Flash News

പെടയ്ക്കണ മീന്‍

August 6, 2018

coollogo_com-10347704_InPixio“നല്ല പെട പെടയ്ക്കണ മീനാണ് സാറേ…, ഇപ്പോള്‍ പിടിച്ചതേ ഉള്ളൂ….” എന്നിങ്ങനെയുള്ള ഡയലോഗാണു മീന്‍ വില്‍പ്പനക്കാരുടെ സ്ഥിരം വിപണന തന്ത്രം. പെടയ്ക്കണ മീനിന് ആവശ‍്യക്കാര്‍ കൂടും. എന്നാല്‍ ഈ വിശേഷണം കേട്ടു വാങ്ങിക്കുന്ന മീനുകളെല്ലാം നല്ലതായിരിക്കുമോ. വളരെയേറെ പഴക്കമുള്ള മീന്‍ തന്നു പറ്റിക്കുന്നവരുമുണ്ട്. ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ തന്നു പറ്റിക്കുന്നവര്‍ക്ക് ഒരു പെടകൊടുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ. കുട്ടികളടക്കം കഴിക്കുന്ന മത്സ്യത്തില്‍ വിഷം കലര്‍ത്തി വിപണിയിലെത്തിക്കുന്നതു തടയാനോ, കണ്ടുപിടിക്കാനോ ഇത്രയും കാലം മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. മാര്‍ഗങ്ങളുണ്ടെങ്കില്‍ത്തന്നെ അതു സാധാരണക്കാരനു കൈയെത്തും ദൂരത്തുമായിരുന്നില്ല. ഇപ്പോഴിതാ വിഷം കലര്‍ത്തിയ മത്സ്യം തിരിച്ചറിയാന്‍ ഒരു മാര്‍ഗമെത്തുന്നു. കേന്ദ്ര മത്സ്യ സാങ്കേതിക വിദ്യാ ഗവേഷണ കേന്ദ്രം (സിഫ്റ്റ് )വികസിപ്പിച്ചെടുത്ത ചെക്ക് എന്‍ ഈറ്റ് കിറ്റ് വിപണിയിലെത്തുന്നതോടെ മീനിലെ വിഷാംശം എളുപ്പം തിരിച്ചറിയാന്‍ സാധിക്കും.

Withവെറും രണ്ടു മിനിറ്റുകൊണ്ട് മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ കണ്ടെത്താനുള്ള കിറ്റാണു കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാസവസ്തുക്കളെ കണ്ടെത്താനുള്ള ധാരാളം കണ്ടുപിടുത്തങ്ങള്‍ നടന്നിരുന്നു. സാധാരണക്കാരുടെ കൈപ്പിടിയിലൊതുങ്ങുന്ന വിലയുമായിട്ടാവും കിറ്റിന്‍റെ വില്‍പ്പന എന്നതാണ് ചെക്ക് എന്‍ കിറ്റിന്‍റെ സവിശേഷത. മത്സ്യങ്ങള്‍ കേടുവരുത്താതെ ദിവസങ്ങളോളം സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് അമോണിയയും ഫോര്‍മല്‍ ഡീഹൈഡും. ഇവ മത്സ്യത്തില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കകം ഈ കിറ്റ് വഴി കണ്ടെത്താന്‍ സാധിക്കും. ടെസ്റ്റ് ചെയ്യാനുള്ള പേപ്പര്‍ സ്ട്രിപ്പ്, രാസലായനി, പേപ്പര്‍ സ്ട്രിപ്പിന്‍റെ നിറം മാറ്റം ഒത്തുനോക്കാനുള്ള കളര്‍ ചാര്‍ട്ട് എന്നിവ അടങ്ങിയതാണു കിറ്റ് . പേപ്പര്‍ സ്ട്രിപ്പ് മത്സ്യത്തിനു മേല്‍ ഉരസിയതിനുശേഷം പേപ്പറില്‍ ഒന്ന് രണ്ട് തുള്ളി ലായനി ഇറ്റിക്കുക. രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം മത്സ്യത്തിലുണ്ടെങ്കില്‍ രണ്ടു മിനിറ്റിനുള്ളില്‍ വെളുത്ത നിറത്തിലുള്ള സ്ട്രിപ്പ് കടും നീല നിറമായി മാറും. കളര്‍ ചാര്‍ട്ടുമായി ഒത്തു നോക്കിയാല്‍ ഏതു രാസപദാര്‍ഥം എത്ര അളവില്‍ അടങ്ങിയിട്ടുണ്ടെന്നു മനസിലാക്കുവാനും സാധിക്കും. മാരകായ അസുഖങ്ങള്‍ വരുത്തുന്നതിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ മത്സ്യത്തിലുണ്ടെന്നു തിരിച്ചറിഞ്ഞ് അത്തരം ഉത്പന്നങ്ങള്‍ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ഏറ്റവും താഴേത്തട്ടില്‍ നിന്നും ആരംഭിക്കുക എന്നുള്ളതാണ് ഈ കിറ്റ് വികസിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്.

ഐസിഎആര്‍- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ് ) ക്വാളിറ്റി അഷുറന്‍സ് വകുപ്പിലെ ശാസ്ത്രജ്ഞരായ ഇ. ആര്‍ പ്രിയയും എസ്.ജെ. ലാലിയും ചേര്‍ന്നാണ് ചെക്ക് എന്‍ ഈറ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. വകുപ്പ് മേധാവി ഡോ. എ.എ. സൈനുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ആറു മാസത്തെ ഗവേഷണത്തിനൊടുവിലാണു ലായനി കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ ഇവ വില്‍ക്കപ്പെടുമ്പോള്‍ സ്ട്രിപ്പിന് അഞ്ചുരൂപയില്‍ താഴെ മാത്രമേ വില വരികയുള്ളു എന്നതാണൊരു സവിശേഷത. അതായതു സാധാരണക്കാരനും മീനിലെ വിഷം തിരിച്ചറിയാനുള്ള മാര്‍ഗം എളുപ്പത്തില്‍ ലഭ്യമാകുകയാണ് ഈ കിറ്റിലൂടെ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top