Flash News

ജലന്ധര്‍ ബിഷപ്പ് പീഡനക്കേസ്; കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍; പുലഭ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ അതിമിടുക്കനാണ് പി.സി. ജോര്‍ജെന്ന് രേഖാ ശര്‍മ്മ; നിയമ നടപടിയെടുക്കുമെന്ന് പോലീസ്

September 9, 2018

PCGജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കുറവിലങ്ങാട് മഠത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എ പി സി ജോര്‍ജിനെതിരെ നിയമനടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷനും പൊലീസും അറിയിച്ചു. നിയമസഭാ സാമാജികര്‍ക്ക് അപമാനമാണ് പി സി ജോര്‍ജെന്നും അസഭ്യവര്‍ഷം നടത്തുന്നതില്‍ എംഎല്‍എ പി സി ജോര്‍ജ് മിടുക്കനാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

പി.സി.ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമര്‍ശം നടത്തിയതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

franko1ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ധര്‍ണയില്‍ പങ്കെടുത്ത കന്യാസ്ത്രീകളെക്കുറിച്ച് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് എം.എല്‍.എ നടത്തിയത്. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമം പോലും പറയുന്നു. കടുത്ത മാനസിക പ്രയാസമുണ്ടായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്മാറുന്നത്. മാനസിക പ്രയാസം മാറിയാല്‍ കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, പിസി ജോര്‍ജിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയേയും സമരം ചെയ്ത കന്യാസ്ത്രീമാരേയും അധിക്ഷേപിക്കുന്ന പ്രസ്താവന പിസി ജോര്‍ജ് നടത്തിയത്. 12 തവണ പീഡനത്തിന് ഇരയായിട്ട് 13ാം തവണ മാത്രം പരാതിപ്പെട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. സമരം നടത്തിയ കന്യാസ്ത്രീമാരേയും അദ്ദേഹം അധിക്ഷേപിച്ചു. ഇതേതുടര്‍ന്ന് കന്യാസ്ത്രീമാര്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

പിസി ജോർജിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചിയില്‍ പ്രതിഷേധക്കാർ എംഎല്‍എയുടെ കോലം കത്തിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top