Flash News

എന്റെ വിവാഹം നേരത്തെ കഴിഞ്ഞു, വധു കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി

August 14, 2018

rahul-gandhi-4ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ മുന്നിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നാട്ടുനടപ്പ് പ്രകാരമുള്ള വിവാഹ പ്രായമൊക്കെ കഴിഞ്ഞ രാഹുലിന്റെ പേരുമായി ചേര്‍ത്ത് പലരുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. അടുത്തിടെ റായ്ബറേലി എംഎല്‍എ അതിഥി സിംഗുമായി രാഹുലിന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞതാണെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തി. ഞെട്ടാന്‍ വരട്ടെ വധു കോണ്‍ഗ്രസാണ്.

ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവാദത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ രാഹുല്‍ എന്നു വിവാഹിതനാവുമെന്ന് ചോദിച്ചിരുന്നു. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ വിവാഹം കോണ്‍ഗ്രസുമായി നേരത്തെ തന്നെ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ കൂപ്പു കുത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ തുറന്നടിച്ചു.

ബിജെപിയെ താഴെയിറക്കാനായി കാര്യമായ ശ്രമമാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. കോണ്‍ഗ്രസുമായി സമാന ചിന്താഗതികളുള്ള പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള താല്‍പര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം ബിജെപി സര്‍ക്കാരിനെ താഴെയിറക്കെട്ടെയെന്നായിരുന്നു രാഹുല്‍ മറുപടി നല്‍കിയത്. 2019ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് രാഹുല്‍ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു.

എന്നാല്‍ നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായാലോ എന്ന മറ്റൊരു ചോദ്യത്തിന് ശിവസേന ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയ്‌ക്കെതിരെയാണിപ്പോഴെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്ക് മാത്രമായി 230 സീറ്റുകള്‍ നേടിയാല്‍ മാത്രമേ അദ്ദേഹത്തിനിനി പ്രധാനമന്ത്രിയാകാന്‍ കഴിയുകയുള്ളു. അതായത് ഉത്തര്‍പ്രദേശിലെയും ബീഹാറിലേയും മുഴുവന്‍ സീറ്റുകളും അവര്‍ നേടണം. ഇത് അസാധ്യമാണെന്നും യുപിയിലെ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ബീഹാറിലെ രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യം ചേരുന്നതിനാല്‍ ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

വ്യക്തിപരമായല്ല, ആശയപരമായാണ് മോദിയോട് വിയോജിപ്പെന്നും എതിര്‍പക്ഷത്ത് നില്‍ക്കുന്നവരോടു തനിക്ക് പ്രത്യേക സ്പര്‍ദ്ധയൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതു മോദിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് താന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത്. എന്നാല്‍ മോദി ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തനാണ്. എതിര്‍കക്ഷികളെ ഇഷ്ടമേയല്ലെന്നു മാത്രമല്ല വില കല്‍പ്പിക്കുക പോലുമില്ല. പ്രധാനമന്ത്രി ആരു പറയുന്നതും കേള്‍ക്കാറില്ലെന്നും എല്ലാവരും അദ്ദേഹത്തെ കേള്‍ക്കാന്‍ മാത്രമേ മോദി ആഗ്രഹിക്കുന്നുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാന പര്യടനങ്ങള്‍ക്കിടയില്‍ ക്ഷണം ലഭിക്കുന്നതു കൊണ്ടു തന്നെയാണ് ആത്മീയ നേതാക്കളെ നേരില്‍ കാണാന്‍ ചെല്ലാറുള്ളതെന്നും അതല്ലാതെ ഹിന്ദുത്വത്തില്‍ പ്രത്യേക വിശ്വാസമൊന്നുമില്ലെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ തെലങ്കാനയോ ആന്ധ്രാപ്രദേശോ കൂടി കോണ്‍ഗ്രസ് ഭരണത്തില്‍ വരുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top