Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപി‌എം   ****    കോവിഡ് കാലത്തും വേറിട്ടൊരു മോഷണം, ശുചീകരണത്തൊഴിലാളിയുടെ വേഷത്തിലെത്തി എടി‌എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു   ****    സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****   

നാടിനെ തകര്‍ത്ത പ്രളയം നാട്ടുകാരുടെ ഐക്യത്തില്‍ തകരാത്ത നാട്

August 25, 2018 , ബ്ലെസന്‍ ഹ്യൂസ്റ്റണ്‍

photo new-smallഅതിരൂക്ഷമായ ജലപ്രളയമാണ് ഇപ്പോള്‍ കേരളത്തിലുണ്ടായിരിക്കുന്നത്. ഈ അടുത്ത കാലത്തെങ്ങും ഇത്ര ഭയാനകമായ പ്രളയം കേരളത്തിലുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലായെന്നു തന്നെ പറയാം. 99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറയുമ്പോള്‍ അതിന്റെ ഭീകരത അവരുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു. അതിനു സമാനമായതോ അല്ലെങ്കില്‍ അതിനെക്കാള്‍ രൂക്ഷമായതോ ആണ് എന്നു തന്നെ പറയാം ഇപ്പോഴത്തെ സംഭവം. സ്വന്തക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ വീടുകള്‍ സമ്പത്ത് സ്വരുകൂട്ടി വച്ചിരുന്നതെല്ലാം നഷ്ടപ്പെട്ടവര്‍. അങ്ങനെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമെ പറയാനുള്ളൂ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ അവര്‍ക്ക് നഷ്ടങ്ങളുടെ കണക്കുകളുണ്ടെറെയെങ്കിലും അത് ചിന്തിക്കാന്‍ പോലും സമയമില്ല. കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തികൊണ്ട് നാശം വിതയക്കുമ്പോള്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രപ്പാടിലാണവര്‍. എവിടെ പോകണം എന്ത് ചെയ്യണമെന്നറിയാതെ അവര്‍ നട്ടം തിരിയുമ്പോള്‍ പ്രകൃതി തന്റെ വികൃതി കാട്ടികൊണ്ടിരിക്കുകയാണ്. കരയും കടലും തിരിച്ചറിയാനാവാത്തത്ര വെള്ളം കയറി കരയെ വിഴുങ്ങിക്കളഞ്ഞുയെന്നതാണ് സത്യം. കര കവിഞ്ഞൊഴുകിയെന്നുമാത്രമല്ല കരയെ കവര്‍ന്നെടുക്കുകയും കൂടിയാണ് ചെയ്യുന്നത്.

വെള്ളപ്പൊക്കത്തിന്റെ ദുരിതം എത്ര മാത്രമെന്ന് അത് അനുഭവിച്ചവര്‍ക്കെ അറിയൂ. അത് ദുരിതത്തോടൊപ്പം ഭീതികൂടി വിതയ്ക്കുന്നുയെന്നതാണ് അത് അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതെ സമയം ഹാര്‍വ്വി എന്ന പ്രകൃതി ദുരന്തം ഹ്യൂസ്റ്റണില്‍ വിതച്ച നാശവും ദുരിതവും വാക്കുകള്‍ക്ക് അതീതമായിരുന്നു. ഒരു രാത്രികൊണ്ട് ഒറ്റപ്പെട്ടുപോയ അവസ്ഥ. വികസിത രാജ്യവും സാങ്കേതിക മികവിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ പോലും ആശയ വിനിമയം കുറച്ചു സമയത്തേക്ക് നിലച്ച അവസ്ഥ. വീടെന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് ജീവന്‍ രക്ഷിക്കാനുള്ള ശ്രമം. വെള്ളം വീടിനു ചുറ്റും കൂടി വന്നപ്പോള്‍ മനസ്സിലുണ്ടായ ഭയം ഒരിക്കലും മറക്കാനാവാത്ത ഒന്നായി ഇന്നും അവശേഷിക്കുന്നു. അങ്ങനെ ഹാര്‍വ്വിയെന്ന ദുരന്തം ഇപ്പോള്‍ കേരളത്തിലെ പ്രകൃതി ദുരന്തത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടുന്ന രീതിയില്‍ ഒരു കള്ളനെപ്പോലെ പതുങ്ങി വന്ന് സകലതും കവര്‍ന്നെടുക്കാനുള്ള തന്ത്രപ്പാടിലാണ് അതെന്ന് തോന്നിപ്പോകുകയാണ്. ഇവിടെ കേരള ജനത ഒറ്റകെട്ടായി അതിനെ നേരിടുകയാണ്. അതില്‍ രാഷ്ട്രീയമോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ കൊടിയുടെ നിറമോ പ്രാര്‍ത്ഥനകളുടെ വേറിട്ട ശബ്ദമോ ഒന്നും തന്നെ ഇല്ല. ഒരു പക്ഷെ ഈ അടുത്ത കാലത്ത് കേരള ജനത ഒറ്റകെട്ടായി നേരിട്ട ഒരു സംഭവം വേറെ ഇല്ല.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയത് അതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പരാതികള്‍ക്ക് ഇട നല്‍കിയ തരത്തിലേക്ക് വിമര്‍ശിക്കപ്പെട്ടുവെങ്കിലും പ്രളയക്കെടുതി അദ്ദേഹത്തിന് കുറച്ചൊക്കെ വിലയിരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ഏകദേശ രൂപത്തിലെ ഇപ്പോള്‍ കണക്കാന്‍ കഴിയുകയുള്ളൂ. കാരണം ഇപ്പോഴും പ്രകൃതി നിറഞ്ഞാടികൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണരൂപത്തിലാകുമ്പോള്‍ ഇപ്പോഴുള്ള കണക്കിനെക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ നാശനഷ്ടങ്ങള്‍ നികത്താനുള്ള പണം കണ്ടെത്തേണ്ടത്. അതില്‍ എത്തേണ്ട പണം വിവിധ ഭാഗങ്ങളില്‍ നിന്നാണ്. വ്യക്തികളില്‍ നിന്ന് തുടങ്ങി സ്ഥാപനങ്ങള്‍ സന്നന്ധ സംഘടനകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഭകള്‍ അങ്ങനെ ആ നിര നീണ്ടുപോകുന്നു. ആര്‍ക്കും നല്‍കാം. എത്ര തുകവേണെങ്കിലും അതിനു നല്‍കാം. അവിടെ സംഭാവന നല്‍കുന്ന തുകയുടെ കണക്ക് കൃത്യമായും സൂക്ഷിച്ചിരിക്കും എന്നതാണ് ഒരു സവിശേഷത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കിട്ടുന്ന തുകയാണ് പ്രകൃതിദുരന്തങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന ആശ്വാസ തുക.

കേന്ദ്രം നല്‍കുന്ന തുകയാണ് മറ്റൊരാശ്വാസ തുക. ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്രം കാര്യമായി നല്‍കിയിട്ടില്ല. അഞ്ഞൂറ് കോടി മാത്രമാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക. അത് കടലില്‍ കായം കലക്കുന്നതിനു തുല്യമാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തത്തെ ദേശീയ ദുരന്തങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കൂടുതല്‍ തുക അനുവദിക്കാന്‍ കേന്ദ്രം അടിയന്തിര നടപടിയെടുക്കാന്‍ സന്നദ്ധത കാട്ടേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല ഭാഗത്തുനിന്നും എന്തിന് അതിര്‍ത്തിക്കപ്പുറത്തുനിന്നുപോലും സഹായമെത്തുന്നുണ്ടെങ്കിലും അതിനൊക്കെ അപ്പുറം സാമ്പത്തീക സഹായം ആവശ്യമായിട്ടുണ്ട്. അതുകൊണ്ട് ഏത് ഭാഗത്തുനിന്നും എത്ര സഹായം കിട്ടിയാലും അത് അധികമാകില്ല.

ഇവിടെ കേന്ദ്രത്തിന്റെ സഹായം ഒരു വലിയ ആശ്വാസമാണ് നല്‍കുന്നതെന്നതുകൊണ്ട് രാഷ്ട്രീയം മറന്ന് കൂടുതല്‍ തുക അനുവദിക്കേണ്ടിയിരിക്കുന്നു. സാധാരണ നിലയില്‍ കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നവയ്ക്ക് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന തുകയുടെ മുക്കാല്‍ ഭാഗമെങ്കിലും നല്‍കാറാണ് പതിവ്. അതില്‍ സംസ്ഥാനം ആര് ഭരിച്ചാലും അങ്ങനെയാണ് ചെയ്യാറ് പതിവ്. എന്നാല്‍ ഇപ്പോള്‍ കേവലം നൂറ് കോടിയെന്ന് ചുരുക്കിയത് പുനഃപരിശോധിക്കുക തന്നെ വേണം. ഭരിക്കുന്നത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെങ്കിലും ജനങ്ങള്‍ക്കാണ് പണം നല്‍കുക. അവരുടെ കഷ്ടപ്പാടിന് പരിഹാരമുണ്ടാകാനാണ് എന്ന് ചിന്തിക്കുക.

അതുകൊണ്ട് രാഷ്ട്രീയം മറന്നുള്ള സഹായസഹകരണമാണ് കേന്ദ്രം ഈ അവസരത്തില്‍ നല്‍കേണ്ടത്. കേരളത്തിലെ ഏറ്റവും ഭയാനകമായ ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. അതിനെ നാടൊട്ടുക്ക് ഒറ്റകെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ ഭാഗങ്ങളില്‍ നിന്നും സഹായഹസ്തങ്ങള്‍ക്കായി കേഴുകയാണ് ദുരന്തത്തിലകപ്പെട്ട ജനം. നാം ഒറ്റകെട്ടായി നേരിടുമ്പോഴും അതിന് അപ്പുറം സഹായങ്ങള്‍ വേണ്ടി വരുന്നുണ്ട്. ആ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റുമായി ആലോചിച്ച് യു.എന്‍.പോലെ ഉള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹായം ആവശ്യപ്പെടാം. അവരില്‍കൂടി വികസിത രാജ്യങ്ങളായ അമേരിക്കയുള്‍പ്പെടെ ഉള്ളവരുടെ കൂടി സഹായ സഹകരണങ്ങള്‍ നേടാം. ഹെയ്ത്തിയിലും ജാക്കര്‍ത്തായിലുമുള്ളതുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഐക്യരാഷ്ട്ര സംഘടനകള്‍ക്ക് കഴിഞ്ഞുയെന്ന് ഓര്‍ക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തീകവും ഉള്‍പ്പെടെയുള്ള സഹായ സഹകരണങ്ങള്‍ ഏകോപിപ്പിച്ച് കേരളത്തിനു നല്‍കാന്‍ അന്താരാഷ്ട്ര സംഘടനയായ ഐക്യരാഷ്ട്രസംഘടനയ്ക്ക് കഴിയും. അവരുടെ സഹായത്തിനായി നാം അമാന്തിച്ച് നില്‍ക്കരുത്.

മഴ ശമിച്ചാല്‍ പോലും കേരളത്തിന് പൂര്‍വ്വ സ്ഥിതിയിലാകാന്‍ ഏറെ സമയവും സഹായവും വേണ്ടി വരും. മിക്ക സ്ഥലങ്ങളിലെയും റോഡുകള്‍ തകര്‍ന്നുപോയതും താറുമാറായതുമായിട്ടുള്ളതുകൊണ്ട് അവ പൂര്‍വ്വ സ്ഥിതിയിലാകാന്‍ സമയവും സാമ്പത്തീക സഹായവും വേണം.

സഞ്ചാരത്തിനു മാത്രമല്ല മരുന്നും ഭക്ഷ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ളവ യഥാസമയം എത്തിചേരാന്‍ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലായെങ്കിലെ മതിയാകൂ. അതിന് സാങ്കേതിക സഹായവും സാമ്പത്തീക സഹായവും വേണ്ടുവോളം വേണം.

വെള്ളപൊക്കമുണ്ടാകുമ്പോള്‍ ഉള്ള ദുരിതത്തേക്കാളാണ് അതിനുശേഷം കുറെക്കാലത്തോളമുള്ള ജീവിതം. ജനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്താന്‍ ഏറെ സമയമെടുക്കുമെന്നതാണ് അനുഭവത്തില്‍ കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വെള്ളം വലിഞ്ഞാലും സ്വന്തം വീടുകളില്‍ താമസ്സിയ്ക്കാന്‍ കഴിയുകയെന്നത് ഏറെ ദിവസത്തെ കഠിനാധ്വാനത്തില്‍ കൂടിയെ കഴിയൂ.

വീടുകള്‍ക്കുള്ളില്‍ വൃത്തിയാക്കുന്ന ജോലിയാണ് ഏറെ ശ്രമകരം. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതുകൊണ്ട് അവ മാറ്റുന്നത് ഏറെ പണിപ്പെട്ട ശ്രമകരമായ ജോലിയാണ്. അടച്ചിട്ട വീടുകളാണെങ്കില്‍ കൂടി എയര്‍ഹോളുവഴി ഒക്കെ ഇഴജന്തുക്കള്‍ വീടിനകത്ത് കയറാന്‍ സാധ്യതയുള്ളതാണ്. വീടിനകത്ത് കയറാന്‍ സാധ്യതയുള്ളതാണ്. വീടിനകത്ത് പ്രവേശിക്കുന്നതിനു മുമ്പ് അവ ഇല്ലെന്ന് ഉറപ്പു വരുത്തണം. അതിദുര്‍ഗന്ധം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ അവയ്ക്കും മുന്‍കരുതലുകള്‍ എടുക്കേണ്ടതായിട്ടുണ്ട്. ഈ ദുര്‍ഗന്ധം പലര്‍ക്കും പല രീതിയിലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുമെന്നതാണ് വസ്തുത. സാക്രമിക രോഗങ്ങള്‍ പോലും ഇതില്‍ കൂടി പകരാം. ചര്‍ദ്ദില്‍ ശ്വാസം മുട്ടല്‍ തുടങ്ങിയവയും ഇതു വഴി ഉണ്ടാകുന്നതു കൊണ്ട് വായും മൂക്കും മാസ്‌ക്കുകള്‍ ലഭ്യമാണെങ്കില്‍ അത് ഉപയോഗിച്ചു തന്നെ മൂടികൊണ്ടായിരിക്കണം വൃത്തിയാക്കേണ്ടത്.

സാക്രമീക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം സ്വയം കരുതലും എടുക്കേണ്ടതായിട്ടുണ്ട്. ശുദ്ധ ജലം പോലും ഈ അവസ്ഥയില്‍ സാക്രമീക രോഗങ്ങള്‍ പരത്താനിടയുള്ളതിനാല്‍ തിളപ്പിച്ചാറിച്ച് ശുചിത്വമായിട്ടായി ഉപയോഗിച്ചാല്‍ ഒരുപരിധിവരെ തടയാന്‍ കഴിയും. മാലിന്യ സംസ്‌ക്കരണമാണ് മറ്റൊന്ന്. വെള്ളപൊക്കത്തില്‍ കൂടി വീടിനകത്തും പുറത്തും അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ വീടിനകത്തു വെള്ളം കയറി സാധന സാമഗ്രഹികള്‍ ഉപയോഗശൂന്യമാണെങ്കില്‍ അത് കളയാന്‍ ഉള്ള സംവിധാനമോ ഒന്നും സര്‍ക്കാര്‍ തലത്തിലോ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ വേണ്ടത്ര ഇല്ല. സ്വന്തം പറമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് ഗ്രാമപ്രദേശങ്ങളിലെങ്കില്‍ നഗരങ്ങളില്‍ ദിവസങ്ങളോളം മാലിന്യങ്ങള്‍ കിടന്നാലും നഗരസഭയോ ഉത്തരവാദിത്വപ്പെട്ടവരോ മാറ്റാറില്ല. അപ്പോള്‍ പിന്നെ ഇപ്പോഴുള്ള കാര്യം പറയേണ്ടതുണ്ടോ. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കമെന്ന നിലയ്ക്കും ഇതിനു മുമ്പ് ഇതിനു സമാനമായ വെള്ളപൊക്കങ്ങള്‍ നാം അഭിമുഖീകരിച്ചിട്ടില്ലാത്തതിനാലും ഇതിനുള്ള മാര്‍ഗ്ഗം നമുക്കറിയില്ല. സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് അപ്പഴപ്പോള്‍ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുകയോ സര്‍ക്കാര്‍ തലത്തില്‍ അതിനുള്ള സംവിധാനമുണ്ടാക്കുകയോ ഉണ്ടാകേണ്ടതായിട്ടുണ്ട്. അമേരിക്കയില്‍പോലും മാസ്സങ്ങളോളം സര്‍ക്കാരും മറ്റും പരിശ്രമിച്ചാണഅ ഇത് പൂര്‍ണ്ണമായി മാറ്റുന്നത്. മാല്ിന്യനിക്ഷേപമാര്‍ഗ്ഗങ്ങളുണ്ടായിട്ടുകൂടി.

എന്നാല്‍ അതിനെക്കാളുപരി ഇപ്പോഴുള്ള ജനങ്ങളുടെ ഐക്യവും സഹകരണവും സഹായവും തുടര്‍ന്നുമുണ്ടായാല്‍ പരസ്പര സഹകരണത്തോടെ ഭരണകൂടവും ജനങ്ങളും ഒന്നിച്ച് നിന്നാല്‍ ഇതിന് പരിഹാരം കാണാന്‍ കുറെയൊക്കെ കഴിയും. അതിലുപരി വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ആളുകള്‍ വീടിനുള്ളില്‍ താമസം തുടങ്ങാന്‍ ഇനിയും സമയം എടുക്കും. ജീവന്‍ രക്ഷിയ്ക്കാനുള്ള മരണ വെപ്രാളത്തിനിടയില്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രമെ എടുത്തിട്ടുണ്ടാകും. വിലപിടിപ്പുള്ളതും അല്ലാത്തതുമായ സാധനങ്ങള്‍ പലതും വീടിനുള്ളില്‍ ഇട്ടിട്ടായിരിക്കും പോയിരിക്കുക. ഈ സമയം മുതലെടുത്ത് സാമൂഹിക വിരുദ്ധരും മോഷണക്കാരും അടച്ചിട്ട വീടുകള്‍ രാത്രികാലങ്ങളില്‍ കുത്തിതുറന്ന് മോഷണവും മറ്റും നടത്താറുണ്ട്. അതൊഴിവാക്കാന്‍ പോലീസ് രാത്രികാലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ രാത്രികാലങ്ങളില്‍ കര്‍ഫ്യൂ പോലും പലരാജ്യത്തും ഏര്‍പ്പെടുത്താറുണ്ട്. അതില്ലെങ്കില്‍ കൂടി പോലീസും പൊതുജനങ്ങളും കൂടുതല്‍ ശ്രദ്ധിച്ചാല്‍ അതൊരു പരിധി വരെ ഒഴിവാക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top