Flash News

അഭിമന്യു കൊലക്കേസ് സിനിമയാക്കുന്നു; സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും

July 25, 2018

sfi-studentഎറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ ജീവിതകഥ സിനിമയാക്കുന്നു. ആര്‍.എം.സി.സി. പ്രെഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വിനീഷ് ആരാധ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്നാണു പേരിട്ടിരിക്കുന്നത്. അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും സിനിമയിലുണ്ടാകുമെന്നു സംവിധായകന്‍ വിനീഷ് ആരാധ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്തമാസം ചിത്രീകരണമാരംഭിക്കുന്ന സിനിമ നിര്‍മിക്കുന്നത് വാട്‌സ്ആപ്പ് കൂട്ടായ്മയാണ്്. കേരളത്തിലാദ്യമായി ഒരു നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സിനിമയില്‍ ഒട്ടേറെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടും.

കോഴിക്കോട്, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലാണു ചിത്രീകരണം. അഭിമന്യുവിനെ അവതരിപ്പിക്കുന്നത് പുതുമുഖമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങള്‍ക്കായുള്ള ഓഡിഷന്‍ ഈ മാസം 28ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.

സെപ്റ്റംബറില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. സിനിമാപ്രവര്‍ത്തകരായ അജയ് ഗോപാല്‍, സുനില്‍ ദത്ത്, ഇസ്മയില്‍ കാവില്‍, അനസ് കടലുണ്ടി, സരീഷ് ലച്ചു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കേസില്‍ പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ആയുധങ്ങളുമായി എത്തിയവരെക്കുറിച്ചു വിവരങ്ങള്‍ കിട്ടിയെങ്കിലും ഇവരിലാരാണു കുത്തിയതെന്നു വ്യക്തമായിട്ടില്ല. കസ്റ്റഡിയിലുള്ള മുഹമ്മദ്, ആദില്‍ എന്നിരെ ചോദ്യംചെയ്തതില്‍നിന്നാണ് കുത്തിയവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

അഭിമന്യുവിനെ കുത്തിയത് ആരെന്നതു സംബന്ധിച്ച് പോലീസിന് ആശയക്കുഴപ്പം നിലനിന്നിരുന്നു. രണ്ടു പേരെയായിരുന്നു സംശയിച്ചിരുന്നത്. മുഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ലഭിച്ചത്. പോലീസ് സംശയിച്ച രണ്ടുപേരും ആയുധങ്ങളുമായി ക്യാമ്പസിലെത്തിയിരുന്നു. പ്രത്യേകതരം ആയുധങ്ങളാണ് ഇവരുടെ െകെയിലുണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ ആരാണ് അര്‍ജുനെ കുത്തിയെന്നതും വ്യക്തമായിട്ടില്ല.

ആദിലിനെയും മുഹമ്മദിനെയും വെവ്വേറെയാണു ചോദ്യം ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിട്ടുപറയാന്‍ ഇരുവരും തയാറായിട്ടില്ല. ചോദ്യം ചെയ്യലില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇവര്‍ക്കു കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിനുശേഷം സംഘാംഗങ്ങളെ പലസ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. ഇത് ആരൊക്കെയാണെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top