Flash News

കടലിന്റെ മക്കള്‍ കരയിലെ താരങ്ങള്‍

August 20, 2018

FISHERMANകടലിന്റെ മക്കളാണ് ഇപ്പോള്‍ കരയിലെ താരങ്ങള്‍. കേരളത്തെ പ്രളയജലം മൂടിയെന്നറിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ കടലോരത്തുനിന്നു തുടങ്ങിയതാണ് അവരുടെ രക്ഷായാത്ര. കുത്തിയതോട്, ആലുവ, പറവൂര്‍ പ്രദേശങ്ങളില്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും സാധ്യമായ ഇടങ്ങളിലൊക്കെ അവര്‍ രക്ഷയുടെ തുഴയെറിഞ്ഞെത്തി.

പ്രളയക്കെടുതി രൂക്ഷമായ കഴിഞ്ഞ വ്യാഴാഴ്ച മലപ്പുറത്തുനിന്ന് ലോറിയില്‍ വള്ളങ്ങളും കയറ്റി പുറപ്പെടുകയായിരുന്നു 60 മത്സ്യത്തൊഴിലാളികള്‍. ആദ്യദിനം ചാലക്കുടിയിലായിരുന്നു. അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഇവര്‍ വെള്ളിയാഴ്ച എറണാകുളത്തെത്തി. തുടര്‍ന്നുള്ള മൂന്നുദിവസം കൈമെയ് മറന്നുള്ള സേവനമായിരുന്നു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലൂടെ ബോട്ടുകൊണ്ടുപോകുമ്പോള്‍ ചിലയിടങ്ങളില്‍ അധികം ആഴമില്ലാത്തതിനാല്‍ വള്ളങ്ങളുടെ അടിവശം തറയില്‍ തട്ടും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ രക്ഷിച്ചുകൊണ്ടു വരുന്നവരെ വള്ളത്തിലിരുത്തി നിരക്കിമാറ്റി കരയ്‌ക്കെത്തിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന മറ്റു പ്രദേശങ്ങളില്‍ പോയി സേവനം ചെയ്തതില്‍ മലപ്പുറം ജില്ല മൊത്തത്തില്‍ അഭിമാനിക്കുന്നുവെന്ന് മലപ്പുറം എം.എല്‍.എ. പി. ഉബൈദുള്ള അറിയിച്ചു. എറണാകുളത്തേക്ക് അഞ്ച് ബോട്ടുകളിലായി 48 പേരും തൃശ്ശൂരിലേക്ക് രണ്ടുബോട്ടുകളിലായി 12 പേരുമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കൂടാതെ വിവിധ സ്ഥലങ്ങളില്‍നിന്നായി മലപ്പുറത്ത് ധാരാളം സാധനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന 164 ക്യാമ്പുകളിലേക്ക് ആവശ്യത്തിന് സാധനങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി മുന്നോട്ടുവന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മലപ്പുറത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്തിന് പുറമേ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് തങ്ങളുടെ ബോട്ടുകള്‍ ലോറിയില്‍ കെട്ടിക്കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികള്‍ എറണാകുളത്തിന്റെ ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയിരുന്നു.

പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും കുട്ടനാട്ടിലും കാര്‍ത്തികപ്പള്ളിയിലും രക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍നിന്നത് കടലിന്റെ മക്കളായിരുന്നു. മൂന്നുദിവസം കൊണ്ട് ഇവര്‍ മരണമുഖത്തുനിന്ന് കൈപിടിച്ചുയര്‍ത്തിയത് അമ്പതിനായിരത്തോളം പേരെയാണ്. 138 മത്സ്യബന്ധനവള്ളങ്ങളാണ് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്കെത്തിച്ചത്. 1200 മത്സ്യത്തൊഴിലാളികള്‍ കൈമെയ് മറന്ന് ദൗത്യത്തില്‍ അണിനിരന്നു. ദുരന്തവിവരം അറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരനും മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജനും ഇടപെട്ട് വിവിധസംഘടനകളുടെ സഹകരണത്തിലാണ് വള്ളങ്ങളും മത്സ്യ തൊഴിലാളികളും രംഗത്തെത്തിയത്. ഇവരുടെ സേവനം ഏറെ പ്രയോജനപ്പെട്ടത് ചെങ്ങന്നൂരിലായിരുന്നു.

കേരളത്തെ രക്ഷിക്കാന്‍ കൈമെയ് മറന്ന് വള്ളങ്ങളുമായി പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളെ വാനോളം പുകഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. ‘ഇടിയും പേമാരിയും കാറുംകോളും ഏതുനിമിഷവും വരുമെന്നറിഞ്ഞ് കടലില്‍ പോകുന്ന കടലിന്റെ മക്കള്‍ തന്നെയാണ് കേരളത്തിന്റെ സൈന്യം’ ഷെയര്‍ ചെയ്ത് വരുന്ന ചില പോസ്റ്റുകളില്‍ ഒന്നാണിത്. ‘മത്സ്യത്തൊഴിലാളി സൈന്യത്തെ നെഞ്ചോട് ചേര്‍ക്കുന്നു ഹൃദയാഭിവാദ്യങ്ങള്‍’, ‘കേരളത്തിന്റെ യഥാര്‍ഥരക്ഷാസൈന്യം കടലിന്റെ മക്കള്‍’ എന്നിങ്ങിനെ ഒട്ടേറെ പോസ്റ്റുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയേകി പ്രചരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top