Flash News

എച്മുക്കുട്ടിയുടെ ‘വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്’ നോവല്‍ ആരംഭിക്കുന്നു… (അദ്ധ്യായം 1)

August 31, 2018

novel start banner-1ഇരുപതു മുതല്‍ മുപ്പതു വയസ്സു വരെയാണ് ഒരു പെണ്ണ് ആദ്യഗര്‍ഭം പേറേണ്ട സുരക്ഷിതകാലം. ഈ സമയത്തിനുള്ളില്‍ എത്ര നേരത്തെ ആവാമോ അത്രയും നല്ലതാണ് അമ്മയ്ക്കും കുഞ്ഞിനും. ..മുപ്പതു കടന്നാല്‍ പിന്നെ ഇരുവര്‍ക്കും ദോഷവുമുണ്ടാകും. വനിതാവാരികകകള്‍ക്കും ആരോഗ്യമാസികകള്‍ക്കും എല്ലാ ശാഖകളിലെ വൈദ്യശാസ്ത്രത്തിനും ഇക്കാര്യത്തില്‍ ഉറപ്പുണ്ട്… അവര്‍ അത് ആവും മട്ട് വിശദീകരിക്കുകയും ചെയ്യും..

ചില പ്രശസ്ത സിനിമാതാരങ്ങളാണ് ഈ പ്രശ്‌നം മറി കടന്ന് ആരോഗ്യമുള്ള മക്കളെ പ്രസവിക്കുന്നത്. അവരുടെ ജീവിത സാഹചര്യങ്ങള്‍ ഒരു ഉദ്യോഗസ്ഥയ്ക്ക് ലഭ്യവുമല്ലല്ലോ .

ഭയവും ഉല്‍ക്കണ്ഠയും എന്തെന്നില്ലാത്ത കുറ്റബോധവുമാണ് അവളുടെ മനസ്സ് നിറയെ.

മുപ്പത്തിനാലു വയസ്സും പത്തുമാസവും കഴിഞ്ഞപ്പോഴാണ് ലക്ഷണമേതും കാട്ടാതെ അങ്ങനെ ഒരു കാര്യമുണ്ടായത്. കല്യാണം സംഭവിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോള്‍…

നിശ്ശബ്ദം. … ച്ഛര്‍ദ്ദിയുടേയോ തലചുറ്റലിന്റെയോ വേണ്ടായ്കയുടേയോ ഒന്നും ഒരു ആലഭാരവുമില്ലാതെ…

Echmu 2017 (2)അയല്‍പ്പക്കക്കാരെയും സുഹൃത്തുക്കളേയും വിവരം അറിയിക്കാനുള്ള ഈ ച്ഛര്‍ദ്ദിയൊക്കെ ഒന്നു മതിയാക്കിക്കൂടേ എന്ന് ചോദിക്കാറുണ്ടെന്നും അതു കേള്‍ക്കുമ്പോള്‍ ഗര്‍ഭിണി പുഞ്ചിരി തൂകുമെന്നും പിന്നെ അവര്‍ക്ക് മോണിംഗ് സിക് നെസ് വരില്ലെന്നും ഒക്കെ തട്ടിമൂളിക്കാറുള്ള ഡോക്ടര്‍മാരുടെ പൊങ്ങച്ചങ്ങള്‍ക്ക് ഇടം കൊടുക്കാതെ..

തികച്ചും സ്വാഭാവികമായി.. . രാവിലെ സൂര്യനുദിക്കും പോലെ വൈകീട്ട് അസ്തമിക്കും പോലെ അതീവ സാധാരണമായി… നിസ്സാരമായി…

മൂത്രം പരിശോധിച്ച് പോസിറ്റീവ് എന്ന വിവരമറിയുമ്പോള്‍ രാവിലെ ഒരു പതിനൊന്നുമണിയായിരുന്നു.

‘ എന്തു കുഞ്ഞായിരിക്കും എന്ന് അറിയണമെന്ന് തോന്നുന്നുണ്ടോ? ‘ ഡോക്ടറുടെ മുഖത്ത് ബലമായി അമര്‍ത്തിവെച്ച ഒരു കുസൃതിപ്പുഞ്ചിരിയുണ്ട്.

ഒന്നും പറഞ്ഞില്ല.

‘ എന്റെ കുഞ്ഞാണെങ്കില്‍ അത് ആണായിരിക്കും. എനിക്ക് ആണ്‍കുഞ്ഞേ പിറക്കൂ..’ തൊട്ടടുത്താണെങ്കിലും വേറെ ഏതോ ലോകത്തില്‍ നിന്നെന്ന പോലെ ആ ശബ്ദമുയര്‍ന്നു. മുനയുള്ള സൂചികൊണ്ട് ആരോ ആഞ്ഞു കുത്തുന്നതു പോലെ തോന്നി…

പെണ്‍ കുഞ്ഞു പിറന്നാല്‍.. അതെന്റെ അല്ലെന്ന് പറയുമോ? അതോ അതിനെ എടുത്തു ദൂരെ കളയുമോ?

ഇനിയും പിറക്കാത്ത കുഞ്ഞിന്റെ കാലുകള്‍ക്കിടയില്‍, ഈ പെണ്ണിന്റെ, ഈ അമ്മയുടെ ജീവിതം തെളിവുകളായി കോര്‍ക്കപ്പെടുന്നു. ..

ആണ്‍ കുട്ടി മതി എന്ന് ഉറപ്പിയ്ക്കുമ്പോഴും എനിക്ക് ആണ്‍ കുട്ടിയെ ജനിപ്പിക്കാനുള്ള ഊറ്റപ്പെട്ട ആണ്മയുണ്ടെന്ന് പൊങ്ങച്ചപ്പെടുമ്പോഴും അതിനെല്ലാം രൂപം കൊള്ളാന്‍ പെണ്മയും പെണ്‍ ശരീരവും ഉണ്ടായേ പറ്റൂ….

അതോര്‍മ്മിച്ചപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി തെളിഞ്ഞു.

ഒരു പെണ്ണിന്റെ ശമ്പളം…അല്ലെങ്കില്‍ വരുമാനം അത് എത്രയാവാം ? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ?

എത്രയായിരിക്കണമെന്നതിനെപ്പറ്റി കൃത്യമായ ഒരു കണക്കുണ്ടെന്ന് മനസ്സിലായിട്ടുണ്ടോ?

അത് അവളുടെ ഭര്‍ത്താവിനു കിട്ടുന്നതിനേക്കാള്‍ കുറവായിരിക്കണം എന്നതാണ് ആ കണക്ക്.

കല്യാണം ആലോചിച്ച് വന്ന സകലമാന പേര്‍ക്കും ഈ ഡിമാന്‍ഡ് ഉണ്ടായിരുന്നു. വരനേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന വധു പാടില്ല. ‘ ഈ ജോലി വേണ്ടാന്ന് വെയ്ക്കു…. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ , പ്രൈവറ്റ് കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍ എല്ലാവരും തിന്മയുടെ അവതാരങ്ങള്‍ ആണ്… അവിടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യാതിരിക്കുന്നതാണ് ഉത്തമം.’
തന്നേക്കാള്‍ നേരെ ഇരട്ടി വരുമാനമുള്ള പെണ്ണിനെ സ്വീകരിക്കാന്‍ തയാറായവനോട് അങ്ങനേം ഒരു ബഹുമാനമുണ്ടായി.

‘അവള്‍ക്ക് നല്ല ജോലിയാണല്ലോ… എനിക്കെന്തായാലും ഒന്നിനും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന’ കല്യാണസമ്മതത്തിനോട് ഒരു ആദരവുണ്ടായി.. പരിചയത്തിന്റെ ലോകത്തുള്ള കാക്കയും ഉറുമ്പും അടക്കം എല്ലാവരും ആളാം വീതം ഉപദേശം തന്നു.

‘ അദ്ദേഹത്തിനു കോംപ്ലക്സ് ഉണ്ടാവാതെ നോക്കേണ്ടത് നിന്റെ ചുമതലയാണ് കേട്ടോ. നീ വല്യ കമ്പനിയില്‍… ഇരട്ടി ശമ്പളത്തില്‍ … അദ്ദേഹമാണ് നിന്റെ പരമാധികാരി എന്ന രീതിയിലേ എവിടേം പെരുമാറാവൂ. പുരുഷന്മാര്‍ക്ക് കോമ്പ്‌ലക്‌സ് ഉണ്ടായാല്‍ പിന്നെ വലിയ ബുദ്ധിമുട്ടാണ് ജീവിക്കാന്‍… നീ എപ്പോഴും മറ്റു സ്ത്രീകളേക്കാള്‍ കുറച്ച് കൂടുതല്‍ എളിമപ്പെട്ട് നില്‍ക്കണം. ‘

ഒരേ ബിരുദമുള്ള, അതും റാങ്കും മാര്‍ക്കും ഒക്കെ കൂടുതലൂള്ള പുരുഷന് ജോലിയുടെ ഏണിപ്പടവുകള്‍ കയറാന്‍ വളരെ എളുപ്പമാണ്.. അയാള്‍ മനസ്സു വെച്ചാല്‍ …അതു അയാള്‍ അദ്ധ്വാനിച്ച് കയറട്ടെ അങ്ങനെ നിന്റൊപ്പവും തീര്‍ച്ചയായും നിന്നേക്കാള്‍ മേലെയും എത്തട്ടെ, നിന്റെ ജോലിയും പദവിയും അയാള്‍ക്ക് അതിനൊരു പ്രചോദനമാവട്ടെ എന്ന് ആരും പറഞ്ഞില്ല. പകരം നീ അയാള്‍ക്ക് കുറവ് തോന്നിപ്പിയ്ക്കാതെ ജീവിയ്ക്കണം എപ്പോഴും ബഹുമാനം പ്രദര്‍ശിപ്പിച്ചുകൊണ്ട് , വിനയപ്പെട്ടുകൊണ്ട് എന്ന് കാണുന്നവരെല്ലാം സാധിക്കുമ്പോഴൊക്കെ പറഞ്ഞു തന്നു.

കല്യാണം വേണ്ടത് പെണ്ണിനു ..

കുടുംബം വേണ്ടത് പെണ്ണിനു…

മാതൃത്വം അനുഭവിച്ച് സായൂജ്യം നേടേണ്ടത് പെണ്ണിനു…

സ്‌നേഹവും സുരക്ഷിതത്വവും വേണ്ടത് പെണ്ണിനു..

ഇതെല്ലാം ആണിന്റെ മാത്രം പക്കല്‍ ബാങ്കില്‍ ഇട്ടിട്ടുള്ള , ആണിനെ ഊണിലും ഉറക്കത്തിലും സദാ പ്രീണിപ്പിച്ച് കൂടെ നിറുത്തിയാല്‍, സംതൃപ്തനായ ആണിനാല്‍ ദയാപൂര്‍വം അനുഗ്രഹിക്കപ്പെട്ടാല്‍ പെണ്ണിനു മേല്‍ വര്‍ഷിക്കപ്പെടുന്ന സൌഭാഗ്യങ്ങളാണ്.

കൂടുതല്‍ ശമ്പളം, ഉയര്‍ന്ന ജോലി , മുപ്പത്തിനാലു വയസ്സെന്ന പ്രായം, ഇരുണ്ട നിറം… ആദിവാസിയുടേയോ ദളിതയുടേയോ മുഖച്ഛായ ഇതൊക്കെ അവളെന്ന പെണ്ണിന്റെ ഒരിയ്ക്കലും പരിഹരിയ്ക്കാനാവാത്ത കുറവുകള്‍ ആയിരുന്നു.

അപ്പോഴാണ് അവളുടെ ഈ കുറവുകള്‍ക്കിടയിലും പുരുഷന്‍ കനിഞ്ഞു നല്‍കിയ അടുത്ത സൌഭാഗ്യമായി, അമ്മയെന്ന പദവിയിലേക്ക് അവള്‍ നടക്കുവാന്‍ തുടങ്ങിയത്. ഗര്‍ഭം ധരിച്ചാലും പത്തു മാസം ചുമന്നാലും പ്രസവിച്ചാലും പിന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് വളര്‍ത്തിയാലും ഒന്നും പുരുഷന്‍ നിക്ഷേപിച്ച ആ ബീജത്തിന്റെ മഹത്വത്തിനൊപ്പം വരില്ലല്ലോ അവളുടെ പ്രയത്‌നമൊന്നും തന്നെ…

അപ്പോള്‍ അവള്‍ ആ പാഠം വായിച്ചിരുന്നില്ല. …

ജീവിതം യാതൊരു തിരക്കും പ്രകടിപ്പിക്കാത്ത ഒരു ഗുരുവാണ്. പാഠങ്ങള്‍ എല്ലാം ഒറ്റയടിയ്ക്ക് ആരേയും പഠിപ്പിക്കുകയില്ല… മെല്ലെ മെല്ലെ ഒരോന്നോരോന്നായി ആവശ്യം പോലെ സമയമെടുത്തേ പഠിപ്പിക്കുകയുള്ളൂ…കാരണം ജീവിതപ്പരീക്ഷ നമ്മള്‍ തനിച്ചു മാത്രം എഴുതേണ്ടതാണ്.. ഓരോരുത്തരുടേയും സിലബസ്സും പരീക്ഷാതീയതിയും സമയവും ഫലവും ഒക്കെ വേറെവേറെയാണ്…

ആര്‍ത്തവം പെണ്‍ ശരീരത്തിന്റെ ഭയങ്കര കുറ്റമാണ്.. അതിനു പലതരം ശിക്ഷകളുണ്ട്. പറ്റാവുന്നിടത്തു നിന്നെല്ലാം അകറ്റിനിറുത്തപ്പെടുന്നതും അശുദ്ധയെന്ന് വിളിക്കപ്പെടുന്നതും ആ ശിക്ഷകളുടെ ഭാഗമായാണ്.

ഗര്‍ഭവും അങ്ങനെയാണ്.. അത് ധരിച്ചവളുടെ പ്രശ്‌നം, അവളുടെ കുറ്റം. ..

പുരുഷന്മാര്‍ അധികമുള്ള ഓഫീസില്‍ മൂത്രമൊഴിക്കുന്ന ഇടം മുതല്‍ അവളെ ശിക്ഷിച്ചു തുടങ്ങും. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് നിന്നു മൂത്രമൊഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുരുഷന്മാര്‍ക്ക് ടോയ്‌ലറ്റ് സീറ്റിന്റെ വൃത്തിയെ പറ്റിയോ അതില്‍ തെറിച്ചു വീണിട്ടുള്ള അന്യരുടെ മൂത്രത്തുള്ളികളെപ്പറ്റിയോ വേവലാതി കൊള്ളേണ്ട കാര്യമില്ല.  അങ്ങനെയുള്ള യൂറോപ്യന്‍ ടോയ്‌ലറ്റില്‍ സ്ത്രീകള്‍ എപ്പോഴും സങ്കല്‍പ കസേര എന്ന അഭ്യാസം പരിശീലിക്കുന്നു.. എന്നാല്‍ ഒരു ഗര്‍ഭിണിക്ക് സങ്കല്‍പകസേര സര്‍ക്കസ്സ് ഒട്ടും എളുപ്പമായിരിക്കില്ല. നിനക്ക് ഗര്‍ഭമുണ്ടെന്ന് കരുതി സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ നിന്നു മൂത്രമൊഴിക്കാനുള്ള, മൂത്രമൊഴിച്ചുകൊണ്ട് പേരെഴുതാനുള്ള കഴിവിനെ വേണ്ടെന്ന് വെയ്ക്കാന്‍ പറ്റുമോ? നിസ്സാരമാക്കാന്‍ പറ്റുമോ?

ഒരിയ്ക്കലും പറ്റില്ല.

ഗര്‍ഭിണിയാണെന്ന് കരുതി മള്‍ട്ടി സ്റ്റോറീഡ് ബില്‍ഡിംഗിന്റെ ചെക്കിംഗ് വേണ്ടാ എന്ന് തീരുമാനിക്കാന്‍ കഴിയില്ല. അപ്പോള്‍ തുറന്ന പെട്ടി ലിഫ്റ്റില്‍ പതിനെട്ടും ഇരുപതും നില പൊക്കത്തിലേക്ക് അവളുയര്‍ന്നുയര്‍ന്നു പോകും. കാറ്റ് അവളെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കും.. അവള്‍ക്ക് മുകളില്‍ ആകാശം കൈയെത്താവുന്ന അകലത്തില്‍ പുഞ്ചിരിക്കും. വയറ്റിലെ കുരുന്നു ജീവനും അവളുടെ ഹൃദയവും വായ്ക്കകത്തേയ്ക്ക് ഇരമ്പിക്കയറി വരും…

പ്രോജക്ട് മാനേജര്‍ ദേഷ്യപ്പെട്ടു.

‘പ്രോജക്ട് കം‌പ്ലീറ്റാവേണ്ട ഇന്നേരത്ത് ഇങ്ങനെ ഗര്‍ഭിണിയാവണ കുരിശെന്തിനു എടുത്ത് തലയില്‍ വെച്ചു?’

അവള്‍ തലയും കുനിച്ച് നിന്നു.

കമ്പനി ഉടമസ്ഥന്റെ മകനായിരുന്നു ഏറ്റവും അരിശം.

‘ ഗര്‍ഭിണിയാവാന്‍ കണ്ട നേരം ..’ എന്ന് അയാള്‍ രോഷാകുലനായി.

തന്നെയുമല്ല, ഓരോ നിസ്സാര കാര്യത്തിനും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അയാളുടെ ഓഫീസില്‍ പോയി കണ്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അങ്ങനെ നാലു കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു മിക്കവാറും എന്നും തന്നെ …

ഇതൊരു നിത്യപ്പതിവായപ്പോള്‍ സീനിയര്‍ എന്‍ജിനീയര്‍ക്ക് പാവം തോന്നി. അദ്ദേഹം അവള്‍ക്ക് ഒരു കാറ് ഏര്‍പ്പാടു ചെയ്തു… ചിലപ്പോള്‍ അങ്ങനെ ചില സഹായങ്ങള്‍ ശിക്ഷയുടെ ഇളവായി വീണു കിട്ടാറുണ്ട്..

മനുഷ്യ ജീവിതമല്ലേ… വിശാല ലോകമല്ലേ … ആരെങ്കിലുമൊക്കെ കാണും ഒരു ഗ്ലാസ് വെള്ളം തരാനും ഒരു കസേര ഇരിക്കാന്‍ തരാനും ഒക്കെ…

തിരികെ വീട്ടിലെത്തുമ്പോള്‍ പാദം മുതല്‍ അരക്കെട്ട് വരെ നീരു വരുമായിരുന്നു. അതു കാണുമ്പോള്‍ അവളുടെ ഭര്‍ത്താവിനു എന്തെന്നില്ലാത്ത അരിശമാണ് തോന്നുക.

‘ ലോകത്ത് വേറേ പെണ്ണുങ്ങള്‍ക്കൊന്നും ഇങ്ങനെ ഇല്ലല്ലോ. നിനക്ക് മാത്രം എന്താ?’ അവളുടെ നീരു വെച്ച കാല്‍ ചിലപ്പോഴെങ്കിലും തടവേണ്ടി വരുന്നത് അയാളെ കോപാക്രാന്തനാക്കിയിരുന്നു.

ഭര്‍ത്താവിനോട് ബഹുമാനമുള്ള പെണ്ണുങ്ങള്‍ അവരുടെ കാല്‍ തടവിത്തരാന്‍ പറയില്ല. അത് അയാളുടെ ഉറച്ച വിശ്വാസമായിരുന്നു.

ഭര്‍ത്താവിനു മാത്രമാണല്ലോ ബഹുമാനം വേണ്ടത്.

ഭാര്യയ്ക്ക് അയാളെ ശുശ്രൂഷിക്കാനുള്ള സേവന മനസ്സുണ്ടായാല്‍ മതി.

ഒരു ഗര്‍ഭിണിയെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഡോക്ടര്‍മാര്‍ കുറെ ടെസ്റ്റുകള്‍ ചെയ്യിക്കും. എല്ലാം ഗര്‍ഭത്തിന്റേയും ഗര്‍ഭിണിയുടെയും നന്മയ്ക്കാണെന്നാണ് വെപ്പ്.

ആയിരിക്കും.

പക്ഷെ, എല്ലാ ടെസ്റ്റിനും അവള്‍ക്ക് തനിച്ചാണ് പോവേണ്ടിയിരുന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറോ റിക്ഷാക്കാരനോ ഓഫീസ് വണ്ടിയുടെ ഡ്രൈവറോ മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്.

അവര്‍ക്കൊന്നും സൌകര്യമില്ലാത്ത ദിവസങ്ങളില്‍ അവള്‍ തനിച്ചും പോയി.. അതിപ്പോള്‍ ബ്ലഡ് ടെസ്റ്റോ അള്‍ട്രാസൌണ്ടോ സ്‌കാനോ എന്തു തന്നെയായാലും ശരി.

ഈ ടെസ്റ്റുകളുടെയൊന്നും യാതൊരു കാര്യവുമില്ലെന്ന് ഭര്‍ത്താവ് സിദ്ധാന്തിച്ചു,

ഡോക്ടര്‍മാര്‍ പണം പിടുങ്ങുകയാണ്. പണ്ട് ആരെങ്കിലും ഇതൊക്കെ ചെയ്തിരുന്നുവോ? പെണ്ണുങ്ങള്‍ വീട്ടു പണികള്‍ക്കിടയില്‍, നെല്ലു കുത്തുന്നതിനിടയില്‍, ചവറടിച്ചു കത്തിക്കുന്നതിനിടയില്‍ ചുമ്മാ പുഷ്പം പോലെ അങ്ങ് പ്രസവിക്കും…

അയാളുടെ അമ്മ എത്ര എളുപ്പത്തിലാണ് ആറേഴു വട്ടം പ്രസവിച്ചത് !

അവളുടെ അവശതയും ജോലിത്തിരക്കും അയാളില്‍ കോപതാപങ്ങള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ. പലപ്പോഴും അരിശം മൂത്ത് പാകപ്പെടുത്തിയ ആഹാര സാധനങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞു. രാത്രി മുഴുവന്‍ അവളെ അതി നിശിതമായി കുറ്റപ്പെടുത്തി. മുപ്പത്തിനാലുകാരിയും അനാരോഗ്യവതിയുമായ ഒരു കറുത്ത വൃദ്ധയെ കല്യാണം കഴിയ്‌ക്കേണ്ടി വന്ന സ്വന്തം ഗതികേടിനെ പഴിച്ചു.

അവള്‍ക്ക് മറുപടികള്‍ ഉണ്ടായിരുന്നില്ല.

കഠിനമായ ജോലിത്തിരക്കിലും മനസ്സമാധാനമില്ലായ്മയിലും ആയതുകൊണ്ട് അവള്‍ക്ക് കുഞ്ഞിനെ ഓര്‍ത്ത് പുളകം കൊള്ളാനൊന്നും കഴിഞ്ഞതേയില്ല. പ്രോജക്ട് തീര്‍ക്കലും ടാര്‍ഗെറ്റ് മുട്ടിക്കലും എങ്ങനെയെങ്കിലും വീട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കലും ഒക്കെയായിരുന്നു അവളുടെ ലക്ഷ്യം. ജോലി നഷ്ടപ്പെടാതെ നോക്കലായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. അതുകൊണ്ട് ഗര്‍ഭത്തിന്റെ ഒരു റൊമാന്‍സും അവളുടെ ജീവിതത്തില്‍ കടന്നു വന്നില്ല.

ഗര്‍ഭം പൂര്‍ത്തിയായി വരുമ്പോഴാണ് ഒരു കാറു വാങ്ങാമെന്ന് അവള്‍ക്ക് തോന്നിയത്, കുഞ്ഞിനു സ്‌കൂട്ടറിലും ഓട്ടോയിലും ഒക്കെ പോവുന്നതിനേക്കാള്‍ എളുപ്പമായിരിക്കില്ലേ കാര്‍ യാത്ര എന്നവള്‍ വിചാരിച്ചു. അങ്ങനെ സ്വന്തം ശമ്പളത്തിന്റെ ബലത്തില്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് അവള്‍ ഒരു കുഞ്ഞു മാരുതി കാര്‍ സ്വന്തമാക്കി.

അവളുടെ ഭര്‍ത്താവിനു കാര്‍ ഓടിയ്ക്കാന്‍ അറിയുമായിരുന്നില്ല. എന്നാലും പുതുതായി കിട്ടിയ കളിപ്പാട്ടത്തെ കൈകാര്യം ചെയ്യുന്ന കൌതുകത്തില്‍ ഡ്രൈവിംഗ് പഠിയ്ക്കാന്‍ അയാള്‍ നന്നായി ഉല്‍സാഹിച്ചു. … കാര്‍ അരുമയോടെ അയാളുടെ കരങ്ങളില്‍ പൂര്‍ണമായും ഒതുങ്ങി.

അങ്ങനെ ആ ദിവസം വന്നു..

നാളെ അഡ്മിറ്റാവണമെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞു.

അവള്‍ അന്നും ഓഫിസില്‍ പോയി. നിറവയറുമായി പെട്ടി ലിഫ്റ്റില്‍ കയറി… കാറ്റത്ത് ആകാശത്തില്‍ ഊഞ്ഞാലാടി… എല്ലാ ചെക്കിംഗും പൂര്‍ത്തിയാക്കി.. രാത്രി ഒമ്പതുമണി വരെ മീറ്റിംഗില്‍ പങ്കെടുത്തു. അത് കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ നടന്ന് അവള്‍ വീട്ടിലെത്തി. വീട്ടില്‍ കൊണ്ടു വിടട്ടേ എന്ന് ഓഫീസ് അധികാരികളൊ ഞാന്‍ വിളിയ്ക്കാന്‍ വരട്ടേ എന്ന് ഭര്‍ത്താവോ ചോദിച്ചില്ല.

ഗര്‍ഭം അവളുടെ മാത്രം പ്രശ്‌നമായിരുന്നുവല്ലോ.

അന്ന് വൈകുന്നേരം അവള്‍ക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു വീട്ടു സഹായിയെ കിട്ടി. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ..

ദൈവം അനുഗ്രഹിക്കുന്നത് ചിലപ്പോള്‍ ഇങ്ങനെയൊക്കെയായിരിക്കും … അല്ലേ

(തുടരും)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top