Flash News

വരവായി തിരുവോണം (കവിത)

August 15, 2018 , ജയന്‍ വര്‍ഗീസ്

varavayi thiruvonam-1

തൂവാനത്തുമ്പികളേ,
തുയിലുണരൂ,
തുയിലുണരൂ !
വരവായീ, വരവായീ
തിരുവോണപ്പുലരി !
വരവായീ, വരവായീ
വസന്ത രഞ്ജിനികള്‍!!

കേരക്കുട, യോലക്കുട
ചൂടും നാട് എന്റെ
പേരാറും, പെരിയാറും
പാടും നാട്……!
വരിനെല്ലിന്‍ മണി കൊത്തി
ക്കുരുവികളീ ഗഗനത്തില്‍,
വരയായി, ത്തിരയായി
ട്ടൊഴുകും നാട് ! എന്റെ
കരളിന്റെ കുളിരായ
തിരു മലയാളം !!

അടിമകളായ്, കഴുതകളായ്
അവകാശക്കനലുകളില്‍,
അടിപതറി, ത്തലമുറ വീ
ണടിയും നാട് ! എന്റെ
ചുടു കണ്ണീര്‍ അതില്‍ വീ
ണിട്ടെരിയും നാട് !?

ഈ മണ്ണില്‍, ഈ വിണ്ണില്‍
ഇനിയുണരും പകലുകളില്‍,
ഒരു ചെറു തിരി, യുഗനാള
ക്കതിരായ് വായോ …? എന്റെ
കരളിന്റെ കനവിന്റെ
കുളിരായ് വായോ …?

തൂവാനത്തുമ്പികളെ,
തുയിലുണരൂ, തുയിലുണരൂ,
വരവായീ, വരവായീ
വസന്ത നര്‍ത്തകികള്‍ !
വരവായീ, വരവായീ
തിരുവോണപ്പുലരീ !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top