Flash News

പ്രളയ ദുരന്തത്തിനുമീതെ പറക്കുന്ന രാഷ്ട്രീയ കഴുകന്മാര്‍

August 27, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Pralayam banner-1മഹാപ്രളയത്തില്‍നിന്നു കേരളം കരയ്‌ക്കെത്തിയിരിക്കുന്നു. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. നൂറ്റാണ്ടിലെ വന്‍ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ഏറെദൂരം നമുക്കിനിയും പോകാനുണ്ട്. അസാധ്യമായത് ഇനിയും ഒന്നിച്ചുനിന്ന് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഇതാണ് കേരളത്തിന്റെ ശരിയായ മാതൃകയെന്ന് ആദ്യം നമ്മെതന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒപ്പം നമ്മെ ഉറ്റുനോക്കുന്ന രാജ്യത്തെയും ലോകത്തെതന്നെയും.

അതു കഴിയുംവരെ പ്രളയത്തിന്റെ മഹാഒഴുക്കിലും ചെളിവെള്ളത്തിലും ഉരിഞ്ഞൊലിച്ചുപോയ നമ്മുടെ കക്ഷി രാഷ്ട്രീയത്തിന്റെയും അല്പത്വത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഉടയാടകള്‍ വീണ്ടുമെടുത്ത് അണിയരുത്. രാഷ്ട്രീയ മേധാവിത്വവും മേന്മയും സ്വയം നേടാനുള്ള കിടമത്സരങ്ങളിലേക്ക് പഴയതുപോലെ എടുത്തുചാടരുത്. നന്മയുടെയും മനുഷ്യത്വത്തിന്റെയും ഈ ഏകോപിച്ച നീക്കങ്ങളെ തകര്‍ത്ത് ഈ നാട് ഇനിയും നാശമാക്കരുത്.

appukuttan 2018സംസ്ഥാനത്ത് മൂന്നരലക്ഷത്തോളം വരുന്ന കുടുംബങ്ങളില്‍നിന്ന് 12 ലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും മൂവായിരത്തഞ്ഞൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്ന് ഓര്‍ക്കണം. മരണപ്പെട്ടവരും കാണാതായവരും നാനൂറിലേറെവരും. പലേടത്തും പ്രളയജലം പിന്‍വാങ്ങാത്തതുകൊണ്ടും ചെളിയില്‍ പുതഞ്ഞതും തകര്‍ന്നതുമായ വീടുകളിലേക്ക് മടങ്ങാനാവാത്തതുകൊണ്ടും സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെപോലെ കഴിയുകയാണ് ലക്ഷങ്ങള്‍. ബക്രീദും ഓണവും അനിശ്ചിതത്വവും അവര്‍ ആദ്യമായി ഒന്നിച്ച് പങ്കിടുകയാണ്. പള്ളികളുടെയും ദേവാലയങ്ങളുടെയും തണല്‍കീഴിലടക്കമുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ചരിത്രത്തിലാദ്യമായി.

മേല്പറഞ്ഞ കണക്കുകളില്‍ പൊതിഞ്ഞു കിടക്കുന്നത് ജനലക്ഷങ്ങളുടെ നിത്യജീവതവും ഭാവിയും കേരളത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ വേദനിപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ്. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ഏവര്‍ക്കും സര്‍വ്വതും നഷ്ടപ്പെട്ട ദുരന്തത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. അതിന് അടിയന്തരവും ദീര്‍ഘമേറിയ ആസൂത്രിത പരിപാടികളും രൂപപ്പെടുത്തേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാരിച്ച ഉത്തരവാദിത്വമാണ്. അറ്റം കാണാത്ത നിര്‍വ്വഹണ ചുമതലയാണ്. സംസ്ഥാനത്തിന്റെ നഷ്ടം ഇതിനകം 50,000 കോടിയായി തുറിച്ചുനോക്കുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ച ഒരു ശതമാനത്തിലേറെ പിറകോട്ടടിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദനം കുറയുകയും പണപ്പെരുപ്പം പെരുകുകയും ചെയ്യുന്നു. ഇതിനിടയ്ക്കാണ് പുനരധിവാസവും പുനരുദ്ധാരണവും നിര്‍വ്വഹിക്കേണ്ടത്.

അതിനിടയില്‍ പരസ്പരം കുറ്റപ്പെടുത്താന്‍ ഇതാണോ സമയമെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുപോലെ ചിന്തിക്കണം. ആരും പ്രതീക്ഷിക്കാത്തവിധം ഈ നൂറ്റാണ്ടിലെ ഭീകരപ്രളയം ഓര്‍ക്കാപ്പുറത്ത് കേരളത്തെ വിഴുങ്ങിയപ്പോള്‍ മുങ്ങിത്താഴാതെ കരയ്‌ക്കെത്തിച്ചത് ഏതെങ്കിലും പരശുരാമന്റെ ദിവ്യ മഴുവൊന്നുമല്ല. വിവിധ രീതികളില്‍ ഓരോരുത്തരും സ്വയം അവസരത്തിനൊത്ത് മുന്നോട്ടുവന്ന് അത്ഭുതകരമാംവിധം വളര്‍ത്തിയെടുത്ത കൂട്ടായ്മയുടെ കൈത്താങ്ങാണ്. അതിനപ്പുറം അതിപ്പോള്‍ വിശദീകരിക്കേണ്ടതുമില്ല. ദുരന്ത പ്രതിരോധത്തിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഭരണസംവിധാനമാകെ ഏകോപിപ്പിച്ച് 24 മണിക്കൂറും രംഗത്തുണ്ടായിരുന്നു എന്ന വസ്തുത ജനങ്ങളാകെയും ലോകംതന്നെയും അംഗീകരിക്കുന്നതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റും അതിന്റെ മുഖ്യമന്ത്രിയും ഭരണസംവിധാനത്തെയാകെ ചലിപ്പിക്കാന്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചു. ഇത്തരം ദുരന്തങ്ങള്‍ നേരിട്ട പല സംസ്ഥാനങ്ങളിലും അതു സംഭവിക്കാത്തതാണ്. അതില്‍ ബി.ജെ.പി നേതൃത്വമോ കോണ്‍ഗ്രസ് നേതൃത്വമോ പരിഭവിക്കുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്യേണ്ട കാര്യമില്ല.

എന്നുവെച്ച് ഈ പ്രളയഭീഷണിയെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലും മുന്‍ നടപടികളും ഇടപെടലുകളും നടത്തുന്നതിലും വീഴ്ചകള്‍ പറ്റിയിട്ടില്ലെന്നും നൂറുശതമാനവും എല്ലാം ശരിയായിരുന്നുവെന്നും ഇപ്പോള്‍ കണക്കുനിരത്തി പ്രതിപക്ഷത്തെ ശ്വാസം മുട്ടിക്കാന്‍ മുഖ്യമന്ത്രി മുതിരേണ്ട കാര്യമില്ല. മഴയുടെ കണക്കുകളുടെ താരതമ്യങ്ങള്‍കൊണ്ടോ പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് ഉദ്ധരിച്ചോ ചില വീഴ്ചകള്‍ സംഭവിച്ചത് ന്യായീകരിക്കാനോ ഇല്ലെന്നു സ്ഥാപിക്കാനോ സാധ്യമല്ലെന്ന് മുഖ്യമന്ത്രിയും മനസിലാക്കണം. വീഴ്ചകള്‍ സംവിധാനത്തില്‍ സ്വാഭാവികമാണ്. അത് തിരിച്ചറിയുകയും തിരുത്തുകയുമാണ് ഭരണാധികാരിയുടെ കര്‍ത്തവ്യം. അതു വിശദീകരിക്കാനുള്ള സന്ദര്‍ഭമല്ലാത്തതുകൊണ്ട് ആവിഷയം ഇപ്പോള്‍ ഇവിടെ നിര്‍ത്തുന്നു.

ധാരണയായാലും തെറ്റിദ്ധാരണയായാലും ആശങ്കകള്‍ വസ്തുതാപരമായി ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. മുഖ്യമന്ത്രിയെപോലെ പ്രതിപക്ഷനേതാവും ജനവിധിയിലൂടെ അധികാരത്തില്‍ താന്താങ്ങളുടെ തലങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി ചുമതല നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. അതു ചെയ്യുമ്പോള്‍ തങ്ങളെ നയിക്കുന്ന രാഷ്ട്രീയത്തോടും അതിന്റെ ഇടുങ്ങിയ ചട്ടക്കൂടുകളോടും താല്പര്യങ്ങളോടുമല്ല സത്യത്തോടും നീതിയോടുമാണ് കൂറുപുലര്‍ത്തേണ്ടത്.

എല്ലാം കേന്ദ്രത്തില്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഔദാര്യവും കടാക്ഷവും പ്രതീക്ഷിച്ച് ഓച്ഛാനിച്ചുനില്‍ക്കുകയല്ല കേരളം ചെയ്തത്. കേന്ദ്ര സേനകളുടെയും മറ്റും ഉജ്ജ്വലമായ സേവനം അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, രണ്ടുതവണ കേരളത്തിലെത്തി ദുരന്തം നേരില്‍കണ്ട പ്രധാനമന്ത്രി കനിഞ്ഞനുവദിച്ചത് പണത്തിന്റെയും വിഭവങ്ങളുടെയും കണക്കു പരിശോധിക്കേണ്ട സമയവുമല്ല ഇത്.

യു.എ.ഇ, ഖത്തര്‍ തുടങ്ങി നമ്മുടെ അയല്‍രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച സഹായവും ഇന്ത്യാ ഗവണ്മെന്റ് ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ദുരന്തത്തിന് ആവശ്യമായ ഭൗതികസഹായത്തിന് തയാറാണെന്ന് യു.എന്‍പോലും അറിയിക്കുകയുണ്ടായി. അതൊന്നും സ്വീകരിക്കാന്‍ യു.പി.എ ഗവണ്മെന്റ് നേരത്തെ പ്രഖ്യാപിച്ച നയം തടസമാണെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രം. 2016 ജൂലൈ മാസത്തില്‍ മോദി ഗവണ്മെന്റിന്റെ ദേശീയ ദുരന്ത നിവാരണനയത്തില്‍ പറയുന്നത് മറ്റൊന്നാണ്. ഏതെങ്കിലും രാജ്യം സ്വമേധയാ സഹായം നല്‍കാന്‍ തയാറായാല്‍ കേന്ദ്ര സര്‍ക്കാറിന് സ്വീകരിക്കാമെന്ന് അതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തര കാര്യാലയമാണ് തീരുമാനം എടുക്കേണ്ടത്. ഏകപക്ഷീയമായി സഹായം നിഷേധിക്കാന്‍ കേന്ദ്രത്തിനെങ്ങനെ സാധിക്കും. എങ്കില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം കേന്ദ്രം ഏറ്റെടുക്കണം. തിന്നുകയും തീറ്റിക്കുകയുമില്ല എന്ന ഈ നയം സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ കേരളത്തോടുള്ള നിലപാടാണെന്ന് വ്യക്തമാണ്.

കേരളത്തില്‍ പ്രളയം സംഹാരതാണ്ഡവമാടിയ ആഗസ്റ്റ് പാതിക്ക് വാര്‍ത്തയറിഞ്ഞ് ലോകമാകെ ഉത്ക്കണ്ഠപ്പെട്ട മണിക്കൂറുകളില്‍ കേരളത്തില്‍നിന്ന് ഒരു ഓഡിയോ സന്ദേശം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അമേരിക്കയടക്കമുള്ള പുറംരാജ്യങ്ങളിലും ലഭിക്കുകയുണ്ടായി. അതിപ്പോഴും അമ്പരപ്പു സൃഷ്ടിക്കുകയാണ്. സത്യമെന്താണെന്നു ചോദിച്ച് കൊച്ചിയിലെ ടൂര്‍ കമ്പനികള്‍ക്കും നക്ഷത്ര ഹോട്ടലുകള്‍ക്കും സന്ദേശം ഫോര്‍വേഡ് ചെയ്തുകൊണ്ടുള്ള അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയിലെ കരിവന്നൂര്‍ സ്വദേശി സുരേഷ് എന്ന ആള്‍ ദൃക്‌സാക്ഷിയെന്ന നിലയില്‍ കൊച്ചിയില്‍നിന്നയച്ചതാണ് ഓഡിയോ സന്ദേശം:

‘നിര്‍ത്തൂ, അടിയന്തരമായി ഈ ശേഖരണങ്ങളൊക്കെ. ഇവിടെ പണത്തിന്റേയോ സാധന സാമഗ്രികളുടേയോ ആവശ്യമില്ല. സമ്പന്ന വര്‍ഗങ്ങളിലുള്ളവരെ മാത്രമാണ് പ്രളയം ബാധിച്ചിട്ടുള്ളത്. നിങ്ങള്‍ പണമോ സാധനങ്ങളോ സംഭാവനചെയ്താല്‍ അവര്‍ മുഖത്തേക്ക് വലിച്ചെറിയും. ഞാനിപ്പോള്‍ നില്‍ക്കുന്ന ഐ.ടി ജില്ലയായ എറണാകുളത്ത് പ്രളയം ആരെയും ബാധിച്ചിട്ടില്ല. ഇവിടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിറയെ ദുരിത സഹായത്തിനുള്ള സാധന സാമഗ്രികളാണ്. പക്ഷെ ആര്‍ക്കും വേണ്ട. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നുമാണ് വേണ്ടത്. ഭക്ഷണം സന്നദ്ധ സംഘടനകള്‍ എത്തിക്കുന്നുണ്ട്.’

‘ഇവിടെ വേണ്ടത് ദിവസങ്ങള്‍ കഴിയുമ്പോള്‍ ആയിരകണക്കില്‍ ആശാരിമാരെയും പ്ലംബര്‍മാരെയും പെയിന്റര്‍മാരെയും ഇലക്ട്രീഷന്മാരെയും മാത്രമാണ്. അത്തരം പണിചെയ്യാന്‍ ഇവിടെ മലയാളികളില്ല.’

‘ എന്നെ വിശ്വസിക്കൂ. പണവും സാധനങ്ങളും അയക്കുന്നതു നിര്‍ത്തൂ. നിങ്ങളുടെ സഹായ പട്ടികയില്‍നിന്ന് മെഴുകുതിരികളുടെയും തീപ്പെട്ടികളുടെയും പേരുകള്‍ വെട്ടൂ. കാരണം കേരളം മുഴുവന്‍ വൈദ്യുതി വത്ക്കരിച്ച സംസ്ഥാനമാണ്.’

‘ഒരിക്കലും നിങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കരുത്. അതേക്കുറിച്ച് ഒരുപാട് ആരോപണങ്ങളുണ്ട്. എന്റെ ഫേയ്‌സ്ബുക്ക് പേജില്‍ അത് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നത് പാവനമായ ഒരു സ്ഥലമൊന്നുമല്ല. പണവും സഹായവും എത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ‘സേവാ ഭാരതി’ (സംഘ് പരിവാര്‍ സംഘടന) പോലുള്ള യഥാര്‍ത്ഥ സംഘടനകളെയാണ് ഏല്പിക്കേണ്ടത്. യഥാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന വിവിധ ജില്ലകളിലെ ആളുകളുടെ പേരുവിവരം ബന്ധപ്പെട്ടാല്‍ നല്‍കാന്‍ ഞാന്‍ തയാറാണ്.’

സുരേഷിന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് ഈ മഹാമനുഷ്യസ്‌നേഹി എന്നാണ്. ഏതായാലും കേരളം നേരിടുന്ന ഈ ദുരന്തത്തിലും ഇവിടുത്തെ ജനങ്ങളെ അപഹസിക്കാനും മുഖ്യമന്ത്രിയേയും ഗവണ്മെന്റിനേയും അപമാനിക്കാനും ഒരാള്‍ മുതിര്‍ന്നു എന്നു മാത്രമല്ല അതിന് ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടായി എന്നതും തിരിച്ചറിയേണ്ടതുണ്ട്. അതു കേവലം ഒരു കരുവെന്നൂര്‍കാരന്റെ ഭാവനാവിശേഷമല്ല.

ഈ പംക്തി എഴുതിക്കൊണ്ടിരിക്കെ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജന്റെ പ്രസ്താവനകൂടി വന്നിരിക്കുന്നു: കേരളത്തില്‍ പശുക്കളെ കൊല്ലുകയും ഗോമാംസം തിന്നുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതമാണ് പ്രളയമായി വന്നതെന്നും അതുകൊണ്ട് അതിനിരയായവരെ സഹായിക്കരുതെന്നുമാണ് ഹിന്ദു മഹാസഭ ആഹ്വാനംചെയ്യുന്നത്. ബി.ജെ.പിയും സംഘ് പരിവാറും കേരളത്തിനു സംഭവിച്ച ഈ മഹാപ്രകൃതി ദുരന്തത്തെ തങ്ങളുടെ വര്‍ഗീയ അജണ്ടയ്ക്കും അധികാരലക്ഷ്യത്തിനും എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നതാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്.

ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ പോരാടുകയാണ് മുഖ്യ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ രാഷ്ട്രീയ ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തു സംഭവിക്കുമെന്നതിന്റെ തിരിച്ചറിവ് ഇല്ലാതെപോകുന്നു. അതിന്റെ രാഷ്ട്രീയദുരന്തം സംസ്ഥാനത്ത് മറ്റൊരു ആപത്താണ് സൃഷ്ടിക്കുകയെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ തിരിച്ചറിയണം.

സംഘ് പരിവാര്‍ പ്രചാരണത്തെ തുറന്നു കാട്ടുന്നതാണ് സുപ്രിംകോടതി ജഡ്ജിമാരും അഭിഭാഷകരുമടക്കം കേരളത്തിന്റെ ദുരിതാശ്വാസത്തിന് നല്‍കിയ സഹായവും പിന്തുണയും. കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും ഒന്നിച്ചിരുന്നു ദിവസങ്ങളോളം സൈനിക ലോറിയിലെത്തിയ ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള വസ്തുക്കള്‍ തരംതിരിച്ച് വിതരണം ചെയ്ത മാതൃക.

സംസ്ഥാന ഗവണ്മെന്റിനു കീഴില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക ദുരന്ത നിവാരണ സംവിധാനങ്ങള്‍ക്കും കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വന്ന സഹായത്തിന്റെ കുത്തൊഴുക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍നിന്ന് ഒന്നേകാല്‍കോടി രൂപ വരുന്ന മാച്ച്ഫീ കേരളത്തിനു സമര്‍പ്പിച്ചത്. പ്രളയ ദുരന്തത്തില്‍നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ദേശീയ ആഗോള മുന്‍കൈ തിരിച്ചറിഞ്ഞ് വിനയത്തോടെ, വിശ്വസ്തതയോടെ കൂട്ടായി പ്രവര്‍ത്തിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തില്‍ തുടര്‍ന്നു ചെയ്യേണ്ടത്.

സര്‍ക്കാറെന്നോ പ്രതിപക്ഷമെന്നോ പ്രളയദുരന്തത്തില്‍നിന്ന് പ്രത്യേകം രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ തുനിയുന്നത് ഇതിനകം കെട്ടിപ്പൊക്കിയ കേരളത്തിന്റെ കൂട്ടായ്മയുടെയും മനുഷ്യത്വത്തിന്റെയും മാതൃക തകര്‍ക്കുമെന്ന് എല്ലാവരും തിരിച്ചറിയണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top