Flash News

അസമില്‍ വീണ്ടും ഭൂതത്തെ തുറന്നുവിടുന്നു (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

August 4, 2018

asam banner1അസമില്‍ 40 ലക്ഷത്തിലേറെ പൗരന്മാരെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പട്ടികയില്‍നിന്ന് പുറത്താക്കി. ഈ നടപടി കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമാണ്. ഒരുവശത്ത് പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടികയല്ലെന്ന് അധികൃതരും സുപ്രിം കോടതിവരെയും സമാശ്വസിപ്പിക്കുക. ഇവരെല്ലാം ബംഗ്ലദേശുകാരായ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ പുറന്തള്ളാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അസമിലെയും കേന്ദ്രത്തിലെയും ഭരണകക്ഷിയുടെ ഉന്നത നേതാക്കള്‍ ആധികാരികമായും അഭിമാനപൂര്‍വ്വവും പ്രഖ്യാപിക്കുക – ചെകുത്താനും കടലിനുമിടയില്‍ ഭയവിഹ്വലരായി ആശങ്കയുടെ നടുക്കടലില്‍ വീണത് അസമിലെ ജനസംഖ്യയുടെ വലിയൊരു ഭാഗമാണ്.

Photo1

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

1951ലെ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കാത്തതിനും ഇന്ത്യാഗവണ്മെന്റ് പിന്തുണച്ച, ഇന്ത്യന്‍ സൈന്യം ഇടപെട്ട ബംഗ്ലദേശ് വിമോചനം സൃഷ്ടിച്ച പൂര്‍വ്വ പാക്കിസ്താനില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനും ദേശീയ പൗരത്വ രജിസ്റ്ററിലുണ്ടായിരുന്നവര്‍ ഉത്തരവാദികളല്ല. അസമിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികളുമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉണ്ടാക്കിയ 1985ലെ കരാര്‍ വ്യവസ്ഥകള്‍ക്കും പൗരത്വ രജിസ്റ്ററും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയും പുതുക്കാതിരുന്നതിനും അസമിലെ ജനങ്ങള്‍ ഉത്തരവാദികളല്ല. വിഷയം സുപ്രിംകോടതിയിലെത്തി കോടതി നിര്‍ദ്ദേശാനുസരണം എന്‍.ആര്‍.സി കുറ്റമറ്റതാക്കേണ്ട ബാധ്യതയും അതില്‍ പേരുണ്ടായിരുന്നവരുടേതല്ല.

പ്രാദേശികവും ഭാഷാപരവും മതപരവുമായ വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ടും അധികാരവും രാഷ്ട്രീയ നേട്ടങ്ങളും കൊയ്യാന്‍ വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും അസമില്‍ മാറിമാറി ശ്രമിച്ചതിന്റെ ദുരന്തമാണ് ആ നാട് നേരിടുന്നത്. സ്വന്തം നാട്ടില്‍ ഒരു സുപ്രഭാതത്തില്‍ അഭയാര്‍ത്ഥികളായി, മണ്ണിലും വിണ്ണിലും അവകാശമില്ലാത്തവരായി അവര്‍ മാറുന്നു. മൂന്നുകോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് 40 ലക്ഷത്തിലേറെപ്പേര്‍ പൗരത്വമില്ലാതെ പുറന്തള്ളപ്പെടുന്നു. ആദ്യ പട്ടിക 2017 ജൂലൈയില്‍ വന്നപ്പോള്‍ ഒന്നരലക്ഷം പേര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. അവസാന കരട് പട്ടികയില്‍ അത് 40,07,707 ആയി.

ബംഗാളി മാതൃഭാഷയായ മുസ്ലിംങ്ങളാണ് പൗരത്വം നഷ്ടപ്പെട്ടവരില്‍ ഏറെയും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളെ സ്വന്തം നാടായി സ്വീകരിച്ചവരാണ് നേപ്പാളി ഗൂര്‍ഖകള്‍. ബ്രിട്ടീഷ് ഗവണ്മെന്റ് രൂപീകരിച്ച ഗൂര്‍ഖാ റൈഫിള്‍സിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പൗരന്മാരായി തലമുറകളായി കഴിഞ്ഞവര്‍. കേരളമടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശിയരെപ്പോലെ തൊഴിലെടുത്തു കഴിയുന്ന ഗൂര്‍ഖകള്‍ക്ക് അസം അന്യ രാഷ്ട്രമായി പെട്ടെന്നു മാറുകയാണ്. അവരുടെ ആശങ്ക ദേശവ്യാപകമായി മാറുകയും.

ഇതിനുമുമ്പ് വ്യാജപൗരന്മാരെന്ന പരാതിയുണ്ടെങ്കില്‍ അതിന്റെ തെളിവുനല്‍കി അവരെ വോട്ടര്‍ പട്ടികയില്‍നിന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്നും നീക്കംചെയ്യേണ്ട ബാധ്യത പരാതിക്കാരുടേതായിരുന്നു. ഇപ്പോള്‍ സ്വയം തെളിവുകണ്ടെത്തി ഹാജരാക്കി എന്‍.ആര്‍.സി അധികൃതരെയും സുപ്രിംകോടതിയെപോലും ബോധ്യപ്പെടുത്തേണ്ട ബാധ്യത പൗരത്വ രജിസ്റ്ററില്‍നിന്ന് പിടലിക്കുപിടിച്ചു പുറന്തള്ളപ്പെട്ട ലക്ഷക്കണക്കായ പാവപ്പെട്ട നിരപരാധികളുടേതായി നിശ്ചയിച്ചിരിക്കുന്നു. ഇവരില്‍ അതിനു കഴിവുള്ളവര്‍ അസമില്‍നിന്ന് കൊല്‍ക്കത്തയിലെത്തി 43-ാം ഷേയ്ക്‌സ്പിയര്‍ സരണിയിലെ ബംഗാള്‍ സംസ്ഥാന ആര്‍ക്കൈവ്‌സില്‍ തെളിവുകള്‍ തേടുന്ന തിരക്കിലാണിപ്പോള്‍. 1952 മുതല്‍ 71 വരെ ഉള്ള തെരഞ്ഞെടുപ്പു പട്ടികയില്‍ തങ്ങളുടെ പൂര്‍വ്വികരുടെ പേരുണ്ടായിരുന്നോ എന്ന അന്വേഷണത്തില്‍. 1820ല്‍ സ്ഥാപിച്ച ബ്രിട്ടീഷ് ഇന്ത്യയുടെ ജനറല്‍ റിക്കാര്‍ഡ് ഓഫീസുകൂടിയാണ് ബംഗാളിന്റെ ഈ പുരാവസ്തുശേഖരം.

ഇവരെപോലെ ലക്ഷക്കണക്കിനാളുകള്‍ക്ക് സ്വയം തങ്ങളുടെ പൗരത്വത്തിന്റെ അടിവേരുകളുടെ തെളിവുകള്‍ തേടിയെടുക്കാന്‍ സാമ്പത്തികമായും ആരോഗ്യപരമായും ഭൗതികമായും കഴിയാത്ത സ്ഥിതിയാണ്. അവരിലേറെയും ഈ പ്രക്രിയയുടെ ഹരിശ്രീപോലും അറിയാത്തവരുമാണ്. ദേശീയ പൗരത്വ രജിസ്റ്ററും അടുത്ത ജനുവരിയില്‍ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയും അസമില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബി.ജെ.പി ഉദ്ദേശിക്കുന്ന ‘വിദേശി മുസ്ലിം’ങ്ങളെ ഒഴിവാക്കി പൂര്‍ണ്ണ ശുദ്ധീകരണം ഉറപ്പാക്കുമെന്നു വ്യക്തം.

645x400-northeast-indias-assam-removes-13-million-citizens-off-of-state-register-1514814168760അത് ഏതു നിലയ്ക്കായിരിക്കും എന്നത് പട്ടികയില്‍നിന്ന് ഇതിനകം പുറത്താക്കപ്പെട്ടവരുടെ വിവരങ്ങളില്‍നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അഞ്ചാമത് രാഷ്ട്രപതിയായി 74 മുതല്‍ 77വരെ പ്രവര്‍ത്തിച്ച ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെയും 80ലും 84ലും യു.പിയിലെ ബറേലി മണ്ഡലത്തില്‍നിന്ന് ലോകസഭാംഗമായിരുന്ന ബീഗം അബിതാ അഹമ്മദിന്റെയും കുടുംബാംഗങ്ങള്‍ ഇപ്പോള്‍ പൗരത്വ രജിസ്റ്ററിലില്ല. 1857ല്‍ ശിപായി ലഹളയില്‍ പങ്കെടുത്ത് ആന്തമാന്‍ ജയിലില്‍ കഴിഞ്ഞ ബഹാദൂര്‍ ഗാന്‍പുറയുടെ മൂന്നാംതലമുറയുടെ പേരക്കുട്ടികളും ഈ അവസ്ഥയിലാണ്. അസം പൊലീസിലെ മുസ്ലിംങ്ങളായ ഉദ്യോഗസ്ഥരുടെ പേരുപോലും നീക്കം ചെയ്തതായി വാര്‍ത്തയുണ്ട്. മുസ്ലിം – ഭാഷാ – ന്യൂനപക്ഷക്കാരായ നിരവധിപേര്‍ ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം പഞ്ചാബില്‍നിന്നുള്ള ഡല്‍ഹി താമസക്കാരനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അസമിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളതിന്റെ പിന്‍ബലത്തിലാണ് രാജ്യസഭാംഗവും പ്രധാനമന്ത്രിയുമായത് എന്നതും വേറിട്ട കാഴ്ചയാണെന്നു പറയേണ്ടതുണ്ട്.

അസമില്‍ ബി.ജെ.പിയുടെ മുന്‍കൈയില്‍ പൗരത്വം നിഷേധിക്കപ്പെടുന്നത് മുസ്ലിംങ്ങള്‍ക്കു മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ബംഗാളികള്‍ക്കും ബിഹാറികള്‍ക്കുമൊക്കെയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയതയുടെയും മത-ജാതി- വിദ്വേഷത്തിന്റെയും വിത്തുവിതച്ച് ബി.ജെ.പി രാഷ്ട്രീയ വിളവു കൊയ്യുകയാണെന്ന് കുറ്റപ്പെടുത്തുന്നു. മമത ഡല്‍ഹിയിലെത്തി സോണിയ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍ തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ കാണുകയുണ്ടായി. ഈ സ്ഥിതിവിശേഷം നേരിടാന്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് അവര്‍ ബോധ്യപ്പെടുത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് അസം പ്രശ്‌നം ബംഗാളിലും ബിഹാറിലും മാത്രമല്ല രാജ്യത്താകെ ഭവിഷ്യത്തുണ്ടാക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ നീക്കം രാജ്യത്ത് രക്തപ്പുഴ ഒഴുക്കുമെന്ന മമതയുടെ പ്രസ്താവന ബി.ജെ.പി നേതൃത്വത്തെ കൂടുതല്‍ പ്രകോപിതരാക്കി.

National-Registry-of-Citizens-NRC-Assam_PTIയഥാര്‍ത്ഥത്തില്‍ അസമിലെ പൗരത്വപ്രശ്‌നം 1979ല്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ പ്രക്ഷോഭവുമായോ ബംഗ്ലദേശില്‍നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റവുമായോ മാത്രം ഉയര്‍ന്നുവന്നതല്ല. ഇതെല്ലാം പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയും കേന്ദ്രവും സംസ്ഥാനവും ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ അതതു ഘട്ടങ്ങളില്‍ തീയില്‍ എണ്ണ ഒഴിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും. നേരത്തെ കോണ്‍ഗ്രസ് ചെയ്തത് ഇപ്പോള്‍ മറ്റൊരു രീതിയില്‍ ബി.ജെ.പി മുതലെടുക്കുകയാണെന്നത് വസ്തുതയാണെങ്കിലും.

1951നും 2018നും ഇടയിലുള്ള സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ- ഭരണപരമായ ചരിത്രവുമായി ചുരുക്കിക്കാണാവുന്നതല്ല അസമിലെ പൗരത്വപ്രശ്‌നം. അസമും ബിഹാറും ത്രിപുരയുമൊക്കെ ചേര്‍ന്ന ബ്രിട്ടീഷ് ബംഗാളിന്റെ ചരിത്രത്തിലാണ് യഥാര്‍ത്ഥ വര്‍ഗീയതയുടെയും അതുമായി ബന്ധപ്പെട്ട അസഹിഷ്ണുതയുടെയും വേരുകള്‍ എന്നതാണ് ചരിത്ര വസ്തുത.

1757ലെ പ്ലാസിയുദ്ധത്തിലും 1764ലെ ബക്‌സര്‍ യുദ്ധത്തിലും വിജയിച്ചാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ബംഗാള്‍ പ്രസിഡന്‍സി രൂപീകരിച്ചത്. ബംഗാളിനുമേലുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം പിന്നീട് ബ്രിട്ടീഷ് കിരീടത്തിന്റെ പ്രതിനിധി വൈസ്രോയി വാറണ്‍ ഹേസ്റ്റിംഗ്‌സ് ഉറപ്പിച്ചു. അസമും ബിഹാറും മറ്റും വിശാലമായ ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1874ലാണ് ബംഗാളിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ ആദ്യത്തെ ബംഗാള്‍ സെന്‍സസ് ആരംഭിച്ചതും രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ചതും. അതുവരെ 25 ലക്ഷമായിരുന്ന ജനസംഖ്യ 67 ലക്ഷത്തിലേക്ക് കാനേഷ്മാരിയെ തുടര്‍ന്ന് ഉയര്‍ന്നു. അതായത് ബംഗാള്‍ ഗവര്‍ണര്‍ക്കു കീഴില്‍ ഇംഗ്ലണ്ടിനും വെയില്‍സിനും തുല്യമായ പൗരന്മാര്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രജകളായുണ്ടെന്ന് രജിസ്‌ട്രേഷന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹെന്‍ട്രി ബെവര്‍ലി അഭിമാനപൂര്‍വ്വം അന്നു വെളിപ്പെടുത്തി. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച ഭാഷാപരവും മതപരവുമായ വൈജാത്യങ്ങളുടെ ആ ജനതയെ അഭിമാനമായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പുരാതന ദേശീയതയുടെ അവകാശികളെന്ന് അവകാശപ്പെടുന്നവര്‍ ആ ജനതയുടെ പിന്തുടര്‍ച്ചക്കാരെ മതത്തിന്റെയും
ന്യൂനപക്ഷത്തിന്റെയും പേരില്‍ ശത്രുക്കളായി കാണുന്നു. അവര്‍ക്കിവിടെ ഇടമില്ലെന്ന് ഉറപ്പുവരുത്താന്‍ അധികാരം പ്രയോഗിക്കുന്നു.

assam-protestsമതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ആ ജനതയെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ രണ്ടായി വിഭജിക്കാന്‍ 1905ല്‍ വൈസ്രോയി കര്‍സണ്‍പ്രഭു ശ്രമിച്ചത്. ഭരണസൗകര്യത്തിന്റെ പേരില്‍ കിഴക്കും പടിഞ്ഞാറുമായി ബംഗാളിനെ വിഭജിച്ചപ്പോള്‍ ബംഗാളികളായ ഹിന്ദുക്കളും മുസ്ലിംങ്ങളും രണ്ട് ഇടങ്ങളിലായി. പുതുതായി സൃഷ്ടിച്ച പൂര്‍വ്വ ബംഗാള്‍ അസമിനോടുചേര്‍ന്ന് മുസ്ലിം ഭൂരിപക്ഷ മേഖലയായി. അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 1911ല്‍ ബംഗാള്‍ വിഭജനം ബ്രിട്ടീഷ് ഗവണ്മെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതേതുടര്‍ന്നാണ് ഈസ്റ്റിന്ത്യാ കമ്പനി കൊല്‍ക്കത്തയില്‍ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയത്.

ബങ്കിംഗ് ചന്ദ്ര ചതോപാധ്യയും സ്വാമി വിവേകാനന്ദനും ബംഗാളികളുടെ ദേശീയ വികാരം പാരമ്യത്തിലെത്തിച്ച ഘട്ടത്തിലാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ബംഗാള്‍ വിഭജിച്ചത്. അന്ന് ദേശീയബോധം മതവിശ്വാസത്തെ അതിജീവിക്കുകയായിരുന്നു.

ജനങ്ങളെ ഇപ്പോള്‍ മതത്തിന്റെ പേരില്‍, വിദേശികളായ കുടിയേറ്റക്കാരുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രവും അസം സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിയാണ്. അതിനെതിരായ ചെറുത്തുനില്‍പ്പ് അസമിലെ ഭാഷാ-മത – ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ബംഗാളികളെയും ബിഹാറികളെയും മറ്റ് ജനവിഭാഗങ്ങളെയും ഒക്കെ ഒന്നിച്ചണിനിരത്തി നടത്താനാണ് മമതാ ബാനര്‍ജിയുടെയും മറ്റും മുന്‍കൈയില്‍ ഇപ്പോള്‍ നടക്കുന്നത്.

ഭൂമിശാസ്ത്രപരമായും സ്വാതന്ത്ര്യത്തിനുശേഷം ചരിത്രപരമായും ഇന്ത്യ അംഗീകരിച്ചുപോരുന്ന ദേശീയതയെ തള്ളിപ്പറയുന്ന ബി.ജെ.പി 19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ബംഗാളിലെയും അസമിലെയും മറ്റും ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ദേശീയതയെ അംഗീകരിക്കുന്നില്ല എന്ന വൈരുദ്ധ്യവും ചരിത്രപരമായി ഇപ്പോള്‍ വെളിപ്പെടുന്നു.

മുസ്ലിംങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കിഴക്കന്‍ ബംഗാള്‍ പാക്കിസ്താന്റെയും ഹിന്ദു ഭൂരിപക്ഷമുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ ഇന്ത്യയുടെയും ഭാഗമായി മാറിയത് ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന്. അതിന് ബോധപൂര്‍വ്വം കരുനീക്കിയത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. ഹിന്ദു – മുസ്ലിം വിഭജനവും വര്‍ഗീയ കലാപവും ചോരപ്പുഴകളും ഏറെ സൃഷ്ടിച്ചുകൊണ്ട്. ഇപ്പോള്‍ അതേ തന്ത്രം ബി.ജെ.പി പൗരത്വവിഷയമായി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top