Flash News

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ നിന്ന് അന്വേഷണ സംഘമെത്തുമ്പോള്‍ ബിഷപ്പ് ഹൗസ് വളയണമെന്ന് വിശ്വാസികളോട് മതബോധന ഡയറക്ടറുടെ ആഹ്വാനം; സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

August 9, 2018

franco-mulakkal-bishop-830x412ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ നിന്ന് അന്വേഷണ സംഘമെത്തുമ്പോള്‍ ബിഷപ്പ് ഹൗസ് വളയണമെന്ന് വിശ്വാസികളോട് മതബോധന ഡയറക്ടറുടെ ആഹ്വാനം. പോലീസിനെ നേരിടാന്‍ എല്ലാ പ്രതിരോധവും ഒരുക്കുന്നതിന്റെ ഭാഗമായാണു രൂപതയിലെ വേദോപദേശികള്‍ക്കു മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ ഗ്രീവല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.  ഇന്നു രാവിലെ ഒമ്പതിന് ബിഷപ്പിനെ ചോദ്യം ചെയ്യാനായി പോലീസ് എത്തുമെന്നും ഈ സമയം വിശ്വാസികള്‍ അവിടെയുണ്ടാകണമെന്നുമാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇടവകകളില്‍ വേദോപദേശത്തിനായി രൂപത പരിശീലനം നല്‍കി ശമ്പളം കൊടുത്ത് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ മാത്രമാണ് ബാബുജി എന്നറിയപ്പെടുന്ന വേദോപദേശികള്‍.

ഇടവകകളിലെ വേദോപദേശികളും അവരുടെ പ്രദേശത്തുള്ളതും പരിചയത്തിലുള്ളതുമായ വലിയൊരു ശതമാനം വിശ്വാസികളെയും കൂട്ടിവരണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. ബിഷപ്പിനെതിരായി തെറ്റായൊരു അന്വേഷണ റിപ്പോര്‍ട്ട് പോലീസ് നല്‍കാതിരിക്കാനാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതെന്നു സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടായാല്‍ ഫോണ്‍ മുഖേന എല്ലാവരെയും അറിയിക്കാമെന്നും സൂചിപ്പിച്ചിട്ടുണ്ട്. രൂപതയിലെ ഭൂരിഭാഗം വിശ്വാസിസമൂഹത്തിനും മനസിലാകുന്നതിനായി പഞ്ചാബിയിലാണു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഇടവകയിലെ ഓരോ അംഗങ്ങളുമായി നല്ല ബന്ധമുള്ളതിനാല്‍ തന്നെ ഈ ബന്ധം മുതലാക്കുകയാണ് സഭാനേതൃത്വം ചെയ്യുന്നത്.

വൈക്കം ഡി‌വൈ‌എസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുളള സംഘം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നടത്തിയ അന്വേഷണത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തക്കതായ തെളിവുകള്‍ ലഭിച്ചെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതിയും ലഭ്യമായ തെളിവുകളും സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായാണ് സൂചന.

ബിഷപ്പിനെതിരേ കന്യാസ്ത്രീ ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച പരാതിയുടെ ഇ മെയില്‍ പകര്‍പ്പ് വത്തിക്കാന്‍ സ്ഥാനപതിയുടെ സെക്രട്ടറി പോലീസിന് കൈമാറിയിട്ടുണ്ട്. പ്രധാന തെളിവുകളിലൊന്നാണിത്. ഇ-മെയിലിന്റെ പകര്‍പ്പും രേഖകളും ഹാര്‍ഡ് ഡിസ്‌ക്കുകളും അന്വേഷണ സംഘത്തോടൊപ്പമുളള സൈബര്‍ വിദഗ്ധന്‍ പരിശോധിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. സമാനമായ പീഡനകേസുകളിലെടുത്ത നിലപാട് ഈ കേസിലും സ്വീകരിക്കണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പിന് നല്‍കിയ ഉപദേശമെന്നാണ് സൂചന. ഒരാഴ്ചയായി ഡല്‍ഹിയില്‍ കഴിയുന്ന അന്വേഷണ സംഘത്തിലെ നാലുപേരാണ് ജലന്ധറില്‍ എത്തിയത്. ഇന്ന് ബിഷപ്‌സ് ഹൗസിലെത്തുന്ന അന്വേഷണ സംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയാണു തയാറാക്കിയിരിക്കുന്നത്.

കന്യാസ്ത്രിയുടെ ഇടവക വികാരി ഫാ. നിക്കോളോസിന്റെയും, കന്യാസ്ത്രിക്കെതിരെ നേരത്തെ പരാതി നല്‍കിയ ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവായ യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. സി.എം.ഐ വൈദികന്‍ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അന്വേഷണ സംഘം തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന. കന്യാസ്ത്രിയുടെ സഹപ്രവര്‍ത്തകരായ നാലു കന്യാസ്ത്രിമാരുടെയും ബംഗളുരുവിലും ബീഹാറിലുമായി താമസിക്കുന്ന മുന്‍ കന്യാസ്ത്രീമാരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

കണ്ണൂര്‍ ജില്ലയിലെ രണ്ടു കന്യാസ്ത്രീ മഠങ്ങളില്‍നിന്നും കുറവിലങ്ങാട്ടെ മഠത്തില്‍നിന്നും കണ്ടെടുത്ത സന്ദര്‍ശക ഡയറി തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറവിലങ്ങാട്ടെ മഠത്തിലേക്ക് ബിഷപ് ഫ്രാങ്കോ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്. കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളിലേക്കയച്ച കത്തുകളും ജലന്ധര്‍ രൂപതയിലെ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറലിന് നല്‍കിയ പരാതിയും മദര്‍ ജനറല്‍ കന്യാസ്ത്രീക്ക് നല്‍കിയ മറുപടി സന്ദേശവും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top