Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

അസഹിഷ്ണുതയുടെ അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ (ലേഖനം)

August 11, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

asahishnutha anakkett-1അധികാരത്തിലിരിക്കുന്നവരുടെ അഹന്തയും അസഹിഷ്ണുതയും അണക്കെട്ടു തുറന്നുവിടുംപോലെ പുറത്തേക്കൊഴുക്കിവിട്ട ഒട്ടേറെ രാഷ്ട്രീയ കാഴ്ചകളാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്.

കലൈജ്ഞര്‍ കരുണാനിധിയുടെ മൃതദേഹം മറീന കടല്‍ത്തീരത്ത് സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതിയില്‍വരെ അണ്ണാ ഡി.എം.കെ ഭരണനേതൃത്വം വാശിപിടിച്ചതും തോല്‍വി ഏറ്റുവാങ്ങിയതും അതിലൊന്നുമാത്രം. തലൈവരുടെ വിയോഗത്തില്‍ ചെന്നൈ നഗരത്തെ ദു:ഖസമുദ്രമാക്കിയ ജനലക്ഷങ്ങള്‍ പ്രകോപിതരാകാതെയും തമിഴകം ആളിക്കത്താതെയും രക്ഷിച്ചത് ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഉത്തരവ്.

PHOTOപെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ക്കും അണ്ണാദുരൈയ്ക്കും ശേഷം തമിഴ് നാട്ടില്‍ ആദിദ്രാവിഡ രാഷ്ട്രീയത്തിന്റെ കാവല്‍ പോരാളിയായി നിലകൊണ്ടത് കലൈജ്ഞര്‍ കരുണാനിധിയാണ്. പക്ഷെ അണ്ണാ ഡി.എം.കെ ഗവണ്മെന്റ് രാഷ്ട്രീയ കണ്ണടയിലൂടെ അദ്ദേഹത്തെ കണ്ടത് കേവലം ഒരു മുന്‍മുഖ്യമന്ത്രിയായാണ്. അണ്ണാദുരൈയുടെ അന്ത്യവിശ്രമ സ്ഥാനത്തിനടുത്ത് ആറടി മണ്ണ് അന്ത്യയാത്രയ്‌ക്കൊരുങ്ങി കിടക്കുന്ന കരുണാനിധിക്ക് നല്‍കണമെന്ന് അര്‍ദ്ധരാത്രി ഡി.എം.കെയ്ക്ക് ഹൈക്കോടതിയില്‍ചെന്ന് അപേക്ഷിക്കേണ്ടിവന്നു. തമിഴിന്റെ ആത്മവീര്യം തട്ടിയുണര്‍ത്തിയ കരുണാനിധിക്ക് മരണത്തിലും തമിഴകത്തെ മനുഷ്യരിലുള്ള സ്‌നേഹവും ആദരവും സ്വാധീനവും അവര്‍ തിരിച്ചറിയാതെപോയി.

94-ാം വയസിലും തന്റെ ജീവനെക്കാളും തമിഴരെയും തമിഴകത്തെയും സ്‌നേഹിക്കുകയും വിശ്രമമില്ലാതെ അവര്‍ക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തലൈവര്‍ കരുണാനിധി. 33 വര്‍ഷംമുമ്പ് തന്റെ ശവപേടകത്തില്‍ കുറിക്കാനുള്ള വാചകം അദ്ദേഹം ഇങ്ങനെ എഴുതിവെച്ചു: വിശ്രമമില്ലാതെ ജീവിച്ച ഒരു മനുഷ്യന്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.

തിരക്കഥകളിലൂടെ രാഷ്ട്രീയം പ്രേക്ഷക മനസിലേക്കെത്തിച്ച കരുണാനിധിയുടെ കഥാപാത്രത്തിന്റെ വാമൊഴിയായിരുന്നില്ല ആ വാക്കുകള്‍. സ്വന്തം ജീവിതം ആ വരികളില്‍ പ്രകടമാക്കുകയായിരുന്നു. ജനങ്ങളുടെ ഓര്‍മ്മയില്‍നിന്നും ചരിത്രത്തിന്റെ താളില്‍നിന്നും കലൈജ്ഞരെ തുടച്ചുമാറ്റാന്‍ കഴിയില്ലെന്ന് കോടതിപോലും പരോക്ഷമായി വ്യക്തമാക്കി.

ഒരു സംസ്ഥാന ഗവണ്മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രിയുടേയോ പാര്‍ട്ടിയുടേയോ വിഷയം മാത്രമല്ല ഈ രാഷ്ട്രീയ രോഗമെന്ന് അടുത്തദിവസം സുപ്രിംകോടതിയില്‍ നടന്ന മറ്റൊരു സംഭവം വ്യക്തമാക്കുന്നു. അറ്റോര്‍ണി ജനറലും പൊതു താല്പര്യ ഹര്‍ജി കേള്‍ക്കുന്ന കോടതിയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍: വലിയ പ്രത്യാഘാതമുണ്ടാക്കുന്ന പരാമര്‍ശങ്ങളില്‍നിന്നു സുപ്രിംകോടതി ഒഴിഞ്ഞുനില്‍ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയാണ് ഗവണ്മെന്റ് ചെയ്യേണ്ടതെന്ന് ഉരുളയ്ക്കുപ്പേരിയായി സുപ്രിംകോടതിയും തിരിച്ചടിച്ചു.

ഇത് ലാഘവമായ വാചകമേളയുടെ പ്രശ്‌നമല്ല. അറ്റോര്‍ണി ജനറല്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യാ ഗവണ്മെന്റിനെയാണ്. ജഡ്ജിമാര്‍ സുപ്രിംകോടതിയെന്ന ഭരണഘടനാ സ്ഥാപനത്തെയും. അവരുടെ പരാമര്‍ശങ്ങള്‍ എങ്ങനെ വേണം, എന്തുവേണം എന്ന് നിര്‍ദ്ദേശിക്കാനും നിയന്ത്രിക്കാനും അറ്റോര്‍ണി ജനറല്‍ മുതിരുന്നത് കോടതിയിലുള്ള സര്‍ക്കാറിന്റെ കൈകടത്തലാണ്. ഭരണഘടനാ വ്യവസ്ഥകളിലെ ഇടപെടലാണ്. ഗവണ്മെന്റിന്റെ നയങ്ങളും നിലപാടുകളും ഭരണഘടനാ വ്യവസ്ഥകളുടെ പിന്‍ബലത്തില്‍ അറ്റോര്‍ണി ജനറല്‍ക്ക് കോടതിയില്‍ ബോധിപ്പിക്കാം. ഒരു സെന്‍സറെപ്പോലെ കോടതിയുടെ വായടപ്പിക്കാനോ വിവേചനം അടിച്ചേല്‍പ്പിക്കാനോ തങ്ങള്‍ക്കിഷ്ടപ്പെട്ട അഭിപ്രായങ്ങളോ വിധിയോ മാത്രം മതിയെന്ന് കല്‍പ്പിക്കാനോ കേന്ദ്ര ഗവണ്മെന്റിന് അധികാരമില്ല. അതു മറക്കുകയാണ് കെ.കെ വേണുഗോപാലിനെപ്പോലെ നിയമപാരമ്പര്യമുള്ള അറ്റോര്‍ണിജനറല്‍ ചെയ്തത്.

അടിയന്തരാവസ്ഥയില്‍ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടാണ് കേന്ദ്രഗവണ്മെന്റ് നീതിപീഠങ്ങളെപോലും ഷണ്ഡവത്ക്കരിച്ചത്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ഭീഷണി വീണ്ടും നിലനില്‍ക്കുകയാണെന്ന് സുപ്രിംകോടതിയില്‍നിന്ന് ഇറങ്ങിവന്ന് ജനങ്ങളോട് ഈയിടെ വിളിച്ചുപറഞ്ഞതും മുതിര്‍ന്ന ജഡ്ജിമാര്‍തന്നെയായിരുന്നു.

രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്താണെന്ന് വെളിപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങള്‍ കേന്ദ്രഗവണ്മെന്റിനും സുപ്രിംകോടതിക്കുമിടയില്‍ പിന്നീടുണ്ടായി. അതില്‍ ഏറ്റവും പ്രധാനമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ആദ്യം തള്ളിയത്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയ ജസ്റ്റിസ് കെ.എം ജോസഫിന്റെ തീരുമാനമാണ് കേന്ദ്രഗവണ്മെന്റിനെ പ്രകോപിപ്പിച്ചത്.

ഏഴു മാസങ്ങള്‍ക്കുശേഷം കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേര് ശുപാര്‍ശചെയ്തതോടെ മറ്റുമാര്‍ഗമില്ലാതെ കേന്ദ്ര ഗവണ്മെന്റിന് അനുസരിക്കേണ്ടിവന്നു. എന്നിട്ടും പകയും അസഹിഷ്ണുതയും നിയമന ഉത്തരവില്‍ കേന്ദ്ര ഗവണ്മെന്റ് പ്രകടിപ്പിച്ചു. പുതിയ ജഡ്ജിമാരായി ഉയര്‍ത്തുന്ന ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവര്‍ക്കു പിറകെ വിജ്ഞാപനത്തില്‍ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് ചേര്‍ത്ത് അദ്ദേഹത്തിന്റെ സീനിയോറിറ്റി താഴ്ത്തിക്കെട്ടി. തെറ്റായ ഈ നടപടിയില്‍ സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ ഒന്നടങ്കം ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ വിളിച്ച് വിയോജിപ്പ് അറിയിക്കുകയും ചെയ്തു.

ഇതിന്റെ പ്രത്യാഘാതം പലതാണ്. ഗവണ്മെന്റ് നിലപാടിനെ കണ്ണടച്ച് അനുകൂലിച്ചില്ലെങ്കില്‍ ജഡ്ജിമാരെയും കോടതിയെയും വകവെക്കില്ലെന്ന ആവര്‍ത്തിച്ചുള്ള നിലപാട്. തുടരെത്തുടരെ കോടതികളില്‍നിന്നു വരുന്ന വിമര്‍ശനം കൂടുതല്‍ കൂടുതല്‍ സര്‍ക്കാറിനെ രോഷാകുലമാക്കുകയാണ്. പക്ഷെ ഇവിടെ ഒരു അടിയന്തരാവസ്ഥയില്ലെന്നും മാത്രമല്ല ഗവണ്മെന്റിന് ഉടനെതന്നെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്നും ഉള്ളതുകൊണ്ട് രോഷം കടിച്ചമര്‍ത്തി സഹിക്കുകയാണ് ഭരണനേതൃത്വം. ഈ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കോടതികളില്‍നിന്നും ജനങ്ങളില്‍നിന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുയര്‍ന്ന ഓരോ വിഷയങ്ങളും മാറ്റിവെക്കുകയോ പിന്‍വലിക്കുകയോ ചെയ്ത് ജനാധിപത്യ മുഖം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനവിധി നേടി തിരിച്ചുവരാനായാല്‍ ഇവയെല്ലാം കൂടുതല്‍ കടുപ്പത്തോടും സമഗ്രതയോടും ജനവിധിയുടെ പേരില്‍ വീണ്ടും നടപ്പാക്കാമെന്നതാണ് ഉള്ളിലിരിപ്പ്.

പാലം കടക്കുംമുമ്പേതന്നെ അസഹിഷ്ണുതയും അധികാരമത്തും തലയ്ക്കു പിടിച്ചതിന്റെ പ്രത്യാഘാതമാണ് കോണ്‍ഗ്രസ് ഐ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ അനുഭവിച്ചത്. ലോകസഭയില്‍ അവിശ്വാസം പരാജയപ്പെട്ടെങ്കിലും ഭരണകക്ഷിയിലെ ഭിന്നിപ്പും പ്രതിപക്ഷത്തെ പരമാവധി യോജിപ്പും വിശ്വാസവോട്ടില്‍ പ്രകടമായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്കായി. പ്രതിപക്ഷത്ത് അനൈക്യവും ഭരണപക്ഷത്ത് വിശാല ഐക്യവും ഉണ്ടെന്ന് തെളിയിക്കാനും.

ബിജു ജനതാദളിനെ പാട്ടിലാക്കാന്‍ കഴിഞ്ഞതും മറ്റും ഇതിനു സഹായകമായെങ്കിലും പ്രതിപക്ഷത്തെ അനൈക്യത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഐയ്ക്കും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമാണ്. ഭരിക്കാന്‍ പോകുന്നു, പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന വിശ്വാസം രാഹുല്‍ഗാന്ധിയെ ആവേശിച്ചതായി തോന്നുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളേയും പ്രതിപക്ഷ ഐക്യത്തേയും അവഗണിക്കുന്ന മനോഭാവം രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയില്‍നിന്നുണ്ടായി. അതിന്റെ പ്രതിഫലനമാണ് ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കണ്ടത്.

മമതാ ബാനര്‍ജിയോ ആം ആദ്മി പാര്‍ട്ടിപോലുമോ ഭരണകക്ഷിക്കെതിരെ ഏകോപിച്ച പോരാട്ടത്തിന് മുന്‍കൈ എടുത്തില്ല. കണക്കനുസരിച്ച് രണ്ടംഗ ഭൂരിപക്ഷം സാങ്കേതികമായി പ്രതിപക്ഷത്തിനുണ്ടായിട്ടും ഫലം വന്നപ്പോള്‍ ജെ.ഡി.യുവിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് 125 വോട്ടും കോണ്‍ഗ്രസിലെ ഹരിപ്രസാദിന് 101 വോട്ടുമാണ് കിട്ടിയത്.

ദേശീയ തലത്തില്‍ മുന്നണിയെന്ന നിലയിലോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തിയോ തെരഞ്ഞെടുപ്പ് നേരിടാതിരിക്കുക, സംസ്ഥാനതലത്തില്‍ സാധ്യമായ പരമാവധി ഐക്യം കെട്ടിപ്പടുക്കുക, തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെകുറിച്ച് ആലോചിച്ചു തീരുമാനിക്കുക – ഇതാണ് പ്രതിപക്ഷത്തുനിന്ന് പൊതുവെ ഉയരുന്ന നിര്‍ദ്ദേശം. പ്രധാനമന്ത്രി കോണ്‍ഗ്രസില്‍നിന്ന് ആയിക്കൊള്ളണമെന്നില്ല എന്ന് സോണിയാ ഗാന്ധിപോലും നിലപാടെടുത്തിരുന്നു.

സമീപകാലത്ത് മോദി ഗവണ്മെന്റിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി വന്ന യോജിപ്പ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമുള്ള ഒരു ഗവണ്മെന്റ് എന്ന ചിന്ത ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ് ഐയില്‍ പ്രബലമായെന്നു തോന്നുന്നു. രാഹുല്‍ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചര്‍ച്ചയിലെ ഇടപെടലും മോദി – രാഹുല്‍ ഏറ്റുമുട്ടല്‍ മാത്രമായി തെരഞ്ഞെടുപ്പിനെ കാണുന്നതിലേക്ക് കോണ്‍ഗ്രസ് ഐ നേതൃത്വത്തില്‍ ഒരുവിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അതിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭയില്‍ മോദി നേടിയെടുത്ത മേല്‍ക്കൈയും വിജയവും. ഇത് പ്രതിപക്ഷത്തിനാകെ വീണ്ടുമൊരു മുന്നറിയിപ്പാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top