Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം

August 14, 2018

jalandar-bishopജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചുപോന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം. ബിഷപ്പിന് കേരളത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ടെന്നും കുടുംബം ആരോപണം ഉന്നയിച്ചു. അറസ്റ്റുണ്ടാവില്ലെന്ന് ബിഷപ്പിന് ഉറപ്പ് കിട്ടിയത് കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു.

അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോയ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം ജലന്ധറില്‍ നിന്ന് മടങ്ങി. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തിരിച്ച് പോന്നത്.

തിരിച്ച് ഡല്‍ഹിയിലെത്താന്‍ അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് സംഘം വിമാനമാര്‍ഗം കൊച്ചിയിലെത്തും. തിങ്കളാഴ്ച ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചാണ് അന്വേഷണസംഘം മടങ്ങിയത്. ബിഷപ്പിന്റെ ഫോണ്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. കേരളത്തിലെത്തി മറ്റു തെളിവുകള്‍ കൂടി ശേഖരിച്ചതിനു ശേഷം മാത്രം മതി അറസ്റ്റെന്നും തല്‍ക്കാലം അറസ്റ്റ് ഒഴിവാക്കി മടങ്ങാനുമാണ് അന്വേഷണസംഘത്തിനു ഉന്നത തലങ്ങളില്‍നിന്നു നിര്‍ദേശം ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നീതി ലഭിച്ചില്ലെങ്കില്‍ ബിഷപ്പിനെതിരായി പൊലീസിന് നല്‍കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്ന നിലപാടിലാണ് കന്യാസ്ത്രീയും കുടുംബവും. ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ വ്യക്തമാക്കി. മറ്റു കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ച ശേഷം കോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. നടപടിയുമായി മുന്നോട്ടു പോകും. കേസില്‍നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മതിയായ തെളിവുകള്‍ എല്ലാം ലഭിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം തിരിച്ചു വരികയാണ്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കാനായിരുന്നെങ്കില്‍ കേരളാ പൊലീസിന് അവിടെ പോകേണ്ടതുണ്ടായിരുന്നോ എന്നും കന്യാസ്ത്രീയുടെ സഹോദരന്‍ ചോദിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top