Flash News

അമൃതയുടെ 15-ാം ബിരുദദാന ചടങ്ങില്‍ 1325 പേര്‍ ബിരുദധാരികളായി

August 31, 2018 , അമൃത മീഡിയ

Amrita convocation 1 Photoഅമൃതപുരി: അമൃത സര്‍വകലാശാല അമൃതപുരി കാമ്പസില്‍ നിന്ന് 2018 ല്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മാനേജ്മെന്‍റ്, ആയുര്‍വ്വേദം, ആര്‍ട്സ് ആന്‍റ് സയന്‍സ്, എഞ്ചിനീയറിംഗ്, ബയോടെക്നോളജി തുടങ്ങി വിവിധ പഠന മേഖലകളിലുള്ള 1325വിദ്യാര്‍ഥികള്‍ക്കായുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി എച്ച് ഡി ബിരുദദാനം മാതാ അമൃതാനന്ദമയി മഠത്തില്‍ വെച്ച് ഔദ്യോഗിക ചടങ്ങുകളോടെ സംഘടിപ്പിച്ചു.

തികച്ചും വ്യത്യസ്തമായ രീതിയില്‍ കേരളത്തനിമയുള്ള വേഷവിധാനങ്ങളോടൊപ്പം തലപ്പാവണിഞ്ഞ് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത പദയാത്ര അമൃതപുരി അമൃതാനന്ദമയി മഠത്തിനു മുന്നില്‍ നിന്നാരംഭിച്ച് അമൃതാനന്ദമയി മഠത്തിലെ പ്രോഗ്രാം ഹാളില്‍ എത്തിച്ചേര്‍ന്നതോടെയാണ് വര്‍ണ്ണാഭമായ ബിരുദദാന ചടങ്ങുകള്‍ക്ക് ആരംഭമായത്.

അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ശ്രീമാതാ അമൃതാനന്ദമയി ദേവിയുടെ ദിവ്യസാന്നിദ്ധ്യം ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനത്തിന്‍റെ പ്രത്യേകതയായിരുന്നു. ഐഎസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ മുഖ്യാതിഥിയായിരുന്നു. അമ്മയും ഡോ. ശിവനും ചേര്‍ന്നാണ് പ്രസ്തുത ബിരുദദാന സമ്മേളനം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തത്.

Amrita convocation 2 Photoരാഷ്ട്ര വികസനത്തിന് അവരവരുടേതായ പങ്കു വഹിക്കാന്‍ ഓരോ വിദ്യാര്‍ഥിയും തയ്യാറാകണമെന്നും പരാജയ ഭീതിയില്ലാതെ വെല്ലുവിളികള്‍ ഏറ്റെടുത്താല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്ന് ഡോ. കെ ശിവന്‍ തന്‍റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ സമസ്തമേഖലകളിലും വികസനം കൊണ്ടുവരാന്‍ ഈ മനോഭാവം വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ല്‍ ഭാരതം ചന്ദ്രയാന്‍ പദ്ധതി നടപ്പാക്കുമെന്നും 2022 എത്തുമ്പോള്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഭാരതത്തിന്‍റെ ഉദ്യമം യാഥാര്‍ഥ്യമാവുമെന്നും തദവസരത്തില്‍ ഐഎസ് ആര്‍ ഒ ചെയര്‍മാന്‍ ഡോകെ ശിവന്‍ ഉറപ്പ് നല്‍കി.

വിദ്യാര്‍ഥികളുടെ കാരുണ്യം, സ്നേഹം, സാമൂഹ്യ പ്രതിബദ്ധത എന്നിവയുടെ സംഗമമാണ് ലോകത്തെ ശാന്തിയിലേയ്ക്ക് നയിക്കാന്‍ സഹായിക്കേണ്ടത്. പഠിച്ചത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ള അവസരമാണ് ഇനിയെന്ന് അമ്മ വിദ്യാര്‍ഥികളോടുള്ള സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ ലോക നന്മയ്ക്കായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ജീവിതം ലോകത്തിനു വേണ്ടിയാകണം. സ്നേഹത്തിന്‍റെ തിരിയില്‍ മുക്കി കാരുണ്യത്തിന്‍റെ തിരി ജ്യലിപ്പിക്കണമെന്നും അമ്മ വിദ്യാര്‍ഥികളോടുള്ള തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിലകപ്പെട്ടവര്‍ക്ക് സഹായകമായി അമൃത സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ ആരംഭിച്ച ഹെല്പ് ലൈന്‍ പോലുള്ള സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളെ അമ്മ ഈ അവസരത്തില്‍ പ്രകീര്‍ത്തിച്ചു.

Amrita Convocation 3 photoചടങ്ങിന് അധ്യക്ഷത വഹിച്ച് അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനും അമൃത സര്‍വകലാശാല പ്രസിഡന്‍റുമായ സ്വാമി അമൃത സ്വരൂപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിന്‍റെ സത്തയാണ് വിദ്യാര്‍ഥി സമൂഹമെന്നും അറിവ് നേടുക എന്നത് നിരന്തര പ്രക്രിയയാണെന്നും ജീവിതത്തിന്‍റെ ഓരോ നിമിഷവും സമൂഹത്തിനുകൂടി പ്രയോജനപ്രദമാകാന്‍ ശ്രദ്ധിക്കണമെന്നും നല്ല കാര്യങ്ങള്‍ ലക്ഷ്യമാക്കി സ്വയം മാറിയാല്‍ സമൂഹത്തിലും അത്തരം മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി തന്‍റെ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞു.

അമൃത സര്‍വകലാശാല ഡീന്‍ ഡോ ബിപിന്‍ നായര്‍ ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. അമൃത സര്‍വകലാശാല അസോസിയേറ്റ് ഡീന്‍ ഡോ ബാലകൃഷ്ണ ശങ്കര്‍ നന്ദി പ്രകാശനം നടത്തി.

അമൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ വെങ്കിട്ട രംഗന്‍, അമൃത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ ശങ്കര്‍, അമൃത ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടര്‍ സ്വാമി ശങ്കര ചൈതന്യ, അമൃത സര്‍വകലാശാല റിസര്‍ച്ച് ഡീന്‍ ഡോ ശാന്തി നായര്‍, എയിംസ് മെഡിക്കല്‍ ഡയറക്ടര്‍ പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ നന്ദകുമാര്‍ നായര്‍, അമൃത എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് എന്‍ ജ്യോതി, അമൃത വയര്‍ലസ് ആന്‍റ് നെറ്റ്‌വര്‍ക്സ് ഡയറക്ടര്‍ ഡോ മനീഷ രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top