Flash News

പെണ്‍വേട്ടക്കാര്‍ പാര്‍ട്ടിയെ നയിച്ചാല്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

September 9, 2018

Penvettakar-1സി.പി.എമ്മിന് എന്തുപറ്റി എന്ന് കണ്ണും കാതുമുള്ള മനുഷ്യരെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. പാലക്കാട് എം.എല്‍.എ പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉയര്‍ത്തിയ പീഢന പരാതി പുറത്തുവന്നതോടെ സി.പി.എം നേതൃത്വത്തില്‍നിന്നുള്ള പ്രതികരണങ്ങള്‍ ആ നിലയ്ക്കാണ്. കുരങ്ങിന്റെ കൈയില്‍ പൂമാലകിട്ടിയതുപോലെ സ്ത്രീപീഢന പരാതി സി.പി.എമ്മിനെപോലെ ഒരു ഇടതുപക്ഷപാര്‍ട്ടി കൈകാര്യംചെയ്യുന്നതാണ് ആ നില സൃഷ്ടിച്ചിട്ടുള്ളത്. പ്രളയത്തില്‍പെട്ട കേരളത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നേതൃത്വംനല്‍കേണ്ട സമയത്ത്.

ചികിത്സയ്ക്കായി പി.ബി അംഗമായ മുഖ്യമന്ത്രി വിദേശത്തായിരിക്കെ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗങ്ങളും ആരോപണവിധേയനായ പാര്‍ട്ടി എം.എല്‍.എയും നിലപാടുകള്‍ മാറ്റിമാറ്റി ഈ നാറ്റക്കേസിന്റെ കുരുക്ക് സി.പി.എമ്മിന്റെ കഴുത്തില്‍ കൂടുതല്‍ മുറുക്കാന്‍ ഓരോദിവസവും മത്സരിക്കുന്നു.

യുവ വനിതാനേതാവും കരുത്തനായ എം.എല്‍.എയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായതും പരാതിയുയര്‍ന്നതും കഴിഞ്ഞമാസമാണ്. അത് സ്ഥിരീകരിച്ചത് ഏറ്റവും ഒടുവില്‍ യുവ വനിതാനേതാവില്‍നിന്ന് പരാതി ലഭിച്ചകാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തിയതോടെയും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വിശദീകരണം, ജനറല്‍ സെക്രട്ടറി അറിയാതെയോ അറിഞ്ഞോ പി.ബിയുടെ വിശദീകരണകുറിപ്പ്, മുതിര്‍ന്ന പി.ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ പരാതി സംബന്ധിച്ച പ്രതിദിന തത്സമയ പ്രതികരണങ്ങള്‍, ആരോപണ വിധേയനായ എം.എല്‍.എയുടെ സര്‍വ്വ പുച്ഛത്തോടും അഹങ്കാരത്തോടുമുള്ള വെല്ലുവിളികള്‍, ദേശീയ വനിതാകമ്മീഷന്റെ ഇടപെടല്‍, പൊലീസില്‍ പരാതിപ്പെടാത്തതെന്തെന്ന് പരാതിക്കാരിയോടുള്ള സി.പി.എം നേതാക്കളുടെയും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെയും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ – വിവാദത്തിന്റെ അമിട്ടുകള്‍ നിരന്തരം പൊട്ടിവിടരുകയാണ്.

പരാതി സ്ഥിരീകരിച്ചതോടെ രംഗത്തുനിന്ന് അദൃശ്യനായ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയൊഴിച്ച് പി.ബിയിലെയും സി.സിയിലെയും പ്രതികരിക്കുന്ന നേതാക്കളെല്ലാം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഒറ്റക്കാര്യം. സ്ത്രീപീഢനപരാതി സംസ്ഥാനകമ്മറ്റിയോ കേന്ദ്രനേതൃത്വമോ പൂഴ്ത്തിവെച്ചിട്ടില്ല. പരാതി സംസ്ഥാന കമ്മറ്റിക്ക് മുമ്പിലാണ്. കഴിയുംവേഗം നടപടിയുണ്ടാകും.

കാര്യം അതുമാത്രമാണെങ്കില്‍ പത്രക്കുറിപ്പിറക്കി പി.ബിക്കോ പരോക്ഷമായി ജനറല്‍ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് കോടിയേരിക്കോ കത്തിവേഷമാടി പാര്‍ട്ടി എം.എല്‍.എയ്‌ക്കോ നിലപാടുകള്‍ മാറ്റിമാറ്റി മറ്റുനേതാക്കള്‍ക്കോ പാര്‍ട്ടിയുടെ മുഖത്ത് താറൊഴിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പാലക്കാട് ജില്ലാ കമ്മറ്റിയിലെ ഒരു വനിത അംഗം പാര്‍ട്ടി നിയമസഭാ അംഗത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ അന്വേഷണം നടക്കുകയാണ് – കാര്യം സാധാരണഗതിയില്‍ സ്ഥിരീകരിക്കാമായിരുന്നു.

പക്ഷെ, ഈ പരാതിയെതുടര്‍ന്ന് സി.പി.എമ്മില്‍ സംഭവിച്ചതിനെ മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പാര്‍ട്ടികള്‍ പേരിട്ടുവിളിക്കുന്നത് ഉള്‍പ്പാര്‍ട്ടി സമരമെന്നാണ്. അതും വിഭാഗീയതയുമായി ബന്ധപ്പെട്ട് കത്തിയാളുന്ന ഉള്‍പ്പാര്‍ട്ടി സമരമെന്ന്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എം.എല്‍.എയുടെയും യു.പിയിലെ ബി.ജെ.പി എം.എല്‍.എയുടെയും കാര്യത്തിലും അതുപോലുള്ള മറ്റു സ്ത്രീപീഢന കേസുകളിലും പരാതി ഉയര്‍ന്നപ്പോള്‍ അതിന്റെ മുന്നില്‍നിന്ന് പ്രതികരിക്കുകയും പരാതിക്കാരിക്ക് താങ്ങും തണലുമായി നിന്നവരുമാണ് സി.പി.എം നേതാക്കള്‍. അതില്‍നിന്ന് വ്യത്യസ്തവും വിരുദ്ധവുമായ നിലപാട് പാര്‍ട്ടി എം.എല്‍.എയ്‌ക്കെതിരായ പരാതിയില്‍ എന്തുകൊണ്ടു സംഭവിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തെ സംബന്ധിച്ച് ആധികാരികമായി ഇ.എം.എസ് പറയുന്നുണ്ട്:

‘ശരിയായ ആശയ രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വത്തിനു മാത്രമേ പാര്‍ട്ടിക്കെപ്പോഴും നേരിടേണ്ടിവരുന്ന ആശയ-രാഷ്ട്രീയ- സംഘടനാ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനാവൂ.’ ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ആ പാഠം സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഉള്‍ക്കൊണ്ടിട്ടില്ല എന്നതിന്റെ പാഠമാണ് ഇക്കാര്യത്തില്‍ വെളിപ്പെടുന്നതെന്നര്‍ത്ഥം.

ആശയപരമായും സംഘടനാപരമായും ഒരുപോലെ ബന്ധപ്പെട്ടതാണ് പാര്‍ട്ടി അംഗംകൂടിയായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി. അത് അര്‍ഹിച്ച ഗൗരവത്തില്‍ പാര്‍ട്ടി ഏറ്റെടുത്ത് നടപടി സ്വീകരിക്കുമെന്നു വിശ്വസിച്ചാണ് യുവതി ജില്ലാ കമ്മറ്റിക്ക് ആദ്യം പരാതി നല്‍കിയത്. സംഘടന ചലിച്ചില്ലെന്നു കണ്ടാണ് സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയത്. അതുകൊണ്ടും ഫലംകിട്ടാതെ വന്നപ്പോള്‍ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് പരാതി അയച്ചു. അതും പാഴായെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഒടുവില്‍ ജനറല്‍ സെക്രട്ടറിക്ക് ഇ.മെയില്‍ പരാതി നല്‍കിയത്.

നടപടി ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് പരാതി അയച്ചെന്നു യെച്ചൂരി വെളിപ്പെടുത്തി. അതോടെയാണ് യെച്ചൂരി ഇടപെടുംമുമ്പ് കേരളത്തില്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന വിശദീകരണമുണ്ടായത്. പരാതി പൂഴ്ത്തിയതല്ലെന്നും അന്വേഷണത്തിന് രണ്ട് കേന്ദ്രകമ്മറ്റി അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വിശദീകരണം വന്നത്.

പാര്‍ട്ടി അംഗത്തില്‍നിന്നോ ഘടകത്തില്‍നിന്നോ പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഘടകം അടിയന്തരമായി മറുപടി നല്‍കണമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ നേരത്തെ വ്യവസ്ഥചെയ്ത കാര്യം പി.ബി മെമ്പര്‍മാര്‍ക്കെങ്കിലും അറിയാതിരിക്കാന്‍ വയ്യ. അങ്ങനെ ഒരു പ്രതികരണം പരാതി കിട്ടിയപ്പോള്‍ ബന്ധപ്പെട്ടവരില്‍നിന്ന് ഉണ്ടായിരുന്നെങ്കില്‍ വിഷയം ഒന്നരമാസം നീളുകയും ജനറല്‍ സെക്രട്ടറിവരെയുള്ളവര്‍ക്ക് പരാതി നല്‍കേണ്ട ഗതികേട് പീഢിപ്പിക്കപ്പെട്ട വനിതാ നേതാവിന് ഉണ്ടാവുമായിരുന്നില്ല.

ഇത്തരം പരാതി ഉയരുമ്പോള്‍ അത് കൈകാര്യംചെയ്യാന്‍ പാര്‍ട്ടിയില്‍ സംവിധാനമുണ്ടെന്നും അതു പുറത്തു ചര്‍ച്ചചെയ്യാനുള്ളതല്ലെന്നും സംസ്ഥാന സെക്രട്ടറിക്കു പറയേണ്ടിവരുമായിരുന്നില്ല. എന്നാല്‍ ആ സംവിധാനം യെച്ചൂരിയുടെ സ്ഥിരീകരണം വരുംവരെ പ്രവര്‍ത്തിക്കാതിരുന്നത് എന്താണെന്നും നടപടിയെടുക്കുന്നുണ്ടെന്ന മറുപടി പരാതിക്കാരിക്ക് നല്‍കാതിരുന്നത് എന്താണെന്നും നേതൃത്വം വിശദീകരിക്കേണ്ടതുണ്ട്. പൊലീസിനെ സമീപിക്കാന്‍ പരാതിക്കാരി എന്തുകൊണ്ടാണ് ധൈര്യപ്പെടാത്തത് എന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗമായ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ളയും ചോദിക്കുന്നതും പാര്‍ട്ടി സംവിധാനത്തിന്റെ ദുരവസ്ഥയാണ് വെളിപ്പെടുത്തുന്നത്.

തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റല്‍മുറിയില്‍വെച്ച് തന്നെ നാട്ടുകാരനായ ഡി.വൈ.എഫ്.ഐ നേതാവ് പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഇരിങ്ങാലക്കുട പാര്‍ട്ടിക്കു നല്‍കിയത് മെഡിക്കല്‍ പ്രവേശ പരീക്ഷയ്ക്ക് ഒരുങ്ങുന്ന മറ്റൊരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയാണ്. കാത്തിരുന്നിട്ടും പ്രതികരണമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതിനല്‍കി. യുവനേതാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തപ്പോഴാണ് ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി സംവിധാനം ചലിച്ചതും പീഢിപ്പിക്കാന്‍ ശ്രമിച്ച യുവനേതാവിനെ പാര്‍ട്ടിയംഗത്വത്തില്‍നിന്നും ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍നിന്നും മറ്റും കഴിഞ്ഞദിവസം പുറത്താക്കിയത്.

പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പരാതിയില്‍ നീതി കിട്ടണമെങ്കില്‍ പൊലീസിനെ സമീപിക്കണമെന്ന അവസ്ഥ സി.പി.എമ്മില്‍ ആശയ-രാഷ്ട്രീയ – സംഘടനാപരമായ ഉള്‍പ്പാര്‍ട്ടി സമരത്തിന് ഇപ്പോള്‍ സാധ്യതയില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് പെണ്‍വേട്ടക്കാര്‍ക്കെതിരെ പൊലീസിനെ അഭയംതേടണമെന്നും. കേരളത്തില്‍ പൊലീസാകട്ടെ സി.പി.എമ്മിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുമാണ്. ബി.ജെ.പി നേതാക്കള്‍ ഉത്തരേന്ത്യയില്‍ പറയുന്നതുപോലെ ശ്രീരാമ മഹാരാജാവു വന്നാല്‍പോലും സ്ത്രീപീഢനം തടയാനാവില്ലെന്നുതന്നെയാണ് ഈ വിഷയത്തില്‍ കേരളത്തില്‍ സി.പി.എം നേതാക്കളും നിലപാടെടുത്തിരിക്കുന്നത്.

കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടറിയും പരാതി സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്ന് അവകാശപ്പെടുമ്പോള്‍ ആശ്ചര്യകരമായത് ആരോപണവിധേയനായ പി.കെ ശശിതന്നെ പാലക്കാട് ജില്ലാകമ്മറ്റി – സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചതാണ്. തുടര്‍ന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചതും:

‘പരാതിയെക്കുറിച്ച് എനിക്കറിയില്ല. പാര്‍ട്ടി എന്നോടു പറഞ്ഞിട്ടില്ല. പാര്‍ട്ടിതല അന്വേഷണം വരുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഞാന്‍ ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ചിട്ടുണ്ട്. ഇതിനെയും ഞാന്‍ കമ്മ്യൂണിസ്റ്റ് ആരോഗ്യത്തോടെ നേരിടും. എന്റെ വ്യക്തിത്വത്തെ ചോദ്യംചെയ്യാന്‍ നാളിതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല….’

ഈ ദിവസങ്ങളില്‍ കണ്ടത് പാര്‍ട്ടിയംഗമായ വനിതാ യുവനേതാവിനെ പീഢിപ്പിക്കാന്‍ ശ്രമിച്ച എം.എല്‍.എയെ സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നു എന്നതാണ്. കുറ്റംചെയ്തവരെ ഉന്നത ഘടകങ്ങളിലുള്ളവര്‍ സംരക്ഷിക്കുന്ന സ്ഥിതിയെക്കുറിച്ച് പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍രേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടും അതാവര്‍ത്തിക്കുകയാണ് പി.ബി നേതൃത്വംപോലും ചെയ്യുന്നത്.

സാധാരണ നിലയില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കാളികളായവരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ തുറന്നുകാട്ടുകയും ഇരുത്തേണ്ടിടത്ത് ഇരുത്തുകയോ പുറത്തു കളയുകയോ ചെയ്യുന്ന പതിവായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്. ഇപ്പോള്‍ ഇത്തരം കുറ്റവാളികളാണ് സി.പി.എമ്മിന്റെ ശക്തരായ നേതാക്കളെന്ന സ്ഥിതി വന്നതിന്റെ ഉദാഹരണങ്ങളാണ് ശശിമാരും കോട്ടമുറിക്കലുമാരും സമീപകാലങ്ങളില്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. തെറ്റുതിരുത്തല്‍ രേഖകളും എം.എല്‍.എ ശശിയെപോലുള്ളവര്‍ പൊക്കിപ്പിടിച്ചു നടക്കുന്ന സി.പി.എം കേന്ദ്ര പ്ലീനംരേഖയുമൊക്കെ പുല്ലുതിന്നാത്ത ഏട്ടിലെ പശുക്കളാണ്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ലോക്കല്‍ കമ്മറ്റിയംഗമായി എറണാകുളം മഹാനഗരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളെ ഏറെക്കഴിയാതെ സി.പി.എമ്മിനു പുറത്താക്കേണ്ടിവന്നു. ഒരു പെണ്‍വാണിഭകേന്ദ്രം പൊലീസ് റെയ്ഡുചെയ്തപ്പോള്‍ അതിന്റെ നടത്തിപ്പുകാരനായി പിടികൂടിയത് ആ സി.പി.എം ലോക്കല്‍കമ്മറ്റി അംഗത്തെയായിരുന്നു.

അതുകൊണ്ട് പീഢനത്തിനിരയാകുന്നവര്‍ വിദ്യാസമ്പന്നരും പോരാളികളും ആണെങ്കിലും കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പ്രബലരാകുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്നു. ഭീഷണി നേരിടുന്നു. പ്രലോഭനങ്ങളുടെ മുറിവേല്‍ക്കുന്നു. കുറ്റവാളികള്‍ക്കെതിരെ പൊലീസിലോ വനിതാ കമ്മീഷനിലോ പരാതിനല്‍കാന്‍ ഭയപ്പെടുന്നു. ഈ അവസ്ഥ രക്ഷാകവചമായി കുറ്റവാളികളായ നേതാക്കള്‍ ഉപയോഗപ്പെടുത്തുന്നു.

എങ്കിലും അതിനെതിരെയും ഇരകള്‍ പോരാടാന്‍ തുടങ്ങി എന്നതാണ് മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ച ഇരിങ്ങാലക്കുടയിലെ വനിതാ ഡി.വൈ.എഫ്.ഐ നേതാവിന്റെയും ഏതു നിമിഷത്തിലും പാര്‍ട്ടി ഏരിയാകമ്മറ്റിയില്‍ എം.എല്‍.എ വന്നേക്കാമെന്ന ഭീതിയില്‍ പാര്‍ട്ടി നേതൃത്വത്തിന് സ്വരക്ഷയ്ക്കു കത്തെഴുതിയ പാലക്കാട്ടെ ഡി.വൈ.എഫ്.ഐ ജില്ലാ വനിതാ നേതാവിന്റെയും ധീരമായ നിലപാടുകള്‍. അതിനെ സി.പി.എമ്മിനകത്തുനിന്നും പുറത്തുനിന്നുമുള്ള നീതിബോധമുള്ളവര്‍ ശക്തമായ പിന്തുണ നല്‍കേണ്ടതുണ്ട്.

സി.പി.എമ്മില്‍ ഈ പുതിയ വനിതാ യുവതലമുറ നേരിടുന്ന മാനസിക – ശാരീരിക പീഢനങ്ങള്‍തന്നെയാണ് കുറവിലങ്ങാട്ടെ മഠത്തില്‍നിന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയും അവരുടെ കുടുംബവും അവര്‍ക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളും നേരിടുന്നത്. സി.പി.എമ്മിന്റെ പി.ബി നേതാക്കളെന്നു പറയുന്നവര്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പൊതുവേദികളില്‍ ആഞ്ഞടിക്കുന്നവരായിട്ടും ആ പാര്‍ട്ടിയിലും ഇതുതന്നെ സംഭവിക്കുന്നു. ഒരുവശത്ത് വിശ്വാസത്തിന്റെയും മറുവശത്ത് അച്ചടക്കത്തിന്റെയും കാവല്‍ഭിത്തികള്‍ ഇവര്‍ക്കെതിരാണെങ്കിലും. ഇതെല്ലാം നേരില്‍ കാണുന്ന ജനങ്ങള്‍ സി.പി.എമ്മിനെ എങ്ങനെ വിലയിരുത്തുമെന്നത് അതിന്റെ നേതാക്കള്‍ ഒരുവേള ചിന്തിക്കണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top