Flash News

നിങ്ങള്‍ ഒരു നല്ല മനുഷ്യനാണോ ? (ലേഖനം): തോമസ് കളത്തൂര്‍

August 11, 2018

nalla manushyan banner-1നല്ല മനുഷ്യന്‍ എന്നതിന്റെ ആഴത്തിലേക്കും മാനദണ്ഡങ്ങളിലേക്കും കടന്നു ചിന്തിക്കുന്നില്ല. ലളിതമായ ഒരു ചോദ്യം എന്ന് മാത്രം കരുതുന്നു. ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും.

ഈ ചോദ്യം എന്നോടാണെങ്കില്‍ സത്യസന്ധമായ എന്റെ ഉത്തരം “അങ്ങനെ ആകാനാണ് ഞാന്‍ ഇപ്പോഴും ശ്രമിക്കുക” എന്നാണ്. അതിനു സാധിക്കാതെ വരുന്നത് എന്റെ മാത്രം തോല്‍വിയായി കാണുന്നു. അതിനു സാഹചര്യങ്ങളെയോ വൈകാരികതെയോ ഒന്നും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്റെ ധാരണകളും എന്റെ ആവശ്യങ്ങളും എന്നെക്കൊണ്ടു അത് ചെയ്യിക്കുന്നു. എനിക്ക് എന്റെ ശരീരത്തിനോടും എന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്റെ രാജ്യത്തിനോടും ഈ ലോകത്തിനോടും ചില കടപ്പാടുകളൊക്കെ ഉണ്ട്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മുന്‍ഗണനകള്‍ക്കും ചില മാനദണ്ഡങ്ങള്‍ക്കും അടിസ്ഥാനപ്പെട്ടായിരിക്കും നടപ്പില്‍ വരുത്തുക എന്ന് മാത്രം. ജീവിതം അനുദിനം കൂടുതല്‍ കൂടുതല്‍സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ഓരോ നിമിഷവും ഇത്തരം വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. എനിക്ക് എന്റെ ശരീരത്തെ കഴിയുംവിധം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നത് ഈശ്വരനോടും കൂടിയുള്ള ഒരു കടപ്പാട് ആകുന്നു. ആയതിനാല്‍ എന്നോടോ എന്റെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ അക്രമം കാട്ടുന്നവരോട്‌ സമാധാനമായി നേരിടാന്‍ സാധിക്കുന്നില്ലെങ്കില്‍, മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍, എന്റെ “നല്ലവന്‍” എന്ന സംജ്ഞ നഷ്ടപ്പെട്ടേക്കാം. എങ്കിലും ചെയ്യേണ്ടത് ചെയ്തേ പറ്റൂ. അതിനാല്‍ എന്റെ “നല്ലവന്‍” എന്ന സ്വത്വം, എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാനായി മാത്രം നിലകൊള്ളേണ്ടിവരുന്നു. എന്റെ സ്വത്വത്തെ അപകടത്തിലാക്കുന്ന മറ്റൊരു സാഹചര്യം, ബന്ധുക്കളും സുഹൃത്തുക്കളും അങ്ങനെ ഭാവിക്കുന്നവരും അടങ്ങുന്ന സമൂഹത്തിന്റെ വാക്കുകളാണ്. വാക്കുകള്‍ സത്യസന്ധമായിരിക്കണം, അത്ഥപൂര്‍ണം ആയിരിക്കണം, പാര്‍വതിപരമേശ്വരന്മാരെപ്പോലെ. സീതയുടെ വഴിവിട്ട വാക്കുകള്‍ ഒരു മഹാഭാരത യുദ്ധത്തിന് വരെ സാഹചര്യം ഉണ്ടാക്കി. വാക്കുകള്‍ നിഗൂഢ ഉദ്ദേശങ്ങളിലേക്കും ചതിക്കുഴിയിലേക്കും നയിക്കുന്നതാണോ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇരുവായ്ത്തല ഉള്ള വാക്കുകള്‍ ചിലരില്‍ നിന്നും പ്രതീക്ഷിക്കാം. മറ്റു ചിലര്‍, പറയാത്ത വാക്കുകളുടെ നിര്‍മ്മാണവും പ്രസിദ്ധീകരണവും നടത്തുന്നതില്‍ തല്പരരുമാണ്. ഇങ്ങനെയുള്ളവര്‍ സമൂഹത്തിനും വ്യക്തികള്‍ക്കും ദോഷം ചെയ്യുന്നു.

നിലനില്‍പ്പിനായി സമൂഹം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. സമൂഹത്തെ തമസ്‌കരിച്ചു തെറ്റായ പ്രതീക്ഷകള്‍ നല്‍കുന്ന “മതവും രാഷ്ട്രീയവും” പറയുന്നതും സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതുണ്ട്. അവര്‍ മനുഷ്യരെ കോളനിയവത്കരണം നടത്തുകയാണ്. “വിശ്വാസം, അതല്ലേ എല്ലാം” എന്നത് കച്ചവടക്കാരന്റെ സുവിശേഷം ആകുന്നു. ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുകയും, മനുഷ്യര്‍ പറയുന്നതും എഴുതി വെയ്ക്കുന്നതും, അവരുടെ ഒരു ഗുണദോഷമായി, ബഹുമാനത്തോടെ കാണുക. എല്ലാവരെയും, കൊച്ചു കുഞ്ഞുങ്ങളെ വരെ, ഈശ്വരാംശമായി കണ്ടു ബഹുമാനിക്കണം. എന്നാല്‍ വിശ്വാസങ്ങളായി സ്വീകരിക്കും മുന്‍പ് കൂലങ്കഷമായി, “വേരോടു കമ്പ് ” പഠിക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് വിഡ്ഢികളാക്കാന്‍ നിന്ന് കൊടുക്കരുത്. അതുകൊണ്ടു നാം “നല്ലവരാകുന്നില്ല.” ബുദ്ധിമാനും നിര്‍ഭയനുമായ ഒരു നല്ല മനുഷ്യനാകുകയാണ് ഉത്തമം. അങ്ങനെയുള്ളവര്‍ സമൂഹത്തിനും തങ്ങള്‍ക്കു തന്നെയും ഒരു മുതല്‍ക്കൂട്ടായിരിക്കും. ആശയങ്ങള്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍, എതിര്‍ ആശയങ്ങളുള്ളവർ വ്യക്തിവൈരാഗ്യത്തിലേക്കല്ല പോകേണ്ടത്, ആശയങ്ങളെയാണ് എതിര്‍ക്കേണ്ടത്. ആശയങ്ങള്‍ ചിന്തയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ഉണ്ടാകുന്നത്. അത് പലരിലും വ്യത്യസ്തമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റുകൂടാതെയുള്ള ഒരു സമവായത്തിന് മുതിരുക എന്നത്, ഒരു നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. കാര്യങ്ങള്‍ എങ്ങനെ നടക്കണം, എന്ന സങ്കല്‍പ്പത്തിന്റെ ഭാഷയും, എങ്ങനെ നടക്കുന്നു, എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഭാഷയും, വിശദീകരണ രൂപത്തിലുള്ളതാകണം. വേണ്ടതിനെ സ്വീകരിക്കാനും വേണ്ടാത്തതിനെ പുറംതള്ളാനും ശരീരത്തിന് യാന്ത്രികമായി സാധിക്കുന്നു. എന്നാല്‍ മനസ്സിന് സ്വന്തമായ ഒരു പ്രക്രീയയിലൂടെ മാത്രം സാധിക്കുന്നു. അതില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ ഞാന്‍ എന്ന സ്വത്വം, മോശക്കാരനും നിന്ദ്യനും ഒക്കെയായി മാറുന്നു. ഞാന്‍ നല്ലവനാണോ, നല്ലവളാണോ എന്ന ഒരു “സ്വയ അവലോകനം” വല്ലപ്പോഴുമെങ്കിലും നടത്തേണ്ടത് ഒരാവശ്യമാണ്. ഈശ്വരന്‍ ഓരോരുത്തരുടെയും സ്വന്ത മനസ്സില്‍ കുടികൊള്ളുന്നു. അതേസമയം നമുക്ക് ചുറ്റിലും വസിക്കുന്നു. അതിനാല്‍, തിരുത്തലുകള്‍ക്ക് “ഒരു സ്വയം കുമ്പസാരം” സഹായിക്കുമല്ലോ. അങ്ങനെ സത്യസന്ധമായ ഒരു “മനസാന്തരവും” പ്രാപിക്കാം.

“നല്ലവന്‍” എന്നതിന് ഭീരു എന്നര്‍ത്ഥമില്ല. നല്ലവന്‍, തീയതിനെ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യും. “നല്ലവന്‍” ലോകം മുഴുവനായി നന്നാകണം എന്ന് ആഗ്രഹിക്കുന്നു. നല്ലവനായി അഭിനയിക്കുന്നവന്‍ തന്റെ ‘അഹം’ നഷ്ടപ്പെടുത്താതെ ചുറ്റുപാടുകള്‍ക്കു നേരെ കണ്ണടക്കുന്നു. അത് സ്വാർത്ഥത ആണ്. ഒരു സ്വാര്‍ത്ഥന് ഒരിക്കലും നല്ലവനാകാന്‍ പറ്റില്ല, ഒരു ദുഷ്ടനും ഒരു അധര്‍മ്മിക്കും നല്ലവനായിരിക്കാന്‍ പറ്റാത്തതുപോലെ.

ഒരു ‘സ്വയം പരിശോധന’ നടത്തുമ്പോള്‍ ചിന്തിക്കേണ്ട ചില കാര്യങ്ങള്‍, മറ്റൊരാളുടെ ഉയര്‍ച്ചയിലും വിജയത്തിലും നമ്മുടെ മനസ്സ് സത്യസന്ധമായി എങ്ങനെ പ്രതീകരിക്കുന്നു? മറ്റൊരാളുടെ –സുഹൃത്തോ അപരിചിതനോ ആയിക്കൊള്ളട്ടെ– ദുഃഖത്തില്‍ നമ്മുടെ മനസ്സിലും ദുഃഖം അനുഭവപ്പെടുന്നുണ്ടോ? മറ്റുള്ളവരെപ്പറ്റിയുള്ള ദൂഷ്യം കേള്‍ക്കുന്നതില്‍ വിമുഖത ഉണ്ടോ? ഇപ്പോഴും മുഖപ്രസാദവും/പ്രസന്നതയും ശുഭാപ്തി വിശ്വാസവും കാത്തുസൂക്ഷിക്കുന്നുണ്ടോ? വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതില്‍ ആനന്ദം അനുഭവപ്പെടുന്നുണ്ടോ? ഈ ഗുണങ്ങള്‍ ഒക്കെ ഒരു വ്യക്തിയെ ‘നല്ലവനാക്കാൻ’ സഹായിക്കുന്നതാണ്. ധ്യാനത്തിലൂടെയോ യോഗയിലൂടെയോ മനസ്സിനെ ശാന്തമാക്കു. കുറെ സമയത്തേക്കെങ്കിലും ചിന്തയുടെ കല്ലോലങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അതു സാധ്യമാവും. പിന്നീട് ശാന്തമായ മനസ്സിലേക്ക് ഉള്‍ക്കണ്ണുകൊണ്ട് നോക്കിയാല്‍, അവിടെ എന്തൊക്കെ അടിഞ്ഞുകൂടിയിട്ടുണ്ടെന്നു കാണാം. കണ്ടുകഴിഞ്ഞാല്‍ അതിനെ പുറംതള്ളാന്‍ എളുപ്പമാണ്. അങ്ങനെ നമുക്ക് കൂടുതല്‍ നല്ലവരായി, ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം അനുഭവിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top