• കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 കോടി രൂപ നല്‍കും.
• ദുരിതബാധിത പ്രദേശങ്ങളില്‍ മഠം നടത്തിവരുന്ന ഭക്ഷണവിതരണവും, മെഡിയ്ക്കല്‍ ക്യാമ്പുകളും മറ്റു സഹായങ്ങളും തുടരും.
കൊല്ലം: കേരളത്തിലെ മഴക്കെടുതിയെ തുടര്‍ന്ന് ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്തു കോടി രൂപ സംഭാവന ചെയ്യുമെന്ന് ശ്രീ മാതാ അമൃതാനന്ദമയീ ദേവി അറിയിച്ചു.
“തോരാതെ പെയ്യുന്ന മഴ. പ്രളയക്കെടുതിയില്‍ പെട്ടുഴലുന്ന ജനങ്ങളുടെ ദുരിതം; നാശനഷ്ടങ്ങള്‍. പ്രിയപ്പെട്ടവരുടെ മരണം ഏല്പിച്ച ആഘാതം. ഈ ദുഃഖത്തില്‍ അമ്മയും ഹൃദയപൂര്‍വ്വം പങ്കുചേരുന്നു. യാതനകള്‍ അനുഭവിക്കുന്നവരെ കുറിച്ചോര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. അവര്‍ക്ക് സമാധാനവും ആത്മവിശ്വാസവും ഉണ്ടാകാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. കഴിയുന്നത്ര സഹായം എല്ലായിടങ്ങളിലും എത്തിക്കാന്‍ ശ്രമിക്കുന്നു” അമ്മ പറഞ്ഞു.
1927നു ശേഷം കേരളം കണ്ട ഏറ്റവുംവലിയ വെള്ളപ്പൊക്കമാണിതു്. നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൃഷിനാശത്തിന്റെയും മറ്റു നഷ്ടങ്ങളുടേയും കണക്കുകള്‍ ഇനിയും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. 14 ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുന്നു. പ്രധാന എയര്‍പോര്‍ട്ടുകളെല്ലാം അടച്ചു. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. പൊതുഗതാഗതവും തകരാറിലായി. പലര്‍ക്കും സ്വന്തം വീടുകളില്‍ നിന്നുതന്നെ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണു്. എല്ലാ അണക്കെട്ടുകളും തുറന്നിട്ടും സ്ഥിതി നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്ക്കുന്നതു്.
“പ്രകൃതിയുടെ താളലയം നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ആഗോളതപനില വര്‍ദ്ധനവും ഒക്കെ വിചാരിച്ചതിലും വേഗത്തില്‍ കടന്നുവരികയാണോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. പ്രകൃതിയെ നിയന്ത്രിക്കാന്‍ മനുഷ്യനു സാധിക്കില്ല. പക്ഷെ, സ്വന്തം മനസ്സിനെ നിയന്ത്രിക്കാനും മനോഭാവത്തില്‍ മാറ്റം വരുത്താനും മനുഷ്യനു കഴിയും. പ്രകൃതിയെ കാരുണ്യത്തോടും ആദരവോടും സമീപിക്കാന്‍ നമ്മള് കഴിയുന്നത്ര ശ്രമിക്കണം. പ്രകൃതിയില്‍നിന്നും എടുക്കുന്ന അളവിലെങ്കിലും തിരികെ നല്‍കാനുള്ള ശ്രമം മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടാകണം. വൃക്ഷങ്ങള്‍ നടുന്നതും അവയെ പരിപാലിക്കുന്നതും മുതിര്‍ന്നവരും കുട്ടികളും ശീലമാക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. പുനഃസംസ്കരണം പതിവാക്കണം. അടുത്തു താമസിക്കുന്നവരും ഒരു ദിശയിലേക്കു സഞ്ചരിക്കുന്നവരും ഒന്നിച്ച് ഒരേ കാറില്‍ യാത്ര ചെയ്യാനുള്ള മനസു കാട്ടണം. യുവതലമുറയെ മൂല്യബോധമുള്ളവരാക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് അച്ഛനമ്മമാരും ഗവണ്മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗൗരവായി ചിന്തിക്കണം. അവകാശങ്ങള്‍ക്കായി വീറോടെ വാദിക്കുന്നതിനിടയില്‍, സ്വന്തം കര്‍ത്തവ്യങ്ങളെ കുറിച്ചു നമ്മള് മറക്കാതിരിക്കട്ടെ. കൃപ അനുഗ്രഹിക്കട്ടെ.” അമ്മ പറഞ്ഞു.
പ്രഖ്യാപിച്ച ധനസഹായത്തിനു പുറമേ, കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും കല്പറ്റയിലേയും അമൃതപുരിയിലേയും അമൃതകൃപാ ചാരിറ്റബിള്‍ ആശുപത്രകളും വയനാട്, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ സ്ഥിരമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ടു്. കൂടാതെ, ഭക്ഷണം, വസ്ത്രം, കമ്പിളി തുടങ്ങിയ അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നുണ്ടു്.
മാതാ അമൃതാനന്ദമയീ മഠത്തിലെ സന്നദ്ധ സേവകരും ഭക്തന്മാരും മഠത്തിന്റെ യുവജനവിഭാഗമായ “അയുദ്ധ്” (അമൃത യുവധര്‍മ്മധാര) പ്രവര്‍ത്തകരും സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി ക്യാമ്പസിലെ, ‘അയുദ്ധ’ത്തിന്റെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, പലചരക്കുകള്‍ തുടങ്ങിയവും ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടു്. മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.
ദുരിതാശ്വസ പ്രവര്‍ത്തനരംഗത്തുള്ള മാതാ അമൃതാനന്ദമയീ മഠത്തിന്റെ സജീവ സാന്നിദ്ധ്യം 2001ല്‍ തുടങ്ങിയതാണ്. ഇതുവരെ 475 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം മഠം വിനിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് മഠം 2 കോടി രൂപ സംഭാവന ചെയ്തിരുന്നു.
ചെന്നൈ, ജമ്മുകാശ്മീര്‍, ഉത്തരഖണ്ഡ്, കര്‍ണ്ണാടക, ആന്ധ്രാ, ബിഹാര്‍, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മാതാ അമൃതാനന്ദമയീ മഠം സഹയഹസ്തവുമായി എത്തിയിരുന്നു.
2015ലെ നേപ്പാള്‍ ഭൂകമ്പം, 2013ല്‍ ഫിലിപ്പിയന്സിലുണ്ടായ ‘യോലാന്റാ’ കൊടുങ്കാറ്റ്, 2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും, 2010ലെ ഹേത്തി ഭൂകമ്പം, 2009ല്‍ പശ്ചിമബംഗാളിലുണ്ടായ ചുഴലിക്കാറ്റ്, 2005ല്‍ അമേരിക്കയിലുണ്ടായ കത്രീന കൊടുങ്കാറ്റ്, 2001ല്‍ ഭുജ്ജിലെ ഭൂകമ്പം, 2004ലെ സുനാമി, തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ വേളയില്‍ നടന്ന ദുരതിശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മഠം നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടു്.

Leave a Reply