുന്ദരിയേയും പരിചയപ്പെടണമെന്ന ആഗ്രഹമെത്തി. ഇതോടെ നസീമയെ യുവാവ് ഫോണ്‍ വിളിച്ചു. ഇതോടെ തട്ടിപ്പിന്റെ സാധ്യതകള്‍ യുവതി മനസ്സിലാക്കി. എന്‍ജിനീയറുടെ മോഹം പണമാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ ഒരുക്കി.  ഫ്ലാറ്റില്‍ വന്നാല്‍ മതി, പരിചയപ്പെടാമെന്ന് ഉറപ്പും കൊടുത്തു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂര്‍ക്കു വിട്ടു. ഈ സമയം തന്നെ ഷമീനയേയും ആണ്‍സുഹൃത്തുക്കളായ ശ്യാമിനേയും സംഗീതനേയും വിളിച്ചു വരുത്തിയിരൂന്നു. കാറിലെത്തിയ ഇവര്‍ സര്‍വ്വീസ് റോഡില്‍ കാത്തുകിടന്നു. നസീമ പറഞ്ഞിട്ടെന്നു പറഞ്ഞ് ഷെമീന പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഇയാളുടെ കാറില്‍ കയറി നസീമയുടെ ഫ്ലാറ്റിലെത്തിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് റൂമില്‍ ഒളിച്ചു നിന്നു.

ഈ സമയം മുന്‍പേ തയ്യാറാക്കിയ പദ്ധതി പ്രകാരം പുറത്തു കാത്തുകിടന്ന ശ്യാമും സംഗീതും ഡോറിൽ തട്ടുകയും എന്നാല്‍ പുറത്തു നിന്നു വരുന്നവര്‍ അറിയാതിരിക്കാനെന്ന മട്ടില്‍ പരാതിക്കാരനേയും ഷെമിനയേയും ഒരു റൂമിലേക്ക് മാറ്റുകയും ചെയ്തു. ഉടനെ സദാചാര പോലീസ് എന്ന മട്ടില്‍ പുറത്തുനിന്ന് എത്തിയവരും റൂമില്‍ ഒളിച്ചു നിന്നിരുന്ന അക്ബര്‍ ഷായും റൂം തുറന്ന് പരാതിക്കാരനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സ്ത്രീകളോടൊപ്പം നിറുത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു.

ഈ സമയം വന്നവരോട് അപരിചിതരേപ്പോലെ കരഞ്ഞും കാലു പിടിച്ചും ഷമീനയും തന്നെ ഭാഗം നന്നായി അഭിനയിച്ചു. നസീമയും ഷെമീനയും പൊട്ടിക്കരഞ്ഞു. ഇത് സീനിന് ഒര്‍ജിനാലിറ്റി ഉണ്ടാക്കി. എങ്ങനെയെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കാന്‍ എന്‍ജിനീയറോട് അവര്‍ അപേക്ഷിച്ചു. പഴ്‌സെടുത്ത് എടിഎം കാര്‍ഡു കൊടുത്തു. പഴ്‌സിലുണ്ടായിരുന്ന 35,000 രൂപയും സംഘം വാങ്ങി. എടിഎം സെന്ററില്‍ പോയി കാര്‍ഡ് പരിശോധിച്ചപ്പോള്‍ പണമില്ലായിരുന്നു. തിരിച്ചെത്തി പിന്നേയും മര്‍ദ്ദനം. നസീമയും ഷെമീനയും പൊട്ടിക്കരഞ്ഞു. ഇവരെ ഉപദ്രവിക്കാതിരിക്കാന്‍ എന്‍ജിനീയര്‍ പ്രതിരോധിച്ചു. കുതറി താഴേക്ക് ചാടി രക്ഷപ്പെടുവാന്‍ ശ്രമിച്ച പരാതിക്കാരനെ കട്ടിലില്‍ ബലമായി കിടത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.

ഇതിനിടെ ഇവരുടെ സുഹൃത്ത് അനീഷിനെ വിളിച്ചു വരുത്തുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കണമെങ്കില്‍ മൂന്നു ലക്ഷം തരണമെന്നും അല്ലെങ്കില്‍ ഇയാളുടെ കാര്‍ തട്ടിയെടുക്കുമെന്നും പറഞ്ഞു. ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ നോക്കിയപ്പോഴും അടി കിട്ടി. ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് എന്‍ജിനീയര്‍ സമ്മതിച്ചു. പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എങ്ങനെയെങ്കിലും പണം കൊടുക്കൂവെന്ന് സസീമയും ഷെമീനയും പറഞ്ഞു. ഇല്ലെങ്കില്‍ ഞങ്ങളുടെ ഭാവിയും പ്രശ്‌നമാകുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ സീന്‍ ശാന്തമായി. എല്ലാം കഴിഞ്ഞ് യുവാവ് നേരെ പോയത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു. ചില പൊരുത്തക്കേടുകള്‍ തോന്നിയതു കൊണ്ടായിരുന്നു ഇത്. പൊലീസിനോട് പരാതി പറഞ്ഞു.

കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. നസീമയും ഷെമീനയുമാണ് ഈ സദാചാര പൊലീസ് നാടകം ആസൂത്രണം ചെയ്തത്. ലക്ഷ്യം പണം തട്ടിയെടുക്കല്‍. സദാചാര ഗുണ്ടകളായി എത്തിയത് സുഹൃത്തുക്കളും. തൃശൂര്‍ അരണാട്ടുകരയിലെ ഒരു ഫ്ലാറ്റിലായിരുന്നു ഷെമീനയുടെ താമസം. ഒപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശികളായ ശ്യാം ബാബു, അനീഷ്, സംഗീത് എന്നിവരെ കസ്റ്റഡിയിലെടുത്തു. നസീമയും രണ്ടാം ഭര്‍ത്താവ് അക്ബര്‍ ഷായും ഒളിവിലാണ്. വയനാട്ടില്‍ ഒളിവില്‍ കഴിയുന്ന അക്ബര്‍ ഷാ ഉടന്‍ പിടിയിലാകും.

ഷമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. ആറു മാസം മുന്‍പ് നാട്ടിലെത്തിയ ഷെമിന അരണാട്ടുകരയില്‍ ഒരു വീട് വാടകയ്ക്കെടുത്തു ശ്യാമുമൊത്ത് താമസിച്ചു വരികയായിരുന്നു. പോലീസ് വീട് വളയുമ്പോള്‍ വീട്ടില്‍ കുറച്ചു യുവാക്കളും ഉണ്ടായിരുന്നു. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. അപകടം മണത്ത അനീഷ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുന്നതിനിടയില്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എസ്.ഐ. എസ്. വിനോദ് കുമാര്‍, അഡീ. എസ്.ഐ. മുകുന്ദന്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി പി.ഒ. മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, ഇ.എസ്. ജീവന്‍, എ.എസ്.ഐ ഫ്രാന്‍സിസ് പി.ജെ, സീനിയർ സി.പി.ഒ. ടി.എം.സഞ്ജയന്‍, ഷിബു ടി.കെ. സി.പി.ഒ.മാരായ പി.ജി.ഗോപന്‍, മനോജ് പി.എം, സി.ടി രാജന്‍, ദിലീപ് കുമാര്‍, ബിനില്‍ വനിതാ പോലീസുകാരായ കെ.ടി. ഷീജ, ടി.സി. വിന്‍സി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top