Flash News

കെ. പി . രാമനുണ്ണിക്ക് സര്‍ഗ്ഗവേദിയുടെ ആദരം

July 23, 2018 , മനോഹര്‍ തോമസ്

kp-ramanunny-ePathramവിനയാന്വിതനും തികഞ്ഞ സാത്വികനും മതമൈത്രിയുടെ വക്താവുമായ രാമനുണ്ണിക്ക് സര്‍ഗ്ഗവേദിയിലെ അക്ഷര സ്‌നേഹികള്‍ സ്വികരണം നല്‍കി. പൊന്നാനിക്കാരനാണെങ്കിലും, കോഴിക്കോട് താമസമാക്കി തിരൂരിലെ തുഞ്ചന്‍പറമ്പില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലിനോക്കുന്ന രാമനുണ്ണി, കേരളസമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഭാഗഭാക്കായി ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ അതൊരു അപകടം പതിയിരിക്കുന്ന, കനല്‍ വഴിയാണെന്നു എടുത്തു പറയേണ്ട ആവശ്യമില്ല. എഴുത്തുകാരെനെന്നതിലുപരി, വ്യക്തി ഒരു സാമൂഹ്യ വക്താവായി മാറുമ്പോള്‍, സഖറിയക്ക് സംഭവിച്ചപോലെ, പ്രതികരണങ്ങളുണ്ടാകാം. അതേറ്റുവാങ്ങാനുള്ള ആത്മധൈര്യമുള്ളവനു മാത്രമേ പടനിലത്തിലേക്ക് ഇറങ്ങാന്‍ ഒക്കുള്ളു.

കേരളത്തിന്‍റെ ചരിത്രം ചോര കൊണ്ടെഴുതിയ മാറാട് കലാപം. എത്രയോ മനുഷ്യ ജന്മങ്ങള്‍ നിരപരാധികള്‍, കുഞ്ഞുങ്ങള്‍, കുരുതിയിലടങ്ങി. തോരാത്ത നിലവിളികള്‍ ഇന്നും ആ വായുവില്‍ ഉറഞ്ഞു നില്‍ക്കുന്നു. അവിടെ, വാവരു മുസ്ല്യാരുടെ വീട്ടില്‍ നിന്ന്, “വിശുദ്ധ ജന്മങ്ങള്‍” എഴുതിയ സി. അഷ്‌റഫിന്‍റെ കൂടെ കെട്ടു മുറുക്കി, ശബരിമല തീര്‍ത്ഥാടനത്തിന് പോകാനുള്ള ആത്മധൈര്യം രാമനുണ്ണി കാണിച്ചു.

ആസ്സാമില്‍ AFSPA നടത്തിയ നരനായാട്ടിനും, സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തിനും എതിരായി, പതിനാല് വര്‍ഷം ഉപവാസം നടത്തുകയും, അങ്ങിനെ ലോക മനഃസാക്ഷിയെ ഞെട്ടിക്കുകയും ചെയ്ത ഒറ്റയാന്‍ പട്ടാളക്കാരി ഇറോം ഷര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിരുവനന്തപുരത്തു നടത്തിയ ഉപവാസത്തില്‍ നേതൃത്വം നയിക്കാന്‍ രാമനുണ്ണി ഉണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ മലയാളഭാഷാ ബില്‍ കൊണ്ടുവരാന്‍ വൈകിയപ്പോള്‍ (കോടതി ഭാഷ, ഭരണ ഭാഷ, പഠന ഭാഷ) അതിനെ പിന്തുണച്ചു ഒരു സാഹിത്യകാരന്‍ മാത്രമേ നിരാഹാരം കിടന്നുള്ളു. അത് മറ്റാരുമല്ല നമ്മുടെ കഥാനായകനാണ്. പതിനേഴു വയസ്സുള്ള മുസ്ലിം ബാലന്‍ ജുനൈദിനെ ട്രെയിനില്‍ യാത്ര ചെയ്!തപ്പോള്‍, ഹിന്ദു തീവ്രവാദികള്‍ കൊന്നു. അതിന് പ്രായശ്ചിത്തമെന്നോണം, തനിക്ക് കേന്ദ്ര സാഹിത്യ അവാര്‍ഡായി കിട്ടിയ ഒരു ലക്ഷം രൂപയില്‍ നിന്ന്, മുന്ന് രൂപ മാത്രം എടുത്തിട്ട് ബാക്കി തുക ജുനൈദിന്റെ അമ്മക്ക് കൊടുത്തു. കത്വ സംഭവം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. ഒരു മുസ്ലിം ബാലികയെ കശ്മീരിലെ ഒരമ്പലത്തില്‍ ദിവസങ്ങളോളം ബലാത്സംഗം ചെയ്തു കൊന്നു. അതിനെ പ്രതിഷേധിച്ച് കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയനപ്രതിക്ഷണം നടത്താന്‍ രാമനുണ്ണി തീരുമാനിച്ചപ്പോള്‍ ആര്‍.എസ്. എസ്സുകാരും, ഹിന്ദു തീവ്രവാദികളും ഒന്നിച്ചെതിര്‍ത്തു. എന്നിട്ടും ആയിരങ്ങള്‍ സാക്ഷിയായി, പോലീസിന്റെ അകമ്പടിയോടെ അദ്ദേഹം അതു നടത്തി.

ഇതൊക്കെയാകാം കാരണം ഒരെഴുത്തുകാരനെന്നതിലുപരി, ഒരു മനുഷ്യസ്‌നേഹിയുടെ മേലങ്കി കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ രാമനുണ്ണിക്ക് ചാര്‍ത്തിക്കൊടുക്കുന്നത്. കൊലയും, കൊലവിളികളും മുഴങ്ങുന്ന കേരളത്തിന്റെ രുദ്ര ഭൂമികയില്‍, ഇന്നിന്റെ ചടുല സാഹചര്യത്തില്‍ ഒരു പൊന്നാനിക്കാരന് അഭിമാനിക്കാന്‍ വകയുണ്ട് !

സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം, ചരമ വാര്‍ഷികം അങ്ങിനെ നാല് നോവലുകള്‍. തിരഞ്ഞെടുത്ത കഥകള്‍, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ജാതി ചോദിക്കുക, തന്ത പറ തെയ്യം, കുര്‍ക്‌സ് അങ്ങിനെ പതിനൊന്ന് ചെറുകഥാ സമാഹാരങ്ങള്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡും, കേന്ദ്രസാഹിത്യ അവാര്‍ഡും കിട്ടിയിട്ടുണ്ട്. തികഞ്ഞ കൈയടക്കത്തോടെ, മലബാറിലെ പച്ചയായ മനുഷ്യരുടെ കഥയാണ് അദ്ദേഹം പറഞ്ഞു വെച്ചത്. എഴുത്തിന്‍റെ സമീപനത്തിലെ ആത്മാര്‍ത്ഥതയും പാത്ര സൃഷ്ടിയും നമ്മെ അമ്പരപ്പിക്കും. അദ്ദേഹത്തിന്റെ എഴുത്തിലെ ഒരു പ്രബല സമീപനമാണ് മതമൈത്രി.

സര്‍ഗ്ഗവേദിയുടെ അരങ്ങില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു .ആഹാരം ഭക്ഷിക്കുന്നപോലെ, ഭാവന ഭക്ഷിക്കുന്ന, സങ്കല്‍പ്പങ്ങളുടെ ലോകത്തു ജീവിക്കുന്ന മനുഷ്യരാണ് എഴുത്തുകാര്‍. പരക്ലേശ വിവേകത്തോടെ, മനുഷ്യനെ മനുഷ്യനാക്കുന്നത് എഴുത്തിന്റെ ലോകമാണ്. പരിപൂര്‍ണ മനുഷ്യനാകണമെങ്കില്‍, അങ്ങിനെ മരിക്കണമെങ്കില്‍ സാഹിത്യം അനിവാര്യമാണ്.

മലയാള കവിതയുടെ എഴുത്തു രംഗത്തെ മാറ്റങ്ങള്‍ അഭൂതപൂര്‍ണമാണ്. കവിത മരിച്ചു എന്ന് പരിതപിക്കുന്നവര്‍ പോലും താളം, വൃത്തം, അലങ്കാരം ഇവ ഒന്നുമില്ലാതെ കവിതയുടെ ലോകത്തു വിരാചിക്കുന്നു. ഗദ്യ കവിതകളും, ഹൈകു കവിതകളും താളമില്ലായ്മയുടെ താളവുമായി ആ ലോകത്തേക്ക് പടര്‍ന്നു കയറുന്നു. ഈ മാറ്റം ഇവിടെ ജീവിക്കുന്ന പരശതം കവികള്‍ അറിയണം. അറിഞ്ഞാലേ മുഖ്യ ധാരയിലേക്ക് അലിഞ്ഞിറങ്ങാന്‍ കഴിയുകയുള്ളു. ഇന്നത്തെ സാഹചര്യത്തില്‍ ഓരോ എഴുത്തുകാരനും രാഷ്ട്രീയ നിബദ്ധമാര്‍ന്ന, കൃത്യതയുള്ള നിലപാടുകളുണ്ട്. അതുകൊണ്ട് താനാതനനായി എഴുതുന്നു. ഇതു ശരിക്കും ക്ലാസ്സു മുറികളില്‍ നിന്ന് വരുന്നതാണ്. ഇന്നത്തെ കവിത പൊള്ളിക്കുന്ന ഇമേജറികളാല്‍ സാന്ദ്രമാണ്. ഗെയ്‌ഥേ പറഞ്ഞ പോലെ “റോഡില്‍ ചോര ഒഴുകുമ്പോള്‍ എങ്ങിനെ തരള സാന്ദ്രതയെപ്പറ്റി പറയും.” കീഴാളന്‍റെ, കറുത്തവന്‍റെ, പീഡിതരുടെ, ദളിതരുടെ, അവസാനം സ്ത്രീകളുടെ അല്ലെങ്കില്‍ സ്ത്രീപക്ഷ കവിതകളുടെ കാലമാണിന്ന്. അനിത തമ്പിയും, ഗിരിജയും, ഡോണ മയൂരയും, ഗീത രാജനും, സാവിത്രി രാജീവനും ഒക്കെ വിരാചിക്കുന്ന ആ ലോകം. സന്തോഷ് പാലായും, കെ. സി. ജയനും ന്യൂയോര്‍ക്കിന്‍റെ കഥ പറയുന്നു. അവര്‍ ക്ഷോഭിക്കുന്നു. ഞങ്ങള്‍ ശീലിച്ച കവിത ഇവിടെ ഇല്ലെന്ന് പരിതപിക്കുന്നു.

കാലം മാറിയിട്ട്, വാട്‌സ്ആപ്പില്‍ പറയാം, ഫേസ്ബുക്കില്‍ പറയാം, ഇന്റര്‍നെറ്റില്‍ പറയാം പക്ഷെ നേരിട്ട് പറയാനാകില്ല എന്ന അവസ്ഥയായി. ചുരുക്കിപ്പറഞ്ഞാല്‍ “അപരനില്ലാത്ത ആത്മം.” അവന്‍ നാളെ ഹിറ്റ്‌ലറാകും, എന്നാലും തെറ്റു പറയാനാകില്ല.”കണ്ടു കണ്ടിട്ടാണ് കടല് ഇത്ര വലുതായത്” എന്ന് തോന്നിപ്പോകുന്നു. കടമ്മനിട്ട പറഞ്ഞു, “മരണം, മരണം എന്ന് പറഞ്ഞു എന്നെ ബേജാറാക്കരുത്. അതെനിക്ക് തൂറാന്‍ പോകുന്ന പോലെയാണ്.” കഥയെഴുത്തിന്‍റെ ചുവടുമാറ്റം രാമനുണ്ണി വ്യക്തമാക്കുകയായിരുന്നു. ഇന്ന് കേരളത്തിന്‍റെ ജീവിതചര്യകള്‍ ഫ്ലാറ്റിന്‍റെ പിടിയിലാണ്. ജീവിതം അവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു. ഒന്നില്‍ യൂറിന്‍ തെറാപ്പി, മറ്റേതില്‍ സ്വവര്‍ഗരതി, മറ്റൊന്നില്‍ സൈബര്‍ മാന്ത്രികത, വേറൊന്നില്‍ അതീന്ദ്രിയ ധ്യാനം അങ്ങിനെ പോകുന്നു.

സദസ്സില്‍ പലരും സംസാരിച്ചു. കെ.സി. ജയന്‍, ബാബു പാറക്കല്‍, സന്തോഷ് പാല, രാജു തോമസ്, മാമ്മന്‍ മാത്യു, കോരസണ്‍, ഡോ. നന്ദകുമാര്‍, സാംസി, ജോസ് ചെരിപുറം, മോന്‍സി കൊടുമണ്‍ തുടങ്ങിയവര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top