Flash News

ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു

August 16, 2018

Aluvaപേമാരിയും വെള്ളപ്പൊക്കവും മൂലം ഏകദേശം മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്‌ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്‌ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.

വാഹന ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലക്കുന്ന സാഹചര്യമാണുള്ളത്. ആലുവ-പെരുമ്പാവൂര്‍ റോഡും വെള്ളം കയറിക്കിടക്കുകയാണ്. ഹെല്‍പ് ലൈന്‍ നമ്പറുകളും തടസ്സപ്പെടുന്ന സാഹചര്യമാണ്. കാലടിയിലെ കൈപ്പട്ടൂര്‍ പള്ളിയിലെ ക്യാമ്പിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ആളുകളെ ക്യാമ്പില്‍ നിന്നും മാറ്റേണ്ട് സാഹചര്യമാണുള്ളത്. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുകയാണ്.

പെരിയാറില്‍ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പുറത്തേക്കൊഴുകുന്ന ജലത്തിന്റെ ശക്തിയും ഏറികൊണ്ടിരിക്കുന്നു. മുതിരപ്പുഴ കമ്പനിപാടം എന്നിവിടങ്ങളിലെല്ലാം വീടുകള്‍ വെള്ളത്തിനടയിലാണ്. ജീവന്‍ കൈയ്യിലെടുത്ത് ആളുകള്‍ പലായനം ചെയ്യുന്ന കാഴ്ചയാണ് ഉള്ളത്.

സേനാ വിഭാഗങ്ങള്‍ എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ബോട്ടുകളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇടങ്ങളിലും ഉള്‍പ്രദേശങ്ങളിലും രക്ഷാസംഘത്തിന് എത്താന്‍ സാധിച്ചിട്ടില്ല.നാട്ടുകാര്‍ സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും പോരാത്ത അവസ്ഥയാണ്.

ആലുവ ബസ് സ്റ്റാന്‍ഡ്, എരൂര്‍, കപ്പട്ടിക്കാവ്, കൊപ്പപറമ്പ് വൈമിതി, കുന്നറ, പെരിയ കാട്, തെക്കുംഭാഗം, ഇരുമ്പനം, പാമ്പാടിത്താഴം, എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ പെട്ട് കഷ്ടപ്പെടുകയാണ്. ഭാസ്‌കരന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, എരൂര്‍ കെഎന്‍യുപി സ്‌കൂള്‍, ചൂരക്കാട് യുപി സ്‌കൂള്‍. എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടിുണ്ട്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളില്‍ അടക്കം വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പത്തനംതിട്ടയ്ക്ക് പിന്നാലെ എറണാകുളവും വെള്ളത്തിനിടയിലാവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നഗരത്തില്‍ ഉള്‍പ്പെടെ വെള്ളം ഒഴുകി പോകുന്നില്ല. ഇതോടെ സ്ഥിതി അതിരൂക്ഷമായിരിക്കുകയാണ്. കാലടിയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പള്ളിയില്‍ ഉള്‍പ്പെടെ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ പലരുടേയും മൊബൈല്‍ ഓഫായിരിക്കുകയാണ്. അതിനാല്‍ പലര്‍ക്കും ഹെല്‍പ്ലൈന്‍ നമ്പറുകളിലേക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top