Flash News

99-ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറയുന്ന 1924-ലെ (മലയാള വര്‍ഷം 1099) വെള്ളപ്പൊക്കം 2018-ലും ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന ആശങ്ക ശക്തമാകുന്നു

August 16, 2018

mazha-3മഴ ഈ നിലയില്‍ തുടരുകയാണെങ്കില്‍ 99-ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറയുന്ന 1924-ലെ വെള്ളപ്പൊക്കത്തിന് സമാനമായിരിക്കും ഈ വര്‍ഷത്തെ വെള്ളപ്പൊക്കമെന്ന ആശങ്ക വര്‍ദ്ധിക്കുന്നു. കാലവര്‍ഷം കലിതുള്ളുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കത്തിനാണ് ഇപ്പോള്‍ മലയാളി സാക്ഷ്യം വഹിക്കുന്നത്. 1924 (മലയാള വര്‍ഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇത്തരമൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകര്‍ക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്. 1924ലെ കാലവര്‍ഷത്തെ മലയാള മാസവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകളില്‍ ഉയര്‍ത്തുക. അതുകൊണ്ട് തന്നെ ഇതിനെ 99ലെ മഴയെന്നാണ് അറിയപ്പെടുന്നത്. മൂന്നാറിലായിരുന്നു കൂടുതല്‍ ദുരിതമുണ്ടായത്. 1924ലെ വെള്ളപ്പൊക്കത്തില്‍ ടൗണില്‍ വെള്ളം കയറുകയും മൂന്നാര്‍ കെ.ഡി.എച്ച്.പി ഓഫിസിന് സമീപത്തെ പാലം ഒലിച്ചുപോവുകയും ചെയ്തിരുന്നു. അന്ന് രക്ഷപ്പെടാന്‍ പലരും മൂന്നാര്‍ ടൗണിലെ വലിയ പള്ളിയും മലകളെയുമാണ് ആശ്രയിച്ചത്. മൂന്നാറിലെ റെയില്‍ ഗതാഗതം പോലും അന്ന് അവസാനിപ്പിച്ചാണ് മഴ കടന്നു പോയത്.

1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കേരളത്തില്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കര്‍ക്കിടക മാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ എത്രയെന്നു കണക്കില്ല. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തില്‍ വെള്ളം കയറി തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. തപാല്‍ സംവിധാനങ്ങള്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939ലും 1961ലും രണ്ടു കനത്ത വെള്ളപ്പൊക്കങ്ങള്‍ കേരളത്തിലുണ്ടായി.

1924ല്‍ സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വെള്ളപ്പോക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്ബതിലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്‌സര്‍ലാന്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാര്‍. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളം. അന്ന് മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും മോണോറെയില്‍(2) തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. 1924 ജൂലൈ മാസത്തില്‍ മാത്രം മൂന്നാറില്‍ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകര്‍ന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയില്‍വേ സ്റ്റേഷനും റെയില്‍പാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു.

ഇപ്പോഴും മൂന്നാറിലും പരിസരത്തും കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളം ഉയരാനും സാധ്യതയുണ്ട്. മൂന്നാര്‍ ടൗണിലേക്ക് ജനങ്ങള്‍ വരരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടൗണിലെ ചര്‍ച്ചില്‍ പാലം, നല്ലതണ്ണി പാലം, നടപ്പാലങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളമെത്തിയതോടെ തഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കടകളടപ്പിച്ചു. അതായത് 1924ന് സമാനമാണ് കാര്യങ്ങള്‍. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ ഒരുപോലെ തുറന്നുവിട്ടതിനു പിന്നാലെ ഇവയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും 27 സെന്റിമീറ്ററിലധികം മഴയാണു തുടര്‍ച്ചയായി പെയ്യുന്നത്. ഇതുമൂലമുള്ള മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും തുടരുന്നതും ആശങ്കയാണ്.

റെക്കോഡ് മഴയ്ക്കു സാക്ഷ്യം വഹിച്ച 72ാം സ്വാതന്ത്ര്യദിനം എന്ന നിലയിലാകും ഈ ദിവസം കേരള ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.ബുധനാഴ്ച രാവിടെ എട്ടു വരെയുള്ള 24 മണിക്കൂറില്‍ പീരുമേട്ടിലാണ് ഏറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്; 27 സെന്റീമീറ്റര്‍. ഇടുക്കിയില്‍ 23 സെന്റിമീറ്ററും മൂന്നാറില്‍ 22 സെന്റിമീറ്ററും മഴ ലഭിച്ചു. മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ: കരിപ്പൂര്‍ (21 സെന്റിമീറ്റര്‍), കോഴിക്കോട് (20), ഇരിക്കൂര്‍, ആലത്തൂര്‍ (18), തൊടുപുഴ (17), മട്ടന്നൂര്‍, തളിപ്പറമ്പ് (14). മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി തുടരുന്നു. 30,537 ക്യുസെക്‌സ് വെള്ളം അണക്കെട്ടിലേക്ക് എത്തുമ്‌ബോള്‍ പുറത്തേക്കു വിടാനാവുന്നത് 2178 ക്യുസെക്‌സ് മാത്രം. അധിക വെള്ളം അതിവേഗം ഇറച്ചിപാലത്തിലെ ടണലുകളിലൂടെയും തോട്ടിലൂടെയും തമിഴ്‌നാട് കൊണ്ടുപോയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കാര്യങ്ങള്‍ കൈവിടും.

പെരിയാറും പമ്പാനദിയും കരകവിഞ്ഞെന്നു മാത്രമല്ല, തീരത്തെ നഗരങ്ങളെയും പതുക്കെ വിഴുങ്ങിത്തുടങ്ങി. കോഴഞ്ചേരി പട്ടണത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റാന്നി നഗരവും മുങ്ങിക്കഴിഞ്ഞു. പത്തനംതിട്ട റാന്നി റൂട്ടിലും ആറന്മുള ചെങ്ങന്നൂര്‍ റൂട്ടിലും കോഴഞ്ചേരി റാന്നി റൂട്ടിലെ കീക്കൊഴൂരും വെള്ളംകയറി ഗതാഗതം നിര്‍ത്തിവച്ചു. തിരുവനന്തപുരം തെങ്കാശി റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെട്ടു. ആറന്മുള ആല്‍ത്തറ ജംക്ഷനിലൂടെ ശക്തമായ മഴവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top