Flash News

വിവാദ നോവല്‍ ‘മീശ’യ്ക്കെതിരെ എന്‍.എസ്.എസ്.; ഹിന്ദു സ്ത്രീകളുടെ ഉദ്ദേശ്യ ശുദ്ധിയെ അവഹേളിച്ചതും വംശീയമായി അധിക്ഷേപിച്ചതും പ്രതിഷേധാര്‍ഹമാണെന്ന് ജി. സുകുമാരന്‍ നായര്‍

July 25, 2018

s-hareesh-830x412എസ്. ഹരീഷിന്റെ വിവാദ നോവല്‍ ‘മീശ’യ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദു സ്ത്രീകള്‍ക്കെതിരെ നോവലില്‍ വന്ന പരാമര്‍ശങ്ങള്‍ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് അദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശ്യശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചത്. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. ഈ പരാമര്‍ശങ്ങളെ ന്യായീകരിച്ചെത്തുന്നവരുടെ ഉദ്ദേശ്യം വെറും രാഷ്ട്രീയലക്ഷ്യം മാത്രമാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ജി.സുകുമാരന്‍നായരുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

Sukumaran-Nair-2അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു നോവലില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗ്ഗാത്മകവൈഭവം പ്രകടിപ്പിക്കുമ്പോള്‍ ചില സാമൂഹികമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ആസ്വാദകസമൂഹമാണ് അവരുടെ സൃഷ്ടികളെ പ്രസക്തി നല്‍കി നിലനിര്‍ത്തുന്നത്. സാഹിത്യകാരന്മാര്‍ എക്കാലവും സമൂഹത്തില്‍ തിരുത്തല്‍ശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. സമൂഹമനസുകളെ നേര്‍ദിശയിലേക്ക് നയിക്കേണ്ടത് അവരുടെ കടമയാണ്. അതല്ലാതെ, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്. ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചിരിക്കുന്നത് എന്നുള്ളതു കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ആസ്വാദകസമൂഹം അനുവദിച്ചു നല്‍കിയിരിക്കുന്നതു സമൂഹത്തെ കരുതലോടും ഉത്തരവാദിത്വബോധത്തോടും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാണ്.

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അവഹേളിക്കുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന കാര്യം ഓര്‍ക്കണം. ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ പല സംഭവങ്ങളും അതിനുദാഹരണങ്ങളാണ്. വായനക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന വികാരാവേശങ്ങളാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന നിലയില്‍ സാഹിത്യകാരന്‍ അനുഭവിക്കുന്നതെന്ന് ഓര്‍മ വേണം.

ഈ നോവലിനു സാംസ്‌കാരിക കേരളത്തിലെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചില എഴുത്തുകാരുടെയും പിന്തുണ മാധ്യമങ്ങളിലൂടെ വായിക്കാനിടയായി. അവയുടെയൊക്കെ പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളും തങ്ങള്‍ പുരോഗമനവാദികളാണെന്ന് ജനമധ്യത്തില്‍ തെളിയിക്കാനുള്ള ശ്രമങ്ങളും മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു. അതേസമയം, ഇത്തരം സാഹചര്യങ്ങളെ യുക്തിസഹവും ബുദ്ധിപരവുമായി നേരിടേണ്ടതിനു പകരം ചിലര്‍ ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇടനല്‍കുകയുള്ളു.

ഈ വിഷയത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വ്യക്തമായ നിലപാടുണ്ട്. നോവലില്‍ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയിലായാല്‍പോലും അത്തരം പ്രസ്താവങ്ങള്‍ ഹിന്ദുമത വിശ്വാസത്തിനെതന്നെ മുറിവേല്‍പിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. നോവലിസ്റ്റ് അങ്ങനെ ചെയ്തുകൂടായിരുന്നു. ഇതു പ്രസിദ്ധീകരിക്കാന്‍ ഇടയായതുതന്നെ സാംസ്‌കാരികകേരളത്തിന് അപമാനകരമാണ്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അവര്‍ ചിന്തിക്കേണ്ടതായിരുന്നു. പ്രസിദ്ധീകരിച്ചെങ്കില്‍തന്നെയും ജനവികാരം മനസിലാക്കി, അങ്ങനെ ഒരു സാഹചര്യം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടതായിരുന്നു. അതിനു പകരം സംവാദങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാന്‍ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.

37695167_1988381007860701_8380154220166250496_n

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top