Flash News

സുപ്രീം കോടതിയുടെ സുപ്രധാന വിധി സ്വവര്‍ഗാനുരാഗികള്‍ക്ക് പ്രതീക്ഷയുടെ മഴവില്ല്

September 6, 2018

supreme-1157 വര്‍ഷത്തെ അവഗണനയ്ക്കും വിവേചനത്തിനും അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി പ്രസ്താവിച്ചപ്പോള്‍ പ്രതീക്ഷയുടെ മഴവില്ല് വിരിഞ്ഞത് സ്വവര്‍ഗാനുരാഗികളുടെ മനസ്സുകളില്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയതോടെ 157 വര്‍ഷമായി ഒരു സമൂഹത്തിന്റെ ലൈംഗിക അവകാശത്തെ ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിരുന്ന വ്യവസ്ഥയ്ക്കാണ് സുപ്രീംകോടതി അവസാനം കുറിച്ചത്. 1861ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കി നിയമം നിലവില്‍ വന്നത്. എന്നാല്‍ ബ്രിട്ടീഷ് രാജ് മാറി സ്വരാജ് എത്തിയെങ്കിലും എല്‍ജിബിടി വിഭാഗത്തിന്റെ ലൈംഗിക അവകാശങ്ങള്‍ക്ക് വിലങ്ങുതടിയായി ഐപിസി നിലനിന്നു. ഈ സ്ഥിതിക്കാണ് സുപ്രീം കോടതി വിധിയോടെ മാറ്റം വന്നത്.

സ്വവര്‍ഗരതി നിയമവിധേയമാക്കിയുള്ള സുപ്രധാന വിധിയില്‍ സുപ്രീംകോടതി എടുത്തുപറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ‘ മാനവികതയ്ക്ക് വേണ്ടി സ്വവര്‍ഗാനുരാഗികള്‍ക്ക് പ്രതീക്ഷയുടെ മഴവില്ല് വേണം. നാട്യത്തിലൂടെയല്ലാതെ മാന്യതയോടെ ജീവിക്കാന്‍ അവരെ അനുവദിച്ചേ മതിയാകൂ. ഇത് മാന്യതയിലേക്കും തുല്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള അവരുടെ യാത്രയാണ് ‘.

ചരിത്ര വിധിയുടെ ശക്തി വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ വാക്കുകള്‍. വ്യക്തിത്വം അത്രമേല്‍ പ്രധാനമാണെന്ന് ഈ വിധി ഊന്നിപ്പറയുന്നു. വ്യത്യസ്ത സ്വത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എടുത്തുപറയുന്നു. ഭിന്നലൈംഗിക സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണ്. സ്വത്വം നിഷേധിക്കപ്പെടുന്നത് മരണത്തിന് തുല്യമെന്ന വലിയ വാക്കും കോടതിയില്‍ നിന്ന് പുറപ്പടുന്നു. കൂടാതെ, ഇക്കാലമത്രയും സാമൂഹ്യ ഭ്രഷ്ട് കല്പിച്ചതിന് സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട് ചരിത്രം മാപ്പ് പറയണമെന്ന് അനുബന്ധ വിധിന്യായത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറയുന്നു.

പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി രാജ്യത്ത് ഇനി ക്രിമിനല്‍ കുറ്റമല്ല. ഇത്തരം ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി എഴുപത്തേഴാം വകുപ്പിലെ വ്യവസ്ഥ സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു. ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്ന് ഉറപ്പിച്ചാണ് അഞ്ചംഗ ബഞ്ചിന്റെ ചരിത്രവിധി.

പരസ്പരപൂരകമായ നാല് വിധിന്യായങ്ങളാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍ പുറപ്പെടുവിച്ചത്. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് നിയമസാധുത ലഭിച്ചതോടൊപ്പം ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണവും ലഭിച്ചു. സമൂഹം നിശ്ചയിക്കുന്ന സദാചാരത്തിന്റെ പേരില്‍ ഒരു വ്യക്തിയുടേയും മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് സുപ്രീംകോടതി ചരിത്രവിധി പ്രസ്താവിച്ചത്. ഇതിന് വിരുദ്ധമായ ഐപിസി 377ാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണ്. താന്‍ എന്താണോ അത് പൂര്‍ണമായി വെളിപ്പെടുത്താന്‍ കഴിയുക എന്നത് പൗരന്റെ മൗലികാവകാശമാണെന്ന് കോടതി വിധിച്ചു.

അതേസമയം, പരസ്പര സമ്മതമില്ലാത്ത സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങളും കുറ്റകരമായി തുടരും. ഭിന്നലൈംഗിക സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് ആവര്‍ത്തിച്ചു പറയുന്ന വിധിയില്‍ പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ 2013ലെ ഡിവിഷന്‍ ബഞ്ച് വിധി അപ്രസക്തമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top