Flash News

പ്രളയകേരളവും ലോകസഭാ തെരഞ്ഞെടുപ്പും

September 3, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Pralayaമഹാപ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് യോജിച്ച പിന്തുണയും പ്രതിജ്ഞയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിന്റെ സാക്ഷ്യമായി വ്യാഴാഴ്ച പ്രത്യേകം നടന്ന നിയമസഭാസമ്മേളനം. പ്രളയക്കെടുതി നേരിടുകയും പ്രകൃതി ദുരന്തങ്ങള്‍ തടയുകയും അതിനൊത്ത പുതിയ കേരളം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് ഒരു ഭഗീരഥ പ്രയത്‌നമാണ്.

അതിന് വേണ്ടത്ര ക്രിയാത്മക സംഭാവന നല്‍കുന്നതില്‍ സഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ലെന്നു പറഞ്ഞുവെക്കട്ടെ. എങ്കിലും ലക്ഷ്യവും കൂട്ടായ്മയും ഭരണ-പ്രതിപക്ഷം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത് പ്രളയത്തിന്റെ ഇരകളായ ലക്ഷക്കണക്കില്‍ കുടുംബങ്ങള്‍ക്കും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേരളീയര്‍ക്കാകെയും പ്രതീക്ഷയും ആത്മവിശ്വാസവും പകരും. അത് യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ഭരണ-പ്രതിപക്ഷത്തിന്റെ തുടര്‍ന്നുള്ള കൂട്ടുത്തരവാദിത്വം.

appukuttan 2018അതിജീവനത്തിന്റെ പുതിയ പാഠം രചിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവണ്മെന്റും സഭയില്‍വെച്ച നിര്‍ദ്ദേശങ്ങളെകുറിച്ചും കേന്ദ്ര സര്‍ക്കാറില്‍നിന്നും വിദേശത്തുനിന്നും ലഭ്യമാക്കേണ്ട സഹായങ്ങളെകുറിച്ചും പ്രതിപക്ഷം മുന്നോട്ടുവെച്ച മറ്റു നിര്‍ദ്ദേശങ്ങളെക്കുറിച്ചും തല്‍ക്കാലം ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. പ്രളയതുടര്‍ച്ചയുമായി ബന്ധപ്പെട്ടു നടന്ന, നിയമസഭയിലേതടക്കമുള്ള സംവാദങ്ങളില്‍ ഉയര്‍ന്നുവരാത്ത, നമ്മുടെ അതിജീവനവും യോജിപ്പുമായി ഏറെ നിര്‍ണ്ണായകമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക – രാഷ്ട്രീയ വിഷയം പകരം അവതരിപ്പിക്കുകയാണ്. നമ്മുടെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളുടെയും ജനങ്ങളുടെയും അടിയന്തര ശ്രദ്ധയ്ക്ക്.

കേരള – കേന്ദ്ര ഗവണ്മെന്റുകളുടെ കൂട്ടായ സംഭാവനകൊണ്ടുമാത്രം നിര്‍വ്വഹിക്കാനാവാത്ത, കേരളീയര്‍ മാത്രമല്ല ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളുടെ സഹായംകൂടി ഏകോപിപ്പിച്ച് വര്‍ഷങ്ങളെടുത്ത് നിര്‍വ്വഹിക്കേണ്ട ഒരു പുനര്‍നിര്‍മ്മാണ മഹായജ്ഞത്തിന്റെ മുമ്പിലാണ് കേരളം. ഏതാനും മാസങ്ങള്‍ക്കകം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യമാകെ ഒരുങ്ങുന്നതിനിടയ്ക്കാണ് ഈ വന്‍ പ്രകൃതി ദുരന്തത്തില്‍ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. വരുന്ന തെരഞ്ഞെടുപ്പിനെ കേരളം എങ്ങനെ അഭിമുഖീകരിക്കണമെന്നത് അടിയന്തരമായി തീരുമാനിക്കേണ്ട വിഷയമാണ്.

മുമ്പു നടന്നതുപോലെയും മറ്റു സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്നതുപോലെയും ശതകോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പു പ്രചാരണമാണോ ഈ അവസ്ഥയില്‍ കേരളം സ്വീകരിക്കേണ്ടത്. അതോ ദുരന്തങ്ങളും നാശനഷ്ടങ്ങളും നേരിട്ട വീടുകളും ആവാസവ്യവസ്ഥകള്‍പോലും തകര്‍ന്ന ഒരു ജനതയും നേരിടുന്ന അടിയന്തര പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുക. പുനരധിവാസം ഉറപ്പാക്കുക. പ്രകൃതി ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെടുക. ഈ അടിയന്തര അജണ്ടകള്‍ക്ക് വിധേയമായാണോ അതോ മറിച്ചാണോ ഇവിടെ ലോകസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത്?

വിശക്കുന്നവന്റെ മുമ്പില്‍ ആഹാരത്തിന്റെ രൂപത്തിലല്ലാതെ ദൈവംപോലും പ്രത്യക്ഷപ്പെടില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞത് നമ്മുടെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. സര്‍വ്വതും നഷ്ടപ്പെട്ട് നിരാശയും ആശങ്കകളും ആകുലതകളുംകൊണ്ട് രോഗാതുരമാണ് ജനങ്ങള്‍. അവരെ ആത്മവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരികയാണ് നമ്മുടെ അടിയന്തര കര്‍ത്തവ്യം. സര്‍വ്വസ്വവും പ്രളയം തകര്‍ത്ത ഒരു നാടിനെ ഐശ്വര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം. പ്രവൃത്തിയില്‍ എളുപ്പമല്ലാത്ത ആ ചുമതല നിര്‍വ്വഹിക്കാന്‍ നേതൃത്വപരമായി ബാധ്യസ്ഥരായവരാണ് രാഷ്ട്രീയപാര്‍ട്ടികള്‍. അവര്‍ ശതകോടികള്‍ ചെലവിട്ട് കൊട്ടും കുരവയും കൊടിയും റോഡ്‌ഷോയുമായി പ്രചാരണം നടത്തി പഴയപടി ഇത്തവണയും വോട്ടുനേടാനുള്ള പ്രവര്‍ത്തനങ്ങളിലാണോ ഏര്‍പ്പെടാന്‍ പോകുന്നത്.

ആ പതിവു പരിപാടിയാണ് പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്നവരടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ കേരളത്തില്‍ ഇത്തവണ തുടരുന്നതെങ്കില്‍ വ്യാഴാഴ്ച നിയമസഭയില്‍ ഐകകണ്‌ഠ്യേന ഭരണ-പ്രതിപക്ഷം എടുത്ത ഐക്യസന്ദേശ പ്രതിജ്ഞ ജലരേഖയായി മാറും. ഒന്ന്, അത്തരം ഒരു കക്ഷിരാഷ്ട്രീയ പ്രചാരണം പ്രളയ ദുരന്തത്തെതുടര്‍ന്ന് സംസ്ഥാനത്തു രൂപപ്പെട്ട പാര്‍ട്ടി കൊടികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായ, ജാതി-മത ഭേദമില്ലാതെ മനുഷ്യരെന്ന ഒരുമയെ തകര്‍ക്കും. രണ്ട്, ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തിനകത്തുനിന്നും ദേശ – വിദേശ രംഗങ്ങളില്‍നിന്നും നാം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ധനസമാഹരണ പ്രക്രിയയെ അത് പരിഹാസ്യമാക്കും. തകര്‍ക്കും. പകരം ഓരോ രാഷ്ട്രീയപാര്‍ട്ടികളും വന്‍ തെരഞ്ഞെടുപ്പ് ധനസമാഹരണം നടത്തുന്ന സ്ഥിതി
അനിവാര്യമാക്കും. കേരളത്തിന്റെ പുന:സൃഷ്ടിക്കുമേല്‍ വോട്ടുരാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പണപ്രചാരണം മേല്‍ക്കൈനേടും.

2014ല്‍ പതിനാറാം ലോകസഭയിലേക്ക് 543 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറും തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് ചെലവഴിച്ചത് 30,500 കോടി രൂപയാണെന്നാണ് കണക്ക്. അതിനു രണ്ടുവര്‍ഷംമുമ്പ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച 42,700 കോടിക്കു പിറകില്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പു ചെലവാണിത്. രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മറച്ചുപിടിച്ച കണക്കുകള്‍ ചേര്‍ത്താല്‍ ഇതിലും ഭീമമായിരിക്കും ചെലവ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു ചെലവുപരിധി 40 ലക്ഷത്തില്‍നിന്ന് 70 ലക്ഷമാക്കി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിശ്ചയിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിച്ചത് 5 കോടിമുതല്‍ 8 കോടിവരെയാണെന്നാണ് സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന് ബി.ജെ.പി രേഖാമൂലം നല്‍കിയ കണക്കനുസരിച്ച് 714 കോടി രൂപയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത്. കോണ്‍ഗ്രസ് 516 കോടിയും സി.പി.എം 19 കോടി രൂപയും. ഇതനുസരിച്ച് മൂന്നു സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഒരു മണ്ഡലത്തിലെ പാര്‍ട്ടികളുടെ ശരാശരി ചെലവ് മൂന്നുകോടി രൂപവരും. സ്ഥാനാര്‍ത്ഥികള്‍ പരിധിവിട്ട് ചെലവഴിച്ച പണത്തിന്റെ ശരാശരി ചെലവ് 19.5 കോടി രൂപ. അതായത് മൂന്നു സ്ഥാനാര്‍ത്ഥികളും അവരുടെ പാര്‍ട്ടികളും ചേര്‍ന്ന് ചെലവഴിച്ച തുക ചേര്‍ത്താല്‍ കേരളത്തിലെ ഒരു ലോകസഭാ മണ്ഡലത്തില്‍ 2014ല്‍ ചുരുങ്ങിയത് 23 കോടിരൂപ ചെലവായിട്ടുണ്ടാകും. 20 മണ്ഡലങ്ങളിലെ ചെലവ് 460 കോടി രൂപയ്ക്ക് മുകളിലും.

17-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവു പരിധി 70 ലക്ഷത്തില്‍നിന്ന് ഒരു കോടിയെങ്കിലുമായി കഴിഞ്ഞ തവണയോട് താരതമ്യപ്പെടുത്തിയാല്‍ ഉയര്‍ത്തേണ്ടിവരും. അതനുസരിച്ച് നേരത്തെ പറഞ്ഞ ഒരു ലോകസഭാ മണ്ഡലത്തിലെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് നാല് ഇരട്ടിയെങ്കിലുമാക്കി ഇത്തവണ ഉയര്‍ത്തും. അതായത് കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലായി ചുരുങ്ങിയത് 1840 കോടി രൂപ ചെലവാക്കും.

കേരളത്തിലെ പ്രളയക്കെടുതിയുടെ മൊത്തം നഷ്ടം പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത് 20,000 കോടിയാണ്. അതിന്റെ പത്തിലൊന്ന് എങ്കിലും വരുന്ന തുക ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മത്സരത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പൊടിപൊടിക്കും. കോര്‍പ്പറേറ്റുകളില്‍നിന്നും വന്‍കിട വ്യവസായികളില്‍നിന്നും കണക്കില്‍പെടാത്ത കള്ളപ്പണം ചെലവഴിച്ചായിരിക്കും ഈ തുക ധൂര്‍ത്തടിക്കുന്നത്. അതു മറച്ചുപിടിക്കാന്‍ ജനങ്ങളില്‍നിന്നുള്ള പിരിവിന്റെയും സംഭാവനയുടെയും മറയുമുണ്ടാകും.

വിദ്യാര്‍ത്ഥികളില്‍നിന്നുപോലും ദുരിതാശ്വാസ കെടുതികളെ നേരിടാനും പുതിയ കേരള സൃഷ്ടിക്കുംവേണ്ടി പണപ്പിരിവു നടത്തുന്ന ഒരു സന്ദര്‍ഭത്തില്‍ ഇത്തവണ കേരളം ശതകോടികള്‍ ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണം നടത്തണമോ എന്നതാണ് പ്രശ്‌നം. പദ്ധതികളും നിയമനങ്ങളും വെട്ടിക്കുറച്ച് സര്‍ക്കാര്‍ ചെലവു ചുരുക്കുകയും ചെയ്യുന്ന അവസ്ഥയില്‍. പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പതിക്രമംകൂടി കേരളം താങ്ങേണ്ടിവരികയോ. ഹൈക്കോടതികളും സുപ്രിംകോടതികളും വിധിക്കുന്ന പിഴകള്‍പോലും കേരളത്തിലെ ദുരിതാശ്വാസത്തിന് നല്‍കുന്ന അസാധാരണ സാഹചര്യത്തില്‍. നാടാകെയും ലോകമാകെയും കേരളത്തിന് സഹായമെത്തിക്കാന്‍ മനസിളകി മുന്നോട്ടു വരുമ്പോള്‍.

357 പേരുടെ ജീവനെടുക്കുകയും നിരവധിപേരെ കാണാതാവുകയും ആയിരക്കണക്കില്‍പേര്‍ വികലാംഗരും നിത്യരോഗികളും ആകുകയുംചെയ്ത മഹാ ദുരന്തത്തിന്റെ അന്തരീക്ഷത്തിനു ചേര്‍ന്നതാണോ ഇന്നലെവരെ നാം കാട്ടിക്കൂട്ടിപ്പോന്ന പണത്തിന്റെ കുത്തൊഴുക്കു നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ മാമാങ്കം. ആ ശൈലിയും രീതിയും ഇത്തവണ കേരളത്തില്‍ ആവര്‍ത്തിച്ചുകൂട.

വിവാഹ സദ്യകളും സത്ക്കാരങ്ങളുമടക്കമുള്ള ആഡംബരങ്ങള്‍ ഒഴിവാക്കി പ്രളയദുരന്ത നിവാരണത്തിന് സംഭാവന നല്‍കുന്ന നിലയിലേക്ക് മലയാളികള്‍ പരിചയപ്പെട്ടുകഴിഞ്ഞു. സ്വന്തം ചെലവു ചുരുക്കി സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ ആര്‍ഭാടവും ചെലവേറിയതുമായ വന്‍ പരസ്യപ്രചാരണം ഒഴിവാക്കാന്‍ കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ മുന്‍കൈ എടുക്കേണ്ടതാണ്. മാതൃകകാട്ടേണ്ടതാണ്.

ദേശീയതലത്തിലെന്നപോലെ കേരളത്തിലും പ്രധാന രാഷ്ട്രീയപാര്‍ട്ടികളെല്ലാം അവരുടെ കേഡര്‍മാരെയും പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇവരൊക്കെ തന്നെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയുമായി ബന്ധപ്പെട്ടും ഇപ്പോള്‍ രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവര്‍ കളം മാറുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം താളംതെറ്റും.

അതിനര്‍ത്ഥം ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളം പങ്കാളിയാകേണ്ടെന്നോ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടെന്നോ അല്ല. കോടിക്കണക്കില്‍ രൂപ ചെലവഴിച്ചുള്ള പ്രചാരണങ്ങളില്ലാതെയാണ് കേരളം 57ലും തുടര്‍ന്നും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. പതിവ് പ്രചാരണശൈലിയും പണമിറക്കി വോട്ടുപിടിക്കുന്ന രീതിയും ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും വന്‍ റാലികളും വാഹന ജാഥകളും മേളങ്ങളും പാടേ ഒഴിവാക്കിയാകണം പ്രചാരണമെന്നുമാത്രം.

തീര്‍ച്ചയായും ലോകസഭാ തെരഞ്ഞെടുപ്പ് അത്യന്തം പ്രധാനമായ ദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ വിധിയെഴുത്താണ്. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കണോ എന്നതും ഇന്ത്യയുടെ വികസനം എങ്ങനെ ആര്‍ക്കുവേണ്ടി ഏതുനിലയില്‍ കൊണ്ടുപോകണമെന്നതും ഇത്തവണ വിധിയെഴുത്തിലെ നിര്‍ണ്ണായക പ്രശ്‌നങ്ങളാണ്. അതോടൊപ്പം കേരളത്തിന്റെ പുനര്‍സൃഷ്ടിയെന്ന അടിയന്തര വികസന പരിപ്രേക്ഷ്യത്തിന്റെ സാക്ഷാത്ക്കാരവും. പരസ്പര ബന്ധിതമായ ഈ നിര്‍ണ്ണായക വിഷയങ്ങളില്‍ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിലെ ജനങ്ങള്‍ കൃത്യമായ നിലപാടുകള്‍ എടുക്കുകതന്നെ ചെയ്യും.

പ്രത്യേക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും വരുന്ന ദേശീയനേതാക്കളെ തെരുവീഥികളിലും മൈതാനങ്ങളിലും അണിചേര്‍ന്ന് സ്വീകരിച്ചുകൊണ്ടല്ല ഇത്തവണ തെരഞ്ഞെടുപ്പ് സംവാദം കേരളത്തില്‍ നടക്കേണ്ടത്. ഇവന്റ് മാനേജ്‌മെന്റുകള്‍ നിയന്ത്രിക്കുന്ന വേദികളും സദസുകളും വാഹനറാലികളും ഇത്തവണ പ്രചാരണത്തിനാവശ്യമില്ല. കോടികളുടെ മാധ്യമ പ്രചാരണങ്ങളും. ദേശീയ പ്രസ്ഥാന കാലത്തെന്നതുപോലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വീടുകളിലും പണിയിടങ്ങളിലും കയറി ജനങ്ങളോട് പറയാനുള്ളത് പറയുകയും അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുകയും വേണം. സ്ഥാനാര്‍ത്ഥികളുടെ പുഞ്ചിരിക്കുന്ന കട്ടൗട്ടുകളും വോട്ട് അഭ്യര്‍ത്ഥിക്കുന്ന ബാനറുകളും വര്‍ണ്ണ നോട്ടീസുകളും ഇത്തവണ വേണ്ട. പ്രളയജലം മാലിന്യങ്ങള്‍ അടിച്ചുനീക്കിയ കേരളത്തെ വീണ്ടും മാലിന്യകൂമ്പാരമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതിരരുത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മല മമ്മതിനെതേടി എത്തുകയാണ് വേണ്ടത്. പരിസ്ഥിതി സൗഹൃദമായ, മനുഷ്യ സൗഹൃദമായ, മതനിരപേക്ഷ മുഖമുള്ള ഒരു പുതിയ കേരളസൃഷ്ടിക്ക് എന്തു പങ്കുവഹിക്കാനുണ്ട് എന്നാണ് ഓരോ വോട്ടറും ഇത്തവണ വോട്ടുതേടിയെത്തുന്ന രാഷ്ട്രീയക്കാരോട് വിരല്‍ചൂണ്ടി ചോദിക്കേണ്ടത്. പ്രളയത്തിന്റെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും വലിയ രാഷ്ട്രീയ പാഠം നല്‍കിയിട്ടുണ്ട്. അതിനു കീഴ്‌പ്പെടുന്ന രാഷ്ട്രീയ വിദ്യാഭ്യാസമേ വോട്ടുതേടുന്നവര്‍ക്ക് നല്‍കാന്‍ കഴിയൂ. ആ തിരിച്ചറിവും പാര്‍ട്ടിയുടെ പേരില്‍ ജനങ്ങളെ സമീപിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. ആ നല്ലപാഠം രാഷ്ട്രീയപാര്‍ട്ടികളെ പഠിപ്പിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ അവസരം പാര്‍ക്കും എന്നതിലും സംശയമില്ല.

കേരളം ഇന്ന് പഴയ കേരളമല്ല. മറ്റു സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക ഭൂപ്രകൃതി അവസ്ഥയിലല്ല സംസ്ഥാനമിപ്പോള്‍. കുടുംബ – സാമൂഹിക അസ്ഥിത്വംപോലും ചോദ്യംചെയ്യപ്പെട്ട നിലയിലാണ്. പ്രളയത്തില്‍നിന്ന് പിടഞ്ഞുകയറിയ കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക – ജീവിതാവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതും പുനര്‍ രൂപപ്പെടുത്തേണ്ടതുമുണ്ട്. ദീര്‍ഘകാലമെടുക്കുന്ന ആ ദൗത്യത്തിന് തീര്‍ത്തും കീഴ്‌പ്പെടുത്തിക്കൊണ്ട് പുതിയൊരു തെരഞ്ഞെടുപ്പു പ്രചാരണ സമീപനവും ശൈലിയും കേരളം സ്വീകരിക്കേണ്ടതുണ്ട്.

ഈ അവസ്ഥ മനസിലാക്കാതെ അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനശക്തിയില്‍ ഇത്തവണയും പ്രചാരണവും രാഷ്ട്രീയ സ്വാധീനവും വഴി വോട്ടുപിടിക്കാമെന്ന് ധരിച്ച് കൊട്ടും കുഴലുമായി വരുന്നവരെ വേണ്ടരീതിയില്‍ കൈകാര്യംചെയ്യാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഏറെ സഹിച്ചുകഴിഞ്ഞ കേരളത്തിലെ ജനങ്ങള്‍ കാണിക്കാതിരിക്കില്ല. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ കാലേക്കൂട്ടി മനസിലാക്കി അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Comments are closed.

Read More

Scroll to top