Flash News

ടെസ്റ്റ് പരമ്പരയില്‍ ചരിത്രം കുറിയ്ക്കാന്‍ ഇന്ത്യ; ആദ്യ മത്സരം ഇന്ന്

August 1, 2018

gettyimages-1008209214-1533045735ഇംഗ്ലീഷ് ചലഞ്ചിന് ഇറങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ട് മണ്ണില്‍ ചരിത്രം എതിരാണെങ്കിലും കണക്കുകള്‍ തീര്‍ക്കാന്‍ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ നിര ഇറങ്ങുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കം കുറിക്കുയാണ് ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ബര്‍മിംഗ് ഹാമിലെ എഡ്ബാസ്റ്റണില്‍ മത്സരം ആരംഭിക്കും.

അഞ്ചു മത്സരങ്ങളടങ്ങിയതാണ് ടെസ്റ്റ് പരമ്പര.ജയത്തോടെ തന്നെ തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കോഹ്‌ലിയുടെ ഇന്ത്യയും ജോ റൂട്ടിന്റെ ഇംഗ്ലണ്ടും പോരാട്ടത്തിനിറങ്ങുന്നത്. മത്സരത്തില്‍ ഇറങ്ങുന്നതോടെ ഇംഗ്ലണ്ട് പുതിയൊരു നാഴികക്കല്ല് പിന്നിടും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ട്വന്റി20, ഏകദിന പരമ്പരകളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിച്ചത്.

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി കോഹ്‌ലിപ്പട മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു. ആദ്യ കളി ഇന്ത്യ ജയിച്ചെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ജയിച്ച് 2-1ന് ഇംഗ്ലണ്ട് പരമ്പര വരുതിയിലാക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. എസെക്‌സുമായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള നിരവധി കാര്യങ്ങളാണ് ഈ കളിയിലുണ്ടായിരുന്നത്. ശിഖര്‍ ധവാന്റെ മോശം ഫോമും സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. രണ്ടിന്നിംഗ്‌സുകളിലും ധവാന്‍ പൂജ്യത്തിന് പുറത്തായിരുന്നു. കൂടാതെ ചേതേശ്വര്‍ പുജാരയും ബാറ്റിംഗില്‍ നിരാശപ്പെടുത്തി.2014ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്.

അന്നു ടെസ്റ്റ് പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിന്റെ വേദിയായ എഡ്ബാസ്റ്റണ്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശകള്‍ മാത്രം സമ്മാനിച്ച ഗ്രൗണ്ടാണ്. ഇവിടെ നടന്ന ഒരു ടെസ്റ്റില്‍ പോലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ആറ് ടെസ്റ്റുകളില്‍ അഞ്ചിലും തോറ്റ ഇന്ത്യ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു.പരിക്കിനെ തുടര്‍ന്ന് മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ലെന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

ഇരുവരുടെയും അഭാവത്തില്‍ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമായിരിക്കും പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക. ആര്‍ അശ്വിനായിരിക്കും സ്പിന്‍ ബൗളിംഗിന് നേതൃത്വം നല്‍കുക. ഏകദിന, ട്വന്റി20 പരമ്ബരകളില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയ കുല്‍ദീപ് യാദവ് അശ്വിന്റെ സ്പിന്‍ പങ്കാളിയായി ടീമിലെത്തിയേക്കും.ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നാട്ടിലും വിദേശത്തുമായി 117 ടെസ്റ്റുകളിലാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്.

ഇതില്‍ 43 ടെസ്റ്റുകളില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. 25 ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 49 ടെസ്റ്റുകള്‍ സമനിലയില്‍ പിരിയുകയായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യ ഇതുവരെ 57 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 30ലും ഇംഗ്ലണ്ട് ജയം നേടിയിരുന്നു. ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 21 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു.

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് (ഹര്‍ദിക് പാണ്ഡ്യ), ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി

ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ജോണി ബെയര്‍‌സ്റ്റോ, മോയിന്‍ അലി, ബെന്‍ സ്റ്റോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top