Flash News

വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക; ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

July 26, 2018 , റബീ ഹുസൈന്‍ തങ്ങള്‍

Photo 1 Fraternity Calicut University March

വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ച്

തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സര്‍വകലാശാലാ പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ സി.ഐ ജനാര്‍ദ്ദനന്റെയും എസ്.ഐ ഹനീഫയുടെയും നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സര്‍വീസ് ആക്ട് നടപ്പാക്കുന്നതു പോലും അട്ടിമറിച്ച് തോന്നുംപോലെ പ്രവര്‍ത്തിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട് സര്‍വകലാശാല അധികൃതര്‍ പന്താടുകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം പറഞ്ഞു. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടക്കുന്നില്ല. പ്രൈവറ്റ് വിദ്യാര്‍ത്ഥികളോട് തികഞ്ഞ വിവേചനം പുലര്‍ത്തുന്നു. മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി 50 വര്‍ഷം മുമ്പ് സ്ഥാപിച്ച സര്‍വകലാശ ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ അഷ്റഫ് കെ.കെ, എസ്. മുജീബുറഹ്മാന്‍, റഹീം ചേന്ദമംഗല്ലൂര്‍, നഈം ഗഫൂര്‍, ബഷീര്‍ തൃപ്പനച്ചി, ഷബീല്‍ എന്നിവര്‍ സംസാരിച്ചു.

പ്രോ വി.സി നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിച്ചു. ഫ്രറ്റേണിറ്റി മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചര്‍ച്ചയിൽ പ്രൊ വി.സി അംഗീകരിച്ചതായി നേതാക്കള്‍ അറിയിച്ചു. ജംഷീല്‍ അബൂബക്കര്‍, അഷ്റഫ് കെ.കെ, റഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഫിലിയേറ്റഡ് കോളേജുകള്‍ക്ക് സ്റ്റാറ്റ്യൂട്ടി പരിധി വരെ പ്രവേശനം നല്‍കാനുള്ള അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യം അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ മുന്നില്‍ വെക്കുമെന്ന് പ്രൊ വി.സി ഉറപ്പു നല്‍കി. യു.ജി.സി വിദൂര വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണെങ്കില്‍ സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കും, ഇടവേളകളില്ലാതെ നടത്തുന്ന എം.എസ്.എസി സുവോളജി, കെമിസ്ട്രി പരീക്ഷകള്‍ പുനഃക്രമീകരിക്കും, എം.എസ്.സി ബയോടെക്നോളജി, ഫുഡ് ടെക്നോളജി, എം.സി.ജെ കോഴ്സുകളുടെ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 16, 17 തീയതികളില്‍ നടത്തും, ഇതിന്റെ നോട്ടിഫിക്കേഷന്‍ ജൂലൈ 30ന് പുറപ്പെടുവിക്കും തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ തീരുമാനമായി.

പരിപാടിക്ക് ഫയാസ് മലപ്പുറം, സുഹൈന, ആസിഫ് മലപ്പുറം, ലബീബ് കായക്കൊടി, അഷ്ഫാഖ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Photo 2 March Inauguration

ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top