Flash News

ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ സപ്തതി നിറവില്‍ (കോരസണ്‍)

August 14, 2018

clergy-john-thomas-52ദൈവവിളി കേട്ടു, സൗഭാഗ്യങ്ങള്‍ ത്യജിച്ചു മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആരാമത്തില്‍ പുഷ്പങ്ങള്‍ കൊണ്ട് മേച്ചില്‍ സ്ഥലം സൃഷ്ട്ടിച്ച പുരോഹിതനാണ് ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍. ഗള്‍ഫില്‍ ബാങ്ക് ഉദ്യോഗസ്ഥനായി കുടുംബജീവിതം സുഗമമായി കൊണ്ടുപോകവേ ഉള്‍വിളി ശ്രദ്ധിച്ചു;തന്റെ നിയോഗം എന്താണെന്നു തിരിച്ചറികയും ചെയ്തു. കുടുംബ ഉത്തരവാദിത്തങ്ങള്‍ ഇരുകൈകളിലും മുറുകെ പിടിച്ചുനില്‍ക്കുമ്പോള്‍ ഒക്കെ ഉപേക്ഷിച്ചു ചിരപരിചതമല്ലാത്ത ഒരു മേഖലയില്‍ പ്രവര്‍ത്തിക്കാനാവുക, അത് ഒരു സാഹസം തന്നെയായിരുന്നു.

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അലമാരയുടെ മേല്‍തട്ടിലെ ഉല്‍പ്പന്നമായ വിദ്യാര്ത്ഥി പ്രസ്ഥാനത്തിന്റെ സമ്മേളങ്ങളില്‍ പങ്കെടുക്കവേ വൈദികനാകാനുള്ള ഉള്‍വിളി ഉണ്ടായി. സഭ ഒന്നായിരുന്നകാലത്തു കോലഞ്ചേരിയില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തിലെ പ്രഭാഷകന്‍ എം. തൊമ്മനായിരുന്നു. അന്ന് തന്റെ മുറിയില്‍ ഇന്നത്തെ സഭയുടെ കാതോലിക്കാ ബാവ ഒരു സെമിനാരി വിദ്യാര്‍ഥിയായി കൂടെ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുന്നു. ഒരു അവൈദികന്‍ ദൈവിക പ്രഭചൊരിഞ്ഞ ആ സമ്മേളനത്തില്‍ വച്ച് ചെറുപ്പക്കാരനായ ജോണ്‍ ഉറച്ച ഒരു തീരുമാനം എടുത്തു, തന്റെ ജീവിതം സഭയുടെ സേവനത്തിനായി സമര്‍പ്പിക്കുക. സമ്മേളനം കഴിഞ്ഞു വീട്ടില്‍ എത്തിയ ജോണ്‍ അമ്മയെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി. അക്കാലത്തു തുച്ഛമായ വേതനത്തില്‍ കഠിനമായി അദ്ധ്വാനിക്കേണ്ട ഒരു നിയോഗമാണ് വൈദികവൃത്തി, അതുകൊണ്ടുതന്നെ കടുത്ത നിരാശയായിരുന്നു പ്രതികരണം. പിതാവിന്റെ ജോലി നഷ്ട്ടപ്പെട്ടു, കുട്ടികളില്‍ മൂത്തവനായ തനിക്കു കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിഷ്കാസനം തള്ളി സ്വയമായ ഒരു സ്വപ്നലോകത്തേയ്ക്കു പറക്കാന്‍ സാധിക്കില്ല എന്നു ‘അമ്മ വ്യക്തമാക്കി തന്നു. ഒരു കുടുംബം മുഴുവന്‍ തന്നിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ആ ചെറു മനസ്സില്‍ അറിയാതെ കടന്നു വന്ന ആഗ്രഹം മുളയിലേ പിച്ചി ചീന്തപ്പെട്ടു.

വായനയും സഭാപ്രവര്‍ത്തങ്ങളിലെ തീവ്രതയും ഒട്ടും നഷ്ട്ടപ്പെടുത്താതെ സ്വപ്ങ്ങളെ തല്‍ക്കാലം അറയില്‍ വച്ച് പൂട്ടി, ‘അമ്മ പറഞ്ഞ കുടുംബ ജീവിതത്തിന്റെ പ്രായോഗികതയില്‍ അറിയാതെ മുന്നോട്ടു തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും കണക്കില്‍ ബിരുദം നേടിയശേഷം ബാംഗ്ലൂരിലുള്ള ഗ്രിന്‍ഡ്‌ലെയ്‌സ് ബാങ്കില്‍ 1971 ഇല്‍ ഉദ്യോഗസ്ഥനായി. പെട്ടന്നാണ് സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ സലാലയില്‍ സ്ഥാനക്കയറ്റത്തോടെ ബാങ്ക് ഉദ്യോഗസ്ഥനായി നിയമിതനായി. ബാങ്കില്‍ പടി പടിയായി ഉയര്‍ന്നു ബാങ്കിന്റെ ഔദ്യോഗിക ഇടപാടുകളിലെ മുഖ്യ കൈയൊപ്പുകാരന്‍ എന്ന സ്ഥാനത്തു എത്തിച്ചേര്‍ന്നു.

ശ്രീ. കെ . വി. മാമ്മന്‍ എഴുതിയ സി. പി . ജോര്‍ജ് അച്ചന്റെന്റെയും , കത്തോലിക്കാ സഭയുടെ ബിഷപ്പ് ആയിരുന്ന സക്കറിയ മാര്‍ അത്താനാസിയോസ് തിരുമേനിയുടെയും ജീവിത കഥകള്‍ വല്ലാതെ മനസ്സില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. അവര്‍ ഇരുവരും സാമ്പത്തീകമായി മെച്ചമായിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ചു വൈദിക വൃത്തിയില്‍ പ്രവേശിച്ചവരായിരുന്നു. തനിക്കും അത്തരം ഒരു നിയോഗമല്ലേ ദൈവം തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് തോന്നിത്തുടങ്ങി. 7 കൊല്ലം കുടുംബത്തിനുവേണ്ടി മാത്രം എന്ന് മനസ്സില്‍ കുറിച്ചിട്ടു, പിന്നെ ആകാം സ്വയം കണ്ടെത്തല്‍. അക്കാലത്തു ഒമാനിലെ സലാലയില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ ഇല്ലായിരുന്നു , എല്ലാ ക്രിസ്തിയ വിശ്വാസികളും ചേര്‍ന്നു ഒന്നായി ആരാധിക്കുന്ന പതിവായിരുന്നു. ആ പ്രാര്‍ഥനാ കൂട്ടത്തിലെ പ്രധാന ഒരു ചുമതലക്കാരനായി അറിയാതെ മാറി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഭാ വിശ്വാസികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവര്‍ത്തിച്ച കൂട്ടത്തില്‍ ക്രിസ്തീയതയുടെ വിശാലതയും ദൈവ സ്‌നേഹത്തിനു അതിരുകള്‍ ഇല്ല എന്ന ബോദ്ധ്യവും തളിരിട്ടു വന്നു. സലാലയിലെ കോണ്‍ഗ്രിഗേഷനു അംഗീകാരവും സ്വന്തമായ ഇടവും ഇതിനിടെ ഉണ്ടാക്കി, അതാണ് ഇപ്പോഴത്തെ അവിടുത്തെ മലങ്കര സഭയുടെ ആദ്യ ദേവാലയത്തിന്റെ തുടക്കവും.

അമേരിക്കക്കാരനായ റോഡിനി കൂപ്പുമാന്‍ ആ വര്‍ഷത്തെ ക്രിസ്മസ് സന്ദേശം നല്‍കി തിരികെ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴേക്കും ആത്മീക വഴിയിലേക്കുള്ള തീവ്രമായ ചുവടുമാറ്റം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജോലി രാജി വയ്ക്കുന്നു, ഇനി നാട്ടിലെ പഴയ സെമിനാരിയില്‍ പോയി ദൈവശാസ്ത്രം പഠിക്കണം, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഏറെക്കുറെ നേരെ ആക്കി. അമേരിക്കയിലേക്ക് തിരിച്ചു പോയ റോഡിനി കൂപ്പുമാന്‍, ന്യൂ ജേര്‍സിയിലെ റാട്ട്‌ഗേര്‍സ് യുണിവേഴ്‌സിറ്റില്‍ തീയോളജിയുടെ മാസ്റ്റര്‍ ബിരുദത്തിനുള്ള പ്രവേശനം തരപ്പെടുത്തിക്കൊടുത്തു. ഒന്നും പിന്നെ ആലോചിക്കേണ്ടി വന്നില്ല, 1984 ഇല്‍ ദൈവശാത്രത്തില്‍ ബിരുദാനന്ത ബിരുദം നേടി നാട്ടില്‍ പഴയ സെമിനാരിയില്‍ ചേര്‍ന്നു വൈദീക പരിശീലനം നേടി. ഇതിനിടെ അമേരിക്കയിലെ ബെര്‍ഗെന്‍ഫീല്‍ഡില്‍ മലങ്കര സഭക്ക് ഒരു ദേവാലയത്തിനുള്ള ചുറ്റുവട്ടങ്ങള്‍ കോര്‍ത്തിണക്കി.

1984 ല്‍ , നിരണം ഭദ്രാസനത്തിലെ ഡോ . ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും, മാതൃ ഇടവകയായ പുളിക്കീഴു സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് കശീശയായി പട്ടം സ്വീകരിച്ചു. കാലം ചെയ്ത യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും ഇപ്പോഴത്തെ കാതോലിക്ക ബാവ, പോള്‍ റമ്പാച്ചനും സഹ കാര്‍മ്മികരായിരുന്നു. നിരണം ഭദ്രാസനത്തിലെ ഇടവകളില്‍ സേവനം അനുഷ്ഠിച്ച ശേഷം 1986 ല്‍ , സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തേരാളിയായി നിയമിതനായി. താമസിയാതെ സലാലയില്‍ ജോലി ചെയ്തിരുന്ന പ്രിയതമ കുഞ്ഞമ്മ ജോലി ഉപേക്ഷിച്ചു അച്ചനോടൊപ്പം സഭാപ്രവര്‍ത്തനത്തിലെ മുഖ്യ പങ്കാളിയായി മാറി. പ്രസ്ഥാനത്തെ സംബന്ധിച്ചു അത് ഒരു പുതിയ പരീക്ഷണം തന്നെയായിരുന്നു.

കോതമംഗലത്തും ആലുവയിലും വിദ്യാര്‍ഥിപ്രസ്ഥാനത്തിനു പുതിയ കേന്ദ്രങ്ങള്‍ ഉണ്ടായി. പ്രൊഫ. പി . സി . ഏലിയാസിനൊപ്പം ചേര്‍ന്ന് സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം ഉള്ള കുട്ടികളെ കോര്‍ത്തിണക്കി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ബാംഗ്ലൂരിലും ദാവങ്കരയിലും ടുംകുറിലും , സഭയുടെ കുട്ടികള്‍ കേന്ത്രീകരിച്ചു ഉള്ള ഇടങ്ങളില്‍ സഭയുടെ സാന്നിധ്യം ശക്തമാക്കി. വീട് വിട്ടു മാറിത്താമസിച്ച യുവതീ യുവാക്കള്‍ക്ക് സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനം മാതൃസ്ഥാനം ഏറ്റെടുത്തു, വിശ്വാസത്തിന്റെ അടിയുറച്ച യോദ്ധാക്കളായി അവര്‍ മാറി. ലോക യുവജന അസംബ്ലി ആയ ‘സിന്‍ടെസ്‌മോസ്’ എന്ന സംഘടനയെ പ്രതിനിധീകരിക്കയും അതിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മോസ്‌കൊയിലും സൈപ്രസ്സിലും ഫിന്‍ലണ്ടിലും സമ്മേളങ്ങള്‍ സംഘടിപ്പിക്കാന്‍ കൈകോര്‍ക്കുകയും ചെയ്തു. ഗ്രീസ്, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന യുവജന സമ്മേളനങ്ങള്‍ക്കും നേതൃത്വം കൊടുത്തു. അങ്ങനെ ചെന്നൈ കത്രീഡറല്‍ വികാരി സ്ഥാനത്തു സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുമ്പോള്‍, 2000 ല്‍ അമേരിക്കയിലേക്ക് താമസം മാറ്റി. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജാക്‌സണ്‍ ഹെയിറ്‌സ് സെന്റ് മേരിസ് ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നു.

അമേരിക്കയില്‍ മലങ്കര സഭയുടെ ഒരു അംബാസ്സഡര്‍ എന്ന നിലയില്‍ അദ്ദേഹം വിവിധ സഭാ സമുദായം എന്ന വ്യത്യാസമില്ലാതെ നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഭദ്രാസന സെക്രട്ടറി (2007 2012), എക്യൂമിനിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി, കൌണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് പ്രസിഡന്റ് തുടങ്ങിയ മേഖലകളില്‍ സജിവ സാന്നിധ്യമാണ് അദ്ദേഹം. 2007 മുതല്‍ ന്യൂയോര്‍ക്കിലെ കാല്‍വരി ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയി സേവനം അനുഷ്ഠിക്കുന്ന അച്ചന്‍, കത്തോലിക്ക ചാരിറ്റിയുമായി ബന്ധപ്പെട്ടു അശരണര്‍ക്കു സഹായ ഹസ്തവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.

പിതാവ് ശ്രി.എ കെ ജോണ്‍, ‘അമ്മ മറിയാമ്മ ജോണ്‍ ഇവര്‍ വഴികാട്ടിയ ജീവിത പാതയില്‍ മക്കള്‍ ജോയന്‍, ജെനി , ജീവന്‍ എന്നിവര്‍ തീഷ്ണതയോടെ പാരമ്പര്യ ചര്യകളില്‍ അച്ചനു തണലായി നില്‍ക്കുന്നു. ജീവിതത്തിന്റെ രുദ്രഭാവങ്ങള്‍ അവിടവിടെയായി പ്രഹരിക്കുമ്പോഴും തുണയായി സഹധര്‍മിണി കുഞ്ഞമ്മ നിഴലായി ഒപ്പമുണ്ട് അതാണ് എല്ലാ കോളിളക്കത്തെയും സന്തുലിതമാക്കാന്‍ ഉതകുന്ന ചാലക ശക്തി.

അമേരിക്കയിലെ ജീവിതരീതികളില്‍ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും വീക്ഷണവും അല്‍പ്പം ആശങ്ക നല്‍കുന്നു എങ്കിലും തലമുറകളുടെ വിടവു നിമിത്തമുണ്ടാകുന്ന അനിവാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെപറ്റില്ലല്ലോ. പൗരോഹിത്യത്തിലെ വര്‍ധിച്ചു വരുന്ന ജീര്‍ണതകള്‍ ഒക്കെ, നന്മകളിലേക്കു തിരിച്ചു പോകാനുള്ള വഴികളായിട്ടു തീരട്ടെ എന്നാണ് അച്ചന്‍ കാണുന്നത്.

വെടിപ്പുള്ള കുപ്പായത്തില്‍ നരച്ച താടിക്കിടയിലൂടെ നിസ്സംഗതയോടെ ഉള്ള മന്ദഹാസം, അതിന്റെ ആഴം അടുത്തറിയാവുന്നവര്‍ക്കേ അനുഭവപ്പെടുകയുള്ളൂ. വിശാലമായി ചിന്തിക്കുമ്പോഴും തന്റെ വിശ്വാസത്തില്‍ യാതൊരു കുറവും വരുത്താത്ത, അക്ഷരങ്ങളിലും അക്കങ്ങളിലും മാത്രമല്ല, സാധാരണ മാനുഷിക ഇടപെടലുകളിലും ദൈവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന അപൂര്‍വം വൈദീകരില്‍ ഒരാളായി അച്ചനെ കാലം അടയാളപ്പെടുത്തും. ഏഴ്, എഴുപതു ഒക്കെ അച്ചന്റെ ഇഷ്ട്ട സംഖ്യകളാണ്, ദൈവം വരച്ചിട്ട പാതകളില്‍ താന്‍ അറിയാതെ എത്തപ്പെടുകയായിരുന്നു , ഇനിയും ഉള്ള യാത്രകള്‍ അങ്ങനെ തന്നെ ആകട്ടെ എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top