Flash News

പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയതോടെ മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും തര്‍ക്കവും മറനീക്കി പുറത്തു വരുന്നു

September 5, 2018

ep-1തിരുവനന്തപുരം: ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സിപി‌എം മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസവും ഭിന്നതയും മറനീക്കി പുറത്തുവരുന്നു. പി.കെ ശശിക്കെതിരായ പീഡന പരാതിയിലും ആഘോഷങ്ങളുടെ കാര്യത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും മന്ത്രിമാര്‍ നടത്തുന്ന പരസ്യമായ ഭിന്നാഭിപ്രായ പ്രകടനവും പാര്‍ട്ടി നേതാക്കള്‍ പൊതുവേദിയില്‍ ഭിന്നസ്വരത്തില്‍ അഭിപ്രായ പ്രകടിപ്പിക്കുന്നതും തെളിയിക്കുന്നത് ഇതാണ്.

സ്ത്രീപീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ നടപടി എടുക്കേണ്ടത് പാര്‍ട്ടി ആണെന്നാണ് മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി ഇ.പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞത്. പി.കെ ശശിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും ഇ പി പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ പി.കെ ശശിക്കെതിരായ പരാതി ഇല്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി .സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് മൂന്നാഴ്ച മുമ്പ് പരാതി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു എന്നാണ്. സര്‍ക്കാരിനു പരാതി ലഭിച്ചിട്ടില്ലെന്നു ഇ.പി ജയരാജന്‍ പറഞ്ഞതോടെ പന്ത് കോടിയേരിയുടെ കോര്‍ട്ടിലേക്ക് തള്ളുകയാണ് ചെയ്തിരിക്കുന്നത്. പീഡന പരാതി സര്‍ക്കാരിനെയും പൊലീസിനേയും അറിയിക്കാത്തതിന്റെ ഉത്തരവാദിത്വം ഇതു വഴി കോടിയേരിക്കായി.

ചലച്ചിത്ര മേളയും കലോല്‍സവങ്ങളും ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ഈ ഭിന്നത കാണാം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിനെ മന്ത്രി എ.കെ ബാലനും കടകംപിള്ളി സുരേന്ദ്രനും പരസ്യമായി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ നല്‍കിയ ഭക്ഷണം, പണം വസ്ത്രം എന്നിവ ഉപയോഗിച്ചാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു കുട്ടികള്‍ വരെ സംഭാവന നല്‍കി. സൈക്കിള്‍ വാങ്ങാന്‍ ഒരു രൂപയും 50 പൈസയും കൂട്ടി വെച്ചണ്ടാക്കിയ പണം പോലും കൊച്ചു കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. ചിലര്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭൂമിയുടെ ഒരു ഭാഗം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം കൊടുക്കണം. പ്രവാസി മലയാളികള്‍ വലിയ ഒരു തുക തന്നെ നല്‍കി. സ്വത്ത് വിറ്റ് പാര്‍ട്ടിക്ക് കൊടുത്ത ഇഎംഎസിന്റെ പിന്‍മുറക്കാരാണന്ന് അവകാശപ്പെടുന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തങ്ങളുടെ സ്വത്തിന്റെ ഒരംശം പോലും ജനങ്ങളെ പോലെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല.

സംഭാവന നല്‍കിയ ജനങ്ങള്‍ പൊട്ടന്‍മാരാണെന്ന നിലയിലാണ് ഇപ്പോള്‍ ഈ മന്ത്രിമാരുടെ പ്രവര്‍ത്തനവും സംസാരവും. ഫിലിം ഫെസ്റ്റിവലിന്റേയും യുവജനോല്‍സവത്തിന്റെയും ടൂറിസം മേളയുടെയും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാവില്ല എന്നാണ് ഇവര്‍ പരസ്യമായി പറയുന്നത്.

പ്രളയകെടുതിയില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം മൂന്നു ലക്ഷത്തി ഇരുപത്തയ്യായിരം പേര്‍ക്ക് ഇനിയും കിട്ടാനുണ്ട്. 4.25 ലക്ഷം പേരാണ് ദുരിതാശ്വാസത്തിന് അര്‍ഹര്‍ .ഇതില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതുവരെ കിട്ടിയത്. തുക കിട്ടാനുള്ള കൂടുതല്‍ പേരും പട്ടികജാതിവര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്. പട്ടികജാതിവര്‍ഗ വകുപ്പിന്റെ മന്ത്രി കൂടിയാണ് താന്‍ എന്ന കാര്യം മറന്നാണ് എ.കെ.ബാലന്‍ ചലച്ചിത്രോല്‍സവത്തിന്റെ കാര്യം പറഞ്ഞതെന്ന വിമര്‍ശനവും ശക്തമാണ്.

ഇ.പി ജയരാജന്‍ ബാലനും കടകംപള്ളിക്കും നല്‍കിയ മറുപടി ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു എന്നാണ്. പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടും എന്ന വിമര്‍ശനം ഉയര്‍ത്തുന്നതിന് വഴി ഒരുക്കുന്നതാണ് ഇതെല്ലാം. സിപിഐഎം മന്ത്രിമാരാണ് പരസ്പര വിമര്‍ശനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മന്ത്രിമാരുടെ പാര്‍ട്ടി ഫ്രാക്ഷനിലൊ ഇപി ജയരാജനും മന്ത്രിമാരും തമ്മിലൊ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നം പരസ്യ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടെന്ന സംശയവും ശക്തമാണ്.

ഇ.പി ജയരാജനെ മന്ത്രി സഭയില്‍ നിന്ന് പുറത്തക്കാന്‍ കോടിയേരി ശ്രമിച്ചു എന്ന സൂചന ഇ.പി മനോരമ ഓണപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസ് കൈകാരും ചെയ്തതുമായി ബന്ധപ്പെട്ട് എ.കെ ബാലനും ആ അഭിമുഖത്തില്‍ പരോക്ഷ വിമര്‍ശനമുണ്ട്.

ഇ.പി മന്ത്രിസഭയില്‍ തിരിച്ചെത്തിയതും ഇപ്പോത്തെ ഭിന്നതക്കു പിന്നിലുണ്ടെന്നാണ് സൂചന. എന്തായാലും പി.കെ ശശി വിവാദവും മന്ത്രിമാര്‍ക്കിടയിലെ തര്‍ക്കവും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിലെ വീഴ്ചയും സര്‍ക്കാരിനും പാര്‍ട്ടിക്കും മുന്നില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top