Flash News

ആള്‍ക്കൂട്ട ആക്രമണം പക്ഷെ, ആരു തടയും (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

July 22, 2018

alkoota akramanam1ആള്‍ക്കൂട്ട ആക്രമണങ്ങളില്‍നിന്നും കൊലകളില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനോടും, അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോടും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രിംകോടതി പുറപ്പെടുവിച്ച വിധി ബഹുസ്വരതയുടെ ഇന്ത്യയെന്ന സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും സംരക്ഷിക്കാന്‍ ഉന്നത നീതിപീഠത്തില്‍നിന്നുണ്ടായ ചരിത്രപരമായ ഇടപെടലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകളില്‍ മൂന്നും പരാജയപ്പെട്ടേടത്ത് ഭരണഘടനയും നിയമവാഴ്ചയും സുപ്രിംകോടതി സംരക്ഷിക്കേണ്ടിവരുന്ന അസാധാരണ സാഹചര്യവും.

Photo1ഭ്രാന്തമായ ആള്‍ക്കൂട്ടം പശുസംരക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും ‘ഹിന്ദു’ക്കളുടെയും മറ്റും പേരില്‍ ഭ്രാന്തിളക്കിവിട്ട് ഈ മഹത്തായ റിപ്പബ്ലിക്കിനെ കൊണ്ടുചെന്നിച്ച അവസ്ഥ. അതില്‍നിന്ന് രാജ്യത്തെ രക്ഷിക്കേണ്ട അടിയന്തര ഉത്തരവാദിത്വമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ നിര്‍വ്വഹിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ അമേരിക്കയെ വിഖ്യാതനായ അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക്ക് ട്വയ്‌ന്‍ വിശേഷിപ്പിച്ചത് ‘ആള്‍ക്കൂട്ടക്കൊലയുടെ ഐക്യനാടുകള്‍’ എന്നായിരുന്നു. മാര്‍ക്ക് ട്വയ്‌ന്‍ ലേഖനത്തിന്റെ തലക്കെട്ട് കടമെടുത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിപ്പോള്‍ ‘ആള്‍ക്കൂട്ടക്കൊലയുടെ ഇന്ത്യ’യാണെന്ന് പരോക്ഷമായി വിരല്‍ചൂണ്ടി. 1901ല്‍ പിയേഴ്‌സ് സിറ്റി, വില്‍ ഗോഡ്‌ലെ, മിസ്സോറി തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെയാണ് മാര്‍ക്ക് ട്വയ്‌ന്‍ പ്രസ്തുത തലക്കെട്ടിലുള്ള ലേഖനത്തില്‍ അതിരൂക്ഷമായി വിമര്‍ശിച്ചത്.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ അന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ നേരിട്ടിരുന്ന വേര്‍പിരിക്കലിലും കീഴ്‌പ്പെടുത്തലിലും ഭീകരമായ അവസ്ഥയാണ് മുസ്ലിംങ്ങളും ദളിതരും ഇന്ത്യയില്‍ നേരിടുന്നതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരില്‍ ഒരാളായ ഇന്ദിരാ ജെയ്‌സിംഗ് എഴുതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിരത്തിയ വസ്തുതകളാണ് വിധിയില്‍ മാര്‍ക്ക് ട്വ‌യ്‌നെ ഉദ്ധരിക്കാന്‍ ഇടയാക്കിയതെന്നു തോന്നുന്നു. മുസ്ലിം – ദളിത് വിഭാഗങ്ങളെ ആള്‍ക്കൂട്ട അതിക്രമത്തിന് ഇരയാക്കുന്നത് ബഹുമതിയായി അതിക്രമികള്‍ കണക്കാക്കുന്നതായും. ഏതെങ്കിലും ആശയത്തിന്റെ പേരില്‍ സ്വയം പ്രഖ്യാപിത ജാഗ്രതാഗ്രൂപ്പുകള്‍ നിയമം കൈയ്യിലെടുക്കുകയാണ്. അരാജകത്വവും കലാപവും കുഴപ്പവും ഒടുവില്‍ ഒരു അക്രമസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് രാജ്യം നേരിടുക എന്നാണ് സുപ്രിം കോടതിവിധി മുന്നറിയിപ്പു നല്‍കുന്നത്.

അത് തടയല്‍, അതിനുള്ള പരിഹാരം, ശിക്ഷ എന്നീ മൂന്നു ഗണങ്ങളില്‍ ഇരുപത്തിമൂന്നു നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് വിധിയിലൂടെ സുപ്രിം കോടതി പുറപ്പെടുവിച്ചത്. ഈ സംഭവങ്ങള്‍ തുടരാനനുവദിച്ചാല്‍ ജനാധിപത്യത്തിന്റെയും നീതിയുടെയും മാര്‍ഗങ്ങള്‍ മൂടപ്പെടുമെന്നും പകര്‍ച്ചവ്യാധിപോലെ രാജ്യത്തെതന്നെ നാമാവശേഷമാക്കുമെന്നും വിധിയില്‍ പറയുന്നു.

modi-lynching1946ലെ ഭരണഘടനാസഭയുടെയും അതിന്റെ നിര്‍മ്മിതിയായ ഭരണഘടനയുടെയും അതിന്റെ അടിസ്ഥാനമായിരുന്ന നയപ്രഖ്യാപനത്തിന്റെയും എല്ലാം അന്തഃസത്ത 45 പേജുള്ള സുപ്രിംകോടതി വിധിന്യായം മുന്നോട്ടുവെക്കുന്നു. വിശേഷിച്ച്, പുതിയ അധികാരി വര്‍ഗത്തിനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മുമ്പില്‍ സംക്ഷിപ്തവും സുവ്യക്തവുമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി. പരോക്ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഗവണ്മെന്റിനെയും അത് സെന്‍ഷ്വര്‍ ചെയ്യുന്നു. ഹിന്ദുത്വ വര്‍ഗീയതയുടെ സംരക്ഷകരായി മോദി ഭരണത്തിന്റെയും ബി.ജെ.പി സംസ്ഥാന ഗവണ്മെന്റുകളുടെയും തണലില്‍ അന്വേഷണവും വിചാരണയും ശിക്ഷയും തെരുവില്‍ നിര്‍വ്വഹിക്കുന്ന സംഘ് പരിവാര്‍ സംഘങ്ങളെയും. സ്വയം ചില ആശയങ്ങളുടെ സംരക്ഷകരായി ചമഞ്ഞ് നിയമം കൈയ്യിലെടുത്ത് താണ്ഡവമാടുന്ന ക്രിമിനലുകളെന്ന് അക്കൂട്ടരെ വിശേഷിപ്പിക്കുന്നു.

സംരക്ഷക വേഷം കെട്ടിയാടുന്ന ഈ കൊലയാളികളെ തടയാന്‍ മതിയായ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത് മോദി ഗവണ്മെന്റിനെതിരായ ഉന്നത നീതിപീഠത്തിന്റെ ചരിത്രപരമായ ഇടപെടലാണ്. ഉത്തരേന്ത്യയില്‍ ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തിനും ദളിത് വിഭാഗങ്ങള്‍ക്കുമെതിരെ വ്യാപകമായി തുടരുന്ന അക്രമങ്ങള്‍ക്കും കൊലകള്‍ക്കും അടിയന്തരമായി തടയിടണമെന്ന നിര്‍ദ്ദേശമാണതില്‍. അസഹിഷ്ണുതയുടെയും മതധ്രുവീകരണത്തിന്റെയും രാഷ്ട്രീയമാണ് ആര്‍.എസ്.എസ് അജണ്ടയായി ബി.ജെ.പി പരിവാര്‍ മോദി ഭരണത്തില്‍ നടപ്പാക്കുന്നത്. ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്ന് രക്തസാക്ഷികളായ ബുദ്ധിജീവികളുടെയും ഇടതുപക്ഷ – മതനിരപേക്ഷ പാര്‍ട്ടികളുടെയും വ്യക്തികളുടെയും നിലപാടുകളെ ഭരണഘടനാപരമായി അംഗീകരിക്കുകയാണ് സുപ്രിംകോടതി ചെയ്തത്.

mobസംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത് അസഹിഷ്ണുതയുടെയും ധ്രുവീകരണത്തിന്റെയും വളര്‍ച്ചയാണെന്നും ഇതു നിയമവാഴ്ചയുടെ രീതിയല്ലെന്നും സുപ്രിംകോടതി അടിവരയിട്ടു പറഞ്ഞു. ഈ അവസ്ഥ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്നത് ആള്‍ക്കൂട്ട ഭ്രാന്ത് ഇളക്കുകയും വ്യാപകമാക്കുകയും ചെയ്യും. അതു തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

തെഹ്‌സീന്‍ പുനാവാല, ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി, ദളിത് പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ മക്വാന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച പൊതു താല്പര്യഹര്‍ജികളും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഉയര്‍ത്തിയ വാദമുഖങ്ങളുമാണ് ഈ അസാധാരണ ഇടപെടലിലേക്ക് ഉന്നത നീതിപീഠത്തെ നയിച്ചത്.

മോദി ഭരണത്തില്‍ സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ട അക്രമങ്ങളും കൊലയും മാത്രമല്ല സുപ്രിംകോടതിവിധി വിവക്ഷിക്കുന്നത്. തീര്‍ച്ചയായും ഗോ സംരക്ഷണ ദൗത്യം ഏറ്റെടുത്ത ആള്‍ക്കൂട്ടങ്ങള്‍ യു.പിയിലെ ബിസാര ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാഖിനേയും ഹാപൂരിലെ പില്‍ഖുവയില്‍ മുഹമ്മദ് ഖാസിമിനേയും മറ്റും മതഭ്രാന്തിളകിയ ജനക്കൂട്ടം ആക്രമിച്ചുകൊന്നതിന്റെ നേതൃത്വം സംഘ് പരിവാറിനാണെങ്കിലും. എന്നാല്‍ കേരളം, ജമ്മു-കശ്മീര്‍ തുടങ്ങി മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും ഇതോടൊപ്പം വ്യാപകമാകുന്നുണ്ട്. അതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പരിഹാര ഇടപെടലാണ് സുപ്രിംകോടതിവിധിയിലൂടെ ഉണ്ടായതെന്ന് കാണാതിരിക്കുന്നത് അപകടമാണ്.

haryana_violence-770x433കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ആകത്തുകയില്‍ സംഘ് പരിവാറിന്റെ സംഭാവന നിര്‍ണ്ണായകമാണെന്ന് ഇന്ദിരാ ജയ്‌സിംഗിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പശു ജാഗ്രതക്കാര്‍ നടത്തിയ 63 ആക്രമണങ്ങളില്‍ 93 ശതമാനവും കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്ലിം- ദളിത് വിഭാഗങ്ങള്‍ക്കു നേരെയാണെന്ന്.

ഈ വസ്തുത നിലനില്‍ക്കുമ്പോള്‍തന്നെ ആള്‍ക്കൂട്ടത്തിന്റെ കൊലപാതക ഭ്രാന്ത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രയോഗവത്ക്കരിച്ചിരിക്കുന്നു. 2012 ഫെബ്രുവരിയില്‍ കണ്ണൂരില്‍ കണ്ണപുരത്തുവെച്ച് 24കാരനായ അരിയില്‍ ഷുക്കൂറിനെ ജനക്കൂട്ടം ഓടിച്ചിട്ട് പിടിച്ചതും ബന്ധിയാക്കിവെത്ത് വെട്ടിക്കൊന്നതും വിസ്മരിക്കാനാവില്ല. ശ്രീനഗറില്‍ എട്ടുവയസുകാരിയെ പിടിച്ചുകൊണ്ടുപോയി ക്ഷേത്രത്തില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേരളത്തില്‍തന്നെ കാട്ടില്‍ കഴിയുന്ന ആദിവാസി യുവാവിനെ അരി മോഷ്ടിച്ചെന്നുപറഞ്ഞ് ജനക്കൂട്ടം തല്ലിക്കൊന്നത്. കോഴിയെ വാങ്ങിവരുന്ന ബംഗാളി യുവാവിനെ കൊല്ലം ജില്ലയില്‍ മലയാളി മാന്യന്മാര്‍ കള്ളനെന്നുപറഞ്ഞ് മര്‍ദ്ദിച്ച് കാലപുരിക്കയച്ചത്. പ്രണയിച്ചു വിവാഹംചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ കിടന്നുറങ്ങുന്നേടത്തുനിന്ന് അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോയി കൊന്നത്. റോഡരികിലെ തട്ടുകടയില്‍ രാത്രി ഭക്ഷണംകഴിക്കുകയായിരുന്ന ഷുഹൈബ് എന്ന യുവാവിനെ കണ്ണൂരില്‍ റോഡരികില്‍ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നത്. പുറത്തുനിന്നുവന്ന അക്രമികള്‍ മഹാരാജാസ് കോളജിനകത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

82f4b68e01c7e74787d5077ce1d289a5അങ്ങനെ കേരളത്തിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് രണ്ടുമുഖങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തോടെ നടപ്പാക്കുന്നത്, ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളുടെ മാതൃകയില്‍ ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നത്. ആള്‍ക്കൂട്ട ഭ്രാന്ത് പ്രയോഗവത്ക്കരിക്കുന്നതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള പങ്കാളിത്തം നിഷേധിക്കാവുന്നതല്ല. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ മറ്റു മുന്നണികളുടെയും പങ്ക് ഗൗരവമാകുന്നത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റുകള്‍ നേരിട്ടും പരോക്ഷമായും ഈ ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലകളെയും ന്യായീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുകൂടിയാണ്.

ആള്‍ക്കൂട്ടക്കൊലകള്‍ സംബന്ധിച്ച സുപ്രിം കോടതി വിധി പുറത്തുവന്ന ദിവസംതന്നെയാണ് ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡിലെ പക്കൂര്‍ ജില്ലിയില്‍ സര്‍വ്വാദരണീയനായ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ യുവമോര്‍ച്ച- എ.ബി.വി.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാക്രമിച്ചത്. സ്വാമി വിവേകാനന്ദനെ അനുസ്മരിപ്പിക്കുംവിധം കാവി തലപ്പാവും കാഷായ വസ്ത്രവുമായി സാമൂഹ്യ സേവനത്തിന്റെ സമസ്തമേഖലകളിലും ഒറ്റയാള്‍ പട്ടാളമായി 78-ാം വയസിലും ഇടപെടുന്ന സ്വാമി അഗ്നിവേശിനെ.

സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ അടിമവേലയ്‌ക്കെതിരായി അദ്ദേഹം നടത്തിപ്പോന്ന പോരാട്ടം. ഇതിന്റെ അംഗീകാരമെന്നോണം യുണൈറ്റഡ് നേഷന്‍സിന്റെ അടിമത്തവുമായി ബന്ധപ്പെട്ട വോളന്ററി ട്രസ്റ്റ് ഫണ്ടിന്റെ ചെയര്‍മാനായത്. മാവോയിസ്റ്റുകളെ സമാധാനത്തിന്റെ പാതയിലേക്കു കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായി ഇടപെട്ടത്. പലസ്തീനിലേക്കും കശ്മീരിലേക്കും സമാധാനമാര്‍ച്ച് നടത്തിയത്- ഇതൊന്നും ബി.ജെ.പി – സംഘ് പരിവാര്‍ ശക്തികള്‍ക്ക് ദഹിക്കാത്ത, സഹിക്കാത്ത കാര്യങ്ങളാണ്. പ്രത്യേകിച്ചും ആത്മീയത വ്യക്തിപരമല്ലെന്നും സാമൂഹികമാണെന്നുമുള്ള നിലപാട്.

content_mg394-cow-lynching-of-muslim-animal-trader-Choti-Sadari-dist-Chittorgarh-Rajasthan-30-5-16എന്നാല്‍ നിയമം കൈയ്യിലെടുക്കാനും നിയമ സംരക്ഷകരാകാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരക്കാര്‍ക്കെതിരെ മേലില്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും ആശയങ്ങളുടെ പേരില്‍ നിയമം കയ്യിലെടുക്കുന്നത് സര്‍ക്കാര്‍ തടയണമെന്നുമാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കുറ്റകൃത്യങ്ങള്‍ക്ക് മതമില്ല. കുറ്റക്കാരേയും ഇരകളേയും മത-ജാതി-വര്‍ഗങ്ങളുടെ കണ്ണിലൂടെ കാണാനാവില്ല എന്ന് സുപ്രിംകോടതിവിധി അടിവരയിടുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കണ്ണിലൂടെയും എന്നും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എതിരാളികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലകളെ രാഷ്ട്രീയപാര്‍ട്ടികള്‍ എതിര്‍ക്കുകയും തങ്ങളുടെ അനുയായികള്‍ നടത്തുന്ന ആക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍.

തന്നെയുമല്ല ക്രമസമാധാനം സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവിടെ ഭരിക്കുന്നവരും കേന്ദ്രഭരണം കയ്യാളുന്നവരും ഒരുപോലെ ഈ ഭ്രാന്ത് സര്‍വ്വവ്യാപിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതിനാലാണ് പുതിയ നിയമനിര്‍മ്മാണത്തെപ്പറ്റിയും ശിക്ഷാവകുപ്പുകളെപറ്റിയും സുപ്രിംകോടതിക്ക് നിര്‍ദ്ദേശിക്കേണ്ടിവന്നത്. പൊലീസ് ഘടനയിലും നടപടികളിലും ഇടപെടേണ്ടിവന്നത്.

അതുകൊണ്ടുതന്നെ കോടതിവിധിയില്‍ സന്തോഷിക്കുമ്പോള്‍തന്നെ സന്ദേഹവും പുറത്തേക്കു ചാടുന്നു. ആള്‍ക്കൂട്ടകൊലയുടെ ഭ്രാന്തന്‍ ദേശമെന്ന് ഇന്ത്യയ്ക്കു പേരുചാര്‍ത്തിക്കൊടുത്ത, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെ വേണമല്ലോ സുപ്രിം കോടതി വിധിയും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ടത്. അതിന് അവര്‍ തയാറാകുമോ?

മുമ്പ് വിശാഖ കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നിയമം പാസാക്കുംവരെ നിയമമായി കണ്ട് നടപ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. വര്‍ഷങ്ങളോളം ആ വിധി ദുര്‍വിധി നേരിട്ടു. ഇപ്പോഴത്തെ വിധിക്കും ആ ഗതി വരുമോ? ജനക്കൂട്ടത്തിന്റെ ഭ്രാന്തിളക്കേണ്ടത് ഓരോ പാര്‍ട്ടിയുടേയും രാഷ്ട്രീയ അജണ്ടയും നിലനില്‍പ്പുമാണെന്ന് ഉറപ്പായ സ്ഥിതിയില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top