Flash News

കൂദാശകള്‍ കുറ്റകൃത്യങ്ങള്‍ക്ക് മറയാക്കുന്നവര്‍ (ലേഖനം)

August 13, 2018 , ബ്ലെസന്‍ ഹൂസ്റ്റണ്‍

koodasa banner-1കുമ്പസാരം കൂദാശയാക്കി പരിശുദ്ധമായി കരുതുന്നുണ്ട് ക്രൈസ്തവസഭകളിലെ ചില വിഭാഗങ്ങള്‍. പ്രത്യേകിച്ച് കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തിലുള്ള സഭകളും പാപമോചനത്തിന് മാമോദിസാ കഴിഞ്ഞാല്‍ കുമ്പസാരത്തില്‍ കൂടി മാത്രമെ കഴിയുമെന്ന് പഠിപ്പിക്കുന്നുണ്ട്. മാമോദീസായില്‍ കൂടി ഉല്‍ഭവ പാപം മോചിക്കപ്പെടുകയും ദൈവപൈതലായി മാറി സഭയുടെ ഭാഗമായി മാറ്റപ്പെടുന്നുണ്ടെങ്കിലും മാനുഷീക ബലഹീനതകളില്‍ കൂടിയും ഭൗതീക ലോകത്തിലെ ജീവിതത്തില്‍ കൂടി പാപത്തിനടിമപ്പെടുമ്പോള്‍ അവ മോചിക്കപ്പെടാന്‍ കുമ്പസാരത്തില്‍ കൂടി ഈ സഭകള്‍ അവസരമൊരുക്കുന്നുണ്ട്. ഒരു വൈദീകന്റെ മുന്നില്‍ മുട്ടുകുത്തി നിന്നുകൊണ്ട് തന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് ഒരു വിശ്വാസി കുമ്പസാരിക്കുമ്പോള്‍ അവിടെ യേശുക്രിസ്തുവിന്റെ സാമീപ്യമാണ് ഉണ്ടാകുകയെന്നതാണ് സഭ പഠിപ്പിക്കുന്നത്. വൈദീകന്റെ സ്ഥാനത്ത് യേശുക്രിസ്തുവാണെന്നും വൈദീകനോടാണ് പാപം ഏറ്റു പറയുന്നതെങ്കിലും അത് കേള്‍ക്കുന്നത് അവിടെയുള്ള യേശുക്രിസ്തുവിന്റെ സാമീപ്യമാണെന്നുമാണ് സഭകളുടെ കാലാകാലങ്ങളിലുള്ള പഠിപ്പിക്കല്‍.

ഇങ്ങനെ പരിശുദ്ധമായ ദൈവസാമീപ്യത്തിന്റെ ഒരു പരിവേഷം ഈ സഭകള്‍ കുമ്പസാരത്തിനു നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് പാരമ്പര്യമുള്ള സഭകളും കുമ്പസാരത്തെ അതി പ്രാധാന്യത്തോടെയാണ് കാണുന്നത്. വിശുദ്ധ കുമ്പസാരമെന്നു തന്നെയാണ് ഈ സഭകള്‍ അഭിസംബോധന ചെയ്യുന്നതു തന്നെ. ഘനമായ പാപം ചെയ്തിട്ടില്ലെങ്കില്‍ കുമ്പസാരിക്കാതെ കുര്‍ബാനയെടുക്കാമെന്ന് കത്തോലിക്കാസഭ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പാപങ്ങള്‍ മനസ്സില്‍ ഏറ്റു പറഞ്ഞ് മനസ്ഥാപ പ്രതികരണം എന്ന ഒരു രഹസ്യ പ്രാര്‍ത്ഥന ചൊല്ലണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനു മുമ്പ്. എന്നാല്‍ ഘനമായ പാപം ചെയ്താല്‍ കുമ്പസാരിക്കണമെന്നു തന്നെയാണ് സഭ നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ വൈദീകന്റെ മുമ്പില്‍ ചെന്ന് ഹൂസ്സോയോ എടുക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഓരോ വിശ്വാസിയുടെയും തലയില്‍ കൈവച്ച് പാപമോചനം നടത്തുന്ന പ്രാര്‍ത്ഥനയാണ് ഹൂസോയോ. അവിടെയും ഘനമായ പാപം ചെയ്താല്‍ കുമ്പസാരം നടത്തണമെന്നാണ്. ഓര്‍ത്തഡോക്‌സ് സഭകള്‍ മാമോദീസാ മുതല്‍ വിശുദ്ധ കുര്‍ബാന അനുഭവിയ്ക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ കത്തോലിക്കാ സഭ അറിവായ പ്രായമാകുമ്പോള്‍ പ്രത്യേക ക്ലാസുകള്‍ നല്‍കി ഒരുക്കി വിശുദ്ധ കുമ്പസാരവും വിശുദ്ധ കുര്‍ബാനയും നല്‍കിയതിനുശേഷമേ അനുവദിക്കാറുള്ളൂ.

പരിശുദ്ധവും പരമരഹസ്യവുമായി നടത്തുന്ന കൂദാശയാണ് കുമ്പസാരം. വൈദീകനും വിശ്വാസിയും അല്ലാതെ ബാഹ്യമായി മറ്റൊരു വ്യക്തിക്ക് കുമ്പസാരത്തില്‍ പങ്ക് ചേരാന്‍ കഴിയാത്തത്ര രഹസ്യ സ്വഭാവം കുമ്പാരമെന്നതിനുണ്ട്. അതുകൊണ്ടു തന്നെ രഹസ്യങ്ങളുടെ രഹസ്യമായി കുമ്പസാരത്തെ വിളിക്കുന്നുണ്ട്. മരിക്കേണ്ടി വന്നാല്‍ പോലും കുമ്പസാര രഹസ്യം ആരുടെയും മുന്നില്‍ വെളിപ്പെടുത്തുകയില്ലെന്ന പ്രതിജ്ഞയോടെയാണ് ഒരു വൈദീകന്‍ തന്റെ ശുശ്രൂഷ തുടങ്ങുന്നത്. കുമ്പസാര രഹസ്യം അതിവിശുദ്ധമായി കരുതി മരണത്തിനു മുന്നില്‍പോലും സാക്ഷിയായ വിശുദ്ധ വിയാന്നിയില്‍ പാശ്ചാത്യര്‍ അഭിമാനം കൊള്ളുമ്പോള്‍ നമ്മുടെ കേരളത്തിന് അഭിമാനത്തോടെ പറയാന്‍ നമ്മുടേതായ ഒരു പേരുണ്ട്. ഫാ.ബെനടിക്റ്റ്. അഞ്ച് പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണെങ്കിലും ഫാ.ബെനടിക്റ്റ് കുമ്പസാരത്തെ മഹത്വത്തിന്റെ മകുടമാക്കിയത് ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്. അതും അഭിമാനത്തോടെ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെങ്കിലും കുമ്പസാരത്തിന്റെ പവിത്രതയും രഹസ്യ സ്വഭാവവും മലയാളിക്ക് മനസ്സിലാക്കി കൊടുത്ത വൈദീകനായിരുന്നു ഫാ. ബെനടിക്റ്റ്. സ്വന്തം ജീവനെക്കാള്‍ വില കുമ്പസാരത്തിലെ രഹസ്യത്തിനുണ്ടെന്ന് പഠിപ്പിക്കുകയല്ല കാണിച്ചുകൊടുക്കുകയാണ് ഫാദര്‍ ബെനടിക്റ്റ് ചെയ്തത്.

കുമ്പസാരമെന്നതില്‍ കൂടി ആത്മശുദ്ധിയാണ് സഭകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ആണ്ടു കുമ്പസാരമെന്ന കര്‍ക്കശ നിലപാട് ലക്ഷ്യമിടുന്നത് അതു മാത്രമാണോ. ആണ്ടു കുമ്പസാരം നടത്താത്തവര്‍ക്ക് പള്ളി പൊതു യോഗങ്ങളില്‍ പങ്കെടുക്കാന്‍ ചില സഭകള്‍ അനുവാദം നല്‍കാറില്ല. ഇതിന്റെ സാങ്കേതിക വശം എന്തെന്ന് ഇവര്‍ വിശദീകരിക്കുന്നില്ലെങ്കിലും ചിലരെ മൂക്കു കയറിടാന്‍ വേണ്ടിയാണെന്നു തന്നെ പറായം. പ്രത്യേകിച്ച് പ്രശ്‌നക്കാരെയും നിരീശ്വരവാദികളെയുമെന്ന് ചുരുക്കം. കുമ്പസാരം വിശ്വാസികളുടെ ആത്മീയ തേജസ്സിനു വേണ്ടിയാണെങ്കില്‍ പള്ളി പൊതുയോഗങ്ങള്‍ പള്ളികളുടെ ഭൗതീക നടത്തിപ്പിനായിട്ടാണ്. എന്തായിരുന്നാലും കുമ്പസാരം ഇന്നലെ വരെ ആത്മീയതയുടെ ഉന്നതിയ്ക്കായിട്ടാണ് അത് കൂദാശയായി അംഗീകരിച്ച സഭകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ക്ക് ആ്തമ പരിശോധനയെന്നപോലെ ആത്മശുദ്ധീകരണവും കുമ്പസാരത്തില്‍ കൂടി ഉണ്ടാകുന്നു അത് വിശ്വസിക്കുന്നവര്‍ക്ക്. പാപം പേറിയ മനസ്സിലെ വിങ്ങലുകള്‍ കുമ്പാസരത്തില്‍ കൂടി കഴുകി കളയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം ഒരു വിശ്വാസിയെ പ്രത്യാശയുടെ ജീവിതത്തിലേക്ക് വഴി നടത്തുന്നു. ദൈവത്തിന്റെ പ്രതിപുരുഷനായ ഒരു വൈദീകന്റെ മുന്നില്‍ പാപങ്ങള്‍ ഏറ്റു പറയുമ്പോള്‍ ആ വൈദീകനെ പൂര്‍ണ്ണ വിശ്വാസത്തിലര്‍പ്പിച്ചുകൊണ്ടാണ് ഒരു വിശ്വാസി പാപം ഏറ്റു പറയുന്നത്.

രോഗ വിവരം ഡോക്ടറെ കാണുന്ന രോഗി മറച്ചു വയ്ക്കാറില്ല. അങ്ങനെ മറച്ചു വച്ചാല്‍ രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ ഡോക്ടര്‍ക്ക് കഴിയില്ല. രോഗവിവരം ഡോക്ടര്‍ അതീവ രഹസ്യമായിതന്നെ കരുതുമെന്ന ഉത്തമബോധ്യത്തോടെ മാത്രമാണ് ഗുരുതരമായ രോഗം പിടിപെടുന്ന ഒരു രോഗി ഡോക്ടറെ കാണുന്നത്. ഒരു ഡോക്ടര്‍ തന്നെ കാണാന്‍ വരുന്ന രോഗികളുടെ രോഗവിവരം പുറത്തു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ തൊട്ടിലിനോട് കാട്ടുന്ന വഞ്ചന മാത്രമല്ല രോഗിയോടു കാട്ടുന്ന ക്രൂരത കൂടിയാണ്. ആശ്വാസം കിട്ടുമെന്ന ഉത്തമബോധ്യത്തോടെ തന്റെ രോഗ വിവരം പൂര്‍ണ്ണമായി പറയുന്ന രോഗിയുടെ രോഗ വിവരം പുറത്തു പറയുന്ന ഡോക്ടര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി മാത്രമല്ല ഒരു കുറ്റവാളികൂടിയാണ്. അയാള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ഒരു വൈദീകന്റെ മുന്നില്‍ കുമ്പസാരിക്കാന്‍ വരുന്ന വിശ്വാസിയുടെ അവസ്ഥയും ഇതുതന്നെയാണ്. ആത്മാവില്‍ പിടിപെടുന്ന രോഗമാണ് പാപം. അതിന് മുക്തി നേടാണ് കുമ്പസാരമെന്ന കൂദാശ നടത്തുന്നത്. ആ രോഗത്തില്‍ നിന്ന് മുക്തി നേടി രോഗിയെ ആശ്വസിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഒരു വൈദീകന്‍ നിര്‍വ്വഹിയ്ക്കുന്നത്. ഒരു വൈദീകനുമാത്രമെ അതിനു കഴിയുകയെന്നാണ് കുമ്പസാരം കൂദാശയായ സഭകള്‍ പഠിപ്പിക്കുന്നത്.

തന്റെ മുന്നില്‍ ഏറ്റു പറയുന്ന പാപം മറ്റുള്ളവരോട് പറയുകയോ അത് സ്വാര്‍ത്ഥ താല്‍പര്യത്തിനായി ഉപയോഗിക്കുന്ന ഒരു വൈദീകന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തെറ്റുകാരനാണ്. വിശ്വാസികള്‍ ജീവിക്കുന്നത് ഭൂമിയിലും അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നത് സ്വര്‍ഗ്ഗത്തിലുമാണെന്നതാണ് അതിനു കാരണം. വിശ്വാസികളോടും സഭയോടും അതിലുപരി ദൈവത്തോടും ആ വൈദീകന്‍ നീതികേടു കാട്ടുന്നു. ഒപ്പം കുറ്റവും. മനുഷ്യരുടെ മുമ്പിലും ദൈവത്തിനു മുമ്പിലും കുറ്റകാരനായി മാറുന്ന വൈദീകന്‍ കൊടു കുറ്റവാളിയായി തന്നെയെന്നതിന് യാതൊരു സംശയവുമില്ല.

ഇന്നലെ വരെ വിശ്വാസത്തോടു കൂടി ചെയ്തിരുന്ന കാര്യം ഇന്ന് സംശയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തിയായി ഇന്ന് കുമ്പസാരം മാറിയിരിക്കുന്നു. അങ്ങനെയുള്ള പ്രവര്‍ത്തിയായി കുമ്പസാരത്തെ ആധുനിക പ്രതിപുരുഷന്മാരില്‍ ചിലര്‍ മാറ്റിയിരിക്കുന്നു. ഈ അടുത്ത കാലത്ത് കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഒരു സ്ത്രീയെ വഴിവിട്ട ബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്ത വൈദീകരും ഏതാനും നാളുകള്‍ക്ക് മുമ്പ് കോട്ടയത്ത് കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് പറഞ്ഞ് ഒരു കുട്ടിയെ ലൈംഗീക, പീഡനത്തിനിരയാക്കിയ വൈദീകനും കുമ്പസാരത്തില്‍ സഭ പഠിപ്പിച്ചിരുന്ന അര്‍ത്ഥങ്ങളും നിര്‍വ്വചനങ്ങളുമില്ലെന്നരീതിയിലേക്ക് വ്യാഖ്യാനിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തികളില്‍ കൂടി അത് ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ സംശയം മാത്രമല്ല വിശ്വാസികളുടെ ഇടയില്‍ പല ചോദ്യങ്ങളുമുയരുന്നുണ്ട്.

ദൈവത്തിനുമുന്നില്‍ പാപം ഏറ്റു പറയുമ്പോള്‍ അതിന് ഇടനിലക്കാരായി മറ്റൊരാള്‍ എന്തിന് എന്ന് വൈദീകന്റെ വക്കാലത്ത് ഇല്ലെങ്കിലും ദൈവം പാപം കഴുകികളയില്ലെ. അങ്ങനെ ആ ചോദ്യങ്ങളുടെ പട്ടിക നീണ്ടു പോകുന്നു. അതിന് വ്യക്തമായും ശക്തമായതുമായ ഉത്തരം സഭകള്‍ നല്‍കിയെ മതിയാവൂ. ഇല്ലെങ്കില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി ഒരു കടങ്കഥ പോലെ കുമ്പസാരമെന്നത് മാറിപോകും. അത് ഇതില്‍ അര്‍ത്ഥമില്ലെന്ന രീതിയില്‍ വിലയിരുത്തപ്പെട്ട് വിശ്വാസികള്‍ കേവലം വില കുറഞ്ഞ ഒരു പ്രവര്‍ത്തിയായി കാണുമെന്ന് മാത്രമല്ല കുമ്പസാരക്കൂടിനു മുന്നില്‍ മുട്ടുകുത്തുകയുമില്ല. അതും സാത്താന്റെ പ്രവര്‍ത്തിയായി മാത്രം വ്യാഖ്യാനിച്ച് സഭകള്‍ക്ക് തടി തപ്പാം.

കൂദാശകളെ പോലും തെറ്റിനു വേണ്ടി ഉപയോഗിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന്റെ കാലഘട്ടത്തിലാണ് ഇന്ന് ക്രൈസ്തവ സഭയെന്നതാണ് ഈ സംഭവങ്ങള്‍ തുറന്നു കാട്ടുന്നത്. യേശുക്രിസ്തുവിനെ ക്രൂശിച്ച പുരോഹിതവര്‍ഗ്ഗത്തെക്കാള്‍ എത്രയോക്രൂരരാണ് ഇവരെന്ന് അവര്‍ തന്നെ കാട്ടിത്തരുന്നു. ഇന്നും ക്രിസ്തുവിനെ പുരോഹിത വര്‍ഗ്ഗം ക്രൂശിക്കുന്നു. ഒരു വ്യത്യാസം മാത്രം. ്അത് ക്രിസ്തുവിന്റെ പേരിലുള്ള സഭയിലെ തന്നെ പുരോഹിത വര്‍ഗ്ഗമാണെന്ന് മാത്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top