Flash News

കന്യാസ്ത്രീയെ അപമാനിച്ച സംഭവം; പി.സി. ജോര്‍ജിന് വനിതാ കമ്മീഷന്‍ മൂക്കു കയറിട്ടു; കടുത്ത നടപടി ഭയന്ന് കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശം പിന്‍‌വലിച്ചു

September 12, 2018

rekha-george-830x412ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ മോശമായി ചിത്രീകരിച്ച് പത്ര സമ്മേളനം നടത്തിയ പൂഞ്ഞാര്‍ എം‌എല്‍‌എയ്ക്ക് വനിതാ കമ്മീഷന്‍ മൂക്കു കയറിട്ടു. ഗത്യന്തരമില്ലാതെ പി.സി. ജോര്‍ജ്ജ് കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശം പിന്‍‌വലിച്ചു.  “ആ പരാമര്‍ശങ്ങള്‍ കോട്ടയത്ത് പത്രസമേമ്മളനം നടത്തിയപ്പോള്‍ പരാമര്‍ശം വൈകാരികമായി പറഞ്ഞതാണ്. ഒരു സ്ത്രീകള്‍ക്കെതിരെയും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. അതിനാല്‍ പറഞ്ഞത് തിരുത്തുന്നു”വെന്ന് പിസി പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പൊലീസും ദേശിയ വനിതാ കമ്മീഷനും നടപടികളാരംഭിച്ചതോടെയാണ് ഗതികെട്ട് അദേഹം പരാമര്‍ശം തിരുത്തിയത്.

പിസി ജോര്‍ജിനെതിരെ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ് സംഘം. ഇതിനായി കുറവിലങ്ങാട് മഠത്തിലെത്തിലെത്തിയെങ്കിലും പൊലീസിന് അതിനു സാധിച്ചില്ല. സംഘത്തെ കാണാന്‍ കന്യാസ്ത്രീ തയാറാകാതിരുന്നതിനെ തുടര്‍ന്നു പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചുപോയിരുന്നു.

കന്യാസ്ത്രീക്കു പരാതിയുണ്ടെങ്കില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പൊലീസിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണു മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിനു ദേശീയ വനിതാ കമ്മിഷന്‍ പി.സി. ജോര്‍ജിന് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. കന്യാസ്ത്രീക്കെതിരെ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണു നടപടികള്‍ ഊര്‍ജിതമാകുന്നത്. എന്നാല്‍, യാത്രബത്ത അയച്ചു നല്‍കിയാല്‍ വരാമെന്നായിരുന്നു പിസി പറഞ്ഞത്.

ജോര്‍ജിന് ഡല്‍ഹിക്കു വരാന്‍ പണമില്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ നല്‍കുമെന്ന് അധ്യക്ഷ രേഖ ശര്‍മ. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നല്‍കാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജില്‍നിന്നു കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശര്‍മ പറഞ്ഞു.

ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി. ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ അയച്ച സമന്‍സിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.

ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും കുടുംബാംഗങ്ങളെയും കടുത്ത ഭാഷയിലാണ് പി.സി. ജോര്‍ജ് ഇന്നലെയും നേരിട്ടത്. കന്യാസ്ത്രീക്കെതിരെ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ വിശദീകരണം. നീതിക്കായി കോടതിയെ സമീപിക്കാതെ കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുന്നത് സഭയെ അവഹേളിക്കാനാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

പി.സി ജോര്‍ജിന്റെ വാക്കുകള്‍:

pcകേരളത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നയാളാണ് ഞാന്‍. മറ്റ് നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരുടെയും സ്വാധീനത്തിന് വഴങ്ങി അഭിപ്രായം മാറ്റിപ്പറയുമെന്ന് കരുതേണ്ട. ജോര്‍ജിനെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കണ്ട. ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ചത്. അത് പിന്‍വലിക്കുന്നു. വൈകാരികമായി പറഞ്ഞുപോയതാണ് അതിലെനിക്ക് ദുഖമുണ്ട്.

ആ വാക്ക് പിന്‍വലിക്കുന്നത് ആരെയും പേടിച്ചാണെന്ന് കരുതേണ്ട. ആരെയും പേടിയില്ല. നിങ്ങള്‍ പറയുന്ന ഏത് നിയമനടപടിയെയും നേരിടാന്‍ തയ്യാറാണ്. ആ വാക്കില്‍ മാത്രമാണ് ദുഖം. മറ്റെല്ലാ ആരോപണങ്ങളിലും ഉറച്ചുനില്‍ക്കുന്നു. തെളിവുകളും കൈവശമുണ്ട്.

ആ സ്ത്രീയെ കന്യാസ്ത്രീ എന്ന് വിളിക്കുന്നത് തെറ്റാണ്. മാന്യതയുണ്ടെങ്കില്‍ തിരുവസ്ത്രം ഊരിവെച്ച് സമരത്തിന് പോകണം. കന്യാസ്ത്രീയുടെ കുടുംബം എങ്ങനെയാണ് പണമുണ്ടാക്കിയത്? എവിടുന്നാണ് ഈ പണം? ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ലോകം മുഴുവനും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സഭയുടെ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ട. സഭയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ ഞാന്‍ ഇടപെടും.

കന്യാസ്ത്രീയോട് മാപ്പുപറയേണ്ട കാര്യമൊന്നുമില്ല. ഇവരെപ്പോലൊരു സ്ത്രീയോട് എന്തിന് മാപ്പുപറയണം? നല്ല സ്ത്രീയായിരുന്നെങ്കില്‍ ആലോചിക്കാമായിരുന്നു. എനിക്കെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസ് കൊടുക്കും.

ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അവരങ്ങനെ പറഞ്ഞത്. പിന്നെ പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നാണല്ലോ. കൂടുതലൊന്നും പറയുന്നില്ല. നോട്ടീസ് കിട്ടിയിട്ട് വിശദമായി പറയാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top