Flash News

കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റൊരു വൈദ്യുതി നിലയം കൂടി ഇടുക്കിയില്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നു

September 6, 2018

idukki-dam-3തിരുവനന്തപുരം: കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റൊരു വൈദ്യുതി നിലയം കൂടി ഇടുക്കിയില്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നു. ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരു വൈദ്യുതിനിലയംകൂടി നിര്‍മ്മിക്കാമെന്നാണ് ആലോചന. അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തി ഭാവിയില്‍ പ്രളയം നിയന്ത്രിക്കാന്‍കൂടിയാണ് പുതിയ നിലയത്തെക്കുറിച്ചുള്ള ആലോചന.പുതിയ വൈദ്യുതി നിലയത്തിനുള്ള പദ്ധതിനിര്‍ദേശം തയ്യാറാക്കാനായി വൈദ്യുതിബോര്‍ഡിലെ ഉത്പാദനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

എതിര്‍പ്പുകള്‍ കാരണം കേരളത്തില്‍ പുതിയ വൈദ്യുതപദ്ധതികള്‍ തുടങ്ങാന്‍ കഴിയുന്നില്ല. ചെറുകിടപദ്ധതികള്‍കൊണ്ട് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയില്‍ പുതിയൊരു നിലയംകൂടി തുടങ്ങാനുള്ള സാധ്യത തേടുന്നത്. ഈ പ്രളയകാലത്തുണ്ടായതുപോലെ അധികം വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയാല്‍ തുറന്നുവിടാനേ കഴിയൂ. പുതിയനിലയം വന്നാല്‍ അതിന്റെയൊരു ഭാഗംകൂടി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും എന്‍.എസ്.പിള്ള പറഞ്ഞു.

പുതിയ നിലയത്തിന് ഏകദേശം 800 മുതല്‍ 1000 കോടിരൂപവരെ ചെലവുവരും. മുതല്‍മുടക്കിന്റെ ഒരുഭാഗം സര്‍ക്കാരാണ് നല്‍കേണ്ടത്. അതിനാല്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാലേ ബോര്‍ഡിന് മുന്നോട്ടുപോകാനാവൂ. പുതിയ നിലയത്തില്‍ കുറഞ്ഞത് നാലു ജനറേറ്ററുകളെങ്കിലും വേണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ദിവസം 70 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ കേരളത്തില്‍ രാത്രികാലത്ത് 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. ഉത്പാദനത്തിലെയും ഉപയോഗത്തിലെയും വ്യത്യാസം കൂടിവരികയാണ്. ഈ നിലയത്തിലൂടെ വൈദ്യുതിക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവും.

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ച വെള്ളം തിരിച്ച് അണക്കെട്ടിലേക്കുതന്നെ പമ്പുചെയ്ത് എത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നു.

ഈ സംവിധാനം സ്ഥാപിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ലെങ്കില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ തയ്യാറാണെന്ന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ കഴിഞ്ഞയോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഈ സംവിധാനം വന്നാല്‍ ഇടുക്കിയില്‍നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനാവും.

ഇപ്പോള്‍ മൂലമറ്റത്തുള്ള പവര്‍ഹൗസിന്റെ ശേഷി 720 മെഗാവാട്ടാണ്. ദിവസം ഒന്നരക്കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. 180 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top