Flash News

റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുന്നു? (കേരളാ മോഡല്‍): നര്‍മ്മ നിരീക്ഷണം

September 2, 2018 , ജയന്‍ വര്‍ഗീസ്

-3-images.Illustration_fb_share_default_1280x720.png-26-ecdd0cfdf9b7deacഇനി വലിയ കാര്യങ്ങളില്ലാ, ചെറിയ കളികള്‍ മാത്രം.
ചിക്‌ബോസ്.
മ്ഊ….മ്ഊഊ ….മ്ഊഊഊ.
സൂപ്പര്‍ സ്റ്റാര്‍ പ്രസന്ന വദനനാണ്!

രാവിലെ ആറു മണി.
കഥാ പാത്രങ്ങള്‍ കക്കൂസിലേക്ക്. കരളുന്ന ക്യാമറകള്‍ കവര്‍ന്നെടുക്കുന്ന ക്‌ളോസപ്പുകള്‍.
കഴുകി പുറത്തു വരുന്‌പോള്‍ ചിക് ബോസ്സിന്റെ ഘന ഗംഭീര ശബ്ദം :
ഇനി ബ്രെക് ഫാസ്റ്റ് ടാസ്ക്..
പുട്ടും, കടലക്കറീം തീറ്റ.
ചവക്കുന്‌പോള്‍ തെറിക്കുന്ന കരണ ഞെരമ്പുകളില്‍ ക്യാമറ.

സമയം പകല്‍ പത്തു മണി :
ടാക്‌സ് കൊത്താംകല്ലുകളി.
കല്ലുകളിച്ചു തിമിര്‍ക്കുന്ന സെലിബ്രിറ്റികള്‍?
വളഞ്ഞും, ചരിഞ്ഞും ഉലയുന്ന മുഴുപ്പുകളില്‍ കാട്ടെലി ക്യാമറകളുടെ കരളല്‍ .

ഉച്ചക്ക് പന്ത്രണ്ടു മണി.
പ്രധാന ടാസ്ക് : ഊണ്.
പാകം ചെയ്തു വച്ചിരുന്ന മീന്‍ കറിയില്‍ കഷണങ്ങള്‍ കാണാനില്ല.
ഉണ്ടായിരുന്ന ചാറില്‍ സൂപ്പര്‍ സ്റ്റാര്‍ വിളന്പിക്കൊടുത്തുള്ള ശാപ്പാട്.
മീന്‍ കട്ട് തിന്നതാര് എന്നറിയാന്‍ സിനിമാ രാഷ്ട്രീയ സിനിമയിലെ വെറും ബഡായിയുടെ അഷ്ടമുടിക്കായലിലെ അലയിളകും പോലെ ചിരി.

പകല്‍ ഒന്നര മണി.
ഊണും കഴിഞ്ഞുള്ള ടാസ്ക്ക് : ഉറക്കം.
ഉണ്ണിയാര്‍ച്ചകള്‍ ഉറങ്ങുന്നു. ചേകവന്മാര്‍ കുശുകുശുക്കുന്നു.
കുശുകുശുപ്പ്പില്‍ മറ്റവനെ എങ്ങനെ ആട് വെട്ടാം എന്ന ചര്‍ച്ച.
കാട്ടെലി ക്യാമറകള്‍ക്ക് കരളല്‍ ചാകര.

ഉച്ച കഴിഞ്ഞു മൂന്നുമണി.
ഉണരുവിന്‍ , ഉയര്‍ത്തെഴുന്നേല്‍ക്കുവിന്‍ എന്ന ചിക്‌ബോസിന്റെ കല്ലിനെ പിളര്‍ക്കുന്ന കല്‍പ്പന.
ടാസ്ക്ക് : കോലുകളി.
തങ്ങളുടെ കോലുകള്‍ കണ്ടില്ലാ എന്ന് ചില പെണ്‍ താരങ്ങള്‍.
തുടുത്ത കവിള്‍ത്തടങ്ങളിലൂടെ ഉരുണ്ടുരുണ്ടിറങ്ങുന്ന കണ്ണീര്‍ മുത്തുകള്‍.
നിങ്ങള്ക്ക് കോലുകള്‍ ഉണ്ടായിരുന്നില്ലല്ലോ എന്ന് ആണ്‍ താരങ്ങള്‍.
തങ്ങള്‍ക്കു സ്വന്തമായി കോലുകള്‍ ഉണ്ടായിരുന്നുവെന്നും, കൂടെ നടന്നു കുതികാല്‍ വെട്ടും പോലെ ചില നടിമാര്‍ അത് അടിച്ചെടുത്തതാണെന്നും പരാതി.
സാരമില്ല തങ്ങള്‍ക്കും കോലുകളുണ്ടല്ലോ, അത് വച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് നടന്മാര്‍.
അഴിഞ്ഞുലഞ്ഞുള്ള കോലുകളി. നക്കിയെടുക്കാന്‍ ക്യാമറകള്‍.

വൈകിട്ടത്തെ ടാസ്ക്കുകള്‍ :
ആറുമണിക്ക് ചായ, ചെറുകടി.
എട്ടുമണിക്ക് കഞ്ഞിയും പയറും മുട്ടയും സപ്പര്‍.
കക്കൂസില്‍ പോകേണ്ടവര്‍ക്ക് പോകാം.
ഒന്പതുമണി ടാസ്ക്ക്. ഉറക്കം.
ഉറക്കം വന്നിട്ട് വേണ്ടേ ഉറങ്ങാന്‍? രാത്രി രണ്ടു മണിക്കും, നാലുമണിക്കുമൊക്കെ കുശുകുശുപ്പ്.
ഉറക്കമില്ലാത്ത ക്യാമറകള്‍ ഉണര്‍ന്നിരുന്നു പിടുത്തത്തോടു പിടുത്തം. അത് കണ്ടിട്ട് വേണമല്ലോ ലോകത്താകമാനമുള്ള കോടിക്കണക്കിനു മലയാളി പ്രേക്ഷകര്‍ക്ക് സംവദിച്ചു സംവദിച്ചു ജീവിത പുരോഗതി നേടുവാനും, പ്രളയത്തില്‍ മുങ്ങിത്താഴുന്നവര്‍ക്ക് കര കയറുവാനും.?
എല്ലാമെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബാക്കിയുള്ളത് സ്വരുക്കൂട്ടി എസ്. എം . എസ് . അയച്ചു കൊടുക്കുവാറും.?

ടാസ്ക്കുകള്‍ക്ക് പുറത്തുള്ള ചില ടാസ്ക്കുകളുണ്ട്. ഉലക നായകന്മാരായ ദൈവങ്ങളുടെ സന്ദര്‍ശനം. ( ഉലക നായകന്‍ ദൈവമാണല്ലോ.) സൂപ്പര്‍ സ്റ്റാര്‍ ദൈവത്തെ പരിചയപ്പെടുത്തുന്നു. പരസ്പ്പരം മൂട് താങ്ങുന്നു, പുറം ചൊരിയുന്നു, അനുയായികള്‍ കാലു നാക്കുന്നു.
താരത്തള്ളയുടെ ദേഷ്യം അലിയിച്ചു കളയുന്ന ചില പൗഡറുകള്‍, ഈസി പാസില്‍ കാശടയുന്‌പോള്‍ വടി ഉയരുന്ന പോലെ മീശയുള്ള ചില ചേട്ടന്മാരുടെ പെയിന്റുകള്‍. കൂടുപൊളിച്ചു പുറത്തു വരുന്ന പൂന്പാറ്റക്ക് കോടികള്‍ കൊണ്ട് തുലാഭാരം നടത്താന്‍ കാത്തുകാത്തു നില്‍ക്കുന്ന ചില കെട്ടിടം പണിക്കാര്‍, ആകെക്കൂടി അടിപൊളി തന്നെ ചിക് ബോസ്സ്.

കണ്ണീരും കൈയുമായി കരഞ്ഞു വിളിച്ചു പുറത്തുപോയ ചില താര ജീനിയസുകളുണ്ട്. അമേരിക്കന്‍ മലയാളിയെ എയര്‍പോര്‍ട്ടില്‍ വച്ച് കടിക്കാനൊരുങ്ങിയ പട്ടി പ്രേമി ആങ്കര്‍, ക്യാമറയുടെ വായിലേക്ക് പ്രസവിച്ചു കൊടുത്ത യഥാ തഥ ( റിയാലിറ്റി ) ആക്ടറെസ്സ്, തുടങ്ങി ചിലര്‍.
മിക്കവര്‍ക്കും ലക്ഷങ്ങളാണ് ദിവസക്കൂലി എന്നറിയുന്‌പോള്‍, കേരളത്തില്‍ കാശില്ലാഞ്ഞിട്ടാണോ നമ്മുടെ പാവം മുഖ്യ മന്ത്രി പ്രളയക്കെടുതിക്ക് സഹായം തേടി ലോകത്തിന്റെ മുന്നില്‍ കൈ നീട്ടുന്നത് എന്നോര്‍ക്കുന്‌പോള്‍ സങ്കടം തോന്നുകയാണ്.

പ്രളയ കാലത്തു നമ്മുടെ ചാനലുകള്‍ ഉറക്കമിളച്ചിരുന്ന് നിര്‍വഹിച്ച പ്രക്ഷേപണ സര്‍വീസുകള്‍ കേരളീയരുടെ നെഞ്ചില്‍ രോമാഞ്ചമുണ്ടാക്കിയിട്ടുണ്ട്. മറക്കില്ല ഞങ്ങള്‍ ആ മനുഷ്യ സ്‌നേഹ സേവനങ്ങളെ.! നിത്യ ജീവിതത്തിലെ നിരന്തര സംവേദന ഉപാധി എന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് മനുഷ്യ ജീവിതത്തില്‍ വലിയ പങ്കുണ്ട്. അത് കൊണ്ട് തന്നെ അവ ഉല്‍പ്പാദിപ്പിക്കുന്ന പ്രൊഡക്ടുകള്‍ മനുഷ്യാവസ്ഥയുടെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കണമല്ലോ? ഒന്‍പതു പതിറ്റാണ്ടുകളുടെ ചരിത്രം പിന്നിടുന്ന മലയാള സിനിമ ജീവിതായോധനത്തിന്റെ പെരുവഴികളില്‍ നട്ടുവളര്‍ത്തിയ തണല്‍ മരങ്ങളുടെ കുളിര്‍മ്മ അനുഭവിച്ചു കൊണ്ടാണ് മലയാളത്തിന്റെ മഹത്തായ സംസ്കാരം വളര്‍ന്നു വന്നത് എന്ന് സമ്മതിക്കുന്‌പോള്‍ പോലും, കഴിഞ്ഞ കുറെ കാലങ്ങളുടെ വഴി വിട്ട സഞ്ചാരങ്ങളുടെ അനന്തര ഫലമായി ഒരു വലിയ വട്ടപ്പൂജ്യമായി നമ്മുടെ സിനിമാ പ്രസ്ഥാനം അധഃപതിച്ചു കഴിഞ്ഞു എന്ന് വേദനയോടെ നമുക്ക് സമ്മതിക്കേണ്ടി വരുന്നുണ്ട്.

വെള്ളിത്തിരയുടെ ഈ ദുരന്തം മനസറിഞ്ഞു തിരുത്തിക്കൊണ്ടായിരുന്നു സ്വര്‍ണ്ണത്തിരകളുടെ ( ചാനലുകല്‍ ) വരവ്. മനുഷ്യ ചിന്തകളുടെ മാനങ്ങളെ മഹത്തായ ഉയരങ്ങളിലെത്തിക്കുവാന്‍ അവ അവതരിപ്പിച്ച പല പരിപാടികള്‍ക്കും സാധിക്കുയുണ്ടായി എന്ന് സമ്മതിക്കണം. മറ്റു ചാനലുകള്‍ തങ്ങളുടെ സമയത്തിന്റെ വലിയൊരു ഭാഗം പരസ്യ മാര്‍ക്കറ്റിങ്ങിലൂടെ വിറ്റു കാശാക്കി വന്‍ വരുമാനം കൊയ്യുന്‌പോള്‍, മുഴുവന്‍ സമയവും ലോക വിസ്മയങ്ങളിലേക്ക് തുറന്നു വച്ച കണ്ണായി വര്‍ത്തിച്ചു കൊണ്ട് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഫാരി ചാനല്‍ നില നില്‍ക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് കാല്‍ നൂറ്റാണ്ടിനും മുന്‍പേ പ്രസിദ്ധീകരിച്ചു തുടങ്ങിയ ” കൈരളി ” എന്ന പ്രസിദ്ധീകരണം അടുത്ത കാലം വരെ വില വാങ്ങാതെ വായനക്കാര്‍ക്ക് എത്തിച്ചു കൊടുത്തുവെങ്കിലും, പിടിച്ചു നില്‍ക്കാനാകാതെ പിന്‍വാങ്ങിയ ചരിത്ര സത്യമുള്ളതുകൊണ്ട് സഫാരി കരുതിയിരിക്കുക എന്നേ പറയാനുള്ളു..

ഇങ്ങിനെയൊക്കെ വിലയിരുത്തുന്‌പോള്‍ പുതിയ കാലത്തിന്റെ വലിയ വാഗ്ദാനമാണ് ചാനലുകള്‍. കേരളത്തില്‍ തന്നെ പണവും സ്വാധീനവും ഉപയോഗിച്ച് തേച്ചു മായ്ച്ചു കളയാമായിരുന്ന എത്രയെത്ര കേസുകളാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ജീവന്‍ പണയം വച്ച് വെളിച്ചത്തു കൊണ്ട് വന്നത്. സര്‍ക്കാര്‍ ഭൂമി വളച്ചു കെട്ടി ലക്ഷ്വറി റിസോര്‍ട്ട് പണിത മന്ത്രി പുംഗവന്‍മാര്‍, , അങ്ങിനെ ‘ മാടപ്രാവിന്റെ ഹൃദയവും, ആട്ടിന്‍ മുട്ടന്റെ സ്വഭാവവും ഉള്ള ‘ എത്രയെത്ര സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെയാണ് ചാനല്‍ പ്രവര്‍ത്തകര്‍ തൊലിയുരിച്ചു നിര്‍ത്തിയത്? സത്യത്തില്‍ ഇവരൊക്കെ ഇല്ലായിരുന്നുവെങ്കില്‍ ഈ സാമൂഹ്യ ദ്രോഹികള്‍ ഇന്നും നമ്മുടെ മേല്‍ അധീശ്വരത്വം നേടി ഭരിച്ചു സുഖിക്കുമായിരുന്നു. സ്വന്തം പൂച്ചുകള്‍ പുറത്താവാത്തത് കൊണ്ട് വിശുദ്ധന്മാരായി നില നിന്ന് ഇന്നും നമ്മളെ അനുഗ്രഹിക്കുന്ന കള്ള നാണയങ്ങളുടെ ഒരു വലിയ കൂട്ടായ്മയാണല്ലോ നമ്മുടെ സമൂഹം? ( യഥാര്‍ത്ഥ വിശുദ്ധന്മാരായി ജീവിതം നയിക്കുന്ന പച്ച മനുഷ്യര്‍ സമൂഹത്തിന്റെ സമസ്ത വേദികളിലുമുണ്ട്. ഇതൊക്കെ പറയേണ്ടി വന്നതില്‍ അവരോട് മാപ്പു ചോദിക്കുന്നു.)

ചാനലുകളുടെ സ്വാധീനം സമൂഹത്തില്‍ എത്ര മാത്രം വലുതാണ് എന്ന് ചൂണ്ടിക്കാണിക്കുവാനാണ് ഇത്രയൊക്കെ പറഞ്ഞത്. ഇവര്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് ഒരു റവന്യൂ നമ്മള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. കണ്ണീര്‍ സീരിയലുകളുടെ കഥയില്ലാക്കഥകള്‍ അഞ്ചും, ആറും വര്ഷം നീണ്ടുനീണ്ടു പോയപ്പോള്‍ തലയില്‍ ആള്‍താമസമുള്ള ചിലരെങ്കിലും പ്രതിഷേധിച്ചു പോയത് ഇത് കൊണ്ടാണ്. ഇപ്പോളിതാ മൂന്നു മാസത്തില്‍ അധികം നീണ്ടു നില്‍ക്കുന്നതും, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുറെ സാധു മനുഷ്യരെ അത്രയും കാലം തടവിലിടുന്നതുമായ ഒരു ഡങ്കന്‍ പരിപാടിയാണ് ഒരു പ്രമുഖ ചാനലും സൂപ്പര്‍ സ്റ്റാറും കൂടി തീട്ടവണ്ടുകളെപ്പോലെ ഉന്തിയുരുട്ടി മുന്നോട്ടു കൊണ്ട് പോകുന്നത്. ഇതിന്റെ പിന്നില്‍ ഏതോ ഒരു കലാ കശാപ്പുകാരന്റെ കൗശല സാന്നിധ്യം ഞാന്‍ മണക്കുന്നുണ്ട്. കോടികള്‍ മുതലിറക്കിയുള്ള ബിസിനസ്സില്‍ നിന്ന് സ്വാഭാവികമായും അയാള്‍ക്ക് ലാഭം വേണം. അതിനായി അയാള്‍ വില്‍ക്കുകയാണ്, നമ്മുടെ താരങ്ങളുടെ ശരീര വടിവുകള്‍. നിമ്‌നോന്നതങ്ങള്‍ കരണ്ടെടുത്തു കാണിക്കാന്‍ കാട്ടെലി ക്യാമറകള്‍. ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവരുള്‍പ്പടെ അത് കാണാന്‍ കാത്തിരിക്കുന്ന കോടിക്കണക്കിനുള്ള നമ്മള്‍ മലയാളികള്‍.ബീവറേജ് കോര്‍പ്പറേഷന്റെ അമൃത പാനീയക്കുപ്പി അടിച്ചിരിക്കുന്‌പോള്‍ ഇതും ഒരു സുഖം.

ചാനല്‍ വന്‍ മുതല്‍ മുടക്കുള്ള ഒരു വലിയ വ്യവസായമാണ്. കാശുമുടക്കിയുള്ള കളിയില്‍ കാശ് കിട്ടിയാല്‍ എന്തും ചെയ്യും. കാന്താരി മുളകിന്റ പരസ്യവുമായി വയോധികനായ ഒരു സിനിമാക്കാരാണവരെ അവതരിപ്പിക്കുന്നത് പോലും അത് കൊണ്ടാണ്. തെറ്റില്ല. കാല്‍ നൂറ്റാണ്ടിലധികം സൗജന്യമായി വിതരണം ചെയ്ത കൈരളി പത്രം നിന്നുപോയത് ഈ തന്ത്രം അറിയാഞ്ഞിട്ടായിരിക്കുമല്ലോ?

എന്നാല്‍ അതാണോ ഒരു കലാകാരന്‍ ? കാശ് കിട്ടിയാല്‍ അയാള്‍ എന്തും ചെയ്യുമോ? എന്തും വില്‍ക്കുമോ? അയാളെ നെഞ്ചിലേറ്റുന്ന ആയിരങ്ങളുടെ റോള്‍ മോഡലല്ലേ അയാള്‍? അയാളുടെ ഓരോ ചലനത്തിന്റെയും തുടര്‍ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ട് എന്നയാള്‍ മറക്കാമോ? അടച്ചു കെട്ടിയ വീട്ടില്‍ തങ്ങളുടെ എല്ലാ സ്വകാര്യതകളും ക്യാമറക്കു മുന്നില്‍ തുറന്നു വച്ച് നൂറു ദിവസം സ്വയം പീഡിപ്പിക്കുന്നതില്‍ എന്ത് കലയാണുള്ളത് ? സമൂഹത്തിനു കൈമാറാന്‍ എന്ത് സന്ദേശമാണുള്ളത്? നിങ്ങളുടെ പരിപാടിയില്‍ നിന്നും എന്താണ് ഞങ്ങള്‍ സംവദിക്കേണ്ടത് സാറന്മാരെ? ലേഡികളേ? ജെന്റില്‍ മാന്‍മാരെ ?

ഒരു സാംസ്ക്കാരിക പ്രവര്‍ത്തകന് സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടത് സ്‌നേഹവും ആദരവുമാണ്. ഇടിച്ചു കയറി ഇത് പിടിച്ചടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലാ. സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളിലൂടെ ചിലര്‍ ഇതിനു ശ്രമിക്കുന്നുണ്ട്. പക്ഷെ നിലനില്‍പ്പ് ഉണ്ടാവുകയില്ല. കാലം നിങ്ങളെ കല്ലെറിഞ്ഞു വീഴ്ത്തുന്‌പോള്‍ ആരും കൂടെയുണ്ടാവില്ല. നിങ്ങളുടെ താലന്തുകള്‍ നിങ്ങള്‍ക്കും, നിങ്ങളുടെ ലോകത്തിനും പ്രയോജനവും, പ്രചോദനവും ആവാന്‍ തരത്തില്‍ പ്രവര്‍ത്തിക്കുക. അത് സാധിക്കുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ ദയവായി അത് അവസ്സാനിപ്പിക്കുക?

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top