Flash News

നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണുന്ന ആ അത്ഭുതക്കാഴ്ച ഇന്ന് (ജൂലൈ 27) കാണാം; ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണവും ‘ബ്ലഡ് മൂണ്‍’ പ്രതിഭാസവും

July 26, 2018

moonനൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണുന്ന ആ അത്ഭുതക്കാഴ്ച ഇന്ന് (ജൂലൈ 27) കാണാം. ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണവും ‘ബ്ലഡ് മൂണ്‍’ പ്രതിഭാസവുമാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാനാകുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് അന്ന് നടക്കുക. 27, 28 തീയതികളില്‍ രാത്രി ഗ്രഹണം കാണാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 27ന് രാത്രി ആരംഭിച്ച് 28നു പുലര്‍ച്ചെ 1.52നായിരിക്കും ഗ്രഹണം അതിന്റെ ഏറ്റവും പൂര്‍ണതയില്‍ കാണാന്‍ സാധിക്കുക. ഈ സമ്പൂര്‍ണ ഗ്രഹണമാകട്ടെ രണ്ടു മണിക്കൂറോളം നീളുകയും ചെയ്യും. കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ 43 മിനിറ്റ്. കണക്കു കൂട്ടിയതില്‍ വച്ച് ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനേക്കാളും നാലു മിനിറ്റ് ദൈര്‍ഘ്യക്കുറവു മാത്രമേ ഇതിനുണ്ടാകൂവെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയില്‍ ഡല്‍ഹിയില്‍ 27നു രാത്രി 10.44നു ചന്ദ്രഗ്രഹണം ആരംഭിക്കും. 11.54ന് ഭാഗിക ഗ്രഹണം ദൃശ്യമാകും. അര്‍ധരാത്രി ഒരു മണിയോടെ സൂര്യപ്രകാശത്തെ പൂര്‍ണമായും ഭൂമി മറച്ച് സമ്പൂര്‍ണ ചന്ദ്രഗ്രഹണക്കാഴ്ചയും നമുക്കു മുന്നിലെത്തും. പുലര്‍ച്ചെ 1.51നായിരിക്കും ഗ്രഹണത്തെ ഏറ്റവും പൂര്‍ണതയോടെ കാണാന്‍ സാധിക്കുക. 2.43ന് ഇത് അവസാനിക്കുകയും ചെയ്യും. ഭാഗിക ഗ്രഹണം പിന്നാലെ 28നു പുലര്‍ച്ചെ 3.49നു വീണ്ടും സംഭവിക്കും, 4.58ന് അവസാനിക്കും. ആകെ 6 മണിക്കൂര്‍ 14 മിനിറ്റ് ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. ഓസ്‌ട്രേലിയ, ഏഷ്യ, റഷ്യയുടെ വടക്കു ഭാഗങ്ങള്‍ ഒഴികെ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്കയുടെ കിഴക്ക്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലെല്ലാം ഗ്രഹണം ദൃശ്യമാകും.

സൂര്യഗ്രഹണ സമയത്ത് എക്‌സ്‌റേ ഷീറ്റും പ്രത്യേക കണ്ണടയുമൊക്കെ ഉപയോഗിച്ചു കാണുന്നതു പോലെയല്ല. ഈ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാം. യൂറോപ്പിലായിരിക്കും പ്രതിഭാസം ഏറ്റവും ഭംഗിയായി കാണാനാവുക. രാജ്യത്ത് എല്ലായിടത്തും, കേരളത്തില്‍ ഉള്‍പ്പെടെ, ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഗ്രഹണത്തോടൊപ്പം ചന്ദ്രനിലേക്ക് ചുവപ്പു നിറം കലരുന്ന ‘ബ്ലഡ് മൂണ്‍’ പ്രതിഭാസവും കാണാം. പൂര്‍ണ ചന്ദ്രഗ്രഹണ ദിവസം ചന്ദ്രന്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതിനെയാണ് ബ്ലഡ് മൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ബ്ലഡ് മൂൺ സൂര്യഗ്രഹണം പോലെ അപകടം പിടിച്ചതല്ലെന്ന് നാസ അറിയിച്ചു. ഈ വര്‍ഷം 11 ചന്ദ്ര പ്രതിഭാസങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനുവരി 31-ന് കണ്ടത് വൂള്‍ഫ് മൂണാണ്. മാര്‍ച്ച് 31-ന് വോം മൂണാണ് കണ്ടത്. പിങ്ക് മൂണ്‍, ഫ്‌ളവര്‍ മൂണ്‍, സ്‌ട്രോബറി മൂണ്‍, ബക്ക് മൂണ്‍, സ്റ്റുര്‍ഗണ്‍ മൂണ്‍, ഫുള്‍ കോണ്‍ മൂണ്‍, ഹണ്ടേഴ്‌സ് മൂണ്‍, ബീവേഴ്‌സ് മൂണ്‍, കോള്‍ഡ് മൂണ്‍ എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങള്‍.

സൂര്യനും ചന്ദ്രനും ഇടയ്ക്ക് ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ജൂലൈ 27ന് ഈ മൂന്ന് കൂട്ടരും നേര്‍രേഖയില്‍ വരുന്നതോടെ ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ ചന്ദ്രനില്‍ വീഴാന്‍ സമ്മതിക്കാതെ പൂര്‍ണമായി മറയ്ക്കും. ഇതോടെ ഗ്രഹണമായി. കാര്യം ചന്ദ്രഗ്രഹണമൊക്കെയാണെങ്കിലും ആ സമയത്തും സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top