Flash News

‘ടി.എയും ഡി.എയും തന്നാല്‍ ഞാന്‍ ഡല്‍ഹിക്ക് വരാം; അല്ലെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ടു വാ; ദേശീയ വനിതാ കമ്മീഷനോട് പി.സി. ജോര്‍ജ് എം‌എല്‍‌എ

September 11, 2018

vanitha commissionകോട്ടയം: കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി. ജോര്‍ജ് ദേശീയ വനിതാ കമ്മീഷനെയും പരിഹസിച്ചു. പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, വനിതാ കമ്മീഷ് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യസ്ത്രീയെക്കുറിച്ച് നടത്തിയ പരാമർശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. നേരിട്ട് ഹാജരാകണമെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മീഷനേയും അദ്ദേഹം പരിഹസിച്ചു. ടി.എയും ഡി.എയും അയച്ച് തന്നാല്‍ ഡല്‍ഹിക്ക് വരുന്നത് പരിഗണിക്കാമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ‘കമ്മീഷന്റെ അധികാരം ഞാനൊന്ന് നോക്കട്ടെ. ടിഎയും ഡിഎയും അയച്ചാല്‍ നോക്കാം. അല്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെ. എനിക്ക് ഡല്‍ഹിയില്‍ പോണമെങ്കില്‍ എത്ര രൂപ ചെലവാകും. അല്ലെങ്കില്‍ അവര്‍ നടപടിക്രമങ്ങള്‍ ഇവിടെ നടത്തട്ടെ’, പിസി ജോര്‍ജ് വ്യക്തമാക്കി.

ആക്ഷേപകരവും അപമാനകരവുമായ ജോർജിന്റെ പ്രസ്താവനയെ അപലപിക്കുന്നതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. സെപ്റ്റംബർ 20 ന് ഡൽഹിയിലെ കമ്മിഷന്റെ ഓഫിസിൽ 11.30 ന് നേരിട്ട് ഹാജരായി പരാമർശത്തിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം എംഎൽഎമാർ ഇത്തരം മോശം പ്രസ്താവന നടത്തുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിതാ കമ്മിഷൻ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജോർജിനോട് കമ്മിഷനു മുൻപാകെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് കന്യാസ്ത്രീയെ മോശം വാക്കുകളുപയോഗിച്ച് അപമാനിച്ചത്. ജലന്ധർ ബിഷപ് തെറ്റുകാരനാണെന്ന് താൻ കരുതുന്നില്ലെന്നും പീഡനത്തിന് ഇരയായി 13-ാം തവണ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ജോർജ് പറഞ്ഞിരുന്നു. അതിനിടെ, ജോർജിന്റെ പരാമർശത്തിനെതിരെ കേസെടുക്കാനുളള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. ജോർജിന്റെ വാർത്താസമ്മേളന ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, വനിതാ കമ്മീഷന്‍ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മീഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മീഷനു കടക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top