Flash News

വിശുദ്ധ കുമ്പസാരം എന്ന കൂദാശ

July 26, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

confessionക്രിസ്തീയ സഭയുടെ അടിസ്ഥാന പ്രമാണങ്ങളായ ഏഴു കൂദാശകളില്‍ ഒന്നായ “വിശുദ്ധ കുമ്പസാരം” നിര്‍ത്തലാക്കണമെന്നുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്‍കിയതായി വാര്‍ത്ത വായിക്കുവാനിടയായി. ഇത് ശരിയാണെങ്കില്‍ നൂറ്റാണ്ടുകളായി ക്രൈസ്തവ സഭയില്‍ നിലനില്‍ക്കുന്ന അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശയായ വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശുദ്ധ കുമ്പസാരത്തില്‍ വീഴ്ച വരുത്തിയ വൈദികനെതിരെ സഭ കര്‍ശനമായ ശിക്ഷണ നടപടി സ്വീകരിക്കും എന്നതില്‍ സംശയമില്ല. ഇവിടെ ഒരുകാര്യം നാം മറക്കരുത്.

രാഷ്ട്രീയത്തിലും, പ്രസ്ഥാനങ്ങളിലും, സ്ഥാപനങ്ങളിലും, സഭകളിലും, കുടുംബങ്ങളിലും തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും കുറ്റം ചെയ്യുന്നവര്‍ എക്കാലവും നിരവധിയുണ്ടായിട്ടുണ്ട്. ഒരു കുടുംബത്തില്‍ അഞ്ചു മക്കള്‍ ഉണ്ടെങ്കില്‍ എല്ലാവരും ഒരേ സ്വഭാവക്കാരായിരിക്കണമെന്നില്ല. ചില പുഴുക്കുത്തുകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവരെ നിലവിലുള്ള നിയമമനുസരിച്ചു ശിക്ഷിക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. തെറ്റ് ചെയ്ത വ്യക്തികളെ ശിക്ഷിക്കേണ്ടതിനു പകരം സഭയിലെ വിശുദ്ധ കൂദാശകള്‍ നിര്‍ത്തലാക്ക്ക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ രാഷ്ട്രീയ ബോധം ഉള്‍ക്കൊള്ളാനാകുന്നില്ല. വിവാഹവും ഒരു കൂദാശയാണ്. എന്നാല്‍ ഈ കൂദാശ സ്വീകരിച്ചിട്ടുള്ളവരില്‍ ചിലര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, ചിലര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് വിവാഹം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുവാന്‍ സാധിക്കുമോ? ഭാരതത്തിലെ ഒരു പൗരന് ഏതു മതവിശ്വാസപ്രകാരവും ജീവിക്കുവാനുള്ള അവകാശമുണ്ട് എന്നാണ് എന്റെ പരിമിതമായ അറിവ്. ആ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ചയ്യുന്നത്.

മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും പൗരന്റെ മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും പരിക്കേല്‍ക്കുക എന്നുതന്നെയാണ് ഇതിന്റെയര്‍ത്ഥം. മതനിരപേക്ഷതയെന്നതു ജനാധിപത്യ ഇന്‍ഡ്യയുടെ ആത്മാവാണ്. ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രമായ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം മുതല്‍ അവസാനഖണ്ഡിക വരെ അത് ആവര്‍ത്തിച്ചു ഉറപ്പിച്ചു വ്യക്തമാക്കുന്നുണ്ട്. ഭാരത ചരിത്രത്തില്‍ പലപ്പോഴും മതനിരപേക്ഷതയുടെ പാറിപറക്കുന്ന ത്രിവര്‍ണ പതാകക്കു കീഴില്‍ തന്നെ അതിന്റെ ആത്മാവിനെ ഹനിക്കുന്ന നടപടികളുണ്ടാകുവാന്‍ പാടില്ല ഇന്ന് ഇത്തരുണത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. കൊഴിഞ്ഞുവീണ ഇന്നലകളിലെ ചരിത്രനാഴികക്കല്ലില്‍ ലെജിസ്ലേറ്റീവിന്റെയും എക്‌സിക്യൂട്ടീവിന്റെയും പക്ഷത്തുനിന്നുണ്ടായിട്ടുള്ള ഇത്തരം നടപടികളെ ഭരണഘടന ഉപയോഗിച്ചുകൊണ്ടുതന്നെ പ്രതിരോധിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്‍ഡ്യയിലെ മതനിരപേക്ഷ പൗരബോധത്തിനുള്ളത്. ചിലപ്പോഴെങ്കിലും താല്‍ക്കാലികമായി ഉണ്ടായിട്ടുള്ള വൈകാരിക വിക്ഷേപങ്ങളുടെ ആന്ദോളനങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് കേവല ഭൂരിപക്ഷത്തിന്റെ സമ്മതിദാനം എന്ന അധികാരം ഉപയോഗിച്ച് മതനിരപേക്ഷതയുടെ പാളയത്തിനെതിരായപ്പോഴും നാടിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കഴിയാത്ത രൂപത്തില്‍ ഭരണഘടനയുപയോഗിച്ച് പോരാടാന്‍ മതനിരപേക്ഷ പൗരബോധത്തിന് കഴിഞ്ഞിട്ടുണ്ട്. ആ പൗരബോധമാണ് ഇവിടെ ഉണരേണ്ടത്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഏതൊരു പൗരനും അയാളുടെ മതവിശ്വാസത്തെ ഒരു നിമിഷനേരത്തേക്കെങ്കിലും മാറ്റിവെച്ചുകൊണ്ടേ രാജ്യത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനാവുകയുള്ളൂ എന്നുവന്നാല്‍ അതോടുകൂടിത്തന്നെ നാം കെട്ടിപ്പൊക്കിയുണ്ടാക്കിയ മതനിരപേക്ഷസൗധം തകരുമെന്നതാണ് വസ്തുത. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന ആദര്‍ശങ്ങളും അവ പ്രകാരമുള്ള ജീവിതവും പൂര്‍ണമായി ഉള്‍ക്കൊണ്ടുതന്നെ രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവമാകുവാന്‍ പൗരന് സാധിക്കുന്ന സ്ഥിതിവിശേഷമാണ് രാഷ്ട്രമീമാംസയിലെ മതനിരപേക്ഷത. ഭാരതീയ ജനാധിപത്യത്തിന്റെ ആത്മാവാണിത്. ആ ആത്മാവിനെ ഞെക്കിക്കൊന്നു കഴിഞ്ഞാല്‍ ജനാധിപത്യം മരിക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള നീക്കത്തില്‍നിന്ന് ഭരണഅധികാരികള്‍ പിന്മാറണമെന്നാണ് ആവശ്യം. ഇന്നുണ്ടായിട്ടുള്ളയതിനേക്കാള്‍ ഭയാനകമായ നിരവധി സംഭവങ്ങള്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അവിടെയൊന്നും ഇത്ര പെട്ടെന്ന് ഒരു വനിതാ കമ്മീഷനും ഇടപെട്ടതായി മുന്‍പെങ്ങും കണ്ടിട്ടില്ല. ഇതിന്റെയെല്ലാം പിന്നിലെ രാഷ്ട്രീയം വരുന്ന ലോകസഭാ ഇലക്ഷനാണ് എന്ന് തിരിച്ചറിയുവാന്‍ വലിയ ആലോചന ഒന്നും വേണ്ടിവരില്ല.

‘നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.എന്നാല്‍ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.’ (1യോഹ 1:9) ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള തന്റെ അനന്തമായ സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നതിനുവേണ്ടി സ്ഥാപിച്ച ഏറ്റവും മനോഹരമായ കുദാശകളിലൊന്നാണ് വിശുദ്ധ കുമ്പസാരം. മനുഷ്യന്റെ പാപമോചനത്തിനും, സഭയും ദൈവവുമായി അനുരഞ്ജനത്തിലേര്‍പ്പെടുന്നതിനുമുള്ള ഏകമാര്‍ഗ്ഗം. കുമ്പസാരത്തിലൂടെ നാം പാപങ്ങള്‍ കഴുകിക്കളയുക മാത്രമല്ല, യേശുക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യുന്നു. യേശുക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സൗഖ്യം നല്‍കിയിരുന്നത് പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടാണ്. “നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു. എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവന്‍ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക” എന്നു പറഞ്ഞു.” (മത്തായി 9:5 , 6) ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് വ്യക്തമാക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ അത്ഭുതങ്ങള്‍. തന്റെ ഉത്ഥാനത്തിനു ശേഷം യേശുക്രിസ്തു ഈ അധികാരം ശിഷ്യന്‍മാര്‍ക്കു കൈമാറുന്നതായി കാണാം. ‘യേശു വീണ്ടും അവരോടു പറഞ്ഞു, നിങ്ങള്‍ക്കു സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവന്‍ അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും’ (യോഹ 20:2123) പിന്നീട് ശിഷ്യന്‍മാരില്‍ നിന്നും ഈ അധികാരം അവരുടെ പിന്‍ഗാമികളായ വൈദീകസ്ഥാനികള്‍ക്കു നല്‍കപ്പെട്ടു. അധികാരമുള്ള വൈദീകനോടു കുമ്പസാരിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ പ്രതിനിധി എന്ന നിലയിലാണ് പാപങ്ങള്‍ മോചിക്കുന്നത്. ഇവിടെ ചെയ്തുപോയ പാപങ്ങളോര്‍ത്ത് ലജ്ജിച്ച് കുനിഞ്ഞ ശിരസോടെയാണ് കുമ്പസാരത്തെ സമീപിക്കുന്നത്. പക്ഷേ, പാപത്തോടുള്ള ലജ്ജ ഒരുവനെ ദൈവത്തിന് പ്രിയമുള്ളവരാകുന്നു. എല്ലാം ക്ഷമിക്കുവാന്‍ ദൈവം സദാ സന്നദ്ധനാണ്. അതിന് യോഗ്യരാകുവാന്‍ പാപത്തില്‍ ലജ്ജിതരായാല്‍ മാത്രം മതി എന്നതാണ് ക്രിസ്തീയ വിശ്വാസം. അതുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞ്, അവയ്ക്ക് പരിഹാരം ചെയ്തശേഷം വിശുദ്ധമായ ഒരു ഹൃദയത്തോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്.

ഇതിനെ കുറിച്ച് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. “കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ അവന്‍ അപ്പം എടുത്തു സ്‌തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓര്‍മ്മെക്കായി ഇതു ചെയ്‌വിന്‍ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓര്‍മ്മെക്കായി ചെയ്!വിന്‍ എന്നു പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.

മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‌വാന്‍. തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. (1കോരി 11:25 30 ) തന്‍മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും, പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും, രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. പാപം വഴി ദൈവവുമായുള്ള ഐക്യം നഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക്, വീണ്ടും അതിലേക്കു തിരിച്ചുവരുവാന്‍ ദൈവത്തില്‍ നിന്നുള്ള കൃപാവരം ഒന്നുകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഈ പ്രമാണം മാറ്റണമെന്നാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പാപിയെ തെറ്റായ മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നവര്‍, തന്റെ ആത്മാവിനെ മരണത്തില്‍ നിന്നും രക്ഷിക്കുകയും, തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചു മാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍’ (യാക്കോബ് 5:20). പാപത്തില്‍ മുഴുകിയിരിക്കുന്നവരോട് ഒരു വാക്കുകൊണ്ടെങ്കിലും തെറ്റ് തെറ്റാണെന്ന് പറയുവാനും, അവരെ ആ സാഹചര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥകളെപ്പറ്റി അറിയുവാനും, മനുഷ്യനാല്‍ കഴിയുന്നതരത്തില്‍ അവരെ ആശ്വസിപ്പിക്കാനും കുമ്പസാര പിതാവിന് സാധിച്ചാല്‍ അതവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് ആശ്വാസം ലഭിക്കുന്നതിനും പാപത്തെ വിട്ടകന്ന് യേശുക്രിസ്തുവിനോട് കൂടെയായിരിക്കുവാനുമുള്ള ഒരു പ്രചോദനവുമായിത്തീരാം. ഒപ്പം ദൈവം നമുക്കു നല്‍കുന്ന വലിയ അനുഗ്രഹവും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top