Flash News

കേരളം നേരിടുന്ന പ്രളയക്കെടുതി ഗൗരവമുള്ളത്; കേന്ദ്രത്തിന്റെ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

August 12, 2018

rajnath-singh-kerala.jpg.image.784.410കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദുരിതാശ്വാസ മേഖലകള്‍ സന്ദര്‍ശിച്ചു. കേരളത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതാണെന്നും സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം ഇവിടെനിന്ന് ഹെലികോപ്റ്ററിൽ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾ എന്നിവ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. കാലവർഷക്കെടുതി അതിഗുരുതരമായതിനാൽ മാനദണ്ഡം നോക്കാതെ കേന്ദ്രസഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രസംഘം എത്തിയപ്പോൾ മാനദണ്ഡങ്ങൾ അനുസരിച്ച് കണക്കാക്കിയ 822 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച കണക്കുകൾ സർക്കാർ നൽകിയിരുന്നു.

സന്ദർശനത്തിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് ഹൗസിൽ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, എം.എം. മണി, മാത്യു ടി. തോമസ് എന്നിവർ പങ്കെടുത്തു.

അതേസമയം, പ്രളയദുരന്തം നേരിടുന്ന കേരളത്തിന് എന്ത് സഹായം നല്‍കുന്നതിനും കേന്ദ്രം സന്നദ്ധമാണെന്നാണ് രാജ്‌നാഥ് സിംഗ് അറിയിച്ചത്. സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്‌നാഥ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിലെ എംപിമാരുടെ ആവശ്യം രാജ്‌നാഥ് സിംഗ് തള്ളിയിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. വാചകക്കസര്‍ത്തല്ല, നടപടികളാണ് ഉണ്ടാവേണ്ടത്. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ അയച്ചു. ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് (ഡിആര്‍എസ്) സംഘം കേരളത്തിലുണ്ട്. ഇതിലേക്ക് കൂടുതല്‍ പേരെ നിയോഗിക്കുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

പ്രത്യേക പാക്കേജ് അനുവദിക്കണം; മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

pinarayi2-kqUB-621x414@LiveMintകൊച്ചി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കി. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.

അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ദേശീയദുരന്തനിവാരണ ഫണ്ടിന്റെ നിബന്ധനകള്‍ പ്രകാരം നഷ്ടപരിഹാരം പരിമിതമാണ്. കേരളത്തിനുണ്ടായ നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണം. 1924നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്.

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണുണ്ടായത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയുളള തീയതികളില്‍ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചു പോരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ കേമ്പുകളിലാണ്. കേന്ദ്രസേനാ വിഭാഗങ്ങളുടെയും എന്‍.ഡി.ആര്‍.എഫിന്റെയും സഹായത്തോടെ സംസ്ഥാന ഭരണസംവിധാനം പൂര്‍ണമായി ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുയാണ്.

സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരും. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും കണക്കുകളും താമസിയാതെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top