Flash News

കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി

August 16, 2018 , .

kothamangalamകൊച്ചി: മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലെ ശിവന്‍കുന്ന്, എന്‍എസ്എസ് കുന്ന് ഒഴികെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും ഒറ്റപ്പെട്ടു. വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ഇന്റര്‍നെറ്റ് സേവനം നിലച്ചു. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം വെള്ളം കയറി. ഇത് തന്നെയാണ് കോതമംഗലം നഗരത്തിലെ അവസ്ഥ. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെ പെരിയാറിന്റെ തീരം ഏതാണ്ട് മുഴുവനായും വെള്ളത്തിനടിയിലായി. എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയി. ആലുവ നഗരത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും വെള്ളം കയറി. പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാം വെള്ളം കയറി. തൊടുപുഴയില്‍ സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കിയിലെ ഓരോ പ്രദേശങ്ങളും ഒറ്റപ്പെട്ട തുരുത്തായി മാറി. വൈദ്യുതി, ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിക്കപ്പെട്ടതോടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇടുക്കി ജില്ലയിലുള്ളവര്‍ക്ക് ഡാമിലെ ജലനിരപ്പോ ടെലിവിഷന്‍ വഴിയുള്ള അറിയിപ്പുകളോ ലഭ്യമാകാത്ത അവസ്ഥയാണ്. റോഡ് ഗതാഗതം തകര്‍ന്നതോടെ മൈക്കിലൂടെയുള്ള സര്‍ക്കാരിന്റെ മുന്നറിയിപ്പുകളും ജനങ്ങളിലെത്തുന്നില്ല. പല പ്രദേശങ്ങളും ഒറ്റപ്പെട്ടെങ്കിലും ഇത് മാധ്യമങ്ങളെയോ അധികാരികളെയോ അറിയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതോട് കൂടി ചികിത്സാ സൗകര്യം ലഭ്യമല്ല. മെഡിക്കല്‍ സ്‌റ്റോറുകളടക്കം അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഭക്ഷണത്തിനും ശുദ്ധജലത്തിനും ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. ഏതാണ്ട് എല്ലാ മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലാണ്. കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. പച്ചക്കറി വിതരണം നിലച്ചു. പെട്രോള്‍ പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ചുതുടങ്ങി. രാത്രിയാകുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഇത് തന്നെയാണ് കേരളത്തിന്റെ പൊതു അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നത്.

പെരിയാറിന്റെ തീരങ്ങളിലും ഇഞ്ചത്തൊട്ടി, പുത്തൻകുരിശ്, കുടമുണ്ട, തങ്കളം, കോഴിപ്പിള്ളി, മണികണ്ഠൻചാൽ, തൃക്കാരിയൂർ, നെല്ലിമറ്റം, വാളാചിറ, പല്ലാരിമംഗലം എന്നിവിടങ്ങളിലും കോതമംഗലം മൂവാറ്റുപുഴ റോഡിൽ പുതുപ്പാടിയിലും കാരാക്കുന്നത്തും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയോടൊപ്പം ഭൂതത്താൻകെട്ട് നിറഞ്ഞു കവിഞ്ഞതും അതിനെ തുടർന്നു കനാൽ വഴി വെള്ളം തിരിച്ചു വിട്ടതും മലങ്കര അണക്കെട്ടു തുറന്നതോടെയും ആണ് കോതമംഗലം താലൂക്ക് വെള്ളത്തിനടിയിൽ ആയത്.

പമ്പ ഹില്‍ടോപ്പില്‍ ഉരുള്‍പൊട്ടി. പമ്പയില്‍ ഉള്ളവരെ നിലയ്ക്കലിലേക്ക് മാറ്റി. മലപ്പുറം വെറ്റിലപ്പാറ, ഓടക്കയം പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.

തൃശൂര്‍ ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറുകയാണ്. എറണാകുളം-തൃശൂര്‍ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികം മാത്രമാണ്. യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

കോഴിക്കോട്,മലപ്പുറം,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനം. പക്ഷേ മണ്ണിടിച്ചിലും പ്രളയ ദുരന്തങ്ങളും തുടരുകയാണ്. ദുരന്തനിവാര സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും രക്ഷപ്പെടുത്താനുള്ളത് നിരവധി പേരെയാണ്.

മഴക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ വീണ്ടും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവിച്ചിരിക്കില്ല; ദയവ് ചെയ്ത് രക്ഷിക്കണം; ഫെയ്‌സ്ബുക്ക് ലൈവിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ചെങ്ങന്നൂരിലെ കുടുംബം

ചെങ്ങന്നൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ചെങ്ങന്നൂരില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഉടന്‍ എന്തെങ്കിലും ചെയ്യണമെന്നും കുടുംബത്തിന്റെ അഭ്യര്‍ത്ഥന. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇവര്‍ സഹായമഭ്യര്‍ത്ഥിച്ചത്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിക്കും ആറാട്ട്പുഴ ജംഗ്ഷനും ഇടയില്‍ ഇടനാഴിടം ദേവീക്ഷേത്രത്തിന് സമീപമുള്ള നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു.

രക്ഷിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവിച്ചിരിക്കില്ലെന്നും വീടിന്റെ രണ്ടാം നിലയില്‍ അടക്കം വെള്ളം കയറി തുടങ്ങിയിരിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു.

ഒരു ഹെല്‍പ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല; രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ച് വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ; എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ; ആശുപത്രിയില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് നഴ്‌സിന്റെ ഫെയ്‌സ്ബുക്ക് ലൈവ്

nurseകോഴഞ്ചേരി: മഴ ശക്തമായതോടെ പത്തനംതിട്ടയിലെ ആശുപത്രികളില്‍ പലതിലും രോഗികള്‍ കുടുങ്ങി. തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സിന്റെ ഫെയ്‌സ്ബുക്ക് ലൈവ് പുറത്തുവന്നു. രമ്യ രാഘവന്‍ എന്ന നഴ്‌സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു.

വീഡിയോയിലെ വാക്കുകള്‍

‘ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കും അറിയില്ല. ഹോസ്പിറ്റലിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. പ്ലീസ് ഹെല്‍പ്. ഒരു ഹെല്‍പ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാ ലൈനുകളും തിരക്കിലാണ്. 250 ജീവനക്കാരുണ്ട് ഇവിടെ.

രോഗികളും അവര്‍ക്ക് ഒപ്പമുള്ളവരും ഉണ്ട്. രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ച് വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ. എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ. മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ കോഴഞ്ചേരിയാണ് സ്ഥലം. രണ്ടാള്‍ പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ.’

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top