Flash News

കേരളത്തിന് പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പു പ്രചാരണം വേണ്ട

September 4, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

national-parties-in-india-collageമഹാപ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് യോജിച്ച പിന്തുണയും പ്രതിജ്ഞയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിന്റെ സാക്ഷ്യമായി ഒരു ദിവസത്തിനുമാത്രം ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനം. പ്രളയക്കെടുതി നേരിടുകയും പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ പ്രാപ്തമായ പുതിയ കേരളം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. ഭഗീരഥ പ്രയത്‌നമാണ് നീണ്ടകാലമെടുത്ത് നിര്‍വ്വഹിക്കാനുള്ളത്. അതിന് ക്രിയാത്മക സംഭാവന നല്‍കുന്നതില്‍ നിയമസഭാസമ്മേളനം വിജയിച്ചില്ല. പുനര്‍നിര്‍മ്മാണം എങ്ങനെവേണം എന്നതിനെപ്പറ്റിയോ അതിനുള്ള സാമ്പത്തിക സമാഹരണത്തെക്കുറിച്ചോ ഗൗരവമായും ഫലപ്രദമായും നിര്‍ദ്ദേശങ്ങള്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഉണ്ടായില്ല. ആ നിലയില്‍ സമ്മേളനം ലക്ഷ്യം കണ്ടില്ലെന്ന നിരാശയും വിമര്‍ശവും മുഖ്യമന്ത്രിക്കുതന്നെ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രകടിപ്പിക്കേണ്ടിവന്നു. ആ വിഷയത്തിലേക്ക് ഇവിടെ കൂടുതല്‍ കടക്കുന്നില്ല. എങ്കിലും പ്രളയക്കെടുതികളെ അതിജീവിക്കുക എന്ന ലക്ഷ്യവും കൂട്ടായ്മയും ഭരണ-പ്രതിപക്ഷം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പ്രളയത്തിന്റെ ഇരകളായ ലക്ഷക്കണക്കില്‍ കുടുംബങ്ങള്‍ക്കും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേരളീയര്‍ക്കാകെയും പ്രതീക്ഷയും ആത്മവിശ്വാസവും അതു പകരും. മനുഷ്യത്വത്താല്‍ ഉത്തേജിതരായി ദേശീയതലത്തിലും ആഗോളതലത്തിലും സഹായവുമായി മുന്നോട്ടുവരുന്ന മറ്റുള്ളവര്‍ക്കും ഇത് കൂടുതല്‍ ഉത്തേജനമാകും.

പ്രളയതുടര്‍ച്ചയുമായി ബന്ധപ്പെട്ടു നടന്ന, നിയമസഭയിലേതടക്കമുള്ള സംവാദങ്ങളില്‍ ഉയര്‍ന്നുവരാത്ത, നമ്മുടെ അതിജീവനവും യോജിപ്പുമായി ഏറെ നിര്‍ണ്ണായകമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക – രാഷ്ട്രീയ വിഷയം ഇവിടെ അവതരിപ്പിക്കുകയാണ്. നമ്മുടെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളുടെയും ജനങ്ങളുടെയാകെയും അടിയന്തര ശ്രദ്ധയിലേക്ക്.

കേരള – കേന്ദ്ര ഗവണ്മെന്റുകളുടെ കൂട്ടായ സംഭാവനകൊണ്ടുമാത്രം കഴിയാത്ത, ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളുടെ സഹായംകൂടി ഏകോപിപ്പിച്ച് വര്‍ഷങ്ങളെടുത്ത് നിര്‍വ്വഹിക്കേണ്ട ഒരു പുനര്‍നിര്‍മ്മാണ മഹായജ്ഞമാണ് കേരളത്തിനു മുമ്പില്‍. മാസങ്ങള്‍ക്കകം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യമാകെ ഒരുങ്ങുന്നതിനിടയ്ക്കാണ് ഈ വന്‍ പ്രകൃതി ദുരന്തത്തില്‍ നാം അകപ്പെട്ടത്. അതുകൊണ്ട് ലോകസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ ചെലവഴിച്ചും ലക്ഷക്കണക്കായ മനുഷ്യശേഷി വിനിയോഗിച്ചുമാണോ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കേണ്ടതെന്ന് അടിയന്തരമായി തീരുമാനിക്കണം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ സംസ്ഥാനത്തുണ്ടായിട്ടില്ലാത്ത ഈ മഹാദുരന്തത്തെ നേരിടുന്നതിനുള്ള അടിയന്തര നടപടികള്‍ക്കു കീഴ്‌പ്പെട്ടാണോ മറിച്ചാണോ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണമെന്ന രാഷ്ട്രീയ തീരുമാനം അതിപ്രധാനമാണ്.

Bengaluru flood collage 3x2വിശക്കുന്നവന്റെ മുമ്പില്‍ ആഹാരത്തിന്റെ രൂപത്തിലല്ലാതെ ദൈവംപോലും പ്രത്യക്ഷപ്പെടില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞത് നമ്മുടെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. സര്‍വ്വതും നഷ്ടപ്പെട്ട് നിരാശയും ആശങ്കകളും ആകുലതകളുംകൊണ്ട് രോഗാതുരമാണ് കേരളസമൂഹം. അവരെ ആത്മവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാനാണ് എല്ലാവരും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സര്‍വ്വസ്വവും പ്രളയം തകര്‍ത്ത ഒരു നാടിന്റെ പുനര്‍സൃഷ്ടികൂടി നിര്‍വ്വഹിക്കാന്‍ നേതൃത്വപരമായി ബാധ്യസ്ഥരായവരാണ് രാഷ്ട്രീയപാര്‍ട്ടികള്‍. അവര്‍ ശതകോടികള്‍ ചെലവിട്ട് കൊട്ടും കുരവയും കൊടിയും റോഡ്‌ഷോയും പരസ്പര കടന്നാക്രമണങ്ങളുമായി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്ന പഴയ അവസ്ഥ കേരളത്തില്‍ ആലോചിക്കാന്‍പോലും സാധ്യമല്ല.

മാസങ്ങള്‍ക്കകം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്നവരടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ ആ പതിവു പരിപാടിയാണ് കേരളത്തില്‍ ഇത്തവണ തുടരുന്നതെങ്കില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷം എടുത്ത ഐക്യസന്ദേശ പ്രതിജ്ഞ ജലരേഖയായി മാറും. ഒന്ന്, അത്തരം ഒരു കക്ഷിരാഷ്ട്രീയ-വിഭാഗീയ പ്രചാരണം പ്രളയ ദുരന്തത്തെതുടര്‍ന്ന് സംസ്ഥാനത്തു രൂപപ്പെട്ട- പാര്‍ട്ടി കൊടികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായ- ജാതി-മത ഭേദമില്ലാതെ മനുഷ്യരെന്ന ഒരുമയെ അതു തകര്‍ക്കും. രണ്ട്, ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തിനകത്തുനിന്നും ദേശ – വിദേശ രംഗങ്ങളില്‍നിന്നും നാം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ധനസമാഹരണ പ്രക്രിയയെ അത് പരിഹാസ്യമാക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. പകരം ഓരോ രാഷ്ട്രീയപാര്‍ട്ടികളും വന്‍ തെരഞ്ഞെടുപ്പ് ധനസമാഹരണം നടത്തുന്ന സ്ഥിതി അനിവാര്യമാക്കുകയും ചെയ്യും. കേരളത്തിന്റെ പുന:സൃഷ്ടി അവഗണിച്ച് വോട്ടുരാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പണപ്രചാരണം മേല്‍ക്കൈനേടും.

Collage-Kerala_d2014ല്‍ പതിനാറാം ലോകസഭയിലേക്ക് 543 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറും തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് ചെലവഴിച്ചത് 30,500 കോടി രൂപയാണെന്നാണ് കണക്ക്. അതിനു രണ്ടുവര്‍ഷംമുമ്പ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച 42,700 കോടിക്കു പിറകില്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പു ചെലവാണിത്. രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മറച്ചുപിടിച്ച കണക്കുകള്‍ ചേര്‍ത്താല്‍ ഇതിലും ഭീമമായിരിക്കും യഥാര്‍ത്ഥ ചെലവ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു ചെലവുപരിധി 40 ലക്ഷത്തില്‍നിന്ന് 70 ലക്ഷമാക്കി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിശ്ചയിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിച്ചത് 5 കോടിമുതല്‍ 8 കോടിവരെയാണെന്നാണ് സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷന് രേഖാമൂലം നല്‍കിയ കണക്കനുസരിച്ച് 428 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 714 കോടി രൂപയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത്. 464 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 516 കോടിയും. 93 ലോക്‌സഭാ സീറ്റില്‍ മത്സരിച്ച സി.പി.എം 19 കോടിയുടെ കണക്കാണ് നല്‍കിയത്. ഇതനുസരിച്ച് മൂന്നു സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഒരു മണ്ഡലത്തിലെ പാര്‍ട്ടികളുടെ ശരാശരി ചെലവ് മൂന്നുകോടി രൂപയാണ്. സ്ഥാനാര്‍ത്ഥികള്‍ സ്വന്തംനിലയില്‍ പരിധിവിട്ട് ചെലവഴിച്ച പണത്തിന്റെ ശരാശരി ചെലവ് 19.5 കോടി രൂപ. അതായത് മൂന്നു സ്ഥാനാര്‍ത്ഥികളും അവരുടെ പാര്‍ട്ടികളും ചേര്‍ന്ന് ചെലവഴിച്ച തുക ചേര്‍ത്താല്‍ കേരളത്തിലെ ഒരു ലോകസഭാ മണ്ഡലത്തില്‍ 2014ല്‍ ചുരുങ്ങിയത് 23 കോടിരൂപ ചെലവായിട്ടുണ്ടാകും. 20 മണ്ഡലങ്ങളിലെ ചെലവ് 460 കോടി രൂപയ്ക്ക് മുകളിലും.

വരും ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവു പരിധി 70 ലക്ഷത്തില്‍നിന്ന് ഒരു കോടിയെങ്കിലുമായി ഉയര്‍ത്തേണ്ടിവരും. അതനുസരിച്ച് നേരത്തെ പറഞ്ഞ ഒരു ലോകസഭാ മണ്ഡലത്തിലെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് നാല് ഇരട്ടിയെങ്കിലുമായി ഇത്തവണ ഉയരും. അതായത് കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലായി ചുരുങ്ങിയത് 1840 കോടി രൂപ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവാക്കും.

കേരളത്തിലെ പ്രളയക്കെടുതിയുടെ മൊത്തം നഷ്ടം പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത് 20,000 കോടിയാണ്. അതിന്റെ പത്തിലൊന്ന് എങ്കിലും വരുന്ന തുക ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മത്സരത്തില്‍ ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ പൊടിപൊടിക്കുമെന്നര്‍ത്ഥം. കോര്‍പ്പറേറ്റുകളില്‍നിന്നും വന്‍കിട വ്യവസായികളില്‍നിന്നും കണക്കില്‍പെടാത്ത കള്ളപ്പണം ചെലവഴിച്ചായിരിക്കും ഈ തുക ധൂര്‍ത്തടിക്കുന്നത്. അതു മറച്ചുപിടിക്കാന്‍ ജനങ്ങളില്‍നിന്നുള്ള പിരിവിന്റെയും സംഭാവനയുടെയും മറയുമുണ്ടാകും.

357 പേരുടെ ജീവനെടുക്കുകയും നിരവധിപേരെ കാണാതാവുകയും ആയിരക്കണക്കില്‍പേര്‍ വികലാംഗരും നിത്യരോഗികളും ആകുകയുംചെയ്ത മഹാ ദുരന്തത്തിന്റെ അന്തരീക്ഷത്തിനു ചേര്‍ന്നതാണോ ഇന്നലെവരെ നാം കാട്ടിക്കൂട്ടിപ്പോന്ന തെരഞ്ഞെടുപ്പു പ്രചാരണ മാമാങ്കം. പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പതിക്രമംകൂടി പ്രളയത്തിനു പിറകെ കേരളം താങ്ങേണ്ടിവരികയോ. ആ ശൈലിയും രീതിയും ഇത്തവണ കേരളം ഒഴിവാക്കേണ്ടതുണ്ട്.

Kerala-floods-collage-866x487വിവാഹ സദ്യകളും സത്ക്കാരങ്ങളുമടക്കമുള്ള ആഡംബരങ്ങള്‍ ഒഴിവാക്കി പ്രളയദുരന്ത നിവാരണത്തിന് സംഭാവന നല്‍കുന്ന നിലയിലേക്ക് മലയാളികള്‍ പരിചയപ്പെട്ടുകഴിഞ്ഞു. സ്വന്തം ചെലവു ചുരുക്കി സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ ആര്‍ഭാടവും ചെലവേറിയതുമായ വന്‍ പരസ്യപ്രചാരണം ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ മുന്‍കൈ എടുക്കേണ്ടതാണ്. മാതൃകകാട്ടേണ്ടതാണ്.

ദേശീയതലത്തിലെന്നപോലെ കേരളത്തിലും പ്രധാന രാഷ്ട്രീയപാര്‍ട്ടികളെല്ലാം അവരുടെ കേഡര്‍മാരെയും പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇവരൊക്കെ തന്നെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയുമായി ബന്ധപ്പെട്ടും ഇപ്പോള്‍ രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവര്‍ കളം മാറുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം താളംതെറ്റും.

അതിനര്‍ത്ഥം ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളം പങ്കാളിയാകേണ്ടെന്നോ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടെന്നോ അല്ല. കോടിക്കണക്കില്‍ രൂപ ചെലവഴിച്ചുള്ള പ്രചാരണങ്ങളില്ലാതെയാണ് കേരളം 57ലും തുടര്‍ന്നും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. പതിവ് പ്രചാരണശൈലിയും പണമിറക്കി വോട്ടുപിടിക്കുന്ന രീതിയും സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും വന്‍ റാലികളും വാഹന ജാഥകളും മേളങ്ങളും നാം പിന്നീട് സ്വീകരിച്ച രീതിയാണ്.

RTS1XY54_0ലോകസഭാ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും അത്യന്തം പ്രധാനമായ ദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ വിധിയെഴുത്താണ്. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കണോ എന്നതും ഇന്ത്യയുടെ വികസനം എങ്ങനെ ആര്‍ക്കുവേണ്ടി ഏതുനിലയില്‍ കൊണ്ടുപോകണമെന്നതും ഇത്തവണത്തെ വിധിയെഴുത്തിലെ നിര്‍ണ്ണായക പ്രശ്‌നങ്ങളാണ്. അതോടൊപ്പം കേരളത്തിന്റെ പുനര്‍സൃഷ്ടിയെന്ന അടിയന്തര വികസന പരിപ്രേക്ഷ്യത്തിന്റെ സാക്ഷാത്ക്കാരം എങ്ങനെ വേണമെന്നതും. പരസ്പര ബന്ധിതമായ ഈ നിര്‍ണ്ണായക വിഷയങ്ങളില്‍ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിലെ ജനങ്ങള്‍ കൃത്യമായ നിലപാടുകള്‍ എടുക്കുകതന്നെ ചെയ്യും.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മല മമ്മതിനെതേടി എത്തുകയാണ് വേണ്ടത്. പരിസ്ഥിതി സൗഹൃദമായ, മനുഷ്യ സൗഹൃദമായ, മതനിരപേക്ഷ മുഖമുള്ള ഒരു പുതിയ കേരളസൃഷ്ടിക്ക് എന്തു പങ്കുവഹിക്കാനുണ്ട് എന്നാണ് ഓരോ വോട്ടറും ഇത്തവണ വോട്ടുതേടിയെത്തുന്ന രാഷ്ട്രീയക്കാരോട് വിരല്‍ചൂണ്ടി ചോദിക്കേണ്ടത്. പ്രളയത്തിന്റെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും വലിയ രാഷ്ട്രീയ പാഠം നല്‍കിയിട്ടുണ്ട്. അതിനു കീഴ്‌പ്പെടുന്ന രാഷ്ട്രീയ വിദ്യാഭ്യാസമേ വോട്ടുതേടുന്നവര്‍ക്ക് നല്‍കാന്‍ കഴിയൂ. ആ തിരിച്ചറിവും പാര്‍ട്ടിയുടെ പേരില്‍ ജനങ്ങളെ സമീപിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. പ്രളയജലം മാലിന്യങ്ങള്‍ അടിച്ചുനീക്കിയ കേരളത്തെ വീണ്ടും മാലിന്യ കൂമ്പാരമാക്കാന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതിരരുത്. നന്മയുടെ വിളനിലമായി മാറിയ ജനങ്ങളുടെ മനസില്‍ വെറുപ്പിന്റെ വിഷം കോരിയിടരുത്. നല്ലപാഠം രാഷ്ട്രീയപാര്‍ട്ടികളെ പഠിപ്പിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ അവസരം പാര്‍ക്കും എന്നതിലും സംശയമില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top