Flash News

സന്മനസ്സുള്ളവര്‍ക്ക് സമാധാനം (കഥ): സന്തോഷ് കുമാര്‍

August 7, 2018

sanmanassulavark bannerകോയമ്പത്തൂരിൽനിന്നും കാലത്ത് ചെക്കന്റെ ഫോൺ വന്നതു മുതൽ മണിയമ്മ സമനിലതെറ്റി പുലമ്പാൻ തുടങ്ങിയതാണ്. മകൻ നാട്ടിലുള്ള ഒരു പെണ്ണുമായി ഒളിച്ചോടിയിരിക്കുന്നു. അതും കൊട്ടപ്പാക്കൻ കൊച്ചുകുട്ടന്റെ മകളേയും കൊണ്ട്. അത് അറിഞ്ഞതിനുശേഷം ഒരു നേരവും മണിയമ്മയുടെ നാവടങ്ങിയിട്ടില്ല. മുറ്റമടിക്കുമ്പോഴും അടുക്കളയിൽ പെരുമാറുമ്പോഴും ആടിനേ കറക്കുമ്പോഴുമെല്ലാം അവർ ചെക്കന്റെ അഹമ്മതിയേച്ചൊല്ലി പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. എല്ലാം കഴിഞ്ഞ് അടുക്കളയിൽ പാത്രം മെഴുക്കിക്കൊണ്ടിരിക്കുമ്പോൾ മണിയമ്മ ആക്രോശിച്ചു “ഒന്നൊള്ളതിനേ ഒലക്ക കൊണ്ടടിച്ചു വളർത്തണമാരുന്നു. അതു ചെയ്യാഞ്ഞതിന്റെ കൊഴപ്പമാ”

മണിയമ്മയുടെ നാക്കിന്റെ മൂർച്ച അറിയാവുന്നതുകൊണ്ട് കെട്ടിയോൻ കമലാസനൻ മറുത്തൊന്നും പറയാതെ അവരെ മൗനമായി ശരിവച്ചു നിന്നു. ഇരുതലവാളാണ് മണിയമ്മയുടെ നാക്ക്. വല്ലതും മറുത്തു പറഞ്ഞാൽ തനിക്കു നേരേയും എടുത്ത് വീശിക്കളയുമെന്ന് കമലാസനനറിയാം. എനിയും ഉണ്ടാകാൻ പോകുന്ന പുകിലുകളോർത്താണ് അയാൾ തലപുകച്ചത്. കാര്യമറിഞ്ഞാൽ കൊച്ചുകുട്ടൻ വെറുതേയിരിക്കില്ല. വന്ന് വീടു തിരിച്ചുവയ്ക്കും. അതിന്റെ കൂടെയാണ് മണിയമ്മയുണ്ടാക്കുന്ന പുക്കാറ്. എല്ലാം കൂടിയായി തലപെരുത്ത് അയാൾ അടുക്കളയോടു ചേർന്നുള്ള ഇരുട്ടു വീണ തിണ്ണയിലെ കട്ടിലിലേക്ക് ഒരു ബീഡിയും കത്തിച്ച് പുകച്ചിരുന്നു.

P_20170113_082515കമലാസനന് പണ്ട് ബ്രോക്കർ പണിയായിരുന്നു. കമലാസനന്റെ അച്ഛനും ബ്രോക്കറായിരുന്നു. ചെറുപ്പത്തിലേതന്നെ അച്ഛൻ മരിച്ചപ്പോൾ ആ പണി കമലാസനൻ ഏറ്റെടുക്കുകയായിരുന്നു. അന്ന് നാട്ടിൽനടന്ന ഒട്ടുമിക്ക വിവാഹ ആലോചനകളിലും പശുക്കച്ചവടങ്ങളിലും വെളുക്കെച്ചിരിച്ച് ആരേയും ഇരുത്താൻപോന്ന, പോളീഷ് ചെയ്തെടുത്ത വാചകങ്ങളുമായി കമലാസനന്റെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ ആഗോളവൽക്കരണത്തിന്റെയും കമ്പ്യൂട്ടറിന്റെയുമൊക്കെ കാലം കടന്നുവന്നതോടെ, ഡയറിയിൽ തിരുകിവച്ചിരുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഫോട്ടോകൾ എടുക്കാച്ചരക്കുകളായി കമലാസനനു നേരേനോക്കി വെളുക്കെ ചിരിക്കാൻ തുടങ്ങി. ബ്രോക്കറുപണിയൊക്കെ പതിയെ പൂട്ടിക്കെട്ടി. എന്നിരുന്നാലും കമലാസനൻ ഇപ്പോഴും രാവിലെ കുടയുമെടുത്ത് വെറുതേനടക്കും. വഴിയിൽ പലരോടും കുശലം പറയും. പെണ്ണുങ്ങളോട് കൊതിയും നുണയും പറഞ്ഞുനിൽക്കുമ്പോൾ സമയമൊന്നും നോക്കാറില്ല. മിക്കപ്പോഴും നാട്ടിലെ തൊഴിലുറപ്പുകാരുടെ പണിയിടങ്ങളിൽ ടീവി സീരിയലിലെ ന്യായവും അന്യായവും പറഞ്ഞിരിക്കുന്ന കമലാസനനെ കാണാം. മറ്റൊരുപണിയും അറിയാത്ത കമലാസനന്റെ വരുമാനം നിലച്ചപ്പോഴാണ് മണിയമ്മ അടുത്തുള്ള സ്കൂളിൽ കഞ്ഞിവെച്ചുകൊടുക്കുന്ന ജോലിക്ക് പോയിത്തുടങ്ങിയത്.

“അതെങ്ങനാ, തന്തയാണന്നുപറഞ്ഞ് ഒരുത്തനൊണ്ടിവിടെ. എന്തെങ്കിലും കുലുക്കമുണ്ടോന്നു നോക്ക്. കഴകത്തൊള്ള തന്തയാരുന്നെങ്കി ചെക്കനിങ്ങനെ വഷളാകുമായിരുന്നോ.” അടുക്കളയിൽനിന്ന് മണിയമ്മ പറഞ്ഞു.

സ്വസ്ഥതക്കേടും അടക്കിപ്പിടിച്ചാണ് കമലാസനൻ ഇരിക്കുന്നത്. അപ്പോഴാണ് മണിയമ്മ അയാളുടെ നെഞ്ചത്തേക്ക് പൊങ്കാലയ്ക്ക് അടുപ്പുകൂട്ടുന്നത്. അടിമുടി ചൊറിഞ്ഞുവന്നിട്ട് കമലാസനൻ അവസാനം സഹികെട്ട് അടുക്കളയിലേക്കുനോക്കി വിളിച്ചുപറഞ്ഞു “നേരം കൊറേയായി നീ തൊടങ്ങിയിട്ട്‌. ചെറുക്കൻ വഷളായിപ്പോയിയെങ്കിൽ നിന്റെ വളത്തുദോഷംകൊണ്ടാടീ.”

അടുക്കളയിൽ പാത്രങ്ങൾ കിടുങ്ങുന്ന ശബ്ദം കേട്ടു. പിറകെ മണിയമ്മ ചീറി “ദേ മനുഷ്യാ എന്റെവായീന്നൊന്നും കേപ്പിക്കരുത് പറഞ്ഞേക്കാം.”

അതിന് മറുപടി പറയാൻ കമലാസനന് തികട്ടിവന്നതാണ്. പക്ഷെ പറഞ്ഞില്ല. അടുക്കളവാതിലിലേക്കുനോക്കി വെറുതെ പല്ലുഞെരിച്ചിരുന്നു.

മണിയമ്മ പറഞ്ഞുകൊണ്ടിരുന്നു. “നേരംവെളുക്കുമ്പോ കൊടേം തൂക്കിയിട്ടെറങ്ങും. നാടുനീളേനടന്നു നാട്ടുകാരടെ കൊണവതികാരോം പറഞ്ഞുനടക്കുകയല്ലാതെ ഇതിയാന് വേറേവല്ല പണീമൊണ്ടോ?.”

“ഓ..പിന്നേ, ഞാൻ കൊടേംതൂക്കി നടന്നിട്ടല്ലിയോ ചെക്കൻ പെഴച്ചുപോയത്?” കമലാസനനും കത്തിക്കയറി.

“എന്നുപറഞ്ഞാ ഇതിയാൻ കൊടേംതൂക്കിനടന്നിട്ടല്ലിയോ വീടുകഴീന്നേ?. മിണ്ടാതിരുന്നോണം” മണിയമ്മക്ക് കോപം ഇരച്ചുവന്നു. അടുക്കളയിൽ പാത്രങ്ങൾ കടുപ്പത്തിൽ ചിലമ്പി.

കമലാസനന് ഉത്തരംമുട്ടി. എന്നാലും വായിൽവന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ പറഞ്ഞ് മണിയമ്മയെ പ്രതിരോധിച്ചു. “എന്നാ ഇനിമൊതല് നീയെറങ്ങടീ രാവിലെ കൊടേം തൂക്കി.”

“ആ…പഷ്ട്…..രാവിലെ ഞാൻ പണിക്കുപോകുന്നതുകൊണ്ടാ ഇവിടെ മൂന്നുനേരം വെട്ടിവിഴുങ്ങുന്നേ. അല്ലാതെ നിങ്ങടെമാതിരി മണുക്കുമണുക്കെന്ന് തെക്കുവടക്കുനടന്നാ വായിലോട്ടൊന്നും പോവുകേലാ. കേട്ടോ.”

അപ്പോഴും കമലാസനന് ഉത്തരംമുട്ടി. എന്നാലും മണിയ്മ്മക്കുമുന്നിൽ തോറ്റുപോകാതിരിക്കാനായി അയാൾ നീട്ടിമൂളി “ഓ ….”

മണിയമ്മയും വിട്ടുകൊടുത്തില്ല. അതിലും വലിയ ഉച്ചത്തിൽ പറഞ്ഞു “എന്തോന്നു കോ…..”

നുരഞ്ഞുവന്ന രോഷത്തിന്റെ പുറത്തു മണിയമ്മയെ ഇരുത്താനായി കമലാസനൻ ഒരു വജ്രായുധം തൊടുത്തുവിട്ടു “നിന്റെ വീട്ടുകാരടെ കൊണംകൊണ്ടാടീ ചെറുക്കൻ പെഴച്ചുപോയത് ”

കഴുകിക്കൊണ്ടിരുന്ന സ്റ്റീൽമൊന്ത മണിയമ്മ സിങ്കിലേക്കു ആഞ്ഞടിച്ചതും “ഭാ” എന്നൊരു ആട്ട് ആട്ടിയതും ഒന്നിച്ചായിരുന്നു. സ്വന്തം വീട്ടുകാരേ പറയുന്നത് കേട്ടപ്പോൾ മണിയമ്മയുടെ ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ രക്തം തിളച്ചു. വാതിൽക്കലേക്കു വന്നിട്ട് കയ്യിലിരുന്ന മൊന്തയെടുത്ത് കമലാസനനുനേരെ എറിഞ്ഞതും ആക്രോശത്തിന്റെ ഉരുൾപൊട്ടിയതും ഒന്നിച്ചായിരുന്നു. “എന്റെവീട്ടിൽ ആരാടോ കണ്ടോരടെകൂടെ ഒളിച്ചോടിപ്പോയിട്ടുള്ളത്. പറേടോ…. തന്റെ പെങ്ങളൊരുത്തിയല്ലിയോടോ തവണ പിരിക്കാൻവന്ന മെത്തക്കാരന്റെകൂടെ കുറ്റീംപറിച്ച് എറങ്ങിപ്പോയത്.” ഇരുട്ടത്ത് മൊന്തവരുന്നത് കമലാസനൻ കണ്ടില്ല. ഇടുപ്പിനു ഏറുകൊണ്ട കമലാസനൻ ബീഡി നിലത്തെറിഞ്ഞ് കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു. ഇടുപ്പ് തിരുമ്മിക്കൊണ്ട് പറഞ്ഞു “നിനക്ക് പ്രാന്താടീ”.

“പ്രാന്ത് നിങ്ങടെ….എന്നെക്കൊണ്ടൊന്നും പറേപ്പിക്കരുത്” കലിയടങ്ങാതെ മണിയമ്മ പറഞ്ഞു.

ഇടുപ്പ് തിരുമ്മിക്കൊണ്ട് അടുക്കളയിലേക്കു നോക്കി കമലാസനൻ പറഞ്ഞു “ശ്ശെടാ.. ഏതുനേരത്താണോ ഈ മുടിഞ്ഞചെറുക്കനിതു കാണിക്കാൻ തോന്നിയെ. ഈ വീട്ടിൽ എന്തോ നടന്നാലും മാരണമെല്ലാംങ്കുടെ എന്റെനെഞ്ചത്തോട്ടാണല്ലോ ഭഗവാനേ ….”

“ആ…കണക്കായിപ്പോയി.” വീണ്ടും പാത്രം കഴുകാനായി തിരിഞ്ഞുകൊണ്ട് മണിയമ്മ പറഞ്ഞു. എന്നിട്ട് പിറുപിറുത്തു “എന്റെവീട്ടുകാരടെ കൊണംമ്പറയാൻവന്നേക്കുന്നു.”

മണിയമ്മ കലികൊണ്ട് കന്നംതിരിയുന്ന വേളകളിൽ ചിലപ്പോഴൊക്കെ കമലാസനൻ തലയ്ക്കു കൈകൊടുത്ത് ചിന്തിച്ചുപോകാറുണ്ട്, നാട്ടിലെ ഒട്ടുമിക്കവർക്കും ഉത്തമരായ പങ്കാളികളെ തേടിപ്പിടിച്ചു കൊടുത്തിട്ട് അവസാനം തന്റെ പിടലി എങ്ങനെയാണ് ഇങ്ങനെയൊരു കൊടുവാളിന് ചെന്നുകേറിക്കൊടുത്തതെന്ന്. എന്നിട്ട് മനസ്സിൽ പറയും ഈ സൈസിൽ ഒന്നിനെ ഇനിയാർക്കും കൊടുക്കരുതേ ദൈവമേ എന്ന്. പക്ഷേ കാര്യം എന്തൊക്കെയായാലും, കലിയിറങ്ങികഴിഞ്ഞാൽ മണിയമ്മയ്ക്ക് കമലാസനൻ കമലദളമാണ്.

കലിയുടെ കൈലാസം കയറിനിൽക്കുന്ന മണിയമ്മയോട് എതിർത്തുനിൽക്കാതെ അനുനയത്തിന്റെ പാതയിലേക്ക് ശ്രുതി താഴ്ത്തിപ്പിടിക്കുന്നതാണ് നല്ലതെന്ന് കമലാസനന് തോന്നി. താഴെ വീണുകിടക്കുന്ന മൊന്തയുമെടുത്ത് പതുക്കെ അടുക്കളയിലേക്കുനടന്നു. കഴുകുന്ന പാത്രങ്ങളുടെ കൂട്ടത്തിലേക്ക് മൊന്തവച്ചുകൊണ്ട് നയത്തിൽ കമലാസനൻ പറഞ്ഞു “എന്നാലും ഈ ചെറുക്കനിത് എന്തുഭാവിച്ചിട്ടാടീ.”

അത് ഏതായാലും ബുദ്ധിയായി. മണിയമ്മയുടെ കോപം ചെറുക്കനുനേരേ തിരിഞ്ഞു. “തല്ലുകൊള്ളാഞ്ഞിട്ട്. പിന്നല്ലാതെ. ഇങ്ങുവരട്ടെ. ചെവിക്കല്ലടിച്ചു പൊളിക്കുംഞാൻ.” അവർ പറഞ്ഞു. മണിയമ്മയുടെ കോപം എനിയും തനിക്കുനേരേ തിരിഞ്ഞുവരാതിരിക്കുവാൻ അവരുടെ പ്രസ്താവനയെ ഘനത്തിൽ പിന്തുണച്ചുകൊണ്ട് കമലാസനൻ പഴുതടച്ചു. “നീപറഞ്ഞതാ ശരി. ചെവിക്കല്ലടിച്ചുപൊളിക്കുകയാ വേണ്ടത്.”

മണിയമ്മ അത് ഏറ്റുപിടിച്ചു. “പിന്നല്ലാണ്ട്.”

മണിയമ്മ പിന്നെയും ചന്നംപിന്നം പറഞ്ഞുകൊണ്ടിരുന്നു.

പിന്നിൽ കൈകെട്ടി കവലയിലേക്ക് ഏന്തിനടന്നുവരികയായിരുന്നു കോളാമ്പി നാരായണൻ. കമലാസനന്റെ വീട്ടിലെ ശണ്ഠ കേട്ടാണ് അയാൾ വഴിയിൽ നിന്നത്. കോളാമ്പി മൈക്കിലൂടെയെന്നപോലെ കറകറാന്നു ശബ്ദമുള്ളതുകൊണ്ട് നാട്ടുകാർ വിളിക്കുന്ന പേരാണ് കോളാമ്പി നാരായണനെന്ന്. നാട്ടിലെ എത്ര ചെറിയ ന്യൂസും മേമ്പൊടിചേർത്ത് കവലയിൽനിന്നും കവലയിലേക്ക് എത്തിച്ചുകൊടുക്കുന്നത് നാരായണന് നിത്യത്തൊഴിലാണ്. പണ്ട് കവലയിലെ ഒരു അരിക്കടയിലെ തൂക്കിക്കൊടുപ്പുകാരനായിരുന്നു അയാൾ. ഇളയ മകൻ പേർഷ്യക്ക് പോയപ്പോൾ മുതൽ ആ പണി മതിയാക്കി. പിന്നെ, ‘ഒരുത്തന്റെയും ഓശാരംവേണ്ടടാ എനിക്കുകഴിയാൻ’ എന്ന ഭാവത്തിലായി നടപ്പും കാര്യങ്ങളും. നാലാള് കൂടുന്നിടത്തൊക്കെ ബീഡിപുകച്ച് വെടിവട്ടം പറഞ്ഞുനിൽക്കും.

നാരായണൻ കമലാസനന്റെ വീട്ടിലേക്കു ചെവി വട്ടംപിടിച്ചു നിന്നു. അവിടെനിന്നും “ചെക്കൻ പിഴച്ചുപോയി” എന്നുകേട്ട വാക്കിൽ അയാളുടെ ശ്രദ്ധ ഉടക്കിനിന്നു. ഇതിൽ എന്തോ ഉണ്ട്. അയാൾ ചിന്തിച്ചു. ബാക്കി മണിയമ്മ പറഞ്ഞ, കൊടയും തൂക്കി കമലാസനൻ മണുക്കുമണുക്കെന്ന് വെറുതേ തെക്കുവടക്കു നടക്കുന്ന കാര്യമൊക്കെ നാരായണന് അറിവുള്ള കാര്യമാണ്. ചെമ്പരത്തി വേലിയുടെ വളപ്പിനകത്ത് കട്ടകൊണ്ടു നിർമിച്ചവീടാണ് കമലാസനന്റേത്. മുൻവശത്ത് ഒരു ചെറിയ വരാന്തയുണ്ട്. ഓടമുറിച്ച് വീട്ടിലേക്കുകടക്കുവാൻ നിരത്തിയിട്ടിരിക്കുന്ന വേലിക്കല്ലിലേക്ക് കയറിനിന്നിട്ട് നാരായണൻ പല ആംഗിളിൽ ഇടത്തേക്കും വലത്തേക്കും തല വട്ടംകറക്കി അകത്തേക്കു നോക്കി. അകത്ത് മണിയമ്മയുടെ പൂരപ്രസംഗം നടക്കുകയാണ്.

“കമലാസനോ ..ടാ …കമലാസനോ…” നാരായണൻ നീട്ടി വിളിച്ചു.

മണിയമ്മയാണ് വിളികേട്ടത്. ഉറഞ്ഞുതുള്ളിനിൽക്കുന്ന വെളിച്ചപ്പാടിനേപ്പോലെ മണിയമ്മ അകത്തുനിന്ന് ഇറങ്ങിവന്നു.

മണിയമ്മയുടെ വരവു കണ്ട് ഒന്നു പകച്ചെങ്കിലും കാര്യമറിയാഞ്ഞിട്ട് നിൽക്കപ്പൊറുതിയില്ലാതെ നാരായണൻ ചോദിച്ചു. “എന്തവാടീ രാവിലെ ഒരൊച്ചയും ബഹളോം”.

മണിയമ്മ വരാന്തയിലേക്ക് നടവാതിലിറങ്ങി. തലയിൽ കൈവച്ചുകൊണ്ട് അവർ പറഞ്ഞു “എന്റെ നാരായണൻകൊച്ചാട്ടാ എനിക്കറീകേല എന്തോചെയ്യുമെന്ന്.”.

ഒരു വാർത്തയുടെ കോള് മണത്തതിന്റെ ജിജ്ഞാസയോടെ, നാട്ടിനിർത്തിയിരുന്ന വേലിക്കല്ലിൽ പിടിച്ച്‌ നാരായണൻ പറഞ്ഞു. “നീ കാര്യം പറേടീ.” നാരായണന്റെ ആകാംഷയോടെയുള്ള നിൽപ്പും ഭാവവും കണ്ടുകഴിഞ്ഞാൽ, നാട്ടിലെ ഏതു പ്രശ്നങ്ങൾക്കുമുള്ള സൊലൂഷനും പൊതിഞ്ഞ് എളിയിൽ തിരുകിയാണ് വന്നിരിക്കുന്നതെന്ന് തോന്നും.

“അയ്യോ ഇവിടുത്തെ സന്തതീടെ കാര്യമാ.” മണിയമ്മ പറഞ്ഞു.

“അവനെന്തോപറ്റീ?”

“എന്താ പറ്റാൻ പോകുന്നതെന്നു ഇനി കണ്ടറിയണം”

“നീ കാര്യം പറേടീ” നാരായണന് ക്ഷമനശിച്ചു.

“മുടിയാനക്കൊണ്ട് ഞങ്ങടെ ചെറുക്കൻ ആ കുട്ടന്റെ മോളേംകൊണ്ട് ഒളിച്ചോടിപ്പോയേക്കുന്നു കൊച്ചാട്ടാ…” കൈലി വാരിക്കുത്തി കറുത്ത പ്ലാസ്റ്റിക്ക്‌ചെരുപ്പും നിരക്കി കമലാസനൻ അകത്തെ ഇരുട്ടിൽനിന്നും ഇറങ്ങിവന്നു. വെപ്രാളപ്പെട്ടുള്ള വാരിക്കുത്തലിൽ കമലാസനന്റെ അരയിലെ പഴകിനരച്ച കറുത്തചരടും ഏലസും ഒരുവശത്ത് കൈലിയ്ക്കുമുകളിലൂടെ ചാടിക്കിടന്നു.

സ്പോടനാത്മകമായ ആ വാർത്ത കേട്ട് നാരായണൻ വാ പൊളിച്ച് സ്തബ്ദനായി നിന്നുപോയി. പുകയിലക്കറയുടേയും കട്ടൻബീഡിയുടേയും കറപിടിച്ച് ചുവന്നുകറുത്ത നാരായണന്റെ വായ്ക്കുള്ളിലേക്കുനോക്കി സ്തബ്ദതയുടെ സമയമളന്ന് കമലാസനനും മണിയമ്മയും കാര്യത്തിന്റെ ഗൗരവം ഗ്രഹിച്ചുനിന്നു.

കാര്യത്തിന്റെ ഉള്ളറിയുവാനുള്ള വ്യഗ്രതയിൽ നാരായണൻ വരാന്തയിലേക്ക് ഏന്തിക്കയറി. “യേത് കുട്ടനാടീ. എനിക്കങ്ങോട്ടു പിടികിട്ടിയില്ല”

“നമ്മടെ കൊച്ചുകുട്ടൻ” മണിയമ്മ പറഞ്ഞു.

ആ സമയത്താണ് നാരായണന് തൊണ്ടയിൽ ഒരു കുത്തിച്ചുമ ഉയർന്നുവന്നത്. ചുമയുടെ വീർപ്പുമുട്ടലും കാര്യങ്ങളുടെ ഉള്ളറിയാനുള്ള ആകാംഷയും കൂടിച്ചേർന്ന വിമ്മിഷ്ടത്തോടെ ചുമച്ച് ചെമ്പരത്തിയുടെ മൂട്ടിലേക്ക് “പോ പുല്ല്” എന്നരീതിയിൽ അയാൾ കാക്രിച്ച് നീട്ടിത്തുപ്പി. പിന്നെയും കുത്തിവന്ന ചുമ ഒരു പ്രകാരത്തിൽ അടക്കിപ്പിടിച്ച്‌ നാരായണൻ ചോദിച്ചു “യേത് കുട്ടനാന്നാടീ പറഞ്ഞേ?”.

“അയ്യോ….നമ്മടെ കൊട്ടപ്പാക്കൻ..കൊച്ചുകുട്ടൻ.” കമലാസനൻ പറഞ്ഞു.

വീണ്ടും നാരായണന്റെ വായ പൊളിഞ്ഞുവന്നതാണ്. പക്ഷേ, അടക്കിവച്ച ചുമ വീണ്ടും ഉയർന്നുവന്നു. ഇടവിടാതെയുള്ള കുത്തിച്ചുമയുടെ തീവ്രതയും വാർത്തയുടെ അന്ധാളിപ്പും കൂടിച്ചേർന്ന് തള്ളിപ്പോയ കണ്ണുകളിലൂടെ അയാൾ കമലാസനനെ നോക്കി.

അടയ്ക്കാ കച്ചവടക്കാരനാണ് കൊച്ചുകുട്ടൻ. ഒറ്റയ്ക്കുള്ള കച്ചവടമാണ്. വീടുതോറും കയറിയിറങ്ങി അടയ്ക്കാ വിലപറഞ്ഞുവാങ്ങും. തളപ്പിട്ട് തനിയെ കമുകുകയറി അടയ്ക്കാ പറിയ്ക്കും. ചന്തയിൽ കൊണ്ടുപോയി കച്ചവടം ചെയ്യും. അടയ്ക്കാക്കച്ചവടം ചെയ്യുന്നതുകൊണ്ട് നാട്ടുകാർ വിളിക്കുന്ന പേരാണ് “കൊട്ടപ്പാക്കൻ” എന്ന്. കൊച്ചുകുട്ടൻ എന്നാണ് പേരെങ്കിലും അടയ്ക്കാ പോലെ ചെറിയ ആളല്ല കൊച്ചുകുട്ടൻ. അരോഗദൃഢഗാത്രൻ. കെട്ടുവള്ളത്തിന്റെ ഷേപ്പ് പോലെ മൂക്കിനുതാഴെ വളർത്തി വച്ചിരിക്കുന്ന കപ്പടാ മീശ. സാധാരണഗതിയിൽ കൊച്ചുകുട്ടൻ ഒരു കുഴപ്പക്കാരനല്ലെങ്കിലും കള്ള് അകത്തുചെന്നുകഴിഞ്ഞാൽ പ്രകൃതം മാറും. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ഉടക്കും. നാട്ടിലെ ഉത്സവസവത്തിന് ആറാട്ട് എഴുന്നെള്ളുമ്പോൾ കള്ളിന്റെ ലഹരിയിൽ ആറാടി കൊച്ചുകുട്ടൻ ഉണ്ടാകും. പിന്നെ പിടിപ്പത് ജോലിയാണ്. പമ്പമേളക്കാർക്ക് താളമിട്ടുകൊടുക്കണം, ട്രാഫിക് നിയന്ത്രിക്കണം, കെട്ടുകാഴ്ചയുടെ അറ്റത്തു പിടിക്കാൻ പോകണം, വേണ്ടിവന്നാൽ കമ്മറ്റിക്കാർക്കുവരെ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കണം. ഇതിനിടയിലാവും ഏതെങ്കിലും ഒരുത്തൻ കൊച്ചുകുട്ടനെ ഞോണ്ടാൻ ചെല്ലുന്നത്. പിന്നെ ഉടക്കായി, ബഹളമായി, തല്ലായി. അതോടെ കൊച്ചുകുട്ടന്റെ ആറാട്ട് വഴിയിൽ അവസാനിക്കും. ഉത്സവ ആറാട്ട് അതിന്റെ വഴിക്കും പോകും.

തൊഴിലുറപ്പുപണിക്ക് പോവുകയായിരുന്നു ദേവകിയമ്മ. കമലാസനന്റേയും മണിയമ്മയുടെയും നാരായണന്റേയും ഗൗരവതരമായ സംസാരവും നിൽപ്പും ഭാവവും ഒക്കെക്കൂടി കണ്ട് എന്തോ പന്തികേട് തോന്നി അവർ നിന്നു.

“എന്താടീ …..മണിയമ്മോ?”

ചോദ്യംകേട്ട് നാരായണൻ തിരിഞ്ഞുനോക്കി. വാർത്തയുടെ ആദ്യ സംപ്രേഷണത്തിനായുള്ള വ്യഗ്രതയോടെ നാരായണൻ തിരിയുമ്പോൾ, അതിനുമുമ്പായി കമലാസനൻ വരാന്തയുടെ മുകളിലത്തെ ചാർത്തിന്റെ വാരിയിൽ കൈകൊടുത്തുനിന്ന് ദേവകിയമ്മയോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു. “ഞങ്ങടെ ചെറുക്കൻ പെണ്ണിനേംകൊണ്ട് ഒളിച്ചോടി.”

ഉദ്ദേശിക്കാത്ത ഘനത്തിലുള്ള വാർത്തകേട്ട് അത്‍ഭുതപ്പെട്ട് ദേവകിയമ്മ, ശബ്ദത്തിന് ഇത്തിരികൂടി കനംകൂട്ടി, തൊട്ടടുത്തുള്ള കവലയിലെ ആൾക്കാർ കേൾക്കുമാറുച്ചത്തിൽ ഉറക്കെപ്പറഞ്ഞു “യ്യോ…..”. എന്നിട്ട്, കവലയിൽ കൂടിനിൽക്കുന്നവർ കാണത്തക്കവിധത്തിൽ വാപൊത്തിനിന്നു. അതുകണ്ടിട്ട് കവലയിൽനിന്നവർ അവിടേക്കുവന്നു. അവർ ചോദിച്ചു “എന്താ … എന്താ?”

വീണ്ടും നാരായണൻ വാർത്ത സംപ്രേഷണം ചെയ്യുവാൻ നാക്കെടുക്കുംമുമ്പ് കമലാസനൻ ചാടിക്കേറി ഒറ്റ ശ്വാസത്തിൽ പറഞ്ഞു “ഞങ്ങടെ ചെറുക്കൻ പെണ്ണിനേംകൊണ്ട് ഒളിച്ചോടി.”

കാര്യം തോന്യാസമാണ് ചെക്കൻ കാണിച്ചതെങ്കിലും മറ്റുള്ളവരോട് അതുവിളമ്പുമ്പോൾ കിട്ടുന്ന ആത്മസുഖത്തിൽ അഭിരമിച്ച് കമലാസനൻ നിന്നു.

അടുത്ത ഡയലോഗ് കമലാസനൻ തൊടുക്കുന്നതിനുമുൻപ് നാരായണൻ ഊക്കോടെ തട്ടിവിട്ടു “മ്മടെ കൊട്ടപ്പാക്കൻ കുട്ടന്റെ മോളേംകൊണ്ട്.”

കൂടിനിന്നവരിൽ ആരോ ചോദിച്ചു “എവിടെവച്ചാ?”

ഒക്കുന്നെങ്കിൽ ഒക്കട്ടെ, വാർത്തയുടെ ലൈവ് തന്റെകയ്യിൽത്തന്നെയിരിക്കട്ടെ എന്നുകരുതി തനിക്കറിയാവുന്നതുവച്ച് നാരായണൻ കാച്ചിവിട്ടു “ബ്ലാങ്കൂരാ”. എന്നിട്ട് കമലാസനന്റെ നേരേനോക്കി ചോദിച്ചു “ഇല്ല്യോടാ?”

“കൊച്ചാട്ടാനിത് എന്തറിഞ്ഞിട്ടാ ഈപ്പറേന്നേ, അവനങ്ങു കോയമ്പത്തൂരാ…. ഈ പെണ്ണും അവിടാ പടിക്കുന്നേ. ഇന്നലെ രാത്രീലാരുന്നു സംഭവം. കാലത്തവൻ വിളിച്ചുപറേമ്പഴാ ഞങ്ങളുമറീന്നേ” കമലാസനൻ പറഞ്ഞു.

“അവനും അവിടാന്നോ പഠിക്കുന്നേ” ആരോ ചോദിച്ചു.

നാരായണന് ഒട്ടും പിടിയില്ലാത്ത സംഗതിയായതുകൊണ്ട് ഒന്നുംമിണ്ടിയില്ല. കമലാസനൻ പറഞ്ഞു “പടുത്തമെല്ലാം കഴിഞ്ഞിട്ട് ഇപ്പമവൻ അപ്പന്ടീസാ”. എന്നിട്ട് മണിയമ്മയോടായി ചോദിച്ചു “അല്ലിയോടീ?”

“ദാണ്ട മക്കളെ പഠിത്തമൊക്കെക്കഴിഞ്ഞു ജോലിക്കുകേറുമ്പോ എന്തോ വിളിക്കുമല്ലോ..?” കൂടിനിന്ന ചെറുപ്പക്കാരെ നോക്കി മണിയമ്മ ചോദിച്ചു.

ഒരു ചെറുപ്പക്കാരൻ പറഞ്ഞു “അപ്രന്റീസ്”

കമലാസനൻ ചാടിക്കേറി പറഞ്ഞു “ആണ്ടതുതന്നെ.”

ദേവകിയമ്മ അകത്തേക്ക് കടന്നുവന്നു. “അല്ലാ….. കുട്ടനിതുവല്ലോമറിഞ്ഞോടീ” അവർ ചോദിച്ചു.

“അതോർത്തിട്ടാ ഇച്ചേയി എനിക്കിരിക്കപ്പൊറുതിയില്ലാത്തത്.” മണിയമ്മ പറഞ്ഞു.

“നേരാ.. ദേഷ്യംവന്നാ കണ്ണുകാണാത്തവനാ കൊച്ചുകുട്ടൻ.” ദേവകിയമ്മ പറഞ്ഞു.

“കള്ളുംങ്കുടിച്ചോണ്ടുവന്ന് ഇതിയാന്റെ നെഞ്ചത്തോട്ടുകേറുമോന്നാ എനിക്കുപേടി.” അരമതിലിലേക്ക് മുട്ടിയിരുന്നുകൊണ്ട് മണിയമ്മ പറഞ്ഞു.

മണിയമ്മയുടെ ആ ഡയലോഗിൽ എല്ലാവരുടേയും മുന്നിൽ താൻ ഒന്ന് ചെറുതായതുപോലെ കമലാസനന് തോന്നി. ചൊരുക്കിവന്ന ശുണ്ടിയിൽ അയാൾ മണിയമ്മയുടെ നേരെ കൈ ഉയർത്തിക്കൊണ്ടുചെന്നു. “ദാണ്ട്……ഒരെണ്ണമെങ്ങു തരും. പറഞ്ഞേക്കാം കേട്ടോ”. കമലാസനന്റെ കൈ തനിക്കുനേരെ എത്രത്തോളം ഉയരുമെന്ന് നന്നായറിയാവുന്ന മണിയമ്മ ഒരുതരം ദുഷിച്ച മുഖഭാവത്തോടെ തലവെട്ടിച്ച് ഒരുകുലുക്കവുമില്ലാതെയിരുന്നു.

“അവളുപറഞ്ഞതിലും കാര്യമൊണ്ടടാ. അതിനൊന്നും മാറുന്നോനല്ലവൻ” ദേവകിയമ്മപറഞ്ഞു.

“ഹാ…ഒള്ളതാ..ഇങ്ങുവരട്ട്, അവന്റെ അടിനാവി ഇടിച്ചുകലക്കിവിടുംഞാൻ.” കമലാസനൻ പറഞ്ഞു. ‘വേണ്ടിവന്നാൽ ഈ കമലാസനൻ അതിനും മാറുന്നോനല്ല…ആ’ എന്ന ഭാവത്തിൽ അയാൾ കൂടിനിന്നവരേ നോക്കി.

“ഹയ്യോ പിന്നേ…അടിനാവി ഇടിച്ചുകലക്കി” പരിഹാസരൂപേണ ചിറികോട്ടി മണിയമ്മ കമലാസനനെ നോക്കിപ്പറഞ്ഞു.

മണിയമ്മയുടെ ടോൺ ഏറ്റുപിടിച്ച് അതേ ശൈലിയിൽ കമലാസനൻ തിരിച്ചുപറഞ്ഞു “ഹയ്യോ.. ഇല്ല പേടിയാ…” എന്നിട്ട് നാരായണനുനേരെ തിരിഞ്ഞു “കൊച്ചാട്ടോ…കഴിഞ്ഞതവണ പുളിയൻചിറയമ്പലത്തിലെ ഉത്സവത്തിന് അടികൊണ്ടു തൂറിയോടിയാനാ ഈ കൊച്ചുകുട്ടൻ … എന്നാ?”

അരമതിലിൽ കാലിൻമേൽ കാലുകയറ്റിവച്ച് കൂനിക്കുറുകിയിരുന്ന് കമലാസനന്റേയും മണിയമ്മയുടേയും തമ്മിൽത്തല്ലുകണ്ട് നിർവൃതികൊണ്ടിരിക്കുകയായിരുന്ന നാരായണൻ മൊഴിഞ്ഞു “അതൊള്ളതാ”

“ആരാ തല്ലിയോടിച്ചത് …ഇതിയാനോ?” മണിയമ്മ ചോദിച്ചു.

“ഞാനല്ല …. ആ കരയിലെ ആമ്പിള്ളാര്” കമലാസനൻ പറഞ്ഞു.

എടുത്തവായിലേ മണിയമ്മ പറഞ്ഞു “അത് ആമ്പിള്ളേരല്ലേ. അതുകണ്ട് നിങ്ങളെന്തിനാ തുള്ളുന്നത്?”

അതുകേട്ടു കമലാസനന് പെരുവിരലിൽനിന്നും ഒരു തരിപ്പ് അരിച്ചുകയറിവന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. അരിച്ചുവന്ന ദേഷ്യം അടക്കിപ്പിടിച്ച് ‘കൊച്ചാട്ടോ..ഇതിനൊക്കെ എന്തോ ശേഷംപറയാനാ’ എന്ന ഭാവത്തിൽ ഇടുപ്പിനു കൈകൊടുത്ത് നാരായണന്റെ മുഖത്തേക്കുനോക്കിനിന്നു. ആ സമയത്താണ് വീട്ടിൽ പെറ്റുകിടന്നിരുന്ന രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ അകത്തുനിന്ന് തമ്മിൽക്കളിച്ച് പൊടുന്നനെ കമലാസനന്റെ കാലിന്റെ ഇടയിലേക്ക് വന്നു ചാടിയത്. കലികൊണ്ട് മൂടിനു തീ പിടിച്ചുനിന്നിരുന്ന കമലാസനന് അതിനെ ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യംതോന്നി. കാലുകുടഞ്ഞ് കമലാസനൻ അലറി “യില്ലപ്പോപൂച്ചേ”. പിടഞ്ഞെഴുന്നേറ്റ പൂച്ചക്കുട്ടികൾ കളരിയഭ്യാസികളേപ്പോലെ ഞെരിഞ്ഞമർന്നിരുന്ന് കമലാസനന്റെ മുഖത്തേക്ക് പാളിനോക്കിയിട്ട് അകത്തേക്ക് ഓടിപ്പോയി. അകത്തുചെന്നിട്ട് പൂച്ചക്കുട്ടികൾ വാൽ താഴ്ത്തിപിടിച്ച്‌ കമലാസനനെ തുറിച്ചുനോക്കിക്കൊണ്ടുനിന്നു. ശുണ്ടിയടങ്ങാതെ പൂച്ചകൾക്ക് നേരേ കണ്ണുരുട്ടിക്കൊണ്ട് നിലത്ത് ആഞ്ഞുചവിട്ടി കമലാസനൻ പറഞ്ഞു. “പൊയ്‌ക്കോണം.” അതുകണ്ട് പൂച്ചക്കുട്ടികൾ അടുക്കളയിലേക്ക് പാഞ്ഞു.

വീടിനുമുന്നിൽ വീണ്ടും ആളുകൾ കൂടിവന്നു. പണിയായുധങ്ങളുമായി കവലയുടെ വടക്കേ വഴിയിലൂടെ കുറേ തൊഴിലുറപ്പു സ്ത്രീകൾ കമലാസനന്റെ വീട്ടിലേക്കുതന്നെ ആകാംഷയോടെനോക്കികൊണ്ട് പൂച്ചംപൂച്ചം ശബ്ദിച്ച് ധ്രുതചലനത്തോടെ നടന്നുവന്നു. വീടിന് അടുത്തെത്തുംമുമ്പേ അവർ വിളിച്ചുചോദിച്ചു “കമലാസനോ നേരാണോടാ കേൾക്കുന്നേ?”

“ഓ..എന്തോപറയാനാ.. പെഴയ്ക്കാനൊണ്ടായ ചെറുക്കൻ” വാരിക്കു കൈകൊടുത്ത് കക്ഷം തിരുമ്മി കമലാസനൻ ഉച്ചത്തിൽ പറഞ്ഞു.

നടന്നുവരുന്ന പെണ്ണുങ്ങളെ കണ്ടപ്പോൾ കാര്യങ്ങൾ വിശദീകരിക്കുവാനുള്ള സാധ്യത കണ്ട് നാരായണൻ ഉന്മേഷത്തോടെ അരമതിലിൽനിന്നും എഴുന്നേറ്റു.

അപ്പോഴാണ് മണിയമ്മ കണ്ടത്, കമലാസനന്റെ അരയിൽ കൈലിക്കുമുകളിലായി ചാടിക്കിടക്കുന്ന കറുത്തചരടും ഏലസും.

സ്വരം അടക്കിപ്പിടിച്ച് മുഷിവോടെ മണിയമ്മ പറഞ്ഞു “നിങ്ങളാദ്യം ആ കൈലിയൊന്ന് ചൊവ്വേയുടുക്ക് മനുഷ്യാ. പെണ്ണുങ്ങളുവരുന്നത് കണ്ടില്ലിയോ?.”

അരയിലേക്കുനോക്കിയിട്ട് ഇതിലൊക്കെയിപ്പം എന്തോയിരിക്കുന്നു എന്ന അർഥത്തിൽ “ഓ…” എന്ന് മൂളിയിട്ട് കമലാസനൻ കൈലിയുടെ വശം മുകളിലേക്കുവലിച്ചുവച്ചു. കറുത്തചരടും ഏലസും കൈലിയ്ക്കുള്ളിലേക്ക് ചെകിടിവച്ചു.

പെണ്ണുങ്ങൾ വീടിന് മുന്നിലെത്തി.

“ആ കൊച്ചുകുട്ടൻ വഴീലിറങ്ങിനിന്നു നിന്നെ പള്ളുപറഞ്ഞു നിൽപ്പൊണ്ട്..” ഒരു സ്ത്രീ പറഞ്ഞു.

“ഹെന്റെ ദൈവമേ… ഇനിയെന്തൊക്കെയാണോ” ഭയാശങ്കകളോടെ മണിയമ്മ നെഞ്ചത്ത് കൈവച്ചു.

“നീയൊന്നു ചുമ്മാതിരിയെടീ, അവന്റെ മണപ്പ് അവൻ അവിടെക്കെടന്ന് കാണിക്കത്തേയൊളൂ. ഇങ്ങോട്ടെങ്ങാനുംവന്നാ എന്റെ തനിക്കൊണം അവനറീം…തനിക്കൊണം.” കവലയ്ക്കലേക്ക് നീളത്തിൽ കൈചൂണ്ടി കമലാസനൻ പറഞ്ഞു.

“നിന്റെ വീടിന് തീവെയ്ക്കുമെന്നാ അവൻ പറേന്നത്.” ഒരു സ്ത്രീ വെട്ടരിവാൾ ഒതുക്കിപ്പിടിച്ച്‌ വളുവളാ ശബ്ദത്തിൽ പറഞ്ഞു.

അതുകേട്ടതും ഒരു വിപ്രിതി നുരഞ്ഞുകയറിയിട്ട് കമലാസനൻ പറഞ്ഞു. “ഹാ… ഉള്ളതാ…. ഈ വളപ്പിനാത്ത് കേറ്റുകേലവനേ.”

“ഒന്നു പോ മനുഷ്യാ മാറി. നിങ്ങളെന്തോന്ന്‌ കാണിക്കാനാ?” മണിയമ്മ പുച്ഛസ്വരത്തിൽ പറഞ്ഞു.

“വേണ്ടെടാ തല്ലാനും കൊല്ലാനുമൊന്നും പോവണ്ട” ദേവകിയമ്മ പറഞ്ഞു.

“ഇച്ചേയിക്കെന്നാ….. ഇതിയാനോ?” കമലാസനനെ ചൂണ്ടി പരിഹാസസ്വരത്തിൽ മണിയമ്മ പറഞ്ഞു. എന്നിട്ട് ‘നടന്നതുതന്നെ എന്ന അർഥത്തിൽ “ഉം….” എന്ന് മൂളിക്കൊണ്ട് ചിറി വക്രിച്ചുപിടിച്ച്‌ അലക്ഷ്യമായി നോക്കിനിന്നു.

“നീയൊന്നു കേറിപ്പോടീയകത്ത്. എനിക്കറിയാം എന്തോചെയ്യണമെന്ന്” കമലാസനൻ പറഞ്ഞു.

കുറച്ചു സ്ത്രീകൾ റോഡിൽനിന്ന് അകത്തേക്ക് കടന്നുവന്നു. അവർ തിണ്ണയുടെ അരഭിത്തിയിൽ കൈ ഊന്നിക്കൊണ്ട് മുറ്റത്ത് നിരന്നുനിന്നു.

“നീയാ ഫോണെടുത്ത് ചെറുക്കനേ വിളിച്ചുപറ, ആ പെണ്ണിനേ എവിടാന്നുവച്ചാ കൊണ്ടുവിടാൻ. ഇവിടെപ്രശനമാന്നു പറ.” കമലാസനനോട് ദേവകിയമ്മ ഉപായം പറഞ്ഞു.

“അതെന്തോ വർത്തമാനമാടീ ദേവകീ നീ പറേന്നേ? രാവെളുക്കുവോളം ഒരുപെണ്ണിനെ കൂടെപ്പൊറുപ്പിച്ചേച്ച് നേരംവെളുത്തപ്പം കൊണ്ടുവിടാമ്പറഞ്ഞാ? എന്തോ ന്യായമാ നീ പറേന്നേ?” നാരായണൻ പറഞ്ഞു.

കൂടിനിന്ന സ്ത്രീകളിൽ ചിലർ അത് ശരിവച്ചു “അതുതന്നെ… അതെങ്ങനാ ശരിയാവുന്നേ?” ചിലർ പറഞ്ഞു “ഓ…അതൊന്നും ശരിയാവുകേല.”

താനുയർത്തിവിട്ട ന്യായത്തിന് അഭിപ്രായമേറുന്നതുകണ്ടപ്പോൾ നാരായണൻ ഒന്ന് ഞെളിഞ്ഞുനിന്ന് തരംപോലെ സ്വരം ഘനപ്പിച്ച്‌ വീണ്ടും സംഗതി കത്തിച്ചു. “നീയെന്തോ പോക്കണംകേടായീപ്പറേന്നേ..ഹേ …”

പെട്ടെന്ന് ദേവകിയമ്മ അടവുനയം കൊണ്ടു. “അങ്ങനാന്നേ തെറ്റാ അത്…….തെറ്റാ”

“എന്നിട്ടിപ്പൊ എവിടൊണ്ട്‌ പിള്ളാര് രണ്ടും?” ഒരാൾ ചോദിച്ചു.

“ഹെന്റെ കുഞ്ഞേ എവിടാന്ന് ഞങ്ങക്കൊരുപിടീമില്ല. തിരിച്ചുവിളിച്ചിട്ടൊട്ട് കിട്ടുന്നുമില്ല” മണിയമ്മ പറഞ്ഞു.

നാരായണൻ താൻ ഉയർത്തിവിട്ട ന്യായം വീണ്ടുമൊന്ന് കത്തിക്കുവാൻ ശ്രമിച്ചുനോക്കി. “ഹല്ലിവളു പറഞ്ഞതുകേട്ടില്ലേ, പെങ്കൊച്ചിനേക്കൊണ്ടങ്ങു വിട്ടേക്കാൻ..”

“ഹെന്റെ കൊച്ചാട്ടാ അതുതെറ്റാന്ന് ഞാമ്പറഞ്ഞല്ലോ, പിന്നെന്തിനാ പിന്നേം അതുംപറഞ്ഞോണ്ടുവരുന്നേ?” ദേവകിയമ്മ പറഞ്ഞു.

വിവരമറിഞ്ഞു പിന്നെയും ആൾക്കാർ കൂടിവന്നു. സംഭവത്തിന്റെ സകല വശങ്ങളേക്കുറിച്ചും പലരും അഭിപ്രായങ്ങൾ പറഞ്ഞു. ചിലർ പറഞ്ഞു കൊച്ചുകുട്ടൻ വെറുതെയിരിക്കില്ല എന്ന്. ചിലർ കേസ് വരുമെന്ന് പറഞ്ഞു. ചെക്കനേയും പെണ്ണിനേയും ഉടനെ നാട്ടിലേക്ക് കൊണ്ടുവരേണ്ടെന്ന് ചിലർ പറഞ്ഞു. കൊച്ചുകുട്ടൻ വന്നാൽ ഇടംവലം നോക്കാതെ സ്ട്രോങ്ങായി നിൽക്കാൻ ചിലർ കമലാസനനെ ഉപദേശിച്ചു. എല്ലാംകൂടികേട്ട് എന്തുചെയ്യണമെന്നറിയാത്ത ഒരു വിഭ്രാന്തിയിലായി കമലാസനൻ.

ആ സമയത്ത് ആരോ കവലയിലേക്ക് ചൂണ്ടിപ്പറഞ്ഞു “ദോ കൊച്ചുകുട്ടൻ”

കവലയിലേക്ക് സൈക്കിളിൽ വന്നിറങ്ങുകയായിരുന്നു കൊച്ചുകുട്ടൻ. ഒരു കടയുടെ മുന്നിലായി അയാൾ സൈക്കിൾ ഒതുക്കിവച്ചു. അയാളുടെ കണ്ണുകളിൽ കനൽ എരിയുന്നുണ്ടായിരുന്നു..

ലക്കും ലഗാനവും നഷ്ട്ടപ്പെട്ട് കമലാസനൻ കവലയിലേക്കുനോക്കി അന്തംവിട്ടുനിന്നു. മണിയമ്മ നെഞ്ചത്ത് കൈവച്ച് ആധിയോടെ നിന്നു.

കവലയിൽ നിന്നവരോടായി കൊച്ചുകുട്ടൻ വിളിച്ചുപറഞ്ഞു “മാനംമര്യാദയ്ക്കാ ഞാനെന്റെ കൊച്ചിനേ വളത്തിയത്. അതിനെ കണ്ടോന് കൊടുക്കാനല്ല കഷ്ടപ്പെട്ടത്. എന്റെ കൊച്ചിനേംകൊണ്ടു അവനിവിടെപ്പൊറുക്കുന്നത് എനിക്കൊന്നുകാണണം”. എന്നിട്ട്‌ കമലാസനന്റെ വീട്ടിലേക്കു നോക്കി കൊച്ചുകുട്ടൻ പറഞ്ഞു “മുച്ചൂടും കത്തിക്കും ഞാനിന്ന്.”

കൂടിനിന്നവർ പറഞ്ഞു “അവൻ ചാരായതിന്റെ പൊറത്താ”

പെട്ടെന്ന് കമലാസനൻ എന്തോമനസ്സിലുറപ്പിച്ചതുപോലെ തിരിഞ്ഞ് അകത്തേക്ക് നടന്നു. പോകുംവഴിക്ക് സ്വരം കടുപ്പിച്ച് മണിയമ്മയോട് ചോദിച്ചു “നമ്മടെ കറുപ്പിച്ചാത്തി എവിടാടീ ഇരിക്കുന്നേ….?”

ചോദ്യംകേട്ട് മണിയമ്മ ഞെട്ടിതിരിഞ്ഞുനോക്കി. എന്നിട്ടു പിറകെ ചാടിച്ചെന്ന് കമലാസനന്റെ കൈയ്ക്കുപിടിച്ചുവലിച്ചു. “നിങ്ങളിത് എന്തോത്തിനുള്ള പുറപ്പാടാ മനുഷ്യാ?”

മുറ്റത്തുനിന്നവർ അകത്തെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി. അകത്ത് കമലാസനനും മണിയമ്മയുംകൂടി പിടിവലി നടത്തുകയാണ്.

മണിയമ്മയുടെ പിടുത്തം വിടുവിച്ച് അടുക്കളയിലേക്കു കയറാനായി ശ്രമിച്ചുകൊണ്ട് കമലാസനൻ പറഞ്ഞു “പൂളും ഞാനവനെ”

കെട്ടഴിഞ്ഞുപായുന്ന പശുവിന്റെ കയറിൽപിടിച്ച്‌ വലിച്ചുനിർത്തുന്നുന്നമാതിരി കമലാസനന്റെ കയ്യിൽപിടിച്ച്‌ വലിച്ചുനിർത്തിക്കൊണ്ട് മണിയമ്മ പറഞ്ഞു “വേണ്ടാദീനം കാണിക്കരുത്. ഇങ്ങോട്ടുവരീൻ”

പുറത്തുനിന്ന് നാരായണനും പെണ്ണുങ്ങളും വിളിച്ചുപറഞ്ഞു. “നീയെന്തോന്നാടാ കാണിക്കുന്നേ.”

കപ്പടാ മീശവിറപ്പിച്ച് കണ്ണുകളിൽ തീകത്തിച്ച്‌ കൊച്ചുകുട്ടൻ വീടിനടുത്തേക്ക് നടന്നെത്തി. “എവിടാടാ എന്റെകൊച്ച്? എന്റെ കൊച്ചിനേ എവിടോട്ട കൊണ്ടുപോയതെന്ന്?” കമലാസനന്റെ വീട്ടിലേക്കുനോക്കി കൊച്ചുകുട്ടൻ അലറി.

അകത്തെ ഇരുട്ടുവീണ തിണ്ണയിൽനിന്ന് കമലാസനൻ ആശങ്കളോടെ പുറത്തേക്കുനോക്കി. മണിയമ്മ അയാളെ വട്ടംപിടിച്ചുനിന്നു. “ഒറ്റയക്ഷരം മിണ്ടിയേക്കരുത്.” കൊച്ചുകുട്ടന്റെ കണ്ണിൽ കത്തുന്ന ക്രോധംകണ്ടപ്പോൾ പുറത്തേക്കിറങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് കമലാസനനും തോന്നി.

പുറത്തുകൂടിനിന്ന ആൾക്കാർ കൊച്ചുകുട്ടനോട് പറഞ്ഞു. “കുട്ടാ …ഒന്ന് സമാധാനപ്പെട്. പ്രശ്‌നമൊന്നും ഉണ്ടാക്കെണ്ടാ.”

“പോയിനെടാ മാറി. പോയത് എന്റെകൊച്ചാ. നിങ്ങക്കൊന്നും പോയില്ലല്ലോ?” പറഞ്ഞവർക്ക് നേരെ കൊച്ചുകുട്ടൻ ചീറി.

എല്ലാവരും കാഴ്ചക്കാരെപ്പോലെ നിന്നു.

“എടാ കമലാസനാ…..എന്റെ കൊച്ചെവിടാന്ന്…..എനിക്കറിയണം. നീയൊക്കെ അറിഞ്ഞോണ്ടാടാ എന്റെ കൊച്ചിനെ കയ്യും കലാശവും കാണിച്ചു വീഴ്ത്തിയത്‌.” വീടിനകത്തേക്ക് നോക്കി കൊച്ചുകുട്ടൻ പറഞ്ഞു.

അകത്തെ ഇരുട്ടിൽനിന്നുകൊണ്ട് കമലാസനൻ പറഞ്ഞു “എന്റെ കൊച്ചുകുട്ടാ ഞങ്ങക്ക് മനസാ വാചാ കർമണാ…..” അത്രയും പറഞ്ഞപ്പോഴേക്കും മണിയമ്മ കമലാസനന്റെ വായ പൊത്തി. “മിണ്ടരുതെന്നല്ലിയോ പറഞ്ഞത്.” കമലാസനൻ മണിയമ്മയുടെ കൈ തട്ടിമാറ്റി. “ഹാ…കാര്യംപറായതെങ്ങനാടീ.” മണിയമ്മ വീണ്ടും വായപൊത്തി. “വേണ്ടന്നല്ലിയോ പറഞ്ഞത്.”

“തെമ്മാടിത്തരം കാണിച്ചേച്ച് വീട്ടിനകത്തുകേറി ഒളിച്ചിരിക്കുന്നോടാ. എന്റെ കൊച്ചെവിടാന്നാ ചോദിച്ചത്. അവൾക്കെന്തെകിലും സംഭവിച്ചാ പിന്നെ നിന്നെയൊന്നിനേം ഞാൻ ജീവനോട് വച്ചേക്കില്ല.” കൊച്ചുകുട്ടൻ പറഞ്ഞു.

“കൊച്ചുകുട്ടാ നീയൊന്ന് സമാതാനപ്പെട്ടാട്ട്. സമാതാനത്തിൽ പറഞ്ഞാത്തീരാത്ത കാര്യമൊണ്ടോ?” കമലാസനൻ പറഞ്ഞു.

“ഭാ.. അവയൊരു സമാതാനം. കൊണ്ടുപോയി നിന്റെ അപ്പന്റെ കുഴിമാടത്തിൽ കൊണ്ടവക്കടാ. അവറ്റയൊരു സമാതാനം.” കൊച്ചുകുട്ടൻ പുശ്ചത്തോടെ ആട്ടി.

“ദാണ്ട് കൊച്ചുകുട്ടാ …ഇങ്ങനൊക്കെപ്പറഞ്ഞാ എനിക്കും തിരിച്ചുപറയാനൊക്കെ അറിയാം കേട്ടോ…” കമലാസനൻ പറഞ്ഞു.

പാറേമെടാ…..പറയും. എന്റെവീട്ടിക്കേറി വേണ്ടാത്തതരം കാണിക്കാൻവന്നാൽ, നിന്നേംപറേം നിന്റെയപ്പനേം പറേം ചത്തുപോയ നിന്റെ കാരണവമ്മാരേം പറേമെടാ.” കൊച്ചുകുട്ടൻ പറഞ്ഞു.

“പിന്നേ…..കൊറേ പറേം” അകത്ത് കമലാസനൻ പിറുപിറുത്തു.

കാര്യങ്ങൾ അടിയിലും ബഹളത്തിലും കലാശിക്കുമോ എന്ന് ആശങ്കപ്പെട്ടു മണിയമ്മ പുറത്തേക്കിറങ്ങി. അവർ കൊച്ചുകുട്ടനോട് പറഞ്ഞു. “എന്റെ കുട്ടൻകൊച്ചാട്ടാ…കൊച്ചാട്ടൻ സമാധാനത്തിൽ തിരിച്ചുപോയാട്ടെ. എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം.”

“ഭാ … ചൂലേ…. എന്റെ കൊച്ചിന് നഷ്ടപ്പെട്ടതിനൊക്കെ നീ പരിഹാരമുണ്ടാകുമോടീ…എടീ ഉണ്ടാക്കുമോന്ന്.” കൊച്ചുകുട്ടൻ അലറി.

മണിയമ്മ ഉത്തരംമുട്ടിനിന്നു.

“അവള് പരിഹാരമുണ്ടാക്കാൻ വന്നേക്കുന്നു. എന്തിയേടീ നിൻെകെട്ടിയോൻ ആ കെഴങ്ങൻ ….മണുകുണാഞ്ചൻ .. അവനോട് ഇങ്ങോട്ടെറങ്ങിവരാൻപറ.”

എല്ലാവരുടെയും മുന്നിൽവച്ചു തന്നെ കെഴങ്ങനെന്നും മണുകുണാഞ്ചനെന്നും വിളിക്കുന്നതുകേട്ടപ്പോൾ കമലാസനന് ജാള്യത തോന്നി. “പോടാ കൊട്ടപ്പാക്കാ” എന്ന് തിരിച്ചുവിളിക്കാൻ തികട്ടിവന്നതാണ്. എന്നാലും വിളിച്ചില്ല. ഒന്നും മിണ്ടാതെ മുഖം വക്രിച്ചുപിടിച്ച് ബീഭത്സഭാവത്തോടെ കൊച്ചുകുട്ടനെ നോക്കിക്കൊണ്ടുനിന്നു.

“നിന്റെ മോനൊണ്ടല്ലോ .. ആ എമ്പോക്കി…. അവനെ എന്റെ കയ്യിക്കിട്ടിയാ വെട്ടിനുറുക്കി നിന്റെ വീടിന്റെ നടേത്തള്ളും ഞാൻ.” മണിയമ്മയെ നോക്കി കൊച്ചുകുട്ടൻ പറഞ്ഞു.

മണിയമ്മ കൈകൂപ്പി കൊച്ചുകുട്ടനോട് പറഞ്ഞു “എന്തിനാ കുട്ടൻകൊച്ചാട്ടാ ആവശ്യമില്ലാത്തതൊക്കെ പറേന്നേ”

അകത്തുനിന്ന് കമലാസനൻ വരാന്തയിൽ നിൽക്കുന്ന നാരായണനോട് ചോദിച്ചു “എന്തവാ കൊച്ചാട്ടാ അവൻ പറഞ്ഞത്? എന്റെ ചെറുക്കനെ തല്ലുമെന്നല്ലിയോ?”

“ആ …. എന്നാ പറഞ്ഞേ” നാരായണൻ പറഞ്ഞു.

പെട്ടെന്നാണ് കമലാസനൻ വരാന്തയിലേക്ക് ചാടിയിറങ്ങിയത്. “ഇതിങ്ങനെവിട്ടാപ്പറ്റുകേല”. കൊച്ചുകുട്ടന്റെ നേരേ ദഹിപ്പിക്കുന്ന നോട്ടം നോക്കി ഉറച്ച ശബ്ദത്തിൽ അയാൾ പറഞ്ഞു. അയാളുടെ മുഖം ആകെ മാറിയിരിക്കുന്നു. അടിമുടി ശൗര്യം പൂണ്ടുനിൽക്കുന്ന കമലാസനനെക്കണ്ട് കൂടിനിന്നവർ അമ്പരന്നു.

വരാന്തയിൽ നിന്നിരുന്ന നാരായണനും അതുകണ്ട് പകച്ചുനിന്നുപോയി. അയാൾ കമലാസനനെ തടഞ്ഞുകൊണ്ട് അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു “വേണ്ടാടാ..”

“ഇതിങ്ങനെവിട്ടാപ്പറ്റുകേല കൊച്ചാട്ടാ… എത്രനേരമെന്നുവച്ചാ ഈ തരവഴി കേട്ടോണ്ടിരിക്കുന്നത്?”

ശബ്ദകോലാഹലങ്ങൾകൊണ്ട് മുഖരിതമായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് നിശബ്ദമായത്. മണിയമ്മക്കും ഒരുനിമിഷം മിണ്ടാട്ടം മുട്ടിപ്പോയി. “ഇതെന്തോ കൂത്താ ഈ മനുഷ്യൻ കാണിക്കുന്നത്” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവർ വരാന്തയിലേക്ക് ഓടിക്കയറി. അടുത്തുചെന്ന് കമലാസനന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവരും ആദ്യമൊന്നു പകച്ചു. എന്നിട്ട് അയാൾക്ക്‌ വട്ടം നിന്നു. “നിങ്ങളിത് എന്ത് ഭാവിച്ചാ… കേറകത്തോട്ട്.”

മണിയമ്മയെ ചുഴറ്റി മാറ്റിനിർത്തിക്കൊണ്ട് കമലാസനൻ പറഞ്ഞു “ഇതിങ്ങനെ കേട്ടോണ്ടിരിക്കാൻ പറ്റുകേല…… ഇതിവിടെ നിർത്തിച്ചേ ഒക്കൂ.” കമലാസനന്റെ ചുഴറ്റലിൽ വീഴാൻതുടങ്ങിയ മണിയമ്മയെ മറ്റു സ്ത്രീകൾ താങ്ങിപ്പിടിച്ചു.

വിറയ്ക്കുന്ന മുഖവുമായി കൊച്ചുകുട്ടനേയും നോക്കിക്കൊണ്ട് കമലാസനൻ കൈലി മടക്കിക്കുത്തി വരാന്തയുടെ പടിയിറങ്ങി.

നിൽക്കപ്പൊറുതിയില്ലാതെ മണിയമ്മ പിന്നാലെ ചെന്ന് കൈയ്ക്കുപിടിച്ചു. “ഇതിയാനിത് എന്തിന്റെ കേടാ…. ഇങ്ങോട്ടുവരാൻ.” പിടിവലിക്കിടയിൽ മണിയമ്മയുടെ മുടി കെട്ടഴിഞ്ഞുവീണു.

കമലാസനൻ കൈകുടഞ്ഞ് അലറി “വിടറീ കയ്യേന്ന്”

രണ്ടും കൽപ്പിച്ചിട്ടെന്നപോലെ ഊക്കോടെ വേലിക്കല്ല് ചവിട്ടിയിറങ്ങിയ കമലാസനന്റെ മട്ടും ഭാവവും കണ്ടിട്ട് കൊച്ചുകുട്ടന്റെ മുഖത്ത് ഒരു അന്ധാളിപ്പു പടർന്നു. കമലാസനനെ ഈ ഭാവത്തിൽ അയാളും കണ്ടിട്ടില്ല. മൂക്ക് വിയർത്തു. നാക്ക് താണു. ശൗര്യം പൊടുന്നനെ അണഞ്ഞു. എല്ലാവരുടെയും മുന്നിൽവച്ച് കമലാസനന്റെ തന്തക്ക് വിളിക്കേണ്ടിയിരുന്നില്ല. അയാളോർത്തു.

കൊച്ചുകുട്ടന്റെ അടുത്തേക്ക് നടന്നുനീങ്ങുന്ന കമലാസനന്റെ പിന്നിൽക്കൂടി മണിയമ്മ വട്ടംപിടിച്ചു. പക്ഷേ മണിയമ്മയുടെ പിടിയിൽ നിൽക്കാതെ കമലാസനൻ മുന്നോട്ടുനടന്നു. ആ വരവുകണ്ട്‌ കൊച്ചുകുട്ടൻ അറിയാതെ ഒരടി പിന്നിലേക്കു പതറിമാറി. മുഖത്ത് കൂടുതൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. കമലാസനന്റെ കണ്ണുകളിലേക്കുനോക്കി ദയനീയമായി നിൽക്കുന്ന കൊച്ചുകുട്ടന്റെ ഭാവംകണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.

കൊച്ചുകുട്ടന്റെ നേർക്കുനേരേ കമലാസനൻ നിന്നു. എന്തും സംഭവിച്ചേക്കാവുന്ന നിമിഷങ്ങൾ. കമലാസനൻ ആദ്യം തന്റെ ചൂണ്ടുവിരൽ കൊച്ചുകുട്ടന്റെ നേരേ നീട്ടിപ്പിടിച്ചു. അടുത്തതായി കമലാസനനിൽനിന്നും വരാൻപോകുന്ന ഞെരിപ്പൻ ഡയലോഗ് കേൾക്കാൻ എല്ലാവരും കാതോർത്തു. പക്ഷെ, പുലിയെപ്പോലെ ഇരുന്ന കമലാസനന്റെ മുഖം ഒരു നിമിഷംകൊണ്ടാണ്‌ എലിയെപ്പോലെയായത്. കൊച്ചുകുട്ടന്റെ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു “കൊച്ചുകുട്ടോ….നീയീപ്പറഞ്ഞതെല്ലാം കേട്ടോണ്ട് മോളിലൊരുത്തൻ ഇരുപ്പൊണ്ടന്നകാര്യം ഓർത്തോണം. നിന്നോട് ദൈവം ചോദിച്ചോളും, കേട്ടോ. അവനോൻ ചെയ്യുന്നേന്റെ ഫലം അവനോൻതന്നെ അനുഭവിക്കും. ഓർത്തോ…”. അത്രയും പറഞ്ഞിട്ട് നേരേ വെട്ടിത്തിരിഞ്ഞ് കമലാസനൻ വീട്ടിലേക്ക് ഒറ്റ നടത്തം നടന്നു. പിന്നാലെ മണിയമ്മ കമലാസനനെ അകത്തേക്ക് തള്ളികൊണ്ടുപോയി. “മതി. കേറകത്ത്.”

അത്ഭുതം കൂറിനിന്നവരുടെ മുഖത്ത് ചിരിപടർന്നു. പക്ഷേ, അങ്കം ജയിച്ച അങ്കച്ചേകവരുടെ ഭാവത്തോടെയാണ് കമലാസനൻ വരാന്തയിലേക്ക് കയറിയത്. ‘അവനിനിയും മേലാൽ മിണ്ടുകയില്ല, അതുപോലെ വയറുനിറച്ചു കൊടുത്തിട്ടുണ്ട്’ എന്ന ഭാവത്തിൽ അയാൾ നാരായണനന്റെ നേരെ വീരസ്യത്തിൽ നോക്കി.

കമലാസനന്റെ മസിലു വീർപ്പിച്ചുള്ള നിൽപ്പും ഭാവവും കണ്ടപ്പോൾ നാരായണന് ഒരു ചിരി ഉള്ളിൽനിന്നും പൊന്തിവന്നു. അത് കമലാസനന് മനസിലാകാതിരിയ്ക്കുവാനായി ഒരു ചുമ വരുത്തി ചുമച്ചു ചിരിയെ ചെറുക്കുവാൻ അയാൾ നോക്കി. എന്നിട്ടും ഫലവത്താകാഞ്ഞിട്ട് നെറുകകൂട്ടി ഒന്ന് നീട്ടി കാക്രിച്ചുവലിച്ച് തുപ്പാനെന്ന ഭാവേന അരമതിലിന്റെ ഒരറ്റത്തേക്ക് നടന്നു. നാരായണന്റെ കോക്രികളിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി കമലാസനൻ നിന്നെങ്കിലും പെട്ടെന്ന് മണിയമ്മ അയാളെ തള്ളി അകത്തേക്ക് കയറ്റി. “കേറകത്ത്. ” അരമതിലിലേക്ക് കൈ ഊന്നിനിന്ന് നാരായണൻ പല്ല് ഇളിച്ചു ചിരിയടക്കി.

അപ്പോഴും കൊച്ചുകുട്ടൻ അന്ധാളിപ്പിൽനിന്നും മുക്തനായിരുന്നില്ല. തെല്ലിടകൂടി അയാൾ ആ നിൽപ്പുനിന്നു. കമലാസനന്റെ മുന്നിൽ ഭയപ്പെട്ടുനിന്നുപോയ താൻ ഒരു പരിഹാസ പാത്രമായി മാറിയത് അയാൾ അറിഞ്ഞു. കണ്ണുകളിൽ വെള്ളംനിറഞ്ഞു. വേദനയോടെ കണ്ഠമിടറി അയാൾ പറഞ്ഞു “കൊണ്ടുപോയി വളത്തു നിങ്ങള്……കൊണ്ടുപോയി വളത്ത്. ഇനി ഞാൻ കൊണ്ടുപോയിട്ട് ആർക്കുപിടിച്ചുകൊടുക്കാനാ…. വളത്തീൻ. എനിക്ക് പോയത് പോയി. പക്ഷേ ഈ ചതി എന്നോട് വേണ്ടാരുന്നു…. കേട്ടോടാ കമലാസനാ. വളത്തീൻ നിങ്ങള്…വളത്തീൻ.

കൈലിയുടെ തുമ്പെടുത്ത് കണ്ണുനീർ തുടച്ചിട്ട് വ്രണിത ഹൃദയനായി ആൾക്കൂട്ടത്തിനിടയിലൂടെ തലകുമ്പിട്ട് കൊച്ചുകുട്ടൻ നടന്നു നീങ്ങി. തെല്ലിട നടന്നിട്ട് വീണ്ടും തിരിഞ്ഞുനിന്ന് വികാരഭരിതനായി അയാൾ പറഞ്ഞു “പത്തുപതിനാറു കൊല്ലം കാത്തിരുന്നിട്ട് ഉരുളികമത്തിയുണ്ടായ കുഞ്ഞാ അവള്. പെറ്റിട്ടേന്റെ മൂന്നാമ്പക്കം തള്ള മേലോട്ടുപോയതാ. പിന്നെ കൈവെള്ളേ വച്ചാ ഞാനവളെ വളത്തിയത്.”

കമലാസനന്റെ വീട്ടിലേക്കുനോക്കി നെഞ്ചത്തടിച്ചുകൊണ്ട് അയാൾ പറഞ്ഞു “യെന്റെ ഉയിരുകൊടുത്തു വളത്തിയ കുഞ്ഞാ അവള്. യെന്റെ കുഞ്ഞിനെ നാളേം ആ നെലേതന്നെ വളത്തിക്കണ്ടാമതി.” നിറകണ്ണുകളോടെ അയാൾ മുഖംതിരിച്ചു നടന്നു. അത്രമാത്രം മതി എന്ന അർഥത്തിൽ കൈ ഉയർത്തിക്കാട്ടി.

കവലയിലേക്കു നടന്നുനീങ്ങുന്ന കൊച്ചുകുട്ടനെ, അരമതിലിന്റെ തൂണിനോടമർന്നുനിന്ന് മണിയമ്മ അന്ധാളിപ്പോടും ദൈന്യതയോടുംകൂടി നോക്കിനിന്നു.

അകത്തുനിന്നും കമലാസനൻ ഗൗരവം മുറ്റിയ മുഖത്തോടെ വരാന്തയിലേക്കിറങ്ങിവന്നു. “നാരായൺ കൊച്ചാട്ടോ…. ദേവകി ഇച്ചയ്യേ…. കമലാസനൻ വിളിച്ചു.

കൂടിനിന്നവർ കമലാസനനേ നോക്കി.

“അവമ്പോയത് കണ്ടോ? ഒരു പെങ്കൊച്ചിനെ പൊന്നേ പൊടിയേന്നുപറഞ്ഞു നോക്കിവളത്തിയ ഒരു തന്തയാ മനസ് ദണ്ണപ്പെട്ടുപോയേക്കുന്നേ. അവന്റെ കണ്ണീര് നമ്മള് കണ്ടില്ലാപ്പെട്ടിരുന്നാ ദൈവം പൊറുക്കുകേല. പിന്നെ കുഞ്ഞുങ്ങടെ ജീവിതം ചൊവ്വാകുമോ?” കമലാസനൻ ചോദിച്ചു.

മണിയമ്മ ഒന്നും മിണ്ടാതെ കമലാസനന്റെ മുഖത്തേക്ക് നോക്കി.

നാരായണനോടും ദേവകിയോടുമായി കമലാസനൻ ചോദിച്ചു. “ആകുമോ കൊച്ചാട്ടാ…? ആകുമോ ഇച്ചേയ്യീ…? നിങ്ങള് പറ….”

“അതുനേരാ…” പിന്നിൽ കൈകെട്ടി നാരായണൻ ദേവകിയോടായി പറഞ്ഞു. ദേവകിയും അത് ശരിവച്ചു “ആന്നാന്നു.”

“ആന്നോ…?” കമലാസനൻ ഊന്നിച്ചോദിച്ചു.

ദേവകിയമ്മ കട്ടായം പറഞ്ഞു “ആന്നൂ …”.

“ആന്നേ….” ദേവകിയമ്മയുടെ മുഖത്തേക്ക് മിഴികളാഴ്ത്തി കമലാസനൻ കനപ്പിച്ചു ചോദിച്ചു.

ദേവകിയമ്മ കനപ്പിച്ചുതന്നെ തലയാട്ടിപ്പറഞ്ഞു. “ആന്നൂ …”.

“അങ്ങനാന്നേൽ, പിള്ളാര് വന്നുകഴിഞ്ഞാ ആദ്യം അവന്റരിക്കപ്പോയി സമ്മതം വാങ്ങിക്കണം.” കമലാസനൻ പറഞ്ഞു. എന്നിട്ട് തന്റെ നിലപാടിനോടുള്ള അഭിപ്രായം തേടിക്കൊണ്ട് കമലാസനൻ എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. “കുരുത്തദോഷം കുഞ്ഞുങ്ങടെ തലേവീഴരുത്.” അയാൾ പറഞ്ഞു.

“വേണ്ടതുതന്നാടാ അത്….നല്ലകാര്യമാ” നാരായൺ പറഞ്ഞു.

“കൊച്ചാട്ടനറീമോ….. കുടിപ്പള്ളിക്കൂടത്തിൽ ഓലേംപിടിച്ച് ഒന്നിച്ചുപോയോരാ ഞാനും അവനും. കൊച്ചിന്റെ കാര്യംപഞ്ഞ് ദണ്ണപ്പെട്ടവൻ പോകുന്നതുകണ്ടപ്പം മനസുപൊടിഞ്ഞുപോയി. ഞാനുമൊരു തന്തയാ” വികാരഭരിതനായി കമലാസനൻ പറഞ്ഞു.

“നന്നായെടാ… അങ്ങനെതന്നെയാ വേണ്ടേ…. ഒത്താ നീയും എവളുംങ്കൂടെപ്പോണം” ദേവകിയമ്മ പറഞ്ഞു.

കൂടിനിന്നവർ നിർന്നിമേഷരായി നോക്കിനിന്നു. കമലാസനൻ മണിയമ്മയെ നോക്കി. തൂണിനു ചാരി താടിക്കു കൈകൊടുത്ത് വീർപ്പടക്കിനിൽക്കുകയായിരുന്നു മണിയമ്മ. കമലാസനനെ ശരിവച്ചുകൊണ്ട് അവർ നെടുതായി നിശ്വസിച്ചു. കലിയിറങ്ങിയ മണിയമ്മയുടെ കണ്ണിൽ കമലാസനൻ ഒരു കമലദളമായി മാറാൻ തുടങ്ങുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top