Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ മൂന്ന് അഭിഭാഷകര്‍ നിലപാടു മാറ്റി; നിജസ്ഥിതി അറിയാതെയാണ് ഹര്‍ജി നല്‍കിയതെന്ന്

August 4, 2018

sabarimalaശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് തങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ഗൂലമാണെന്ന വെളിപ്പെടുത്തലുമായി ഹര്‍ജിക്കാരായ അഭിഭാഷകര്‍. ഹര്‍ജിക്കാരായ അഡ്വ. പ്രേരണ കുമാരി, അഡ്വ. സുധാപാല്‍ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. 50 വയസ് വരെ കാത്തിരിക്കാന്‍ തയ്യാറായിട്ടുള്ള സ്ത്രീകളുടെ വിശ്വാസത്തെയും വികാരത്തെയും മാനിക്കുന്നു. ശബരിമലയില്‍ നിലവിലുള്ള ആചാരം തുടരണമെന്നാണ് ആഗ്രഹമെന്നും ഇരുവരും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പ്രേരണ കുമാരിയും സുധാപലും ഉള്‍പ്പെടെ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന അഞ്ച് വനിതകളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.ശബരിമലയിലെ പ്രത്യേക ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് കാര്യമായ അറിവില്ലാതെയാണ് ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടയുന്നെന്നാണ് ആദ്യം മനസിലാക്കിയിരുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ലിംഗ വിവേചനം നടക്കുകയാണെന്നാണ് കരുതിയത്. ഇതോടെ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

ഹര്‍ജി പിന്‍വലിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇതിനിടെ കേസില്‍ കോടതി വാദം തുടങ്ങിയിരുന്നു. വിധി വരാനിരിക്കെ സത്യം വെളിപ്പെടുത്താതിരിക്കുന്നത് ആത്മവഞ്ചനയാണെന്ന് ബോധ്യമുള്ളതിനാലാണ് ഇപ്പോള്‍ എല്ലാം തുറന്നു പറയുന്നതെന്നും ഇവര്‍ അറിയിച്ചു. സംഘടനയില്‍ ഇപ്പോള്‍ ഞങ്ങള്‍ അംഗമല്ല. ശബരിമല ഇപ്പോഴുള്ളത് പോലെ തന്നെ നിലനില്‍ക്കാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നെന്നും അവര്‍ വ്യക്തമാക്കി.

ശബരിമലയില്‍ ആചാരം നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് യുവതീ പ്രവേശനത്തിനായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ വനിതാ അഭിഭാഷകരിലൊരാളായ ലക്ഷ്മി ശാസ്ത്രിയും വ്യക്തമാക്കി. ആചാരങ്ങള്‍ ശരിയായി മനസിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇവരടക്കം യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന അഞ്ച് അഭിഭാഷകരാണ് 2006ല്‍ ആദ്യമായി ഹര്‍ജി നല്‍കിയത്. ഇതില്‍ പ്രേരണാ കുമാരി, സുധാ പാല്‍ എന്നീ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ഹര്‍ജിക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആചാരത്തെ അനുകൂലിക്കുകയാണ്. എന്നാല്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നത് പ്രായോഗികമല്ല. മറ്റ് നിയമനടപടികള്‍ ഇവര്‍ പരിശോധിച്ചുവരികയാണ്.

സ്ത്രീകള്‍ക്ക് ശബരിമല ചവിട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡ് തടയുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കിയിരുന്നത്. ശ്രീകോവിലിനകത്തെ അയ്യപ്പ വിഗ്രഹത്തില്‍ താന്‍ സ്പര്‍ശിച്ചിരുന്നുവെന്ന് കന്നഡ നടിയായിരുന്ന ജയമാല 2006ല്‍ വെളിപ്പെടുത്തിയതാണ് ഹര്‍ജി നല്‍കുന്നതിലേക്ക് നയിച്ചത്. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലുള്ള ജയമാലക്ക് ആചാരങ്ങള്‍ അറിയാതെ വരില്ലല്ലോയെന്ന് ഞങ്ങള്‍ കരുതി. ജയമാല സന്ദര്‍ശിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം നടത്തിയതായും മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡാണ് പ്രശ്‌നമെന്ന ഞങ്ങളുടെ ധാരണയെ ഇത് ബലപ്പെടുത്തി. ലിംഗവിവേചനമുണ്ട് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ഹര്‍ജി.

2016ലാണ് ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന സംഘടന കക്ഷി ചേര്‍ന്നത്. എന്നാല്‍ ഇവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. അവരുടെ പ്രചാരങ്ങള്‍ക്ക് ഞങ്ങള്‍ എതിരാണ്. സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയത്. വിശ്വാസികളായ സ്ത്രീകള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകര്‍ പറഞ്ഞു.

നേരത്തെ സുപ്രീംകോടതിയിലെ വാദത്തിനിടെ തന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി രംഗത്ത് എത്തിയിരുന്നു. . നിലവിലെ ആചാരങ്ങള്‍ അതേപടി തുടരണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും സുപ്രീംകോടതിയെ അറിയിച്ചു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി കെ. രാമമൂര്‍ത്തി നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ മതപരമായ ആചാരങ്ങളില്‍ ഇടപെടരുത്. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണം. ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേല്‍ സവിശേഷമാണ് ശബരിമലയിലെ ആചാരം. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂര്‍ത്തി കോടതിയെ അറിയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top