Flash News

99-ലെയും 2018-ലെയും പ്രളയങ്ങളെക്കുറിച്ച് ചില തോന്നലുകള്‍: ഡോ. കെ.ടി. ജലീല്‍

August 26, 2018 , .

flood-3

• 1924 ജൂലൈ മാസത്തിലാണ് (കൊല്ലവര്‍ഷം 1099 കര്‍ക്കടകം) മലയാളക്കരയെ വാരി വിഴുങ്ങിയ ഒരു മഹാപ്രളയമുണ്ടായത്. 94 ആണ്ടുകള്‍ക്കിപ്പുറം 2018 ആഗസ്റ്റ് മൂന്നാം വാരത്തില്‍ മറ്റൊരു മഹാപ്രളയത്തിനും കേരളം സാക്ഷിയായി. രണ്ട് വെള്ളപ്പൊക്കങ്ങളിലും കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങള്‍ സമാനമായിരുന്നുവെന്നത് കേവലം യാദൃശ്ചികതയല്ലെന്നാണ് വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാകുന്നത്. 
Dr.K. T. Jaleel, Minister for HE and MW

Jaleel-minister-of-education-241x3001924 ജൂലൈ മാസത്തിലാണ് (കൊല്ലവര്‍ഷം 1099 കര്‍ക്കടകം) മലയാളക്കരയെ വാരി വിഴുങ്ങിയ ഒരു മഹാപ്രളയമുണ്ടായത്. 94 ആണ്ടുകള്‍ക്കിപ്പുറം 2018 ആഗസ്റ്റ് മൂന്നാം വാരത്തില്‍ മറ്റൊരു മഹാപ്രളയത്തിനും കേരളം സാക്ഷിയായി. രണ്ട് വെള്ളപ്പൊക്കങ്ങളിലും കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങള്‍ സമാനമായിരുന്നുവെന്നത് കേവലം യാദൃശ്ചികതയല്ലെന്നാണ് വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാകുന്നത്. 1924ലെ പ്രളയ ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അക്കാലത്ത് പ്രസിദ്ധീകരിച്ച ‘മലയാള മനോരമ’ പത്രത്തിന്റെ കോപ്പി 2018 ആഗസ്റ്റ് 25 ലെ ഞായറാഴ്ച സപ്ലിമെന്റിന്റെ മൂന്നാം പേജില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് സസൂക്ഷ്മം വായിച്ചപ്പോഴാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള വാസ്തവ വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളിലെ അര്‍ത്ഥശൂന്യത ബോദ്ധ്യമായത്. ശാസ്ത്ര സാങ്കേതിക മികവുകളും ഭൗതിക സൗകര്യങ്ങളുടെ വൈപുല്യങ്ങളും പരിഗണിച്ചാല്‍ പോലും 1924ല്‍ വര്‍ഷിച്ച പേമാരിയേക്കാള്‍ എത്രയോ ശക്തമായിരുന്നിട്ടും അന്നത്തെയും ഇന്നത്തെയും ജനസംഖ്യയും വാസ കേന്ദ്രങ്ങളുടെ വ്യാപ്തിയും പ്രകൃതി സൗഹൃദാവസ്ഥയുടെ തോതും തുലനംചെയ്തു നോക്കുമ്പോള്‍ 2018 ലുണ്ടായ പ്രളയത്തില്‍ ജീവഹാനിയും നാശനഷ്ടവും താരതമ്യേന കുറഞ്ഞത് ചെറുതും വലുതുമായ നിരവധി ഡാമുകളില്‍ വെള്ളം കെട്ടിനിര്‍ത്താനുള്ള സൗകര്യമുണ്ടായതു കൊണ്ടും ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍ മൂലവുമാണെന്നുമുള്ള കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. ‘ഭയങ്കരമായ വെള്ളപ്പൊക്കം’ എന്ന പ്രധാന തലക്കെട്ടില്‍ വന്ന വാര്‍ത്ത താഴേ പറയും പ്രകാരം വായിക്കാം;

‘എറണാകുളത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരനുഭവം അഭൂതപൂര്‍വ്വമായിട്ടുള്ളതു തന്നെയാണ്. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിനു മണലിപ്പുഴയും കുറുമാലിപ്പുഴയും കവിഞ്ഞൊഴുകി റോഡില്‍ കൂടെ കാളവണ്ടിയില്‍ പോയിരുന്ന ഒരു കത്തനാരും വണ്ടിയും വണ്ടിക്കാരനും കാളയും ഒഴുകിപ്പോകുകയും കത്തനാര്‍ മാത്രം രാത്രി മുഴുവന്‍ വെള്ളത്തില്‍ കിടന്നു തുഴഞ്ഞു മൃതപ്രായനായ ശേഷം അടുത്തുള്ള ഒരമ്പലത്തിലെ ശാന്തിക്കാരനാല്‍ രക്ഷപ്പെടുത്തപ്പെടുകയുമുണ്ടായി. കര്‍ക്കടക മാസം ഒന്നിനു മുതല്‍ വര്‍ഷത്തിന്റെ കാഠിന്യം ഇവിടെ അനുഭവപ്പെട്ടു തുടങ്ങി. അന്നു വൈകുന്നേരം വടക്കോട്ടുള്ള വണ്ടിക്കു പോകുവാന്‍ തീവണ്ടി സ്റ്റേഷനില്‍ പോയവര്‍ വണ്ടി ഇല്ലായ്കയാല്‍ തിരികെ പോരേണ്ടിവന്നു. ചൊവ്വര, അങ്കമാലി, കറുകുറ്റി, മുതലായ സ്റ്റേഷന്‍ പ്ലാററുഫോറങ്ങളില്‍ വെള്ളം നിറയുകയും പല സ്ഥലങ്ങളിലും പാത മുറിഞ്ഞുപോകുകയും റയില്‍ ഇളകിപ്പോകുകയും ചെയ്തിട്ടുണ്ട്. ഈയാണ്ടത്തെ വെള്ളപ്പൊക്കത്തിനു തട്ടുമ്പുറത്തും നിലയില്ലെന്നാണറിയുന്നത്. പറവൂര്‍ മുനിസിപ്പാലിറ്റി ആപ്പീസിലും മറ്റു ഒന്നുരണ്ടു സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഒഴികെ ബാക്കി എല്ലായിടത്തും വെള്ളം കയറിയിട്ടുണ്ട്. പള്ളിപ്പുറം വില്ലേജിലുള്ള ചക്കരക്കടവ്, അയ്യംപള്ളി മുതലായ സ്ഥലങ്ങളില്‍ വെള്ളംകയറി ആളുകള്‍ നിവൃത്തിയില്ലാതെ പൊക്കമുള്ള സ്ഥലങ്ങള്‍ തേടിപ്പോയി താമസിച്ചുവരുന്നു.

kerala-flood-99-janayugom-768x403വെള്ളപ്പൊക്കം ഹേതുവാല്‍ കുട്ടനാട്ടില്‍ സംഭവിച്ചിട്ടുള്ള നാശങ്ങള്‍ അവര്‍ണ്ണനീയമായിരിക്കുന്നു. ഇപ്പോഴും അവിടെ നിന്നും ആബാലവൃദ്ധം ജനങ്ങള്‍ തങ്ങളുടെ സകലസാമാനങ്ങളോടും കൂടി വന്നുകൊണ്ടു തന്നേയിരിക്കുന്നു. മിനിയാന്നും ഇന്നലെയുമായി ഉദ്ദേശം ആയിരത്തില്‍ കുറയാതെ ജനങ്ങളെ ബോട്ടുകളില്‍ ഇവിടെ കയറ്റിക്കൊണ്ടു വന്നിട്ടുണ്ട്. ചേന്നങ്കരയിലുള്ള പള്ളികളുടേയും പള്ളിക്കൂടത്തിന്റേയും ഒട്ടുമുക്കാല്‍ ഭാഗവും വെള്ളത്തില്‍ താഴ്ന്നിരിക്കുന്നു. തിങ്ങിത്തിങ്ങി അവിടെ നിന്നിരുന്ന പലരേയും ബോട്ടില്‍ കയറ്റിക്കൊണ്ടു പോന്നു. ഇപ്പോള്‍ അവിടെ താമസിച്ചുവരുന്ന ആളുകള്‍ പോരാന്‍ സമ്മതമില്ലാതെ എന്തായാലും അവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളവരാണ്. ഈ മാസം ഒന്നിനു ബുധനാഴ്ച നേരം പ്രകാശമായപ്പോഴേക്ക് നെടുംപ്രയാര്‍ ദേശത്ത് ഒരൊറ്റ പറമ്പു പോലും വെള്ളത്തിനടിയിലാകാത്തതില്ല. പമ്പാനദി ഒഴുക്കിക്കൊണ്ടുവന്ന സാമാനങ്ങള്‍ക്കു കണക്കും കയ്യുമില്ല. മനുഷ്യരുള്ളതും ഇല്ലാത്തതുമായ ഒന്നാംതരം പുരകള്‍, പത്തായങ്ങള്‍, ആരും കണ്ടിട്ടില്ലാത്തവിധം അത്രയ്ക്കു വലിയ തടികള്‍, മൃഗങ്ങള്‍, വീട്ടുസാമാനങ്ങള്‍ മുതലായവ ആറ്റരികത്തുള്ള പറമ്പുകളില്‍ കൂട്ടംകൂട്ടമായി വന്നടിഞ്ഞു തുടങ്ങി.

പറവൂരിലെ വലിയങ്ങാടിയിലും ബ്രാഹ്മണരുടെ അധിവാസ സ്ഥലമായ മഠത്തുംമുറിയിലും മലവെള്ളം കയറിയതായി കേട്ടുകേള്‍വി പോലും ഇല്ല. ഇപ്പോഴത്തെ വെള്ളം അവിടങ്ങളിലും കയറുകയും, ബ്രാഹ്മണര്‍ കൂട്ടത്തോടെ ആഭയാര്‍ത്ഥം പൊക്കപ്രദേശങ്ങളിലേക്ക് ഓടുകയും ചെയ്തു. താണ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മിക്കകെട്ടിടങ്ങളും ജലപ്രവാഹത്താല്‍ വീണു പോയിരിക്കുന്നു. ഒഴുക്കിന്റെ ശക്തിനിമിത്തം അനേകം വള്ളങ്ങള്‍ മുങ്ങിപ്പോകുകയും പ്രാണരക്ഷാര്‍ത്ഥം വള്ളങ്ങളില്‍ സഞ്ചരിച്ച പലരും അകാലമരണം പ്രാപിക്കുകയും ചെയ്തു. ആലുവായൂണിയന്‍ കൃസ്ത്യന്‍ കോളേജും പറവൂര്‍ ഡിസട്രിക്ട് കോടതി, മുന്‍സിപ്പല്‍ കോടതി, വിദ്യാലയങ്ങള്‍, ഡിസട്രിക്ക് ആശുപത്രി, ആദിയായ സ്ഥാപനങ്ങളും വെള്ളപ്പൊക്കം നിമിത്തം ഭവനരഹിതരായിത്തീര്‍ന്നിട്ടുള്ള ജനസഞ്ചയത്തിനു താമസിക്കുന്നതിനായി വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു.

kerala-flood-99-janayugom-1കുമരകത്ത് സുര്യോദയം കാണുന്ന ദിവസം തീരെ ഇല്ലെന്നുപറയാം. മഴയേക്കാള്‍ കൂടുതല്‍ കാറ്റും കോളുമുണ്ടാകുന്നതിനാല്‍ വെള്ളം കടലിലേക്ക് പോകുന്നില്ല.മുവ്വാറ്റുപുഴയില്‍ വെള്ളപ്പൊക്കം നിമിത്തം പോക്കുവരവിനു തീരെ സൗകര്യമില്ല. കോതമംഗലത്തു നിന്നും വടക്കുകിഴക്കുള്ള പാലമറ്റം റബര്‍ തോട്ടം മിക്കവാറും നശിച്ചിരിക്കുന്നുവത്രേ. വെള്ളപ്പൊക്കം നിമിത്തം പലകെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. കുറുപ്പുംപടിയില്‍ കുറേ ദിവസങ്ങളായി മഹാവൃഷ്ടി ഉഗ്രമായി വര്‍ഷിക്കുന്നു. പെരിയാറിലേ വെള്ളം പെരുകി പാഞ്ഞൊഴുകുന്നു. ഭീമമായ കാറ്റ് ഇടയ്ക്കിടയ്ക്കു വിലസിക്കൊണ്ടിരിക്കുന്നു. ഇതുതന്നെ തരമെന്നുവെച്ചു ക്ഷാമവും പ്രത്യക്ഷപ്പെട്ടു വിളയാടുന്നു.

കുളക്കടയാറ്റിന്റെയും തറയമുക്ക ഇല്ലിമല ആറിന്റെയും ഇരുകരകളിലുമുള്ള അനേകം വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാഴ്ച ആര്‍ക്കും സങ്കടം ഉണ്ടാക്കുന്നതാണ്. ടൗണിലുള്ള പ്രധാനപ്പെട്ട റോഡിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. ടൗണിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള പടുവാപ്പാലം ഒഴുകിപ്പോയി. ചെങ്ങന്നൂരില്‍ കാലത്തേ തന്നെ പമ്പാനദി കരകവിഞ്ഞു തീരപ്രദേശങ്ങളെ അക്രമിച്ചുതുടങ്ങി. ഉച്ചതിരിഞ്ഞപ്പോഴേക്കും ദേശത്തിന്റെ നാനാഭാഗങ്ങളും മെയിന്‍ റോഡും വെള്ളത്താല്‍ മൂടപ്പെട്ടു. പമ്പാനദിയിലേക്കു ഒന്നു നോക്കിയാല്‍ കാണുന്ന കാഴ്ച വര്‍ണ്ണിക്കാന്‍ അനന്തനാലും കഴിയുന്നതല്ല. ഇന്നലെയും ഇന്നുമായി വള്ളംവഴി ഇവിടെ ചന്തയിലും കച്ചേരിയിലും മറ്റുമായി വന്നുചേര്‍ന്നിരിക്കുന്ന മൃതപ്രായന്‍മാരായ അഭയാര്‍ത്ഥികളുടെ സ്ഥിതി എത്രമാത്രം ദയനീയമായിരിക്കുന്നു എന്നു പറഞ്ഞറിയിപ്പാന്‍ പ്രയാസം. ഇവരില്‍ അധികംപേരും അധ:കൃത വര്‍ഗ്ഗക്കാരാണ്. മുണ്ടന്‍കാവു തെരുവിലുള്ള ഒരു പുരയ്ക്കു തീപിടിക്കുകകൂടി ചെയതിരിക്കുന്നു. ആളുകള്‍ മച്ചിന്‍പുറത്തു കയറി തീ കാഞ്ഞുകൊണ്ടിരിക്കുന്നതായും അതു നിമിത്തം തീപിടിച്ചതായുമാണ് അറിയുന്നത്.

gandhijiഎറണാങ്കുളത്തിന്റെ കിഴക്കു ഭാഗം മുഴുവന്‍ വെള്ളത്തിനടിയിലാണ്. തൃപ്പൂണിത്തുറക്കും എടപ്പള്ളിക്കും മദ്ധ്യേ കടത്തുവള്ളങ്ങള്‍ റോഡുകളില്‍ കൂടെയാണ് ഉന്തിക്കൊണ്ടുപോകുന്നത്. കൊച്ചി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള കായല്‍ ഒരു സമുദ്രം പോലെ തോന്നുന്നു. അഭയാര്‍ത്ഥികള്‍ കൂട്ടം കൂട്ടമായി എറണാകുളം പട്ടണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ചാലക്കുടിക്കും ഇടപ്പള്ളിക്കും മദ്ധ്യേ ഉള്ള റെയില്‍വേ വഴികള്‍ പല സ്ഥലത്തും മുറിഞ്ഞുപോയിട്ടുണ്ട്. പറവൂരും ചേന്നമംഗലവും മുഴുവന്‍ വെള്ളത്തിനടിയിലായി എന്നു പറയപ്പെടുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രം വളരെ പൊക്കമുള്ള സ്ഥലത്തായതിനാല്‍ അവിടെ മാത്രം വെള്ളം കയറിയിട്ടില്ല. തിരൂരില്‍ നിന്നു ഫറോക്ക് വരെയുള്ള റെയില്‍വേയില്‍ തിരൂരിനു വടക്കുള്ള ഒരുപാലത്തിനു കേടുവന്നതല്ലാതെ മറ്റു നാശമൊന്നുമുണ്ടായിട്ടില്ല. പൊന്നാനിയിലുള്ള അനേകം വീടുകള്‍ വെള്ളത്താല്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ള വലയലുകള്‍ ചില സ്ഥലങ്ങളില്‍ ജലാശയങ്ങളായി രൂപാന്തരപ്പെടുകകൂടി ചെയ്തിട്ടുണ്ട്. അലുവാ പുഴയിലെ വെള്ളപ്പൊക്കം നിമിത്തം ഇവിടെനിന്നു പറവൂര്‍ക്കും പെരുമ്പാവൂര്‍ക്കും ഓടിക്കൊണ്ടിരിക്കുന്ന മോട്ടോര്‍ സര്‍വ്വീസുകള്‍ നിന്നുപോയിരിക്കുന്നു. റോഡുകളില്‍ ചില സ്ഥലങ്ങളില്‍ ഒരാള്‍ വെള്ളത്തിലധികമുള്ളതിനാല്‍ കരമാര്‍ഗ്ഗമുള്ള സഞ്ചാരവും തടസ്സപ്പെട്ടിരിക്കുന്നു.

ദേവികുളത്ത് കര്‍ക്കടകം ഒന്നിനു 20 ഇഞ്ചു മഴ ഉണ്ടായിരുന്നുവെന്നു കമ്മീഷണറുടെയും സൂപ്രവൈസര്‍ മിസ്റ്റര്‍ പോത്തന്റെയും കമ്പികളില്‍ നിന്നു കാണുന്നു. മല ഇടിഞ്ഞുവീഴുക നിമിത്തം നൂറില്‍ ചില്ലാനം ആളുകള്‍ മരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു പി.ഡബ്ലിയു.ഡി മേസ്തിരി ആകുന്നു. മുന്നാര്‍ വെള്ളത്തിനടിയിലായിരുന്നു. സര്‍ക്കാര്‍ പാലമുള്‍പ്പടെ മൂന്നു പാലങ്ങള്‍ വെള്ളം ഒഴുക്കിക്കൊണ്ടുപോയി. തിരുവല്ലയില്‍ വെള്ളപ്പൊക്കം അതിഭയങ്കരമായിരിക്കുന്നു. താണ പ്രദേശങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും പക്ഷഭേദം കൂടാതെ വെള്ളത്തിനടിയിലായി. താണപ്രദേശങ്ങളില്‍ വെള്ളം എത്തിക്കൂടിയ സ്ഥലങ്ങളിലുള്ള സാധുക്കളുടെ മണ്‍കെട്ടിടങ്ങളില്‍ ഒന്നും ശേഷിച്ചിട്ടില്ല. ഉയര്‍ന്ന പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള ശല്യങ്ങള്‍ ആവര്‍ണ്ണനീയമത്രേ. മേപ്രാല്‍ പടിഞ്ഞാറുഭാഗത്തു ഒരു പുരയില്‍ മൂന്നുനാലുപേരുടെ മൃതശരീരങ്ങള്‍ കാണപ്പെട്ടിരിക്കുന്നു. താണപ്രദേശങ്ങളില്‍ നിന്നും അനേകര്‍ കരപ്രദേശങ്ങളിലേക്ക് വേഗത്തില്‍ വന്നുകൊണ്ടിരിക്കുന്നു. പാലിയക്കര പള്ളിക്കൂടം, മുത്തൂര്‍ സ്‌കൂള്‍, ആല്‍ത്തറ, കാവുംഭാഗം സ്‌കൂള്‍, വേങ്ങല്‍ സ്‌കൂളും പരിസരവും, പെരുന്തുരുത്തി മുതലായ സ്ഥലങ്ങള്‍ ഇവരേകൊണ്ടു നിറഞ്ഞുകഴിഞ്ഞു. ഏകദേശം മൂവായിരത്തിനകം അഭയാര്‍ത്ഥികള്‍ ഇവിടെ കിടപ്പുള്ളതായി കണക്കാക്കുന്നു.”

************************************************

കഴിഞ്ഞ 94 വര്‍ഷത്തിനിടയില്‍ സഹജമായും മനുഷ്യന്റെ ചൂഷണാത്മകമായ ഇടപെടല്‍ മൂലവും അനേകം മാറ്റങ്ങള്‍ പ്രകൃതിയിലുണ്ടായിട്ടുണ്ട്.1924ലുണ്ടായ കര്‍ക്കടക മാസത്തിലെ പേമാരിയെക്കാള്‍ 2018 ലെ പേമാരിയെ തുടര്‍ന്നുണ്ടായ മഹാപ്രളയം മുന്നിട്ടുനിന്നിട്ടും അതുവരുത്തിവെച്ച നാശനഷ്ടങ്ങള്‍ തുലനം ചെയ്യാനാകാത്തത്ര കുറഞ്ഞത് അതീവ ജാഗ്രത കൊണ്ടും കൃത്യമായ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടുമാണ്. ഒരു നിശ്ചിത അളവ് വെള്ളം വിവിധ ഡാമുകളില്‍ കെട്ടിനിര്‍ത്താനുള്ള സൗകര്യം ഇക്കാലയളവിനിടയില്‍ ഒരുക്കാനായതുകൊണ്ടു കൂടിയാണ് ദുരിതങ്ങളുടെ തീവ്രത കുറക്കാനായതെന്ന് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാനാകും. അല്ലായിരുന്നുവെങ്കില്‍ പ്രളയശേഷം കേരളം ഈ രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ലെന്നുറപ്പാണ്. ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് കൊണ്ടാണ് പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയതെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയത് ആഗസ്റ്റ് പത്തിനും ഇരുപതിനുമിടയിലുള്ള പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുമ്പുമുതലേ ഡാം തുറക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളും മല്‍സരിച്ച് കൊടുത്തുകൊണ്ടേയിരുന്നു. ഓരോ ഷട്ടറുകള്‍ തുറക്കുമ്പോഴും വെള്ളത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന ഭീമാകാരത ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. ഈ മലവെള്ളപ്പാച്ചില്‍ ഇത്ര മണിക്കൂറിനുളളില്‍ ഏതൊക്കെ പ്രദേശങ്ങളില്‍ എത്തുമെന്നും വാര്‍ത്താവതാരകര്‍ ഇടതടവില്ലാതെ പറഞ്ഞ് കൊണ്ടേയിരുന്നു. ഇതിന് പുറമെ വില്ലേജുകള്‍ കേന്ദ്രീകരിച്ച് മൈക്ക് കെട്ടിയ വാഹനങ്ങളില്‍ കാര്യങ്ങളുടെ ഗൗരവം അധികൃതര്‍ ജനങ്ങളെ അറിയിക്കുകയും ചെയതിരുന്നു. എന്നിട്ടും വില്ലേജ് ഓഫീസര്‍മാര്‍ ഓരോ വീട്ടിലുമെത്തി ഓരോരുത്തരെയും വിളിച്ച് പ്രത്യേകം പ്രത്യേകം പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? വിമര്‍ശിക്കാന്‍വേണ്ടിയുള്ള വിമര്‍ശനമെന്നല്ലാതെ ഇതിനെയൊക്കെ മറ്റെന്താണ് വിശേഷിപ്പിക്കുക?

പിണറായി വിജയന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നു മുഖ്യമന്ത്രിയുടെ കസേരയിലെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുകയെന്ന് ആരെങ്കിലും സങ്കല്‍പിച്ചു നോക്കിയിട്ടുണ്ടോ? യുദ്ധമുഖത്ത് അതിനിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ തന്റെ സൈന്യം കടന്ന് പോകുമ്പോള്‍ പട്ടാളക്കാര്‍ക്ക് ആത്മവീര്യം പകര്‍ന്നുല്‍കി അവരെ ആവോളം ഉത്തേജിപ്പിച്ച് മുന്നില്‍ നിന്നു നയിക്കുന്ന സമര്‍ത്ഥനായ പടനായകന്റെ റോളിലാണ് പിണറായി വിജയന്‍ നിലകൊണ്ടത്. ആകാശം ഇടിഞ്ഞ് വീണാലും അതിനു മുകളിലൂടെ നമുക്ക് നടക്കാമെന്ന ആ ഭാവവും ശരീരഭാഷയുമുണ്ടല്ലോ അത് അഹങ്കാരത്തിന്റേതല്ല ആത്മധൈര്യത്തിന്റേതാണെന്നു ‘പലരും’ തിരിച്ചറിഞ്ഞ നാളുകളാണ് കടന്നുപോയത്.

ഈ പ്രളയകാലത്ത് ഇടതു പക്ഷമല്ല കേരളം ഭരിച്ചിരുന്നതെങ്കില്‍ കാര്യങ്ങള്‍ എങ്ങിനെയാകും നീങ്ങുമായിരുന്നത്? അണക്കെട്ടുകള്‍ തുറന്ന് വിടേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ തന്നെ എത്ര ഷട്ടറുകള്‍ ഏതൊക്കെ സമയത്താണ് തുറക്കേണ്ടതെന്നും കൃത്യതയോടെ തീരുമാനമെടുത്ത് നടപ്പിലാക്കാനാകാത്ത അവസ്ഥയില്‍ നിന്നാകും ആശയക്കുഴപ്പം രൂപപ്പെടുക. ഘടകകക്ഷികളും മന്ത്രിമാരും എം.എല്‍.എ മാരും എം.പിമാരും സമുദായ നേതാക്കളും കാക്കത്തൊള്ളായിരം സംഘടനകളും വ്യത്യസ്ത അഭിപ്രായങ്ങള്‍ തീവ്രമായി രേഖപ്പെടുത്തുന്നതോടെ എല്ലാം കുഴഞ്ഞുമറിയും. ജലനിരപ്പുയര്‍ന്ന് അണക്കെട്ടുകള്‍ പൊട്ടുന്ന സ്ഥിതിയാകും അനന്തരഫലം. കേരളം തന്നെ ആ മലവെള്ളപ്പാച്ചിലില്‍ അമര്‍ന്നൊടുങ്ങിപ്പോകുമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം അങ്കലാപ്പിലാകുന്ന കാലയളവിലെ കാഴ്ചകളാകും ഏറെ കൗതുകകരം. മുഖ്യമന്ത്രിമാരും മന്ത്രിമാരും മത്സരിച്ച് ചാനലുകാരെയും കൂട്ടി അനുയായികളുടെ അകമ്പടിയോടെ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ക്യാമറയില്‍ പെടാന്‍ തിക്കും തിരക്കും കൂട്ടുകയും ചെയ്യും. പല മന്ത്രിമാരും നിരവധി പ്രവര്‍ത്തകരും വെള്ളക്കെട്ടില്‍ വീണ് അവരെ രക്ഷാസേന കരക്കെത്തിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ട് പത്രകോളങ്ങള്‍ നിറഞ്ഞുകവിയുന്ന സാഹചര്യങ്ങളുമുണ്ടാകുമെന്നുറപ്പ്.

നേതാക്കള്‍ മത്സരിച്ചഭിനയിക്കുന്ന ചിത്രങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത് ലോകത്തിനു മുന്നിലെത്തിക്കും. ഓരോ ദിവസവും നടത്തുന്ന പത്ര സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇരിപ്പും ദൈന്യമാര്‍ന്ന മുഖഭാവവും പേടിച്ചരണ്ട ശരീരഭാഷയും, വിതുമ്പലും കരച്ചിലും കാരണം ഇടറി മുറിയുന്ന വാചകങ്ങളും, കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പൊതുസമൂഹത്തില്‍, ഉള്ള ആത്മവിശ്വാസവും ചോര്‍ത്തിക്കളയും. സ്വാഭാവികമായും ജനങ്ങളൊന്നടങ്കം ഭയാശങ്കയിലകപ്പെടും. പത്ര-ദൃശ്യ-മാധ്യമങ്ങള്‍ അത്തരം അതിവൈകാരിക പ്രകടനങ്ങളെ ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ പ്രവാഹമായി പാടിപ്പുകഴ്ത്തും. ഓരോരുത്തരും അവനവനെ കുറിച്ചും അവനവന്റെ മത ജാതി വിഭഗങ്ങള്‍ക്കുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ചും പരിതപിച്ച് വ്യംഗ്യമായി പരസ്പരം കുറ്റപ്പെടുത്തും. സര്‍വ്വരും വിധിയെ പഴിക്കും. എല്ലാം ദൈവഹിതമാണെന്നും ഈശ്വര കോപത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ലെന്നും പറഞ്ഞ് സര്‍ക്കാര്‍ വീഴ്ചകള്‍ മറച്ചുവെക്കാന്‍ സമുദായ നേതാക്കള്‍ ഒന്നടങ്കം ‘മതവിധി’ പുറപ്പെടുവിക്കും. അവയെല്ലാം പത്രകോളങ്ങളില്‍ വലിയ തലക്കെട്ടുകളായി മാറുകയും ചെയ്യും. അവസാനം ദ്രവിച്ച വൈക്കോല്‍കൂനപോലെ ഒരു സമൂഹം ചരിത്രത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെടും.

ആ ദുര്യോഗത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ച് പുതിയൊരു യുഗത്തിന്റെ സൃഷ്ടാക്കളായും അതിജീവനത്തിന്റെ പുത്തന്‍ഗാഥകള്‍ തീര്‍ത്തവരായും ലോകത്തിനുമുന്നില്‍ തലയെടുപ്പോടെ നില്‍ക്കാനുള്ള സാഹചര്യം നമുക്കുണ്ടാക്കിയത്, മുന്നില്‍ നിന്നു നയിക്കാനും തക്കസമയത്ത് കൃത്യമായ തീരുമാനമെടുത്ത് നടപ്പിലാക്കാനും കഴിവുള്ള, പത്രതാളുകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കണമെന്ന് ഒട്ടും താല്‍പര്യമില്ലാത്ത ഒരു കപ്പിത്താന്‍ നമുക്കുണ്ടായതു കൊണ്ടാണ്. ആ പടനായകനെ വിശ്വാസത്തിലെടുത്ത് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കേന്ദ്ര സംസ്ഥാന സേനാ വിഭാഗങ്ങളും നമ്മുടെ മത്സ്യതൊഴിലാളികളും യുവാക്കളും സന്നദ്ധ സംഘടനകളും സാമൂഹ്യ രാഷ്ട്രീയ നേതൃത്വവും പൊതുപ്രവര്‍ത്തകരും ബഹുജനങ്ങളും ഏകമനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ബാക്കിപത്രമായിട്ടാണ് ഈ പുതുജീവന്‍ നമുക്ക് തിരിച്ചുകിട്ടിയതെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. നാടിനെ സമ്പൂര്‍ണ്ണമായി മുക്കിക്കൊല്ലാന്‍ മാത്രം ശക്തമായിരുന്ന ഒരു മഹാദുരന്തത്തെ കേരളം അതിജീവിച്ചത് ലോകം അല്‍ഭുതത്തോടെയാണ് നോക്കിക്കാണുക. നമ്മുടെ ഐക്യം ഏവരാലും പ്രകീര്‍ത്തിക്കപ്പെടുകയാണ്. തര്‍ക്കിച്ചും വിവാദങ്ങളുണ്ടാക്കിയും സമയം കളയേണ്ട നേരമല്ലിത്. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളും ശേഷിപ്പുകളും അടുക്കിവെച്ച് പുനര്‍നിര്‍മ്മാണത്തില്‍ വ്യാപൃതരാകേണ്ട സങ്കീര്‍ണ്ണമായ ചുറ്റുപാടിലൂടെയാണ് നാം കടന്നുപോകുന്നത്.

2018 ലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് വിളിച്ചുകൂവി സ്വയം പരിഹാസ്യരാകാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ക്രിയാത്മകമായി ഇടപെടാന്‍ സന്‍മനസ്സും വിവേകവുമുള്ളവര്‍ക്കേ സാധിക്കൂ. ആരുടെയും പങ്ക് ചെറുതാക്കി കാണാതെ, എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച്, നൂറ്റാണ്ട് തീര്‍ത്ത ദുരന്തമുഖത്തെ ചങ്കുറപ്പ്‌കൊണ്ട് മറികടക്കാന്‍ നമ്മെ മാനസികമായും ശാരീരികമായും സാമ്പത്തികമായും സന്നദ്ധമാക്കുന്ന, നമുക്കായി കാലം കരുതിവെച്ച മുഖ്യമന്ത്രിയുടെ പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കാം. വികാരങ്ങള്‍ക്ക് ചായം പൂശാത്ത ആ പച്ചമനുഷ്യനെ മനസ്സുകൊണ്ടെങ്കിലും നമുക്കൊന്ന് ‘തൊഴാം’. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പതിനായിരക്കണക്കിന് വരുന്ന ഔദ്യോഗികവും അല്ലാത്തവരുമായ നല്ല മനുഷ്യര്‍ക്കു നേരെ തിരിഞ്ഞ് നമുക്കൊന്ന് കൈകൂപ്പാം. ആപല്‍ഘട്ടത്തില്‍ സഹായഹസ്തം നീട്ടിയ സ്വദേശത്തും വിദേശത്തുമുള്ള ഭരണകര്‍ത്താക്കളോടും സുമനസ്സുകളോടും പ്രവാസി സുഹൃത്തുക്കളോടും നമുക്കൊരു നല്ല നമസ്‌കാരം പറയാം. ഇനി നമ്മുടെ മുന്നില്‍ ഒരേയൊരു ലക്ഷ്യമേയുള്ളൂ. അത് നവകേരളത്തിന്റെ സൃഷ്ടിയാണ്. ആ വഴിയില്‍ നിന്ന് വ്യതിചലിക്കുന്ന ഒന്നും ആരുടേയും ഭാഗത്തുനിന്നുണ്ടാവാതെ നോക്കണം. വിശ്വാസംകൊണ്ടും രാഷ്ടീയംകൊണ്ടും ജാതിമതചിന്തകള്‍ കൊണ്ടും നാമേത് ധാരയിലാണെങ്കിലും ശരി. ഭിന്നിപ്പ് നമ്മെ തകര്‍ക്കുകയും, ഐക്യം ലോകത്തിന്റെ നെറുകയില്‍ നമ്മളെ എത്തിക്കുകയും ചെയ്യും. വരൂ , ഉടലും മസ്തിഷ്‌കങ്ങളും കൊണ്ട് വെവ്വേറെയെങ്കിലും മനസ്സുകൊണ്ടു നമുക്കൊന്നാവാം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം.
കടപ്പാട്: ജനയുഗം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top