Flash News

ഡോ ശശിതരൂരിന്റെ പ്രളയ ചിന്തകളും ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനങ്ങളും (ജോസഫ് പടന്നമാക്കല്‍)

September 2, 2018 , ജോസഫ് പടന്നമാക്കല്‍

a2 (1)കേരളത്തില്‍ സംഭവിച്ച ജലപ്രളയം ഈ നൂറ്റാണ്ടിലെ ഏറ്റവും അതിഘോരവും ഗുരുതരവുമായിരുന്നു. അതുമൂലം വന്ന നാശനഷ്ടങ്ങള്‍ കൃത്യമായി തിട്ടപ്പെടുത്തുവാന്‍ പ്രയാസമേറിയതുമാണ്. ഈ ഘട്ടത്തില്‍ നമുക്ക് കിട്ടാവുന്ന സഹായങ്ങള്‍ എവിടെനിന്നു ലഭിച്ചാലും അത് സ്വീകരിക്കുകയാണ് വേണ്ടത്. കേന്ദ്രം ധന സഹായം നല്‍കുന്നതിനൊപ്പം ലോകരാജ്യങ്ങള്‍ തരാന്‍ തയാറാകുന്നുവെങ്കില്‍ അത് യാതൊരു മടിയുമില്ലാതെ സ്വീകരിക്കേണ്ട സ്ഥിതി വിശേഷങ്ങളാണ് ഇന്ന് കേരളത്തിനുള്ളത്. ഇന്നത്തെ നാശനഷ്ടങ്ങള്‍ ഏകദേശം ഇരുപതിനായിരം കോടി രൂപയില്‍ അധികം വരുമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. അത്രയും ഭീമമായ തുക കേന്ദ്ര സര്‍ക്കാരിനോ കേരള സര്‍ക്കാരിനോ താങ്ങാന്‍ സാധിക്കില്ല. കേന്ദ്രത്തിലെ ബഡ്ജറ്റ് അനുസരിച്ചു ഉള്ളത് മാത്രമേ സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ സാധിക്കുള്ളൂ. കേരളത്തെ സംബന്ധിച്ച് 39 പാലങ്ങള്‍ പൊളിഞ്ഞു പോയി. 50000 കിലോമീറ്ററുകളോളം റോഡുകള്‍ താറുമാറായി കിടക്കുന്നു. അമ്പതിനായിരം വീടുകള്‍ നാശോന്മുഖമാകുകയും പത്തു ലക്ഷം പേര് ഓരോ തരത്തില്‍ ദുരന്തത്തിന് അടിമപ്പെടുകയും ചെയ്തു.

padanna3_InPixioകേരളത്തിന്റെ പ്രളയ കെടുതികളെ വിശദീകരിക്കാനായി ഡോ. ശശി തരൂര്‍ ജനീവാ ആസ്ഥാനമായ യുണൈറ്റഡ് നാഷന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇരുപത്തിയൊമ്പതു വര്‍ഷത്തോളം ഐക്യ രാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുകയും സഭയുടെ അണ്ടര്‍ സെക്രട്ടറിയായി ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്ത ഡോ തരൂരിന് കിട്ടാവുന്ന അന്തര്‍ ദേശീയ ഫണ്ടുകള്‍ സ്വരൂപിക്കാന്‍ ആധികാരികമായ കഴിവുകളുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ രീതികളും അവിടുത്തെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് വളരെ വ്യക്തമായും അറിയാം. ഒരു ന്യൂസ് ചാനലിന് നല്‍കുന്ന അഭിമുഖ സംഭാഷണത്തില്‍ പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ തന്മയത്വമായി മലയാളത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.

മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി എന്ന നിലയില്‍ ഡോ ശശി തരൂരിന് എല്ലാവിധ ആദരവും ഐക്യരാഷ്ട്രസഭയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടവരെല്ലാം അവരുടെ മറ്റ് സമയപരിപാടികള്‍ മാറ്റി അദ്ദേഹത്തിനു സമയം അനുവദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച വാഗ്ദാനങ്ങള്‍ മുഴുവനായി യഥാസമയം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അവിടുത്തെ പ്രതിനിധികളുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റും ഒരു മണിക്കൂറും വരെ നീണ്ടു നിന്നിരുന്നു. കേരളത്തില്‍ ഇത്രമാത്രം നഷ്ടമുണ്ടായിയെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അതെല്ലാം ഐക്യരാഷ്ട്ര സംഘടനയിലെ വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. കേരളത്തിന്റെ എന്താവശ്യത്തിനും ഐക്യരാഷ്ട്ര സഭ കൂടെയുണ്ടായിരിക്കുമെന്നു വാഗ്ദാനവും നല്‍കി.

ഒരു പക്ഷെ കേന്ദ്രം ഐക്യരാഷ്ട്രസഭയോട് കേരളത്തിന്റെ ജലപ്രളയ കെടുതികള്‍ക്കായി സഹായം ആവശ്യപ്പെട്ടാല്‍ എന്തെല്ലാം സഹായം ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന സാധ്യതകളും തരൂര്‍ തേടിയിരുന്നു. അതിനായി അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ ഉത്തരവാദിത്വപ്പെട്ടവരെ കാണുകയും പലരുമായി മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സ്വന്തം ചെലവിലാണ് ഐക്യരാഷ്ട്ര സഭയില്‍ ഈ സന്ദര്‍ശനം നടത്തിയത്. രാജ്യങ്ങള്‍ക്കു സഹായം നല്‍കുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിന്റേതായ നിയമങ്ങള്‍ പാലിക്കേണ്ടതായുണ്ട്. കേരളത്തിനായി ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നും എന്തുതരത്തിലുള്ള സഹായവും ലഭിക്കാന്‍ സാധിക്കുമെന്നും തരൂര്‍ സ്ഥിതികരിച്ചിരിക്കുന്നു. അതിനായി അദ്ദേഹം അവിടുത്തെ വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും അനുകൂലമായ മറുപടികള്‍ ലഭിക്കുകയുമുണ്ടായി. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് സഹായം ആഗ്രഹിക്കുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം അതിനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. സംസ്ഥാനത്തിന് പ്രത്യേകമായ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവകാശമില്ല.

a1 (1)ഐക്യരാഷ്ട്ര സഭയുടെ ഭാരവാഹികളുമായുള്ള സംഭാഷണത്തിനു ശേഷം ശശിതരൂര്‍ കേരള സര്‍ക്കാരുമായി തനിക്കു ലഭിച്ച വിവരങ്ങള്‍ പങ്കു വെച്ചിരുന്നു. കേരളസര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളുമായി ദുരന്തനിവാരണ മാര്‍ഗങ്ങളെ വിലയിരുത്തുവാനും മുഖ്യമന്ത്രിയുമായുള്ള സംഭാഷണം പ്രയോജനപ്പെടുത്താനും സാധിക്കുന്നു. അതനുസരിച്ച് സഹായം ആവശ്യമുണ്ടോ എന്ന പ്രായോഗിക വശങ്ങളെപ്പറ്റി ആരായാനും കഴിയും. ഐക്യരാഷ്ട്രസഭ കേരളത്തിലെ ദുരിതാശ്വാസ മേഖലകളില്‍ നല്കാനുദ്ദേശിക്കുന്ന സഹായങ്ങളെപ്പറ്റി മുഖ്യമന്ത്രിയുടെ പരിഗണയ്ക്കായി തരൂര്‍ സമര്‍പ്പിക്കുകയും ചെയ്തു. അതില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയവുമാണ്.

1. പ്രളയം മൂലം കേരളത്തിന് സംഭവിച്ച കെടുതികളില്‍നിന്നും കര കയറാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സ്റ്റേറ്റിന്റെ കേന്ദ്ര സഹായം മതിയാകുമോ? കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ആവശ്യത്തിനുള്ള പണം കേന്ദ്ര സര്‍ക്കാര്‍ തരാത്ത പക്ഷം സ്റ്റേറ്റിന് പുനരുദ്ധാരണ പദ്ധതികള്‍ക്കായുള്ള സഹായത്തിന് ഐക്യരാഷ്ട്രസഭയിലെ പ്രതിനിധികളെ ക്ഷണിച്ച് ചര്‍ച്ച ചെയ്യാം. ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്വത്തോടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കാനും സാധിക്കും.

2. മലിന വെള്ളം ഉപയോഗിക്കുന്ന കാരണം കോളറ സംസ്ഥാനമാകെ വ്യാപിക്കാന്‍ ഇടയുണ്ട്. അതിനെ തടയാന്‍ ലോകാരോഗ്യ സംഘടന മൂന്നു മില്യണ്‍ പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിനേഷന്‍ തരാന്‍ തയാറാണ്.

3. സംസ്ഥാന സര്‍ക്കാര്‍ ഐസിആര്‍സി/ ഗുജറാത്ത് ഫോറന്‍സിക്ക് സര്‍വ്വകലാശാലയുടെ (ICRC/Gujarat Forensics University) പങ്കാളിത്വം ആവശ്യമെങ്കില്‍ സ്വീകരിക്കണം. എങ്കില്‍ മെഡിക്കല്‍ ശാസ്ത്രത്തിലെ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ സുതാര്യതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും.

4. കേന്ദ്രസര്‍ക്കാര്‍ മറ്റു രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ താല്പര്യപ്പെടാത്തതു കൊണ്ടും മറ്റു നിയമതടസങ്ങള്‍ കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ക്ക് ബാധകമായതിനാലും ഐക്യരാഷ്ട്രസംഘടനയുമായി സഹകരിക്കാന്‍ കേരളസംസ്ഥാനത്തിനു കഴിയുന്നു. സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനായി അവര്‍ വാഗ്ദാനം ചെയ്യുന്ന നമ്മുടെ ആവശ്യങ്ങള്‍ കേന്ദസര്‍ക്കാര്‍ നിരസിക്കാതിരുന്നാല്‍ മാത്രം മതിയാകും.

5. കേരളത്തെ സംബന്ധിച്ച് എത്രമാത്രം പണം ദുരിത പ്രദേശങ്ങളുടെ നവീകരണത്തിനായി ആവശ്യം വരുമെന്ന് കണക്കുകൂട്ടി അറിയിക്കാനും ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ദ്ധര്‍ ഉപദേശങ്ങള്‍ നല്‍കും. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പഠിക്കാനും അടുത്ത പത്തു വര്‍ഷത്തേക്ക് എത്ര പണം ആവശ്യമുണ്ടെന്നു വിലയിരുത്താനും ഐക്യരാഷ്ട്രസഭ തയ്യാറാണ്.

6. അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റിയും അതില്‍ വന്ന നാശനഷ്ടങ്ങളെപ്പറ്റിയും സമയോചിതമായി ഒരു അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘അത് ഇന്നോ നാളെയോ ചെയ്യണമെന്നല്ല ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തിന്റെ മറവില്‍ വിരലു ചൂണ്ടി ആരെയും കുറ്റപ്പെടുത്തുവാനുള്ള സാഹചര്യവും സൃഷ്ടിക്കരുത്. ഒരു അന്വേഷണത്തിന്റെ പ്രയോജനമെന്തെന്നാല്‍ എന്ത് സംഭവിച്ചെന്ന് നാം അറിഞ്ഞാലേ പിന്നീട് അത്തരം പാകപ്പിഴകള്‍ വീണ്ടും സംഭവിക്കാതെ നമ്മള്‍ ശ്രദ്ധിക്കുള്ളൂ.’ നിഷ്പക്ഷമായ അന്വേഷണങ്ങള്‍ക്കായി അന്തര്‍ദേശീയ വിദഗ്ദ്ധരെ ചുമതലപ്പെടുത്തണം.

a2കേരളത്തിലുള്ള ദുരന്ത പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഒരു ദീര്‍ഘകാല പദ്ധതി ആവശ്യമുണ്ടെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ വന്നു ചേരുമ്പോഴാണ് നമുക്ക് ലോക രാജ്യങ്ങളോട് സഹായം ആവശ്യപ്പെടേണ്ടി വരുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങളുടെ നിജസ്ഥിതികളെപ്പറ്റിയും ചിന്തിക്കണം. മലിനമായ വെള്ളം ദുരിത ബാധിതരായ പ്രദേശത്തിലെ ജനം കുടിക്കേണ്ടി വരുന്നു. അതില്‍ നിന്നും കൊളറാ പോലുള്ള മാരകമായ രോഗം നാടുമുഴുവന്‍ പകരാന്‍ സാധ്യതയുണ്ട്. ദുരിതം അനുഭവിക്കുന്നവരെ അഴുക്കു കനാലുകളിലെ മലിന വെള്ളം കുടിക്കാന്‍ അനുവദിക്കാതെ ശുദ്ധജലം വിതരണം ചെയ്യേണ്ടി വരുന്നു. ആവശ്യം വന്നാല്‍ അടിയന്തിരമായി പകര്‍ച്ചവ്യാധിയില്‍ നിന്നും അവരെ രക്ഷിക്കേണ്ടതായുമുണ്ട്. ഇക്കാര്യം തരൂര്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഉത്തരവാദിത്വപ്പെട്ടവരെ ബോധിപ്പിക്കുകയും അവര്‍ കോളറ പ്രതിരോധത്തിനായി സഹായം നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കൈവശം ഇരുപതു മില്യണ്‍ വാക്‌സിന്‍ ഉണ്ടെന്നാണ് അറിയിച്ചത്. കോളറ തടയാനായി ഒരു പ്രതിരോധ സംവിധാനം നടപ്പാക്കണമെന്ന് ഇന്ത്യ പരിഗണിക്കുന്ന പക്ഷം അവര്‍ സഹായിക്കാന്‍ തയ്യാറെന്നും തരൂര്‍ അറിയിച്ചു. അങ്ങനെ ആവശ്യം വരുന്ന പക്ഷം തീരുമാനങ്ങള്‍ എടുക്കേണ്ടത് മുഖ്യമന്ത്രീയും കേന്ദ്ര ക്യാബിനറ്റുമാണ്. കേരളത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും പരിഗണനയില്‍ എടുക്കേണ്ടതായുണ്ട്. തരൂരിന്റെ ചര്‍ച്ചകളുടെ ഫലമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എല്ലാം സൗജന്യമായി നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് വസന്ത പടരുന്ന കാലങ്ങളില്‍ മരുന്നിനായി നെട്ടോട്ടം ഓടുമായിരുന്നു. ഇനി അങ്ങനെയുള്ള സാഹചര്യത്തില്‍ മരുന്നുകള്‍ മാര്‍ക്കറ്റില്‍ ദിവസങ്ങള്‍ക്കുള്ളില്‍ എത്തിക്കാന്‍ സാധിക്കുന്നതും ശ്രീ തരൂരിന്റെ ഐക്യരാഷ്ട്ര സംഘടനയിലുള്ളവരുമായ കൂടിക്കാഴ്ചയുടെ ഫലവത്തായ വിജയമായിരുന്നു. പില്‍ക്കാലങ്ങളില്‍, ‘ഇങ്ങനെ വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്റെ കൈവശം മരുന്നുകള്‍ ഉണ്ടായിരുന്നുവെന്നും അക്കാര്യം അറിയില്ലായിരുന്നുവെന്നുമുള്ള’ സംസ്ഥാനത്തിലെ അധികാരികളുടെ പ്രസ്താവനകള്‍ അപ്രസക്തമാകുന്നുവെന്നുള്ള വസ്തുത തരൂര്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു.

കേരളത്തിലെ പ്രളയം കഴിഞ്ഞതില്‍ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് നാടിന്റെ നാനാ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പണം വരുന്നുണ്ട്. പല സംഘടനകളും ഫണ്ട് എവിടേക്ക് അയക്കണമെന്നുള്ള ആശയക്കുഴപ്പത്തിലാണ്. ഇതിനോടകം ഏകദേശം ആയിരം കോടിയിലധികം ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിക്ഷേപത്തില്‍ ലഭിച്ചു കഴിഞ്ഞു. പണം അയക്കുന്നവര്‍ മുഖ്യ മന്ത്രിയുടെ ഫണ്ടില്‍ അയക്കണമെന്നാണ് തരൂര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം അങ്ങനെ എല്ലാവരെയും ഉപദേശിക്കുകയൂം ചെയ്യുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ സമയോചിതമായ പ്രവര്‍ത്തനങ്ങളെയും തരൂര്‍ പുകഴ്ത്തുന്നുണ്ട്.

a2 (2)പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്കായി നാം വ്യാപൃതരാവുകയാണെങ്കില്‍ പഴയതിനേക്കാള്‍ മെച്ചമായ രീതികളില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതായി വരുന്നു. പുതിയതായി വീടുകളും പാലങ്ങളും പണിതുയര്‍ത്തുമ്പോള്‍ കൂടുതല്‍ ബലവത്തായ രീതിയിലായിരിക്കണം. അടുത്ത മഴയത്ത് ഒലിച്ചു പോവുന്ന തരത്തിലായിരിക്കരുത്. അനുഭവങ്ങളായിരിക്കണം നമ്മെ എന്നും മുമ്പോട്ട് നയിക്കേണ്ടത്. ഇത്രമാത്രം മഴ വീണ്ടും ഇങ്ങനെ പെയ്യുന്നുവെങ്കില്‍ ഈ മഴവെള്ളത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ക്കായി നാം വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടേണ്ടതായുണ്ട്. ഭൂമിയുടെ ഘടനയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചിരിക്കുകയും വേണം. അങ്ങനെയുള്ള വിദദഗ്ദ്ധ സഹായങ്ങളും വിദഗ്ദ്ധന്മാരെയും ഐക്യരാഷ്ട്രസംഘടന തരാന്‍ തയ്യാറെന്നും അറിയിച്ചതായി തരൂര്‍ പറഞ്ഞു. നാശപ്പെട്ട കേരളം പുനരുദ്ധരിക്കുമ്പോള്‍ അതിനു മുമ്പായി ഒരു വിദഗ്ദ്ധ വിലയിരുത്തല്‍ അത്യാവശ്യമാണ്. അടുത്ത തവണ ഒരു പ്രളയം ഉണ്ടാവുന്ന പക്ഷം ഇത്രമാത്രം നഷ്ടങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വീടിന്റെ അടിത്തറകള്‍ തന്നെ ശക്തിയായി കെട്ടിപ്പൊക്കുന്ന വിധമായിരിക്കണം.

‘ഇന്ന് നാം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മേഖലകളില്‍നിന്നും ഫണ്ടുകള്‍ ശേഖരിക്കുന്നു. അതുപോലെ ജനങ്ങള്‍ക്ക് നിത്യോപയോഗ പ്രദമായ സാധന സാമഗ്രികളും ശേഖരിക്കുന്നു. നല്ല രീതിയില്‍ വിതരണവും ചെയ്യുന്നുണ്ട്. ഈ ദുര്‍ഘട നിമിഷങ്ങളില്‍ ഏത് പാര്‍ട്ടി, ഏതു മതമെന്ന് ആരും ചിന്തിച്ചില്ല. ആരാണ് ഭരിക്കുന്നതെന്നും ആരുമാരും ചിന്തിച്ചില്ല. മലയാളികളുടെ ഐക്യദാര്‍ഢ്യത്തിന്റെ ദിനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയത്.’ ഇന്നത്തെ ലക്ഷ്യം സര്‍ക്കാരുമായി സഹകരിക്കുകയെന്നതാണെന്നും ശ്രീ തരൂര്‍ പറഞ്ഞു. അങ്ങനെ താല്‍ക്കാലികമായ ആശ്വാസം നേടിയെടുക്കണം. നഷ്ടപ്പെട്ടതെല്ലാം നീണ്ടകാല പദ്ധതികളില്‍ക്കൂടി വീണ്ടെടുക്കാനുള്ള പ്രയത്‌നങ്ങളും ആരംഭിക്കേണ്ടതായുണ്ട്.

അന്തര്‍ദേശീയ സഹായങ്ങള്‍ നാം തേടിയാല്‍ അത് രാജ്യത്തിനു മാനക്കേടെന്നു കരുതിയാണ് കേന്ദ്രം രാജ്യത്തിനു വേണ്ടിയുള്ള ദുരിതാശ്വാസ സഹായങ്ങള്‍ നിക്ഷേധിക്കുന്നത്. അതിനും തരൂര്‍ വ്യക്തമായ മറുപടി ഗുജറാത്തിലെ ഭൂമികുലുക്കം ഉദാഹരണമായി ചൂണ്ടി കാണിച്ച് പറയുന്നുണ്ട്. അന്തര്‍ദേശീയ സഹായം എപ്പോഴെല്ലാം ആവശ്യം വരുന്നുവെന്ന കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. അന്ന് ഗുജറാത്തിന് ലഭിച്ച വിദേശ സഹായം 1.7 ബില്യണ്‍ ഡോളറായിരുന്നു. അത്തരം അന്തര്‍ദേശീയ സഹായം കൊണ്ടാണ് ഗുജറാത്തിലെ ഭൂമി കുലുക്കം മൂലമുണ്ടായ ദുരിത പ്രദേശങ്ങളെ നവീകരിക്കാന്‍ സാധിച്ചത്. അതില്‍ നമുക്ക് ഐക്യരാഷ്ട്രസഭയില്‍ നിന്നും നാല്‍പ്പത്തി രണ്ടു മില്യണ്‍ ഡോളര്‍ ലഭിച്ചിരുന്നതും തരൂര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഗുജറാത്തില്‍ ഭൂമി കുലുക്കമുണ്ടായ സന്ദര്‍ഭത്തില്‍ മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഗുജറാത്തിനു ദുരിത നിവാരണത്തില്‍നിന്നും രക്ഷപെടാന്‍ പുറം രാജ്യങ്ങളുടെ സഹായം ആവശ്യമായിരുന്നു. ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്തു. അതേ സമയം 2004-ല്‍ സുനാമി വന്ന ദിനങ്ങളില്‍ സര്‍ക്കാരിന് വിദേശ സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. സുനാമി ബാധിത പ്രദേശങ്ങളിലെല്ലാം ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കി. കേന്ദ്ര സഹായത്തോടെ നഷ്ടപ്പെട്ട നാശനഷ്ടങ്ങള്‍ പുനരുദ്ധരിക്കുകയും ചെയ്തു. പുതിയ കെട്ടിടങ്ങളും റോഡുകളും പണിതു. അന്ന് അന്താരാഷ്ട്ര സഹായം ആവശ്യമുണ്ടായിരുന്നില്ല.

a1 (2)ഇന്ന് കേരളത്തില്‍ നമ്മുടെ ആവശ്യങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. അതില്‍ കേന്ദ്രത്തിന് സംസ്ഥാനത്തെ സഹായിക്കാന്‍ എത്രമാത്രം സാധിക്കുമെന്ന് ചിന്തിക്കണം. സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നിയന്ത്രണത്തിലെങ്കില്‍ വിദേശ സഹായം തേടേണ്ട ആവശ്യം വരുന്നില്ല. ദുരിതങ്ങള്‍ സംഭവിക്കുന്ന കാലങ്ങളില്‍ വിദേശ സഹായം സ്വീകരിക്കേണ്ട എന്ന ഒരു നിയമം മന്‍മോഹന്‍ സിംഗിന്റെ കാലത്തുണ്ടായിരുന്നില്ല. എന്നാല്‍ 2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ ദേശീയ ദുരന്തം സംഭവിക്കുന്ന കാലങ്ങളില്‍ വിദേശത്തുനിന്ന് സഹായം മേടിക്കണ്ടായെന്നു ഒരു തീരുമാനത്തിലെത്തിയിരുന്നു. ദുരിതങ്ങള്‍ ഉണ്ടാവുമ്പോള്‍ മറ്റൊരു രാജ്യത്തോട് സഹായം ആവശ്യപ്പെടില്ലെന്നായിരുന്നു തീരുമാനം.

കേന്ദ്ര ദുരിതാശ്വാസ വകുപ്പ് കേവലം വിദേശ സഹായം സ്വീകരിക്കുന്നത് നിയമപരമല്ലെന്നു കരുതാം. അന്തര്‍ ദേശീയ സഹായത്തിന് നാം ആവശ്യപ്പെടുകയില്ല. പക്ഷെ സഹായം തന്നാല്‍ നമുക്ക് സ്വീകരിക്കുന്ന പതിവുണ്ട്. കേരളത്തിന് മറ്റൊരു രാജ്യം സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ പ്രധാനമന്ത്രിയുടെ വക്താവ് വന്നിട്ട് ഇത് നിയമപ്രകാരമല്ലെന്ന് പറയുന്നതും യുക്തമല്ല. യു.എ.ഇ എന്ന രാഷ്ട്രത്തില്‍നിന്നും സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റൊരു വിദേശ രാജ്യവുമായുള്ള പ്രശ്‌നമായി കണക്കാക്കാം. എന്നാല്‍ ഐക്യരാഷ്ട്രസംഘടന എന്ന് പറയുന്നത് നമ്മുടെ സംഘടനയാണെന്ന് തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.

തരൂര്‍ പറയുന്നു, ‘നമ്മളും ഐക്യ രാഷ്ട്ര സഭയിലെ അംഗങ്ങളാണ്. അവിടെ ഒരു വലിയ വിഭാഗം ഇന്ത്യന്‍ ജനങ്ങള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ആ സ്ഥിതിക്ക് ഐക്യരാഷ്ട്രസംഘടനയെ ഒരു വിദേശമെന്നു കണക്കാക്കുവാന്‍ സാധിക്കില്ല. ഇന്ത്യ ഐക്യരാഷ്ട്രസംഘടനയില്‍ ഒരു അംഗം എന്ന നിലയില്‍ സഹായം തേടുന്നതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല. ഐക്യരാഷ്ട്രസഭയോട് നാം കാര്യങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ തന്നെ വാഗ്ദാനങ്ങളുമായി വന്നെത്തും. അല്ലാതെ കൈനീട്ടി സഹായം ആവശ്യപ്പെടേണ്ടി വരുന്നില്ല. അവര്‍ അങ്ങനെ ഒരു വാഗ്ദാനം തന്നു കഴിഞ്ഞാല്‍ നമുക്ക് വേണോ വേണ്ടയോ എന്ന് പറയേണ്ട ആവശ്യമേ വരുന്നുള്ളൂ. കേരളത്തെ സഹായിക്കാന്‍ അവര്‍ തയ്യാറാണ്.’

a1ഇന്ന് രാഷ്ട്രീയക്കാരുടെയിടയില്‍ നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും അനാവശ്യമായ സമയനഷ്ടമായി തരൂര്‍ ചിന്തിക്കുന്നു. ‘ജനങ്ങള്‍ക്ക് ആവശ്യമുള്ളത് എന്തെന്ന് നോക്കുക. നമുക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മറ്റു സഹായമില്ലാതെ ചെയ്യാന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുവാന്‍ സാധിച്ചുവെന്നു അഭിമാനത്തോടെ പറയാനും സാധിക്കും. നമ്മുടെ ആവശ്യങ്ങള്‍ വിലയിരുത്തി അതില്‍ എത്രമാത്രം നഷ്ടം വന്നുവെന്നും കണക്കുകൂട്ടി നഷ്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വഹിക്കാന്‍ സാധിക്കില്ലെങ്കില്‍ എന്തുകൊണ്ട് അന്തര്‍ദേശീയ സഹായം സ്വീകരിച്ചു കൂടാ? മാത്രവുമല്ല, നമ്മുടെ ആളുകള്‍ അനേകര്‍ വിദേശത്ത് ജോലി ചെയ്യുന്നു. ആവശ്യമുള്ള വിദേശപ്പണം ലഭിക്കുന്ന സാധ്യതകള്‍ മാത്രമേ നാം ആരായുന്നുള്ളൂ. നമ്മുടെ സര്‍ക്കാരിന് വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ പണം പുറം രാജ്യങ്ങളില്‍ നിന്നും തേടുന്നതില്‍ യാതൊരു സങ്കോചവും ചിന്തിക്കേണ്ട ആവശ്യമില്ല.’

ആഗോള താപവ്യതിയാനം കേരളത്തിലും നല്ലവണ്ണം അനുഭവപ്പെടുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ മഴ ഏതു കാലത്തും വരാന്‍ സാധ്യതയുണ്ട്. നാം എക്കാലവും പ്രതീക്ഷിച്ച മഴയെക്കാളും രണ്ടര ഇരട്ടിയാണ് ഇക്കൊല്ലം പെയ്തത്. അതുപോലെ വീണ്ടും സംഭവിക്കാവുന്ന സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ മനുഷ്യ നിര്‍മ്മിതമായ ചില കാരണങ്ങളും ഉണ്ട്. നമുക്ക് പ്രകൃത്യാ വെള്ളം ഒഴുകുന്ന കനാലുകളും ഭൂപ്രകൃതിയുമുണ്ട്. കനാലുകളില്‍ നിന്നും വെള്ളം നദികളിലേക്കും പിന്നീട് കായലുകളിലും സമുദ്രത്തിലേക്കും പതിക്കുന്നു. വെള്ളത്തിന്റെ ഒഴുക്കുപാച്ചിലില്‍ മാലിന്യം എറിഞ്ഞിട്ടോ, കെട്ടിടങ്ങള്‍ പണി തീര്‍ത്തിട്ടോ മനുഷ്യ നിര്‍മ്മിതമായ വസ്തുക്കള്‍ വഴിയോ തടസങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചെന്ന കാര്യങ്ങളില്‍ എത്രമാത്രം സത്യം ഉണ്ടെന്നുള്ളതും നാം അറിയണം. അടുത്ത തവണ പ്രളയം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയുകയും വേണം.

ഇന്ന് നാശോന്മുഖമായ ഈ കെട്ടിടങ്ങള്‍ പണി തീര്‍ത്തത് ഓരോ കാലഘട്ടത്തിലും അശാസ്ത്രീയമായിട്ടായിരിക്കാം. നമ്മള്‍ വെള്ളപ്പൊക്ക വഴികളുടെ ഒരു ഭൂപടം തയ്യാറാക്കാതെ കെട്ടിടങ്ങള്‍ പണിതീര്‍ത്തിട്ടുണ്ടെങ്കില്‍ നാളെയും ഇത്തരം വെള്ളപ്പൊക്കം വരാന്‍ സാധ്യതയുണ്ട്. നമ്മുടെ തെറ്റുകളെ മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ നാളെ എങ്ങനെ നാം പ്രളയ നിരോധന മാര്‍ഗങ്ങളെപ്പറ്റി അറിയും. ‘രാഷ്ട്രീയം ഒന്നും ഇല്ലാതെ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതെ എല്ലാവര്‍ക്കും സമ്മതമായ ഒരു അന്വേഷണം ആവശ്യമാണെന്നും’ തരൂര്‍ അഭിപ്രായപ്പെടുന്നു. അതെല്ലാം അന്തര്‍ രാഷ്ട്ര പ്രാവിണ്യമുള്ളവരെക്കൊണ്ടു അന്വേഷിപ്പിക്കേണ്ടതായുമുണ്ട്. ഡാം മാനേജുമെന്റ് പഠിച്ച വിദഗ്ദ്ധരെ അന്വേഷണത്തിനായി നിയമിക്കണം. ‘ഇന്നലെ സംഭവിച്ചത് മനസിലാക്കിയില്ലെങ്കില്‍ നാളെ എങ്ങനെ വീണ്ടും സംഭവിക്കാന്‍ പോവുന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും’ തരൂര്‍ ചോദിക്കുന്നു.

വിദേശത്തും സ്വദേശത്തുനിന്നുമായി അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് ശ്രീ തരൂര്‍ പറയുന്നുണ്ടെങ്കിലും ഫണ്ട് മാനേജ്മെന്റിനെപ്പറ്റി തരൂര്‍ അഭിപ്രായങ്ങള്‍ ഒന്നും പറയുന്നില്ല. കഴിഞ്ഞകാല അനുഭവങ്ങള്‍ വെച്ച് മുഖ്യമന്ത്രിയുടെ ഈ ഫണ്ട് അര്‍ഹരായവര്‍ക്ക് ലഭിച്ചില്ലെന്നുമുള്ള പരാതികള്‍ നാടിന്റെ നാനാഭാഗത്തുനിന്നും വരുന്നുണ്ട്. കേരളത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കുന്ന കാലങ്ങളിലെല്ലാം സഹായങ്ങള്‍ നല്‍കാറുള്ളത് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നാണ്. പല സന്ദര്‍ഭങ്ങളിലും ഇത്തരം ഫണ്ടുകള്‍ സര്‍ക്കാരിന്റെ ചുവപ്പുനാടകളുടെ കുരുക്കില്‍പ്പെട്ടു ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ട്. പലപ്പോഴും അര്‍ഹരായവര്‍ക്ക് ഫണ്ട് ലഭിക്കുകയുമില്ല.

ഓരോ ഫണ്ടുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തില്‍ എത്തുന്നത് പ്രത്യേകമായ ഒരു ഉദ്ദേശത്തോടെയായിരിക്കും. ഇപ്പോള്‍ സ്വരൂപിച്ചിരിക്കുന്ന ഫണ്ട് പ്രളയ ദുരിതര്‍ക്കുവേണ്ടിയുള്ള ക്ഷേമാന്വേഷണത്തിനായിട്ടാണ്. ഈ ഫണ്ട് മറ്റു ദുരിതാശ്വാസ കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ദുരന്ത സാഹചര്യങ്ങളില്‍ പ്രത്യേകമായ ഒരു ഫണ്ട് രൂപീകരിക്കുന്ന പക്ഷം ഫണ്ടിന്റെ ശരിയായ വിനിയോഗത്തെ ശ്രദ്ധിക്കുകയും വേണം. സുനാമി ഫണ്ട് രൂപീകരിച്ചപ്പോള്‍ അര്‍ഹരായവര്‍ക്ക് കൊടുക്കാതെ ഇടുക്കിയിലും പാലായിലുമുള്ളവര്‍ക്ക് ഫണ്ട് വിനിയോഗിച്ചതായ ചരിത്രവുമുണ്ട്. കടലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കായി ഫണ്ട് ദുരുപയോഗം ചെയ്തിട്ടും അതിന്റെ പേരില്‍ ഒരു അന്വേഷണവും നടന്നിട്ടില്ല. ഒക്കി ഫണ്ട് സമാഹരിച്ചിട്ടും അതിന്റെ പകുതിയോളം ഫണ്ട് മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചുള്ളൂവെന്ന് മുഖ്യമന്തി നിയമസഭയില്‍ പറയുകയും ചെയ്തു. ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ രാഷ്ട്രീയ നേതാവിന്റെയോ പ്രേരണയാല്‍ നഷ്ടപ്പെടാനും പാടില്ല. അര്‍ഹപ്പെട്ടവരെ സഹായിക്കുമ്പോള്‍ സംഭാവന കൊടുക്കുന്നവക്ക് കൂടുതല്‍ ആത്മവിശ്വസം ലഭിക്കേണ്ടതായുമുണ്ട്. ഫണ്ട് നല്‍കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലല്ല ഇന്നത്തെ മുഖ്യമന്ത്രിയുടെ ഫണ്ടിന്റെ വിതരണം. അത് കഴിഞ്ഞ കാല അനുഭവങ്ങളില്‍നിന്നും വ്യക്തവുമാണ്.

നിയമസഭയില്‍ ഫണ്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലുണ്ടായിരുന്നു. കോടികള്‍ മുടക്കിയ ശേഷമുളള ഈ സമ്മേളനം ക്രിയാത്മകമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ പിരിയുകയും ചെയ്തു. പരസ്പ്പരം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെളി വാരി എറിഞ്ഞതല്ലാതെ കാര്യപ്രസക്തമായ ചര്‍ച്ചകളൊന്നും മുഖവിലക്കെടുത്തില്ല.

(കടപ്പാട്: തരൂരിന്റെ വീഡിയോ സംഭാഷണങ്ങള്‍ )

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top