Flash News

സഹ്യന്റെ താഴ്‌വരകളില്‍ സടകുടയുന്നു കേരളം !! (ലേഖനം)

August 30, 2018 , ജയന്‍ വര്‍ഗീസ്

sahyante banner-1പ്രപഞ്ചത്തിലെ ഏറ്റവും നല്ല പഥമേത് ? നമ്മുടെ ക്ഷീരപഥം! ക്ഷീരപഥത്തിലെ ഏറ്റവും നല്ല യൂഥമേത് ? നമ്മുടെ സൗരയൂഥം.! സൗരയൂഥത്തിലെ ഏറ്റവും നല്ല ഗ്രഹമേത് ? നമ്മുടെ ഭൂമി.! ഭൂമിയിലെ ഏറ്റവും നല്ല രാജ്യമേത് ? നമ്മുടെ ഭാരതം! ഭാരതത്തിലെ ഏറ്റവും നല്ല സംസ്ഥാനമേത് ? നമ്മുടെ കേരളം.! കേരളത്തിലെ ഏറ്റവും നല്ല സ്ഥലമേത് ? എന്റെ ഗ്രാമം എന്ന് ഞാന്‍ പറയുമെങ്കിലും നിങ്ങള്‍ അത് അംഗീകരിക്കണമെന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ന്യായങ്ങളുണ്ടാവാം. നമുക്ക് കേരളം വരെയെത്തി നിര്‍ത്താം.

ലോകത്തിലെ കാണാന്‍ കൊള്ളാവുന്ന അന്‍പത് സ്ഥലങ്ങളിലൊന്നായി ആഗോള ടൂറിസം മാപ്പില്‍ കേരളം സ്ഥാനം നേടിക്കഴിഞ്ഞു. സ്ഥല നാമങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് കേരളം നില്‍ക്കുന്നത്!

കാണാന്‍ മാത്രമല്ലാ, ജീവിക്കാനും കൊള്ളാവുന്ന നാടാണ് കേരളം. ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്ന്. കേരളത്തിലെ യാതൊരു പ്രദേശങ്ങളും തീര്‍ത്തും വിജനമല്ല. എങ്ങും ജനങ്ങള്‍! അവരുടെ ആരവം! ഇളം കാറ്റിന്റെ സംഗീതം! മഴയുടെ മനോഹര താളം!

ഏതു ഭാവനാശാലിയാണ് ഇതിനെ ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന് വിളിച്ചത്? അവാര്‍ഡുകള്‍ അവനുള്ളത് തന്നെ!

ഈ കേരളത്തില്‍ പ്രളയക്കെടുതികളുടെ ദുരന്ത നിശ്വാസങ്ങള്‍ വീര്‍പ്പു മുട്ടി നില്‍ക്കുകയാണ് ഇപ്പോള്‍. നാല്‍പ്പത്തി നാല് ഹൃസ്വ നദികളുടെ കുളിരലകകളില്‍ കുണുങ്ങി നിന്ന കേരളം, സംഹാര രൂപിയായ ജല വ്യാളികളായി അവകള്‍ രൂപം മാറുന്ന ദുരന്ത ചിത്രമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ കണ്ടതും, അനുഭവിച്ചതും. കൊല്ലവര്‍ഷം 99 എന്ന 1924 ല്‍ ഉണ്ടായ ഭീകര പ്രളയത്തിന് സാക്ഷ്യം വഹിച്ചവരില്‍ ആരും തന്നെ ഇന്ന് ആ ഓര്‍മ്മകളുമായി ജീവിച്ചിരിക്കുവാന്‍ ഇടയില്ല. അന്നൊരു ടീനേജരായിരുന്ന എന്റെ വല്യാമ്മ (അപ്പന്റെ അമ്മ ) പുരപ്പുറത്തു നിന്ന് വള്ളത്തില്‍ കയറി രക്ഷപെട്ട കഥ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.

ഭൂപ്രകൃതിയും, കാലാവസ്ഥയും കനിഞ്ഞനുഗ്രഹിച്ച കേരളത്തിന് പെട്ടന്നുണ്ടാവുന്ന ഒരു പ്രകൃതി ദുരന്തത്തെ ഉള്‍ക്കൊള്ളുന്നതിനും, നേരിടുന്നതിനും ഉള്ള മാനസികവും, ശാരീരികാകവുമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നത് തന്നെയാണ് ഈ ദുരന്തം ഇത്രക്ക് ഭീകരമായി തീരാനുണ്ടായ ഒരു കാരണം.

അപ്രതീക്ഷിതവും അതിഭയങ്കരവുമായി സംഭവിച്ച ഈ ഭൗമ ദുരന്തത്തില്‍ ജീവനും ജീവിതവും കൈമോശം വന്ന സഹ ജീവികള്‍ക്ക് ശാരീരികവും, മാനസികവും, സാന്പത്തികവും, സാമൂഹികവുമായ സാന്ത്വനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ലോകത്താകമാനമുള്ള മലയാളികളും, മനുഷ്യ സ്‌നേഹികളും ഒരുമിച്ചു കൈകോര്‍ത്തു നില്‍ക്കുന്‌പോള്‍, സഹ്യപര്‍വത താഴ്വാരങ്ങളിലെ ഈ ചുവന്ന മണ്ണ്, വിശ്വ സാഹോദര്യത്തിന്റെ വിശാല സാധ്യതകളുടെ പുത്തന്‍ കൊടിക്കൂറകള്‍ പേറി ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുകയാണ് !

അതെ! ഇതുതന്നെയാണ് ഭൂമിയില്‍ ദൈവത്തിന്റെ സ്വന്തം നാട് !

ഇനി എന്തായിരിക്കാം ഈ ദുരന്ത പര്‍വങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ?അണക്കെട്ടുകള്‍ തുറന്നതിന്റെ പേരില്‍ പ്രതിപക്ഷം ഭരണ പക്ഷത്തിന് നേരെ വാളോങ്ങി നില്‍ക്കുന്നുണ്ട്. അണക്കെട്ടുകള്‍ക്ക് താങ്ങാനാവുന്നതിലധകം വെള്ളം അതില്‍ വന്നു നിറഞ്ഞു എന്നതായിരുന്നില്ലേ യഥാര്‍ത്ഥ കാരണം.? ഇപ്പോളെങ്കിലും വോട്ടുബാങ്കുകള്‍ ലക്ഷ്യം വച്ച് കൊണ്ടുള്ള രാഷ്ട്രീയക്കാരുടെ ഇത്തരം കശാപ്പ് കളികള്‍ അവര്‍ ഉപേക്ഷിക്കുകയാണെങ്കില്‍, വിവരമുള്ളവരുടെ വോട്ടുകളെങ്കിലും സ്വന്തം പെട്ടിയില്‍ വീഴും എന്ന് അവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

ഭൂമിയില്‍ ദുരന്തങ്ങളുണ്ടാവുന്‌പോള്‍ ‘ ദൈവം എവിടെപ്പോയി ‘എന്ന അങ്കച്ചുരുളുറൂമി ചുഴറ്റി യുക്തി വാദികള്‍ കലിയുറഞ്ഞു നില്‍ക്കുന്നുണ്ട്. കട്ടിലുമൂട്ട കടിച്ചാല്‍ ഉടന്‍ ചുറ്റികയുമായി വന്ന് അതിനെപ്പിടിച് പലകപ്പുറത്തു വച്ച് അടിച്ചു കൊല്ലലാണ് ദൈവത്തിന്റെ പണി എന്നാണ് ഇക്കൂട്ടരുടെ ധാരണ. തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പോകുന്ന കാലാവസ്ഥാ ദുരന്ത മുന്‍കൂര്‍ മാപിനി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഇനി ആരെയും പേടിക്കാതെ അടിച്ചു പൊളിക്കാം എന്നാണ് ഇത്തരക്കാരുടെ വന്‍ പ്രതീക്ഷ.

ശാസ്ത്രീയമല്ലാത്ത സാമാന്യ ബുദ്ധി വച്ച് നമുക്ക് ചിന്തിക്കാം. പദാര്‍ത്ഥങ്ങളുടെ ഘടനാ വിഘടനാ പ്രിക്രിയയിലെ വര്‍ത്തമാനാവസ്ഥ. അതാണ് പ്രപഞ്ചം. നമ്മളും ഈ വര്‍ത്തമാനാവസ്ഥയുടെ ഭാഗങ്ങളാണ്. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും മാറ്റത്തിന് വിധേയവും, ഓരോ വസ്തുവിനും ഈ മാറ്റത്തിന്റെ കാലം വ്യത്യസ്തവുമാണ്. മുട്ടയും, പുഴുവും, പൂപ്പയും, പിന്നെ ചിത്ര ശലഭവുമാകുന്ന ആ മനോഹര ജീവി കേവല ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ കണ്‍മുന്‍പില്‍ നിന്ന് അപ്രത്യക്ഷമാവുന്നു. അത് കൊണ്ട് ആ ജീവി ഇല്ലാതെയായി എന്നര്‍ത്ഥമില്ല. കത്തിത്തീരുന്ന മെഴുകുതിരി കാര്‍ബണ്‍ ഡയോക്‌സൈഡും, നീരാവിയുമായി വേര്‍പിരിഞ്ഞ് മറ്റൊരാവസ്ഥയിലാവുകയാണ്. നാം കാണുന്നില്ല എന്നതു കൊണ്ട് അതും ഇല്ലാതെയായി എന്നര്‍ത്ഥമില്ല. മാറ്റം എന്ന മഹത്തായ പ്രിക്രിയയുടെ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്

ഭൂമിയും ഈ പരിണാമ ചക്രത്തിനു വിധേയമാണ്. കോടാനുകോടി വര്‍ഷാന്തരങ്ങളുടെ വിശാല കാന്‍വാസില്‍ ഈ പരിണാമ ചിത്രങ്ങള്‍ വരക്കപ്പെടുന്നു എന്നതിനാല്‍ വെറും നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ വന്നു പോകുന്ന നമുക്ക് ഇവ അനുഭവേദ്യമാവുന്നില്ലാ എന്നേയുള്ളു. അനുസ്യൂതമായ പരിണാമത്തിന്റെ അനിഷേധ്യമായ ഒരു മാറ്റം നമ്മുടെ കാല ഘട്ടത്തിലാവുന്‌പോള്‍ നാം ഞെട്ടുന്നു, പേടിക്കുന്നു. ശരീരത്തിനെയും, മനസ്സിനെയും ലോഭിപ്പിക്കുകയും, മോഹിപ്പിക്കുകയും ചെയ്യുന്ന ഇച്ഛകളുടെ എല്ലിന്‍ കഷണങ്ങള്‍ പട്ടികളെപ്പോലെ നാം കടിച്ചു പൊട്ടിച്ചു കൊണ്ടിരിക്കുന്‌പോള്‍, അത് നഷ്ടപ്പെടുമോ എന്ന ഭീതി ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ തികച്ചും സ്വാഭാവികമായി നമ്മെ അലട്ടുന്നു, ഞെട്ടിക്കുന്നു, പേടിപ്പിക്കുന്നു.

എന്നാല്‍ നമ്മുടേതെന്ന് നമ്മള്‍ വിളിക്കുന്ന നമ്മുടെ ജീവിതം നമ്മള്‍ സൃഷ്ടിച്ചതല്ലെന്നും, ( നമ്മുടെ ജീവിതത്തിന്റെ ശിലയും, ശില്പിയും നമ്മള്‍ തന്നെ എന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ ഞാന്‍ നിഷേധിക്കുന്നു.) നമുക്ക് നിയന്ത്രിക്കാനാവാത്ത ഒട്ടനേകം സാഹചര്യങ്ങളുടെ അഴിക്കൂട്ടില്‍ ആരോ വളര്‍ത്തുന്ന നിസ്സഹായനായ പക്ഷിയാണ് നമ്മളെന്നും ഉള്ള തിരിച്ചറിവ് നമുക്കുണ്ടാവുകയും, പ്രപഞ്ചത്തിന്റെ ഭാഗം തന്നെയായ നമ്മള്‍ ഒരു രൂപത്തിലല്ലെങ്കില്‍, മറ്റൊരു രൂപത്തില്‍ എന്നെന്നും പ്രപഞ്ചത്തോടൊപ്പം ഉണ്ടായിരിക്കും എന്ന സത്യം ഉള്‍ക്കൊള്ളുകയും ചെയ്താല്‍, ഈ എല്ലിന്‍കഷ്ണം വിട്ടുകളയാന്‍ ഇത്രക്ക് പേടിക്കേണ്ടതുണ്ടോ?

പറയുന്‌പോള്‍ വളരെ എളുപ്പം. പ്രയോഗിക്കാന്‍ വളരെ വിഷമവും. ഈ അവസ്ഥയില്‍ എത്തിച്ചേരാനായാല്‍ നാം വീണ്ടും ജനിച്ചു, നാം ഋഷിയായി, നിര്‍വ്വാണവുമായി !

ഓ! പ്രളയം. അതാണ് നമ്മുടെ വിഷയം. ഭൗമ പരിണാമത്തിന്റെ ഭാഗമായി ഭൂഗോളത്തിന്റെ എല്ലാ ഭാഗത്തും നിരന്തര മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലതും നമ്മുടെ ശ്രദ്ധയില്‍ പെടുന്നില്ല എന്നേയുള്ളു. സഹ്യ പര്‍വതത്തിന്റെ പടിഞ്ഞാറേ ചരുവില്‍ കാലങ്ങളായി ചില മാറ്റങ്ങള്‍ നടക്കുകയായിരുന്നു. കുളങ്ങള്‍ സ്വയം മൂടിപ്പോയതും, മലകള്‍ മൂളാന്‍ തുടങ്ങിയതും, ഉപരിതലത്തില്‍ മണ്ണിടിഞ്ഞു വിള്ളലുകള്‍ രൂപപ്പെട്ടതും, മേഘപാളികളില്‍ വര്‍ണ്ണം കലര്‍ന്ന് വര്‍ണ്ണമഴ പെയ്തതും ഒക്കെ ഈ മാറ്റങ്ങളുടെ ഭാഗമായിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. (ചിലരെങ്കിലും ഇതൊക്കെ ഇപ്പോള്‍ കേള്‍ക്കുകയായിരിക്കും.?) അല്ലായിരുന്നുവെങ്കില്‍, ഇതിനൊക്കെ വസ്തുനിഷ്ഠമായ വിശദീകരണവുമായി ഏതെങ്കിലും ശാസ്ത്രജ്ഞന്‍ രംഗത്തു വന്നിട്ടുണ്ടോ ? പിന്നെ ഉണ്ടാവും; കന്നാരക്കാടുകളില്‍ എലി മുള്ളുന്നത് കിണറില്‍ വീണ് അത് കുടിച്ചിട്ടാണ് എലിപ്പനി ഉണ്ടാവുന്നത് എന്നും, ജാനകിക്കാട്ടിലെ പ്രാണിതീനി വവ്വാലുകളുടെ രഹസ്യ ചാരന്മാരായ പഴംതീനി വവ്വാലുകള്‍ കടിച്ച പശുക്കളുടെയും, എരുമകളുടെയും പാല് കുടിച്ചിട്ടാണ് വവ്വാല്‍പ്പനി എന്ന് ഓമനപ്പേരുള്ള നിപ്പാ വൈറസ് പനി പടരുന്നത് എന്നും മറ്റുമുള്ള ഡങ്കന്‍ വിശദീകരണങ്ങളെപ്പോലെ ചിലത് ?

ഓരോ നവ സാഹചര്യങ്ങളില്‍ നിന്നും ശാസ്ത്രക്കണ്ണുകള്‍ക്ക് കണ്ടെത്താനാവാത്ത ഒട്ടേറെ രാസ മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ കലരുന്നുണ്ടാവണം. ഈ വസ്തുക്കള്‍ മഴ മേഘവുമായി കൂട്ട് ചേര്‍ന്നുണ്ടായേക്കാവുന്ന നൂതന പ്രതിഭാസങ്ങള്‍ ആയിരിക്കില്ലേ തോരാ മഴയായി പെയ്‌തൊഴിഞ്ഞു കേരളത്തെ പ്രളയ ദുരന്തത്തില്‍ മുക്കിത്താഴ്ത്തിയത് ?

ജനങ്ങളെ ഭയപ്പെടുത്തി ചൂഷണം ചെയ്യുവാനല്ലാ, അവരില്‍ ആത്മവിശ്വാസം വളര്‍ത്തി സംരക്ഷിക്കുവാനാണ് ജനകീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത്. പള്ളിയും,പട്ടക്കാരനും, അന്പലവും , പൂജാരിയും, രാഷ്ട്രീയക്കാരും, ഭരണക്കാരും, കലാകാരന്മാരും, എഴുത്തുകാരും, എന്ന് വേണ്ട , ഇതൊക്കെ പറയാനായി പണം പറ്റുന്ന ശാസ്ത്രജ്ഞന്മാരും ഇത് തന്നെയാണ് ചെയ്യേണ്ടത് അവര്‍ക്കു സാമൂഹ്യ പ്രതിബദ്ധത എന്നൊന്ന് ഉണ്ടെങ്കില്‍? ഏറ്റവും ചുരുങ്ങിയത്, മഴവെള്ളം പിടിച്ചെടുത്താല്‍ കുടിവെള്ളമായി ഉപയോഗിക്കാനാവും എന്നെങ്കിലും കുപ്പി വെള്ളത്തിനായി കേഴുന്നവരോട് പറയാമായിരുന്നു?

ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. അത് കൊണ്ടാവണം, ആരുടെയോ ദാര്‍ശനിക സമസ്യാ പൂരണം പോലെ ” ദൈവത്തിന്റെ സ്വന്തം നാട് ” എന്ന അന്വര്‍ത്ഥമായ നാമം ഇതിനു ചാര്‍ത്തപ്പെട്ടത്. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ജപ്പാന്‍ യുദ്ധക്കപ്പലുകള്‍ നമ്മുടെ പുറം കടലില്‍ വരെ എത്തിയിരുന്നു. ദൂര ദര്‍ശിനിയിലൂടെ നമ്മുടെ തീരത്തേക്ക് നോക്കിയ അവര്‍ ഞെട്ടിപ്പോയി. കേരള തീരം മുഴുവനുമായി കൂറ്റന്‍ പീരങ്കികള്‍ റെഡിയാക്കി നിരത്തി വച്ചിരിക്കുകയാണ്. ജപ്പാന്റെ വീര ശൂര പരാക്രമികള്‍ പേടിച്ചു ജീവനും കൊണ്ട് വിട്ടുപോയി.

നേരാംവണ്ണം ഒരു പീരങ്കി വാങ്ങിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിവില്ലാതിരുന്ന അന്നത്തെ കേരളത്തിലെ ഭരണാധികാരികള്‍ ഒരു പക്ഷെ, അവര്‍ ബ്രീട്ടീഷുകാരാവാം ചെയ്തതെന്താണെന്നോ ? തെങ്ങിന്‍ തടി മുറിച്, വലിയ കാളവണ്ടി ചക്രങ്ങളില്‍ പിടിപ്പിച്, ടാറടിച്ചു പീരങ്കി പോലെയാക്കി കേരള തീരത്ത് നിര നിരയായി വച്ചു. ഇത് കണ്ടിട്ടാണ് ജപ്പാന്‍ കപ്പലുകള്‍ തിരിച്ചോടിയത് ! അന്ന് തെങ്ങിന്‍ തടി മുറിച്ചു പീരങ്കി പണിയാന്‍ പോയ, ഞങ്ങളെല്ലാം ‘ പീരങ്കിപ്പണിക്കന്‍ ‘ എന്ന് വിളിക്കുന്ന വൃദ്ധന്‍ എന്റെ സുഹൃത്താണ്.

ഇന്ത്യാ പാക് യുദ്ധകാലത്ത് പാക് ഫൈറ്ററുകള്‍ കേരളതീരം വരെ എത്തിയിരുന്നു. അവര്‍ ബോംബിടുക തന്നെ ചെയ്തു. നമ്മുടെ ഭാഗ്യം. ബോംബ് വീണത് കേരളത്തിലെ മണ്ണിലല്ല ; വെള്ളത്തിലാണ്. കൊച്ചിയിലെ കായല്‍ചെളിയുടെ അഗാധമായ ആഴങ്ങളില്‍ ഇന്നും അവ പൊട്ടാതെ കിടപ്പുണ്ടാവും ? ‘ ഭാഗ്യം’ എന്ന വാക്കിന്റെ ദാര്‍ശനിക വിവര്‍ത്തനമാണല്ലോ ‘ ദൈവാനുഗ്രഹം’ എന്നത്.?

എന്തുകൊണ്ടാണിതൊക്കെ? കേരളത്തിലെ ജനങ്ങള്‍ ! നന്മ നിറഞ്ഞ മനസ്സുള്ളവരാണവര്‍ ! ( പുതിയ കാലത്തിന്റെ പൂണാരപ്പുളപ്പില്‍ നാടും, വീടും, പിന്നെ മൂടും മറന്ന് സായിപ്പുമല്ലാ, ഇന്ത്യനുമല്ലാ എന്ന നിലയില്‍ അടിച്ചു പൊളിക്കാനിറങ്ങിയ വിചിത്ര ജീവികള്‍ ഈ പരാമര്‍ശനത്തില്‍ ഉള്‍ച്ചേരുന്നില്ലാ. ) തുറന്ന ആകാശമുള്ള നാട്ടിന്‍ പുറങ്ങള്‍ പോലെ തുറന്ന മനസുള്ള കേരളീയര്‍. മതവും, രാഷ്ട്രീയവും നോക്കാതെ മനുഷ്യനെ സ്‌നേഹിച്ചിരുന്നവര്‍. ഓരോ ഗ്രാമവും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍. അവിടെ മണ്ണില്‍ നിന്ന് ശുദ്ധജലവും, മനസ്സില്‍ നിന്ന് ശുദ്ധ സ്‌നേഹവുമാണ് കിനിഞ്ഞിരുന്നത് !

നമ്മള്‍ പാവങ്ങള്‍. മണ്ണുകിളച്ചും, ഉഴുതും അന്നം വിളയിക്കുന്നവര്‍, കായലില്‍ മുങ്ങിപ്പൊങ്ങി കാക്കാ വാരുന്നവര്‍, അഴുകിയ ചകിരി അടിച്ചു പരത്തി കയറു പിരിക്കുന്നവര്‍, കശാപ്പുകുഴികളിലെ അളിഞ്ഞ അസ്ഥി കയ്യിട്ടു വാരുന്നവര്‍…ഇവര്‍ക്ക് മില്യണ്‍ ഡോളര്‍ പ്രോജക്ടുകളുണ്ടായിരുന്നില്ല, അന്താരാഷ്ട്ര ബിസ്സിനസ്സ് ബന്ധങ്ങളുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്, സന്മനസ്സ് , സമാധാനം , സംതൃപ്തി , സര്‍വോപരി, ജീവിതം!

കരയിലിരിക്കുന്ന പെണ്ണിന്റെ കളങ്കം കടലില്‍ പോകുന്ന മുക്കുവനെ ചുഴിയിലാഴ്ത്തുമെന്നു പറഞ്ഞ ബഹുമാന്യനായ തകഴിയെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ, കാലം നന്മയുടെ കാവല്‍ക്കാരനാണ് നന്മയുടെ മാത്രം ! നമുക്കറിയുന്ന കഴിഞ്ഞ ദശകങ്ങള്‍ കാലത്താലും, പ്രുകൃതിയാലും കേരളം സംരക്ഷിക്കപ്പെടുകയായിരുന്നു. ഏതോ ചിറകിന്‍കീഴിലെ സുരക്ഷിതത്വം നാമറിയാതെ നമ്മെ ചൂഴ്ന്നു നില്‍ക്കുകയായിരുന്നു !

എന്നിട്ടിപ്പോളെന്താണ് എന്നാണോ ചോദ്യം? അതിനുത്തരം പറയാന്‍ നമ്മുടെ ശാസ്ത്ര സത്തമന്മാരെ ഏല്‍പ്പിക്കുന്നു. എങ്കിലും ഒന്നറിയാം : നാം വല്ലാതെ മാറിപ്പോയി. ആളുകളിക്കാര്‍ അഴിച്ചുവിട്ട അടിപൊളിയന്‍ സംസ്ക്കാരത്തിന്റെ അടിമകളായിപ്പോയി നമ്മള്‍.

നമ്മുടെ രക്ഷകര്‍ ചമഞ്ഞു നമുക്കിടയിലേക്കു വന്ന മതക്കാരും, രാഷ്ട്രീയക്കാരും നമ്മില്‍ വിഷം കുത്തിവച്ചു. ദൈവം നമ്മുടെ നെറ്റിയില്‍ എഴുതി വച്ച മനുഷ്യന്‍ എന്ന ഐഡിന്റിറ്റി അവര്‍ തുടച്ചു മാറ്റി. അവര്‍ക്കു വേണ്ട വിധം വര്‍ഗീകരിക്കാന്‍ വേണ്ടി നാം നിന്ന് കൊടുത്തു. നട്ടെല്ലില്ലാതായ നമ്മള്‍ മത്തായിയും, മമ്മതും, ഗോപാലനുമായി. കോണ്‍ഗ്രസ്സും, കമ്യൂണിസ്റ്റും, ബി.ജെ.പി യുമായി.?

അവരെ നമ്മുടെ യജമാനന്മാര്‍ മാത്രമല്ലാ, രക്ഷകന്മാരുമായി നാം അംഗീകരിച്ചു. അവര്‍ക്കു വേണ്ടി നാം വീറോടെ പ്രതികരിച്ചു. അവര്‍ക്കു വേണ്ടി നാം മൂല്യങ്ങളെ തള്ളിപ്പറഞ്ഞു. സഹോദരനെ തള്ളിപ്പറഞ്ഞു. ഒരു വേള അവനെ കൊന്നു. അവന്റെ രക്തം കൊണ്ട് നാം നമ്മുടെ കൊടികള്‍ക്കു നിറം പകര്‍ന്നു. ആരെയും ചവിട്ടിത്താഴ്ത്തി നാം നമ്മുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കൊണ്ട് മടിശീലകള്‍ നിറച്ചെടുത്തു ?

കാലത്തിനും, പ്രകൃതിക്കും ഒരു നൈസര്‍ഗ്ഗിക താളമുണ്ട്. ആ താളത്തില്‍ എല്ലാമെല്ലാം ക്രമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. ഇതിന്മേല്‍ ന്യായമായ കടന്നു കയറ്റങ്ങള്‍ ആവാം. അന്യായമായ കടന്നു കയറ്റങ്ങള്‍ ബലാത്സംഗങ്ങളാണ്. അതിനെതിരെയുള്ള പ്രതികരണങ്ങളാണ് വിവിധ തലങ്ങളില്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്.

അമിതമായ രാസവള പ്രയോഗത്താല്‍ നമ്മുടെ തെങ്ങുകളുടെ മണ്ടകള്‍ മറിഞ്ഞപ്പോള്‍, രാസവള നിര്‍മ്മാതാക്കളും, അവരുടെ വെപ്പാട്ടികളായി മാറിയ തെങ്ങുരോഗ ഗവേഷണക്കാരും അതിനു കാരണം തേടി മണ്ഡരിയുടെ കൂടുകള്‍ അരിച്ചു പെറുക്കുകയായിരുന്നു ; തെങ്ങുണ്ടായ കാലം മുതല്‍ മണ്ഡരിയും ഉണ്ട് എന്ന സത്യം വിസ്മരിച്ചു കൊണ്ട്.? അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങളും, അതിനു ചേര്‍ന്ന രാസവളങ്ങളുമായി നെല്‍പ്പാടങ്ങളെ ബലാത്സംഗം ചെയ്തപ്പോളാണ്, ചെന്പാവും, മുണ്ടകനും വിളഞ്ഞിരുന്ന പാടങ്ങളില്‍ മുഞ്ഞയും, മൂട് വാട്ടവും പടര്‍ന്നു പിടിച്ചത്. രാസ മരുന്നുകള്‍ മനുഷ്യ ശരീരത്തിലെന്ന പോലെ, രാസ വളങ്ങള്‍ സസ്യങ്ങളിലും അതിന്റെ നൈസര്‍ഗ്ഗിക ഇമ്മ്യൂണല്‍ സിസ്റ്റമാണ് തകര്‍ത്ത് കളയുന്നതെന്ന് ആരറിയുന്നു ?( കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാരിന്റെ കൃഷി വകുപ്പ് ഗുണപരമായ പരിഷ്കാരങ്ങളുമായി ഈ രംഗത്തുള്ളത് ആശ്വാസ കരമാണ്.)

ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാതായി. ഇതിനിടയില്‍ രണ്ടു വ്യവസായങ്ങള്‍ മാത്രം തഴച്ചു വളര്‍ന്നു, വളര്‍ന്നു കൊണ്ടേയിരിക്കുന്നു : ബേക്കറിക്കടകളും, ഇഗ്‌ളീഷ് മരുന്ന് ഷോപ്പുകളും. ഈ വ്യവസായങ്ങള്‍ തമ്മിലുള്ള ബന്ധം ആരും ചിന്തിച്ചില്ല. അല്ലെങ്കില്‍, മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെ വരിയുടക്കപ്പെട്ട ഇന്ത്യന്‍ കാളകളിലെ ഈ തെക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഇതിനൊക്കെ എവിടെ നേരം ?

മൈദയും, പഞ്ചസാരയും, ചായവുമാണ് ബേക്കറിയുല്‍പ്പന്നങ്ങളിലെ മുഖ്യ ഘടകങ്ങള്‍. ഇവ മൂന്നും വിഷങ്ങളാണ്. ഈ വിഷങ്ങള്‍ വാങ്ങിത്തിന്നുന്നതു കൊണ്ടാണ് ആളുകള്‍ രോഗികളാവുന്നത്. ശരീരത്തിലെത്തുന്ന വിഷയങ്ങളെ പുറം തള്ളുന്ന പ്രിക്രിയയാണ് രോഗം. രോഗത്തെ തടയാനുള്ള മറു വിഷങ്ങളാണ് ഇഗ്‌ളീഷ് മരുന്നുകള്‍. വളര്‍ന്നാലും, തളര്‍ന്നാലും ഈ വ്യവസായങ്ങള്‍ ഒരുമിച്ചേ നില്‍ക്കൂ !

മൈദയും, പഞ്ചസാരയുമൊക്കെ എങ്ങിനെ വിഷങ്ങളാവും എന്ന് ചോദിച്ചേക്കാം. അതിനുള്ള മുഴുവന്‍ ഉത്തരങ്ങള്‍ക്കുമായി മറ്റൊരു നീണ്ട ലേഖനം തന്നെ വേണ്ടി വരും. ഇവിടെ ചുരുക്കമായി ഒന്ന് തൊട്ടു പോകുന്നതേയുള്ളു. പ്രളയക്കെടുതിയില്‍ നിന്ന് കര കയറുന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും പഴയ കുഴിയിലേക്ക് വീണു പോകാതിരിക്കട്ടെ എന്ന സദുദ്ദേശം ഉണ്ടെങ്കിലും, ആര് ഇതൊക്കെ വായിക്കാന്‍ മെനക്കെടുന്നു എന്ന സങ്കടവുമുണ്ട്.

മനുഷ്യന്‍ കഴിക്കേണ്ടുന്ന എല്ലാ ഭക്ഷണത്തിലും പ്രകൃതി നാരുകള്‍ ( ഡയട്രി ഫൈബേര്‍സ് ) ഉള്‍ക്കൊള്ളിച്ചിട്ടിട്ടുണ്ട്. നാരുകളുള്ള ഭക്ഷണം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളോടെയാണ് ആമാശയവും അനുബന്ധ ഭാഗങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . പെട്രോള്‍ എന്‍ജിനില്‍ ഡീസലിന് പ്രവര്‍ത്തക്കാനാവാത്തതുപോലെ എന്ന് ഇതിനെ വിശദീകരിക്കാം.നാരുള്ള ഭക്ഷണം കഴിക്കുന്‌പോള്‍ അത് എത്തേണ്ടിടത്തൊക്കെ എത്തി, ദാഹിക്കേണ്ടത് പോലെ ദാഹിച് , ശരീരത്തിന് ആവശ്യമുള്ള പോഷണങ്ങളായി മാറി ബാക്കി അനായാസം പുറം തള്ളപ്പെടുന്നു. ഈ രീതിയിലൂടെ സിസ്റ്റം കേടാവാതെ സംരക്ഷിക്കപ്പെടുന്നു.

കരിന്പ് മനുഷ്യന്റെ ഭക്ഷണമാണ്. അതില്‍ ഡയട്രി ഫൈബര്‍ ഉണ്ട്. കരിന്പിന്‍റെ ഭക്ഷണ രൂപം അതിലെ നീരാണ്. അത് ആ രൂപത്തില്‍ കഴിച്ചാലും,അല്പമൊരു പ്രോസസിംഗ് നടത്തി ശര്‍ക്കരയാക്കി കഴിച്ചാലും അതിലെ നാരുകള്‍ നശിക്കാത്തതു കൊണ്ട് വേണ്ട വിധം ദഹിച് ശരീരത്തിന് പ്രയോജനപ്പെടും. എന്നാല്‍, പഞ്ചസാര രാസ പ്രിക്രിയയിലൂടെ വേര് തിരിച് എടുക്കപ്പെട്ടതും, കരിന്പിലെ നൈസര്‍ഗ്ഗിക ഘടകങ്ങള്‍ എല്ലാം ഉപേക്ഷിക്കപ്പെട്ട് അതിലെ മധുരം മാത്രം സ്വീകരിച്ചു രൂപപ്പെടുത്തിയിട്ടുള്ളതുമാണ്. ഇത് ദഹിപ്പിക്കുന്നതിനുള്ള യാതൊരു സംവിധാനവും ശരീരത്തിലില്ല. ദഹിപ്പിക്കപ്പെടാത്ത ഏതു വസ്തുവും ശരീരത്തെ സംബന്ധിച്ചിടത്തോളം വിഷമാണ്. ഈ വിഷം സംസ്കരിച്ചു പുറം തള്ളാന്‍ വേണ്ടി ധാരാളം കാല്‍സ്യം ആവശ്യമായി വരും. അത്ര വലിയ അളവില്‍ കാല്‍സ്യം ഭക്ഷണത്തില്‍ നിന്ന് ലഭ്യമല്ലാതെ വരുന്‌പോള്‍, പല്ലിലും, എല്ലിലുമായി മുന്‍പ് സംഭരിച്ചിട്ടുള്ള സ്റ്റോക്ക് ഇതിനായി ശരീരം ഉപയോഗപ്പെടുത്തുന്നു. കാലാന്തരത്തില്‍ ഈ സ്റ്റോക്കും തീരുന്നതോടെ പല്ലും എല്ലും കേടു പിടിച്ചു നശിക്കുന്നു. പഞ്ചസാര മിഠായി തിന്നുന്ന കുട്ടികളുടെ പല്ല് കേടാവുന്നത് പുഴു കുത്തിയതാണെന്ന് പറഞ്ഞു അമ്മമാരും, നാല്‍പ്പതു വയസ്സിലേ പല്ലു കൊഴിഞ്ഞത് പാരന്പര്യമാണെന്ന് പറഞ് തൈക്കിളവന്മാരും തടി തപ്പുന്നു.

മൈദ ഇതിലും ദോഷമാണ്. ഗോതന്പ് ഗോതന്പായി മനുഷ്യന് കഴിക്കാം. അതില്‍ നാരുകളുണ്ട്.. പക്ഷെ, മൈദാ ഗോതന്പല്ല. ഓട്ടോമാറ്റിക് മില്ലുകളില്‍ എത്തുന്ന ഗോതന്പില്‍ നിന്ന് ആദ്യം ഔട്ടര്‍ സ്കിന്നും ( പുറംതൊലി കാലിത്തീറ്റ ) പിന്നെയും രണ്ടോ, മൂന്നോ നിരകളും നീക്കം ചെയ്ത ശേഷം ബാക്കിവരുന്ന അകക്കാന്പ് പൊടിച്ചെടുക്കുന്നതാണ് മൈദ. ഇത് പോഷകങ്ങള്‍ ഒന്നും തന്നെയില്ലാത്ത വെറും പശയാണ്. ആഹാര രൂപത്തില്‍ ഇത് അകത്തു ചെല്ലുന്‌പോള്‍ ചെറു കുടലിലും, പിന്നെ വന്‍കുടലിലും ഇതിന് നീക്കം ലഭിക്കുന്നില്ല. പ്രത്യേകിച്ചും ചെറു കുടലിനുള്ളിലെ മൃദുവളവുകള്‍ ( മൃദുവിരലുകള്‍ ) അഥവാ പെരിസ്റ്റാലിസിസ് മൂവ് മെന്‍റ്‌സ് പ്രവര്‍ത്തന രഹിതമാക്കിത്തീര്‍ത്തു കൊണ്ട് അവയ്ക്കിടയില്‍ ഇത് സ്ഥിരമായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇതോടെ വന്‍ നഗരങ്ങളിലെ ഓടകള്‍ പോലെ വയര്‍ വൃത്തികേടാവുന്നു

പിന്നെ നടക്കുന്നത് ശരിയായ ദഹനമല്ല. പുളിക്കല്‍ ആണ്.( പെര്‍മിന്റേഷന്‍ ) ധാരാളം അമ്ലം ( ആസിഡ് ) ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഗ്യാസ്ട്രബിളായി തുടങ്ങുന്നു. മറ്റെല്ലാ രോഗങ്ങളും പിറകേ വന്നു കൂടുന്നു. മിക്ക ചായങ്ങളും രാസ വസ്തുക്കളാണ്. മനുഷ്യ ശരീരത്തിന് രാസ വസ്തുക്കളെ ഉള്‍ക്കൊള്ളുവാനോ, ഉപയോഗപ്പെടുത്തുവാനോ സാധിക്കുകയില്ല.

കേരളീയര്‍ അകപ്പെട്ടിരിക്കുന്ന ഈ മരണക്കെണിയില്‍ നിന്ന് എങ്ങിനെ രക്ഷ നേടാം എന്നാണോ? മനസ് വച്ചാല്‍ വഴിയുണ്ട്. അടിപൊളിക്കാരുടെ പരിഹാസത്തെ അതിജീവിക്കാന്‍ കൂടി കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. വഴിയിതാണ്: നമ്മുടെ നാടന്‍ ഭക്ഷണത്തിലേക്ക് മടങ്ങുക. ഫാസ്റ്റ് ഫുഡിനോട് വിട പറയുക. ഫാസ്റ്റ് ഫുഡ് കഴിച്ചാല്‍ ഫാസ്റ്റായിത്തന്നെ മരണത്തിലേക്ക് നടന്നടുക്കും എന്ന് മനസിലാക്കുക !

പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളുമൊക്കെ ധാരാളം കഴിക്കുക. തമിഴ് നാട്ടില്‍ നിന്നുള്ള ഫ്യൂറിഡാനില്‍ വളര്‍ത്തിയെടുക്കുന്ന വിഷ കായ്കനികളല്ലാ, സ്വന്തം വീട്ടുമുറ്റത്ത് നട്ടുനനച് ഉണ്ടാക്കുന്നത് തന്നെ വേണം. ഏതൊരു വീടിനും ഒരടുക്കളയും, മുറ്റവുമുണ്ടല്ലോ? മുറ്റത്ത് ചുരുങ്ങിയത് നാല്‍പ്പത് സ്കയര്‍ ഫീറ്റ് സ്ഥലമോ, ടെറസില്‍ ഇരുപത് ചെടിച്ചട്ടികളോ ഒരുക്കി അതില്‍ പച്ചക്കറി നടുക.അടുക്കളയില്‍ പാത്രം കഴുകുന്ന വെള്ളം കൊണ്ട് നന്നാക്കുക. കീടങ്ങളുടെ ശല്യം ണ്ടാവാം. അതിനെതിരെ നാടന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. വിരിഞ്ഞു വരുന്ന ഇളം കായ്കള്‍ക്ക് ത്രികോണാകൃതിയില്‍ കടലാസ് മടക്കി പൊതിഞ്ഞു സ്റ്റാപ്പിള്‍ ചെയ്തു സംരക്ഷിക്കാം. നിങ്ങള്ക്ക് മനസ്സുണ്ടെങ്കില്‍ ഒരു വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ ഇപ്രകാരം വിളയിച്ചെടുക്കാം

ചക്കയും , കപ്പയും , മാങ്ങയും , മുരിങ്ങക്കായും എല്ലാം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. മത്തയിലയും ചീരയിലയും, മുരിങ്ങയിലയും ഭക്ഷണമാക്കുക. വിലയിടിഞ്ഞു നടുവൊടിഞ്ഞ നമ്മുടെ തേങ്ങായുണ്ടല്ലോ? നല്ലൊരളവില്‍ അത് ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. അകത്തും പുറത്തുമായി ധാരാളം വെളിച്ചെണ്ണ ഉപയോഗിക്കുക. അവകളില്‍ ദോഷകരമായ കൊളസ്‌ട്രോള്‍ ഉണ്ടെന്നു പറഞ്ഞു പരത്തിയത് അന്താരാഷ്ട്ര പാമോയില്‍ മാര്‍ക്കറ്റിങ് ലോബിയാണ്; അത് അവഗണിക്കുക.

ചക്കയും, കപ്പയുമെല്ലാം തിന്നുന്നുവെന്നറിഞ്ഞാല്‍ സാമൂഹ്യ സ്റ്റാറ്റസ് ഇടിഞ്ഞു തല കുത്തി വീഴും. സാരമില്ല. പകരം ആരോഗ്യമുള്ള ഒരു ശരീരം കിട്ടും. ജീവിതകാലം മുഴുവന്‍ ഗുളികപ്പൊതിയുമായി നടന്ന് മരിക്കേണ്ടി വരില്ല.

കനിവുള്ള കരളുള്ളവരാണ് കേരളീയര്‍. പണ്ട് കടലുണ്ടി പാലത്തിലുണ്ടായ തീവണ്ടിയപകടത്തില്‍ പെട്ടവരെ ഒരു പോലീസും പട്ടാളവും വരുന്നതിനു മുന്‍പ് അതി സാഹസികമായി വെള്ളത്തിലേക്കെടുത്തു ചാടി രക്ഷിച്ചത് അവിടുത്തെ സാധാരണക്കാരായ നാട്ടുകാരായിരുന്നു. ഒരു പ്രതിഫലവും മുന്നില്‍ക്കണ്ടല്ലാ അവരതു ചെയ്തത്. പ്രളയ ദുരന്തത്തില്‍ കുടുങ്ങിപ്പോയ നിസ്സഹായരെ രക്ഷിച്ചെടുക്കുന്നതില്‍ കടല്‍ത്തിരകളില്‍ കവിതയെഴുതുന്ന നമ്മുടെ മല്‍സ്യത്തൊഴിലാളികള്‍ വഹിച്ച നിസ്വാര്‍ത്ഥമായ പങ്ക് ഇന്ന് ലോകത്താകമാനമുള്ള മനുഷ്യ സ്‌നേഹികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പട്ടാളവും ദുരന്ത നിവാരണ സേനയുമൊക്കെ അവരുടെ എക്‌സിക്യൂറ്റീവ് റെസ്ക്യൂ സ്‌റ്റൈലും കെട്ടിവലിച്ചു കൊണ്ട് വരുന്‌പോഴേക്കും കുറച്ചു വൈകും. കേരളത്തിലെ ഹൃസ്വ നദികളുടെ അഴിമുഖത്ത് തന്നെ അന്നന്നപ്പം തെരയുന്ന ഈ സാഹസിക കരുണാ മയന്മാരെ ഉള്‍പ്പെടുത്തി ഒരു ‘ ജലദുരന്ത സംരക്ഷണ സേന ‘ രൂപീകരിക്കുകയാണെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ജല ദുരന്തങ്ങളില്‍ നിന്ന് മനുഷ്യ ജീവനുകളെ രക്ഷിച്ചെടുക്കുവാന്‍ ഇവര്‍ക്ക് സാധിക്കും. മുക്കുവച്ചാളകളിലെ കൊച്ചടുപ്പുകളില്‍ മുട്ടില്ലാതെ തീ പുകക്കുവാനും ഈ സംവിധാനത്തിലൂടെ സാധിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ സത്വര ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു.

കേരളത്തിലെ മനുഷ്യനും അവന്റെ സംസ്കാരവും മത രാസ്ട്രീയ തടവറകളില്‍ നിന്ന് പുറത്ത് വരുന്ന മഹത്തായ ദൃശ്യങ്ങള്‍ക്കാണ് പ്രളയദുരന്തത്തിന്റെ നേര്‍ചിത്രങ്ങള്‍ സാക്ഷ്യം വഹിച്ചത്. വര്‍ഗ്ഗീകരണത്തിന്റെ വര്‍ണ്ണപ്പാത്രങ്ങളില്‍ നിന്ന് പുറത്തുചാടി തനി പച്ച മനുഷ്യനായി അവന്‍ നട്ടെല്ല് നിവര്‍ത്തി നിന്നു പൊരുതി. മനുഷ്യത്വത്തിന്റെ മാറ്ററിയുന്ന മലയാളി സഹോദരാ, നിന്നെ തളക്കുവാനുള്ള ചങ്ങലക്കെട്ടുകളുമായി നാളെ അവര്‍ വീണ്ടും വരുന്‌പോള്‍, നിന്റെ കഴുത്തിലമക്കുന്ന നുകത്തേക്കുറിച്ചു നീ തന്നെ സ്വയം ബോധവാനാകുക. എന്നിട്ട് അത് വലിച്ചെറിഞ് മനുഷ്യനെപ്പറ്റി, അവന്റെ മഹത്വത്തെപ്പറ്റി ഉറക്കെ, ഉറച്ചു പാടുക!

അപ്പോള്‍ ആശയത്തിലും, അര്‍ത്ഥത്തിലും ദൈവത്തിന്റെ സ്വന്തം നാട് ഒരു യാഥാര്‍ഥ്യമാവും. ഇനി പ്രളയത്തെപ്പറ്റി ആകുലപ്പെടേണ്ടതില്ലാ. കഴിഞ്ഞ ദശകങ്ങളില്‍ നമ്മുടെ മണ്ണിലും മനസിലും അടിഞ്ഞ അഴുക്കുകള്‍ കഴുകിക്കളയാന്‍ ദൈവം തെരഞ്ഞെടുത്ത സ്വര്‍ണ്ണ തീരമാണ് കേരളം എന്ന് നമുക്കാശ്വസിക്കാം. നല്ലതേ വരൂ.! നല്ലതു മാത്രം !!

*പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരുഭൂതനുമായിരുന്ന യശ്ശശരീരനായ ശ്രീ സി. ആര്‍. ആര്‍. വര്‍മ്മയോടു കടപ്പാട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top