Flash News

അവരും പൗരാവകാശങ്ങള്‍ക്ക് അര്‍ഹരാണ് (എഡിറ്റോറിയല്‍)

September 7, 2018

sc-with-judgesസ്വവര്‍ഗാനുരാഗികളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി ചരിത്ര സംഭവമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന കോടതിയുടെ നിരീക്ഷണമാണ് ഒന്നര നൂറ്റാണ്ടായി ഇന്ത്യയില്‍ നിലനിന്നു പോന്ന ലിംഗവിവേചനത്തിന് അറുതിയായത്. ഒരാള്‍ ജീവിത പങ്കാളിയെ കണ്ടെത്തുന്നത് എതിര്‍ ലിംഗത്തില്‍ നിന്നോ സ്വന്തം ലിംഗത്തില്‍ നിന്നോ ആകാം എന്നും അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നുമാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. അതായത് ലെസ്ബിയന്‍ൻ, ഗേ, ബൈസെക്‌ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന എല്‍ജിബിടി സമൂഹത്തിന്‍റെ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാവില്ല.
പൗരന്മാര്‍ക്കിടയില്‍ ജാതി, മതം, വര്‍ഗം, രാഷ്‌ട്രീയം, പ്രാദേശികം, ഭാഷ തുടങ്ങിയ വിവേചനങ്ങളൊന്നും ഭരണഘടനാപരമായി അംഗീകരിക്കാത്ത ഒരു രാജ്യത്ത് ലൈംഗികതയുടെ പേരിലുള്ള ന്യൂനപക്ഷ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം എന്നാണു സുപ്രീം കോടതി‍യുടെ വിധിയിലൂടെ നിലവില്‍ വന്നത്.

1533 മുതല്‍ ബ്രിട്ടന്‍ പിന്തുടര്‍ന്നിരുന്ന ലൈംഗിക സദാചാര നിയമങ്ങളുടെ ചുവടുപിടിച്ച് പുരാതന ഇന്ത്യയില്‍ 1861ല്‍ നിലവില്‍ വന്ന ലൈംഗിക വിവേചനങ്ങള്‍ക്കു ഭരണഘടനയുടെ 377ാം വകുപ്പിലെ പതിനാറാം അധ്യായം നല്‍കിയ പരിരക്ഷ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഐകകണ്ഠ്യേന റദ്ദാക്കിയത്.  സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷന്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ മാതാപിതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ആറ് പരാതികളിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഇവരുടെ സുപ്രധാന വിധിയിലൂടെ സ്വവര്‍ർഗാനുരാഗവും സ്വവര്‍ഗ ലൈംഗികതയും കുറ്റകരമല്ലാതായി. സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയിക്കുന്നതുപോലെ, വിവാഹം കഴിക്കുന്നതുപോലെ, ഒന്നിച്ചു ജീവിക്കുന്നതു പോലെ ഇനി സ്വവര്‍ർഗാനുരാഗികള്‍ക്കും നിയമാനുസൃതം ഒരുമിച്ചു ജീവിക്കാം. ഒരാള്‍ എന്താണോ, അതുപോലെ ജീവിക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുയര്‍ത്തിയാണു കോടതി ഇങ്ങനെ വിധിച്ചത്. എന്നാല്‍ കുടുംബ മൂല്യങ്ങള്‍ക്കും ധാര്‍മിക ചിന്തയ്ക്കും എതിരാണു വിധിയെന്നു വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സ്വവര്‍ഗ്ഗ ലൈംഗീകത ഹിന്ദുത്വത്തിനെതിരാണെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. സ്വവര്‍ഗ്ഗ ലൈംഗീകത അമേരിക്കക്കാരുടെ ശീലമാണ്, ഇതിനു പിന്നില്‍ ഒരുപാട് പണത്തിന്റെ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കുട്ടികളോടുള്ള ലൈംഗീകതയും എയിഡ്സും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിക്കുന്നു. സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോയെന്നതു സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞുവെച്ചു.

lgbt-indiaസ്വവര്‍ഗാനുരാഗം അസാധാരണമല്ലെങ്കിലും അതിനെക്കുറിച്ച് വളരെയേറെ മുന്‍വിധികളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഈ അജ്ഞത പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കുമൊക്കെ കാരണമാകാറുമുണ്ട്‌. തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയും ആശങ്കകളും പല സ്വവര്‍ഗാനുരാഗികളെയും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും, ലഹരിയുപയോഗത്തിലേക്കും, ചിലപ്പോഴൊക്കെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്.

ഒരാളുടെ ലൈംഗികത അയാളുടെ സ്വകാര്യതയാണ്. അത് എങ്ങനെയുള്ളതായിരിക്കണമെന്നു മറ്റുള്ളവര്‍ തീരുമാനിക്കരുത്. ഭരണഘടനാവകാശം നിര്‍ണയിക്കുന്നതു ഭൂരിപക്ഷാഭിപ്രായമോ താത്പര്യങ്ങളോ പരിഗണിച്ചാവരുതെന്നുമാണ് ഭരണഘടനാ ബെഞ്ച് വിധിച്ചത്. അതോടെ, ലൈംഗിക താത്പര്യങ്ങളുടെ പേരില്‍ ന്യൂനപക്ഷമാകേണ്ടി വന്ന എല്‍ജിബിടി സമൂഹത്തിന് അന്തസോടെ പൊതുസമൂഹത്തെ നേരിടാനുള്ള ആത്മബലവും അവകാശവുമാണു കൈവന്നിരിക്കുന്നത്.  എന്നു കരുതി അവര്‍ നേരിടുന്ന എല്ലാത്തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾക്കും അറുതിയായി എന്ന് അര്‍ഥമില്ല. പൊതുസമൂഹത്തില്‍ നിന്നു മാത്രമല്ല, സ്വന്തം കുടുംബങ്ങളില്‍ നിന്നു പോലും അകറ്റി നിര്‍ത്തപ്പെട്ടവരാണ് അവര്‍. കുടുംബ സ്വത്തിലുള്ള അവകാശം, കുട്ടികളെ ദത്തെടുക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാനുള്ള അവകാശം, പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ഒന്നുമില്ലാത്തവരാണ് ഇവര്‍. ഈ സാമൂഹിക പ്രശ്നങ്ങള്‍ക്കു വാക്കാലല്ല, നിയമപ്രകാരമായിത്തന്നെ സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അതിന് ഇനിയും സമയം എടുത്തേക്കാം.

സ്വന്തം കുറ്റംകൊണ്ടല്ലാതെ, ഒറ്റപ്പെട്ടുപോയ പൗരന്മാരണവര്‍. മറ്റുള്ളവരെപ്പോലെ അവര്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട വഴി തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ നിറവേറ്റുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നാണു ഭരണഘടനാ ബെഞ്ചിന്‍റെ വിധി. അങ്ങേയറ്റം മനുഷ്യത്വപരവും തുല്യനീതി എന്ന പൗരന്‍റെ മൗലികാവകാശങ്ങളുടെ സംരക്ഷണവുമാണത്. ലൈംഗികത ഓരോരുത്തരുടേയും സ്വകാര്യതയാണ്. വീടിനുള്ളില്‍ അഥവാ, സ്വകാര്യ സ്ഥലങ്ങളില്‍ മറ്റാര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ അതു നിറവേറ്റപ്പെടുമ്പോള്‍, മറ്റുള്ളവര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണു 377ാം വകുപ്പ് റദ്ദാക്കുന്നതു വഴി സംഭവിക്കുന്ന വലിയ സാമൂഹിക മാറ്റം.

ഉഭയസമ്മതത്തോടെയാണെങ്കിലും സ്വവര്‍ഗ ലൈംഗികത പത്തു വര്‍ഷം വരെ ജയില്‍ ശിക്ഷ നേടിത്തരാവുന്ന കുറ്റമായിരുന്നു ഇതുവരെ. ഇനി അങ്ങനെ സംഭവിക്കില്ല. ഒരാളുടെ ലൈംഗികത ഏതു വര്‍ഗത്തെ ആശ്രയിച്ചാകണമെന്നു കണ്ടെത്താന്‍ അയാളുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്‍ മൗനമായി അനുമതി നല്‍കുന്നതാണ് 377ാം വകുപ്പെന്ന ആക്ഷേപത്തിനും ഇതോടെ പരിഹാരമായി. ഈ വകുപ്പ് തുല്യ നീതിയെന്ന ഭരണഘടനാ ചട്ടത്തിനു വിരുദ്ധമാണെന്ന് ആദ്യം വിധിച്ചത് 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയായിരുന്നു. ഇതിനെതിരേ സുപ്രീം കോടതി‍യില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ ഇക്കാര്യത്തില്‍ കോടതിയല്ല ഇടപെടേണ്ടതെന്നും പാര്‍ലമെന്‍റില്‍ ഉചിതമായ നിയമ നിര്‍മാണമാണ് വേണ്ടതെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സ്വവര്‍ഗാനുരാഗത്തിന് സ്വീകാര്യത ലഭിക്കുന്നതും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതും കൂടുതല്‍ ആളുകള്‍ അതിലേക്കു നീങ്ങാനിടയാക്കുമെന്ന വാദങ്ങള്‍ക്ക് പഠനങ്ങളുടെ പിന്‍ബലമില്ല. ലൈംഗികാഭിമുഖ്യം ജീവിതത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ രൂപപ്പെടുന്നതാണ്. തങ്ങളുടെ ലൈംഗികാഭിമുഖ്യം അടക്കിപ്പൂട്ടിവെച്ച് ജീവിക്കുന്ന ചിലര്‍ക്ക് ബഹിര്‍ഗമനത്തിനുള്ള ധൈര്യം ലഭിക്കുക മാത്രമാണ് ഇങ്ങിനെയൊരു സ്വീകാര്യത കൊണ്ട് സംഭവിക്കുന്നത്.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാകുമെന്ന വാദത്തില്‍ കഴമ്പില്ല. ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാകുന്നത് സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എയിഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് തടസ്സമാകാറുമുണ്ട്.

സന്താനോല്പാദനം നടക്കാത്തതു കൊണ്ട് സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന അഭിപ്രായമുള്ളവരുണ്ട്. ഈ മാനദണ്ഡം വെച്ച്ബ്രഹ്മചര്യവും സ്വയംഭോഗവുമെല്ലാം പ്രകൃതിവിരുദ്ധവും നിരോധിതവും ആകേണ്ടതാണ്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ ശരാശരി നാല്‍പ്പതു കോടി ബീജങ്ങളുണ്ട് എന്നിരിക്കെ, ഒരു പുരുഷന്‍ തന്‍റെ ജീവിതകാലത്ത് പുറംതള്ളുന്ന ബീജങ്ങളില്‍ എത്ര ശതമാനത്തിന് സന്താനോല്പാദനം എന്ന “പ്രകൃതി ദൌത്യം” നിര്‍വഹിക്കാനാകും എന്നും ആലോചിക്കേണ്ടതാണ്.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top