Flash News

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു

August 24, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

thomas-mar-athanasios-metropolitanമലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങാന്‍ തീരുമാനിച്ചത്.

ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. എറണാകുളത്തുനിന്നും വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂര്‍ അരമനയില്‍ പൊതുദര്‍ശനത്തിന് വക്കും.സംസ്‌കാര ശുശ്രൂഷകള്‍ക്ക് പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയും സഭയിലെ മെത്രാപ്പോലീത്തന്മാരും നേതൃത്വം നല്‍കും.ശുശ്രൂഷകള്‍ക്ക് ശേഷം ഓതറ ദയറായില്‍ പ്രത്യേകം തയ്യാറാക്കിയ കല്‍ലറയില്‍ സംസ്‌കരിക്കും

1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതല്‍ അദ്ദേഹമാണ് ഭദ്രാസനാധിപന്‍. ഓര്‍ത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്.

കാലംചെയ്ത പുത്തന്‍കാവ് കൊച്ചുതിരുമേനി എന്ന ഗീവര്‍ഗീസ് മാര്‍ പീലക്സിനോസിന്റെ സഹോദരന്‍ ചെങ്ങന്നൂര്‍ പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്റെയും കോഴഞ്ചേരി തേവര്‍വേലില്‍ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രില്‍ മൂന്നിനായിരുന്നു ജനനം. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപീകൃതമായ 1985 മുതല്‍ മെത്രാപ്പൊലീത്തസ്ഥാനം അലങ്കരിച്ചുവന്ന മാര്‍ അത്താനാസിയോസ് അധ്യാപകന്‍, സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ തുടങ്ങി വഹിച്ചിട്ടുള്ള സ്ഥാനങ്ങളും വിദേശങ്ങളില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളും ഏറെയാണെങ്കിലും മനസ്സ് എപ്പോഴും സ്വന്തം മണ്ണിനോടു ചേര്‍ന്നുനിന്ന കര്‍ഷകന്റേതായിരുന്നു. പിതൃസഹോദരനായ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുമായി ഹൃദയബന്ധമായിരുന്നു തോമസ് മാര്‍ അത്തനാസിയോസിനുണ്ടായിരുന്നത്. വലിയച്ചന്‍ പുത്തന്‍കാവില്‍ തോമാ കത്തനാരുടെ കൈപിടിച്ചു ചെറുപ്പത്തില്‍ ദേവാലയത്തില്‍ പോയിരുന്നതും അദ്ദേഹത്തിന്റെ ആത്മീയ ഉപദേശങ്ങള്‍ ചെലുത്തിയ സ്വാധീനവും വളരെ നിര്‍ണായകമായി.

ആലപ്പുഴയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ശേഷം കോട്ടയം എം.ടി സെമിനാരി സ്‌കൂള്, സിഎം.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, എന്.എസ്.എസ് കോളേജ് ചങ്ങനാശ്ശേരി, സെരാംപോര്‍ കോളേജ് കോല്‍ക്കത്ത, എം.എസ് യൂണിവേഴ്‌സിറ്റി ബറോഡ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കി. മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സഭ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇവിടങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചു.

ഓര്‍ത്തോഡ്ക്‌സ് സഭാ സിനഡ് സെക്രട്ടറി, സഭാ സ്‌കൂളുകളുടെ മാനേജര്‍, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, അഖില മലങ്കര പ്രാര്‍ഥനാ യോഗം പ്രസിഡന്റ്, സഭാ അക്കൗണ്ട്‌സ് കമ്മിറ്റി പ്രസിഡന്റ്, സഭാ ഫിനാന്‌സ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ സഭയുടെ വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന് പ്രസിഡന്റ്, സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരന്, അഖില മലങ്കര ഓര്‍ത്തഡോക്‌സ് ഗായക സംഘം പ്രസിഡന്റ് എന്നീ പദവികള് വഹിക്കുന്നുണ്ട്.

അടുത്തറിയുന്നവര്‍ക്കു ദീര്‍ഘവീക്ഷണത്തിന്റെ ആള്‍രൂപമായിരുന്നു തോമസ് മാര്‍ അത്തനാസിയോസ്. അദ്ദേഹം സ്ഥാപിച്ച ദേവാലയങ്ങളും ഇടവകകളും സ്‌കൂളുകളും തന്നെയായിരുന്നു ഇതിനു തെളിവ്. വിവിധ സംസ്ഥാനങ്ങളിലുള്ള സഭാമക്കള്‍ക്കു മാത്രമല്‍ല, സമുദായം ഏതെന്നു നോക്കാതെ എല്‍ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്‍ലാത്ത വിപുലവും ഊഷ്മളവുമായ സുഹൃദ്ബന്ധവും ഇതിനു തെളിവായിരുന്നു.

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതു ക്ലാസ് മുറികളിലാണെന്ന കോത്താരി കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ഒരു വാചകമാണു വിദ്യാഭ്യാസ രംഗത്തു കൂടുതല്‍ ശ്രദ്ധിക്കാന്‍ മാര്‍ അത്തനാസിയോസിനു പ്രേരണയായത്. 1966ല്‍ യുജിസി സ്‌കോളര്‍ഷിപ്പോടെ ബറോഡ എംഎസ് സര്‍വകലാശാലയില്‍ എംഎഡിനു പഠിക്കാനുള്ള അവസരം ലഭിച്ചതു ദൈവഹിതമായി സ്വീകരിച്ചു. സാഹചര്‍യം അനുകൂലമോ പ്രതികൂലമോ എന്നു നോക്കാതെ ആവശ്യമെന്നു കണ്ടിടത്തെല്‍ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും അവ വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്നതു വരെ വിശ്വസ്തനായ കാവല്‍ക്കാരനായി നില്‍ക്കാനും അദ്ദേഹം മറന്നില്ല.

ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക സേവനങ്ങളാണു മാര്‍ അത്തനാസിയോസിന്റേത്. ഗുജറാത്തില്‍ നാമമാത്രമായ ഇടവകകളുണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അവിടേക്കു ചെല്‍ലുന്നത്. അധ്യാപക ജോലിയില്‍ നിന്നു കിട്ടുന്ന ചെറിയ വരുമാനം ഉപയോഗിച്ചു ലളിതജീവിതം നയിച്ചു നടത്തിയ ആത്മീയ ശുശ്രൂഷയുടെ ഫലമായി ഇടവകകളുടെയും ദേവാലയങ്ങളുടെയും എണ്ണത്താല്‍ സമ്പന്നമാണിന്നു ഗുജറാത്തും സമീപ സംസ്ഥാനങ്ങളും. നാലു ദേവാലയങ്ങള്‍ മാത്രമുണ്ടായിരുന്നിടത്തു ഭദ്രാസനം രൂപം കൊണ്ടു.

ആത്മീയ ശുശ്രൂഷയുടെ തിരക്കിനിടയിലും സമകാലിക വിഷയങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണു തോമസ് മാര്‍ അത്തനാസിയോസിന്റെ ശൈലി. ഡല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ അദ്ദേഹം ഒരു പ്രതിജ്ഞ തയാറാക്കി ഭദ്രാസനത്തിലെ എല്‍ലാ ഇടവകകളിലേക്കും അയച്ചുകൊടുത്തു. അഭിമാനിയായ ഒരു ഭാരതീയന്‍ എന്ന നിലയില്‍ എല്‍ലാ വനിതകളോടും പെണ്‍കുട്ടികളോടും മാന്യമായി പെരുമാറും എന്നതായിരുന്നു ഉള്ളടക്കം. ദേവാലയങ്ങളില്‍ കുര്‍ബാനയ്ക്കു ശേഷം എല്‍ലാ പുരുഷന്‍മാരും യുവജനങ്ങളും കൈനീട്ടിപ്പിടിച്ച് ഈ പ്രതിജ്ഞ ചൊല്ലെണമെന്ന കല്‍പനയും കൂടെയുണ്ടായിരുന്നു.

ഗുജറാത്തിലെ ഭുജില്‍ ഭൂകമ്പമുണ്ടായപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ട്രക്ക് നിറയെ അരിയും എണ്ണയും ഗോതമ്പും മറ്റു ഭക്ഷണസാധനങ്ങളുമായി ആദ്യം രംഗത്തിറങ്ങിയവരില്‍ ഒരാള്‍ തോമസ് മാര്‍ അത്തനാസിയോസായിരുന്നു. മൃതദേഹങ്ങള്‍ വിറകു കിട്ടാതെ ടയറും മറ്റും ഉപയോഗിച്ചു കത്തിക്കുന്ന ദുഃസ്ഥിതിയാണ് എന്ന വാര്‍ത്തയറിഞ്ഞു ട്രക്കില്‍ അദ്ദേഹം വിറകും കരുതിയിരുന്നു.

പ്രകൃതിയോടുള്ള സ്നേഹവും കൃഷിയോടുള്ള താല്‍പര്‍യവും ആത്മീയത പോലെ പാവനമാണു മാര്‍ അത്തനാസിയോസിന്റെ ഹൃദയത്തില്‍. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ മുഖപത്രമായ ബഥേല്‍ പത്രികയില്‍ എഴുതുന്ന ലേഖനങ്ങളിലും ഇടയപത്രികയിലും ആത്മീയ വിഷയങ്ങള്‍ക്കൊപ്പം പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന്റെ നിര്‍ദേശങ്ങളും നല്‍കാന്‍ മെത്രാപ്പൊലീത്ത ശ്രദ്ധിച്ചു. കുട്ടികളെ ഏറെ സ്നേഹിച്ച തോമസ് മാര്‍ അത്തനാസിയോസ് പത്താം ക്ലാസിലടക്കമുള്ള വിദ്യാര്‍ഥികളുടെ പേരുകളെഴുതി മദ്ബഹായില്‍ സൂക്ഷിച്ചിരുന്നു. എല്‍ലാ കുര്‍ബാനയിലും വിദ്യാര്‍ഥികളെ ഓര്‍ത്തു പ്രാര്‍ഥിക്കാനായിരുന്നു ഇത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top